ഒറ്റ ഷോട്ടിന്റെ ഓര്‍ഗാസവും അങ്കമാലി ഡയറീസിന്റെ ക്ലൈമാക്‌സ് വരട്ടിയതും ചൂടോടെ...

വേഷമായും കലയായും, കാഴ്ചയായും കേള്‍വിയായും വെട്ടമായും വെടിയായും ഡയറിയില്‍ തങ്ങളുടെ താളുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു- അങ്കമാലി ഡയറീസ് കുമാര്‍ നീലണ്ഠന്‍ വിലയിരുത്തുന്നു

ഒറ്റ ഷോട്ടിന്റെ ഓര്‍ഗാസവും അങ്കമാലി ഡയറീസിന്റെ ക്ലൈമാക്‌സ് വരട്ടിയതും ചൂടോടെ...

കുമാര്‍ നീലകണ്ഠന്‍

''... എട്ടുനാടും കീര്‍ത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീസേ...''

അങ്കമാലി പ്രാഞ്ചി പാടിയ ഈ അങ്കമാലി ലോക്കല്‍ പാട്ടിനെ പിന്‍പറ്റി നുരുനുരാ അരിഞ്ഞ അങ്കമാലി കാഴ്ചകള്‍ക്കൊപ്പം ഇളക്കി ചേര്‍ത്ത പോര്‍ക്കും കപ്പയുമായാണു ലിജോ ജോസ് പല്ലിശ്ശേരിയുടെയും എണ്ണം പറഞ്ഞ ഒരുപാടു പുതുമുഖങ്ങളുടേയും അങ്കമാലി ലോക്കല്‍ പെരുന്നാളിന്റെ ടൈറ്റില്‍ കൊടിയേറുന്നത്.

ഇവരൊക്കെ ആരാണു? ഇതെന്താണു ഈ പടം ഇങ്ങിനെ? തുടങ്ങിയ ചോദ്യങ്ങള്‍ ആദ്യം തോന്നുമെങ്കിലും പോര്‍ക്കുലത്തിന്റെ വേവുഘട്ടങ്ങള്‍ പോലെ കൊണ്ടുപോകുന്നിടത്താണു സിനിമ ആസ്വാദനത്തിന്റെ രുചി പരത്തുന്നത്.

തൃശൂരിന്റേയും എറണാകുളത്തിന്റേയും അരികുനഗരമായ അങ്കമാലി ചന്തയിലും പോര്‍ക്ക് ഫാമിലും ചട്ടിയിലും ചീട്ടുപെട്ടിയിലുമായി, ഫ്രൈഡേ സിനിമയുടെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ഈ സിനിമ ചൂടായി തുടങ്ങുമ്പോള്‍ ആദ്യ ചോദ്യത്തിനുത്തരം വെന്തു പൊങ്ങും, ''ഇവര്‍..'' പെപ്പേ, അപ്പാനി രവി, യൂ ക്ലാമ്പ് രാജന്‍, പോര്‍ക്ക് വര്‍ക്കി, പരിപ്പ് മാര്‍ട്ടി, ടെണ്‍ എം എല്‍ വര്‍ക്കി, കുഞ്ഞൂട്ടി അങ്ങിനെ ഒരുപാടൊരുപാടുപേര്‍ ആണെന്നും, ഇവരിലൂടെയാണു ഈ സിനിമയെ അങ്കമാലി ടൌണിലും പ്രാന്ത പ്രദേശങ്ങളിലുമായി യാത്രതുടരുന്നത് എന്നും. സിനിമ തീരുമ്പോള്‍ ഇവരില്‍ പലരേയും മലയാള സിനിമയുടെ ഭാഗമാക്കി നമ്മള്‍ മനമെഴുത്ത് നടത്തുകയും ചെയ്യും, കാരണം ഇതില്‍ ആരും അഭിനയിക്കുന്നില്ല, പലരും തങ്ങളൂടെ രണ്ടു കാലങ്ങള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ (പലര്‍ക്കും താടിയാണു രണ്ടാം കാലത്തിലെ പ്രായം) ആരും വച്ചുകെട്ടലുകള്‍ ഒന്നും ഉപയോഗിക്കുന്നില്ല എന്നതുപോലെ അവരുടെ അഭിനയ രീതികളും, റിയലിസ്റ്റിക്. റിയലിസ്റ്റിക് ജീവിതത്തില്‍ മനുഷ്യന്‍ എന്തുമാത്രം 'ബോറന്‍ അഭിനേതാക്കള്‍' ആണു എന്നതാണു അവര്‍ അടിവരയിടുന്ന പ്രത്യേകത.

Image result for ANGAMALY DIARIES

സ്ത്രീ കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സ് സ്‌കെയില്‍ വച്ചു നോക്കുമ്പോള്‍ മലയാള സിനിമ ഇപ്പോള്‍ അതിന്റെ നല്ല സമയത്താണ്, പ്രത്യേകിച്ചും റിയലിസ്റ്റിക്ക് ആയിതന്നെ അസാമാന്യ ശ്രദ്ധനേടുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍. ആ കണക്കെടുപ്പില്‍ അവാസാനത്തെ മൂന്നു വിരലുകള്‍ ഈ ചിത്രത്തിനായി മടക്കുന്നു. വിന്‍സെന്റ് പെപ്പേയുടെ കാമുകി, അനിയത്തി പിന്നെ ലിച്ചി. കാഴ്ചക്കാര്‍ അടക്കം അതിലെ യുവാക്കള്‍ക്കായി മാത്രം ചൂളം വിളിക്കുന്നു. ഒരു പ്രമോഷനിലും സോഷ്യല്‍ മീഡിയയിലും ഈ കലാകാരികളുടെ പേരുകള്‍ പറഞ്ഞുകേട്ടില്ല ഇതുവരെ. ഇവരെ ഒക്കെ മുഖ്യ വിഷയത്തില്‍ നിന്നും മാറ്റി നിര്‍ത്തി പ്രണയവും കുടുംബബന്ധങ്ങളും തീര്‍ത്തപ്പോള്‍ അവര്‍ ഒക്കെ അവരുടെ രീതിയില്‍ തങ്ങളുടെ അഭിനയതലങ്ങള്‍ തങ്ങള്‍ക്കായി സൃഷ്ടിക്കുകയായിരുന്നു. ജോളി ചിറയത്ത് മനോഹരമായി ചെയ്ത അമ്മ വേഷം പോലും മകന്‍ പെപ്പേ നില്‍ക്കുന്ന വിഷമവൃത്തത്തിനു പുറത്താണ്, ഗതികെട്ട് സ്വന്തം അഞ്ചുസെന്റിന്റ് കൈവിടാന്‍ തയ്യാറാണു എന്ന് പകുതിമനസില്‍ ഔട്ട്‌സൈഡറായി പറഞ്ഞപോലെ. തമിഴില്‍ നമ്മള്‍ ഒരുപാടു കണ്ടതാണു ഒരു നാടും ആ നാടു കേന്ദ്രീകരിച്ചുള്ള ഗ്യാംഗ് വാറുകളും. പക്ഷെ അവയില്‍ പലതിലും സ്ത്രീ കഥാപാത്രങ്ങള്‍ ഇടകലര്‍ന്നു തന്നെ നിന്നു.

ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥ ഡയറിയില്‍, പെപ്പേ എന്ന നായക കഥാപത്രം അയാളുടെ ശബ്ദത്തില്‍ കുറിച്ച് വയ്ക്കുന്നതാണു സിനിമയുടെ ആഖ്യാന രീതി. ഓരോ പുറവും സീനുകളിലൂടെ മറിയുമ്പോള്‍ ഓരോന്നിലും പന്നിയുടെ അമറലോ, നിലവിളിയോ, കൂടം പതിക്കുന്ന ഒച്ചയോ, തൂക്കം നോക്കലോ, കഷണങ്ങളാക്കലോ വെന്തുകുഴയലോ, കപ്പയോടൊത്തു ചേരലോ കുഴഞ്ഞു മറിയലോ ഒക്കെ ഉണ്ടാകും. കാരണം ഇത് അങ്കമാലിയിലെ പോര്‍ക്ക് കച്ചവടക്കാരായ യുവാക്കള്‍ക്കിടയില്‍ വിരിയുന്ന ഗ്യാംഗ് വാറിന്റെ കഥയാണ്. എന്നാല്‍ കഥയൊന്നുമില്ല. സിനിമ ഉണ്ടായ കാലം മുതലുള്ള ഗ്യാംഗ് വാര്‍ തന്നെയാണ് ഇതും. ഗ്യാംഗ് വാറിന്റെ കാരണത്തിനും നിലനില്‍പ്പിനും സമൂഹത്തില്‍ മാറ്റം ഉണ്ടാകാത്തിടത്തോളം കഥയിലും ആവശ്യമില്ല, അതിനൊരു കഥയും ആവശ്യമില്ല. അതില്ലാതെ പറഞ്ഞു രസിപ്പിച്ച സംവിധായകന്റെ മിടുക്ക്, അങ്കമാലി മാര്‍ക്കറ്റില്‍ ഒരുപാട് ടാലന്റുകളുടെ കൂട്ടിക്കെട്ടലുകള്‍ക്ക് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ കട്ടൗട്ട് പോലെ നില്‍ക്കുന്നതും അതുകൊണ്ടാണ്.

Image result for ANGAMALY DIARIES

ചിത്രത്തിന്റെ ഒഴുക്ക് നിര്‍ണ്ണയിക്കുന്നതില്‍ ലിജോ ജോസിനെ കൂടാതെ രണ്ടുപേര്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു, ഒന്ന്, ഗിരീഷ് ഗംഗാധരന്റെ ചായാഗ്രഹണം, വിഷയത്തിന്റെ പള്‍സ് അദ്ദേഹത്തിന്റെ നീക്കങ്ങളിലാണ്. ചിത്രത്തിന്റെ മൂഡ് അനുസരിച്ച് മനോഹരമായ ഫ്രെയിമുകള്‍ ആവശ്യമില്ല എന്നുള്ള തിരിച്ചറിവ് കാഴ്ചയിലുടനീളം പുലര്‍ത്തുന്നു. കഥയ്ക്ക് പറ്റിയ ഡിസറ്റര്‍ബന്‍സുകള്‍ പോലും പലപ്പോഴും ഫ്രെയിമില്‍ മുഴച്ചു നില്‍ക്കുന്നിടം ഈ ഛായാഗ്രാഹകന്റെ വിജയമാണ്. ക്ലൈമാക്‌സിലെ കാഴ്ചകള്‍ 11 മിനുട്ടുള്ള ഒറ്റ ഷോട്ട് ആയിരുന്നു എന്ന് ചിത്രം കണ്ടതിനുശേഷം ആരോ പറഞ്ഞ് അറിഞ്ഞതാണ്. പലപ്പോഴും മേക്കിംഗിലെ ഒരു സുഖത്തിനു വേണ്ടി ഒറ്റഷോട്ട് എന്നു തീരുമാനിക്കുന്നത് ചിത്രത്തില്‍ ഒരു നിമിഷത്തെ, ഒരു നോട്ടത്തെ എങ്കിലും ബാധ്യതയില്‍ നിര്‍ത്തിയേക്കും, മുറിച്ചാല്‍ ഒറ്റഷോട്ട് എന്ന ഓര്‍ഗാസം നഷ്ടമായാലോ എന്നു കരുതി അതൊക്കെ നിലനിര്‍ത്തേണ്ടിയും വരുന്നു. പക്ഷെ ഈ ക്ലൈമാക്‌സ് കണ്ടിരുന്നപ്പോള്‍ അങ്ങിനെ തോന്നിയില്ല എന്നതാണ് ഛായാഗ്രാഹകന്റേയും സംവിധായകന്റേയും ഈ ഒറ്റഷോട്ടിലെ കൂട്ടുമിടുക്ക്. ഇതിനൊപ്പം തന്നെ പറയേണ്ടതാണു, ഈ രംഗങ്ങളെ താളത്തിനൊത്ത് മാലയാക്കിയ എഡിറ്ററുടെ മിടുക്ക്.

രണ്ടാമതായി പറയേണ്ടത്, പ്രശാന്ത് പിള്ളയുടെ സംഗീതമാണ്. ബാക്ക്‌ഗ്രൗണ്ട് സ്‌കോറിനെ കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍, റിഫ്രഷിംഗ്. അദ്ദേഹത്തിന്റെ തന്നെ ആമേന്‍ എന്ന ചിത്രത്തിന്റെ ചില ഷേഡുകള്‍ പോലെ ചിലയിടത്തു തോന്നുന്നത് 'ബാന്റ്' എന്ന ഒരു സംഗീത ഉപകരണത്തിന്റെ ശബ്ദസ്വഭാവത്തിലെ സ്ഥിരത മാത്രമാണ്. ഇതിനായി തെരഞ്ഞെടുത്ത അങ്കമാലി ലോക്കല്‍ പാട്ടുകളും അതിന്റെ ഓര്‍ക്കസ്‌റ്റ്രേഷനും സിനിമയുടെ ടോട്ടാലിറ്റിയ്ക്ക് രുചികരമായ മസാല പുരട്ടുന്നു.

പിന്നെയും ഒരുപാടുപേര്‍ വേഷമായും കലയായും കാഴ്ചയായും കേള്‍വിയായും വെട്ടമായും വെടിയായും ഡയറിയില്‍ തങ്ങളുടെ താളുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. 'ഇത്രയും വേണോ?' എന്ന്എല്ലാവരും ഒരു നിമിഷം ചോദിക്കാവുന്ന അത്രയും മഞ്ഞയില്‍ ഇതിന്റെ പോസ്റ്ററുകള്‍ സിനിമയുടെ ഉള്ള് കാട്ടുന്ന ഡിസൈന്‍ ചെയ്ത് തുടക്കം മുതല്‍ ഒരു പ്രതീക്ഷ മുന്നിലേയ്ക്ക് ഇട്ടു വച്ച ഓള്‍ഡ് മങ്കിലെ ശ്രീജിത്തിനും ഇവര്‍ക്കൊക്കെ ഒപ്പം ഒരു കൈതട്ട്.

86 പുതുമുഖങ്ങളെ വിജയകരമായി അണിനിരത്തുന്ന ഈ ''ഡയറി'' മലയാള സിനിമയുടെ പരീഷണവിഭാഗത്തിലെ ആര്‍ക്കൈവ്സില്‍ ഉണ്ടാകും. അരികിലായി, പരീഷണങ്ങളിലൂടെ തലയുയര്‍ത്തുന്ന ലിജോ ജോസ് പല്ലിശ്ശേരിയും.

അങ്കമാലി പ്രാഞ്ചി ''തിത്താ തിന്താ.. തരികിട തിമൃത തെയ്..!'' പാടി നിര്‍ത്തുമ്പോഴും ഈ സിനിമ നമ്മുടെ മനസില്‍, കാഴ്ചതന്ന പുനര്‍ചിന്തകളുടെ പോര്‍ക്കു വരട്ടുന്നു