അരിവില കൂടുമ്പോള്‍ ഞാന്‍ സങ്കടപ്പെടുന്നില്ല...

പാടത്തെ ചെളിയിലും വെയിലിലും പണിയെടുത്ത് നടുവൊടിഞ്ഞ കര്‍ഷകര്‍ നഷ്ടങ്ങള്‍ മാത്രം ബാക്കിയാവുന്ന ആ കൃഷിയെ വേദനയോടെ കൈയൊഴിയാന്‍ നിര്‍ബന്ധിതരായപ്പോള്‍ അവരെക്കുറിച്ച് ആകുലപ്പെടാത്ത നമുക്ക് അരിയുടെ വിലവര്‍ധനവിനെക്കുറിച്ച് പ്രതിഷേധ ലേഖനങ്ങളെഴുതാന്‍ എന്ത് അവകാശമാണുള്ളത്? എവിടെയായിരുന്നു എല്ലാവരും? കേരളത്തിന്റെ കൃഷിഭൂമിയുടെ 32 ശതമാനവും അവന് ഉണ്ണാനുള്ള അരിവിളഞ്ഞ നെല്‍വയലുകളായിരുന്ന ആ ഹരിതകാലത്ത് നിന്നും നെല്‍കൃഷി എന്നത് ഒരപൂര്‍വ്വതയായി മാറുന്ന വര്‍ത്തമാനത്തിലേക്കു കേരളം മാറുമ്പോള്‍ നമ്മള്‍ എന്തു ചെയ്യുകയായിരുന്നു?

അരിവില കൂടുമ്പോള്‍ ഞാന്‍ സങ്കടപ്പെടുന്നില്ല...

സതീഷ് കുമാര്‍അരിവില കൂടുമ്പോള്‍ അരിശപ്പെടാന്‍ സത്യത്തില്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? പാടത്തെ ചെളിയിലും വെയിലിലും പണിയെടുത്ത് നടുവൊടിഞ്ഞ കര്‍ഷകര്‍ നഷ്ടങ്ങള്‍ മാത്രം ബാക്കിയാവുന്ന ആ കൃഷിയെ വേദനയോടെ കൈയൊഴിയാന്‍ നിര്‍ബന്ധിതരായപ്പോള്‍ അവരെക്കുറിച്ച് ആകുലപ്പെടാത്ത നമുക്ക് അരിയുടെ വിലവര്‍ധനവിനെക്കുറിച്ച് പ്രതിഷേധ ലേഖനങ്ങളെഴുതാന്‍ എന്ത് അവകാശമാണുള്ളത്?

എവിടെയായിരുന്നു എല്ലാവരും? കേരളത്തിന്റെ കൃഷിഭൂമിയുടെ 32 ശതമാനവും അവന് ഉണ്ണാനുള്ള അരിവിളഞ്ഞ നെല്‍വയലുകളായിരുന്ന ആ ഹരിതകാലത്ത് നിന്നും നെല്‍കൃഷി എന്നത് ഒരപൂര്‍വ്വതയായി മാറുന്ന വര്‍ത്തമാനത്തിലേക്കു കേരളം മാറുമ്പോള്‍ നമ്മള്‍ എന്തു ചെയ്യുകയായിരുന്നു? റബറിനും പിന്നിലേക്ക് നെല്ലിന് പരുങ്ങി നില്‍ക്കേണ്ടി വന്നപ്പോള്‍ നമ്മള്‍ എന്തു ചെയ്യുകയായിരുന്നു? തിന്നു തീര്‍ക്കുന്നതിന്റെ പത്ത് ശതമാനം പോലും അരിയുല്‍പാദിപ്പിക്കാതെ, തമിഴ്നാട് മുതല്‍ ഛത്തീസ്ഗഡ് വരെയുള്ള കൃഷിയിടങ്ങളെ അന്നത്തിന് ആശ്രയിക്കേണ്ടിവരുന്ന ഒരു നാടിന് അരിയുടെ വിലകൂടുമ്പോള്‍ മാത്രം പ്രതിഷേധമെന്താണ്? അന്നുവരേയും കൃഷിക്കാരനെക്കുറിച്ച് പറയുമ്പോള്‍ 'പയറഞ്ഞാഴി 'എന്നുമാത്രം ഉത്തരം പറഞ്ഞിരുന്ന നമുക്ക് പ്രത്യേകിച്ചും.


കാലാവസ്ഥയുടെ ദ്രുതമാറ്റങ്ങള്‍ മറക്കുക. മഴയും വെയിലും ഞാറ്റുവേലകളും അവന്റെ കൃഷിക്കലണ്ടര്‍ അനുസരിച്ചുതന്നെ വന്നു എന്നും വിചാരിക്കുക. സമയാസമയങ്ങളില്‍ അവനു വേണ്ട പണിക്കാരെയും യന്ത്രങ്ങളും ലഭ്യമായി എന്നും വിചാരിക്കുക. അങ്ങിനെ എല്ലാ സാഹചര്യങ്ങളും അനുകൂലമായാല്‍ തന്നെ ഒരു നെല്‍കൃഷിക്കാരനു കിട്ടുന്ന വരുമാനമെന്ത് എന്ന് നിങ്ങള്‍ കണക്ക് കൂട്ടിനോക്കിയിട്ടുണ്ടോ? കിലോക്ക് 19 രൂപ സംഭരണവില പ്രഖ്യാപിച്ച കഴിഞ്ഞ കൊയ്ത്തുകാലത്ത് 14 രൂപ മുതല്‍ 16 രൂപ വരെയാണ് വയനാട്ടിലെ പണത്തിന് അത്യാവശ്യമുള്ള കര്‍ഷകര്‍ക്കു കിട്ടിയ വില.ഒരു ഏക്കറില്‍ നിന്നും 15 ക്വിന്റല്‍ നെല്ല് കൊയ്ത കര്‍ഷകന്റെ ആകെ വരുമാനം 24,000 രൂപയാണ്. കൂലിച്ചെലവുകള്‍, വിത്ത്- വളം- കീടനാശിനികള്‍, ട്രാക്ടര്‍- കൊയ്ത്ത്- മെതിയന്ത്ര വാടകകള്‍ എന്നിവയൊക്കെ കൂട്ടി ഒരേക്കര്‍ നെല്‍കൃഷിക്കുള്ള ചെലവ് ഏറ്റവും ചുരുങ്ങിയത് 12,000 മുതല്‍ 15,000 രൂപ വരെയുമാണ് എന്നതും ഓര്‍ക്കുക. ഏകദേശം നൂറ്റിയമ്പതോളം ദിവസത്തെ കഠിനമായ അവന്റെ പ്രയത്‌നത്തിന് ഒരു നെല്‍കൃഷിക്കാരന് ലഭിച്ചേക്കാവുന്ന പരമാവധി പ്രതീക്ഷിത വരുമാനം അവന്റെ പശുക്കള്‍ക്ക് തിന്നാനുള്ള വൈക്കോലും പിന്നെ പന്ത്രണ്ട് മുതല്‍ പതിനഞ്ച് ആയിരം വരെ രൂപയുമാണ് എന്ന് സാരം.

നടപ്പുകാലത്തെ മറ്റ് തൊഴിലുകളുടെ വരുമാനവുമായി ഇതിനെ ഒന്നു തട്ടിച്ചു നോക്കൂ... ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ, ഒരു ഓട്ടോറിക്ഷാഡ്രൈവറെ, ഒരു ലോട്ടറി വില്‍പ്പനക്കരനെ, ഒരു വസ്തു വിവാഹ ബ്രോക്കറെ, എന്തിന് ഒരു തൊഴിലുറപ്പ് പണിക്കാരന്റെ വേതനത്തോട് ഈ നെല്‍കൃഷിക്കാരന്റെ വരുമാനത്തെ ഒന്നു താരതമ്യം ചെയ്യൂ.

കിലോക്ക് 50 രൂപക്കു താഴെ നമ്മുടെ അരിപാത്രം നിറയ്ക്കാന്‍ അയാളെയിങ്ങനെ കഷ്ടപ്പെടുത്താന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? വരുമാനം ചെറുതാണ് എന്നതും പോകട്ടെ, കറുപ്പുതീറ്റക്കാരെ പോലെ കൃഷിക്ക് അടിമപ്പെട്ടവരായ ചില പാവം കൃഷിക്കാര്‍ ഒരു പക്ഷേ അത് പിന്നെയും തുടരുമായിരുന്നു. പക്ഷേ നോക്കൂ ഞാന്‍ ഇതിന്റെ തൂടക്കത്തില്‍ പറഞ്ഞ എല്ലാം അനുകൂലമാകുന്ന ആ സാങ്കല്‍പികാവസ്ഥ സാധ്യമാണോ? ഒരിക്കലും നടക്കാത്ത ഒരു മനോഹരസ്വപ്‌നം മാത്രമല്ലേ അത്?

മഴ വേണ്ടപ്പോള്‍ ഉണക്കിയും വെയില്‍ വേണ്ടപ്പോള്‍ നനച്ചും പ്രകൃതി അവനെ കുരങ്ങു കളിപ്പിക്കുകയല്ലേ? വേണ്ട സമയത്ത് അവന് ആവശ്യമായ പണിക്കാരേയോ യന്ത്രങ്ങളേയോ അവന് ലഭ്യമാണോ? ഇപ്പോള്‍ നോക്കൂ, ഏക്കര്‍ കണക്കിന് ഉണങ്ങിക്കരിഞ്ഞുപോയ നെല്‍പ്പാടങ്ങള്‍ കാണുന്നില്ലേ ചുറ്റിലും? കരിഞ്ഞുണങ്ങി ഒടുങ്ങിപ്പോകുന്ന കര്‍ഷകജീവിതങ്ങളുടെ നേരടയാളങ്ങളല്ലേ അവയത്രയും?വര്‍ഷാവര്‍ഷം പെരുകിവരുന്ന കടക്കുരുക്കുകളില്‍ പിടയുന്ന അവന്റെ ചിലവില്‍ നമുക്ക് അരിയുടെ വില എല്ലാക്കാലവും ഉയരാതെ പിടിച്ചുനിര്‍ത്താനാകുമോ? കൃഷിക്കാര്‍ നെല്‍കൃഷി ഉപേക്ഷിച്ചു പോകുന്നതിന് അവരെ കുറ്റം പറയാനാകുമോ? നെല്‍വയലുകള്‍ ഇങ്ങനെ തരിശിടുന്നതിനും പരിസ്ഥിതി വിരുദ്ധമായ വാഴപോലുള്ള വാണിജ്യ കൃഷികളിലേക്ക് വകമാറുന്നതിനും അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. നിവൃത്തികേടില്‍ നിന്നുണ്ടായി വരുന്ന ചില ന്യായങ്ങള്‍!

നെല്‍കൃഷി പിടിച്ചുനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കാനുമായി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ആയിരക്കണക്കിനുണ്ട്. പക്ഷേ ചാഴികുത്തി പതിരാക്കിയ നെല്‍മണികള്‍ പോലെ നിഷ്ഫലമാണ് അവയില്‍ ഭൂരിപക്ഷവും. അവരുടെ ഉല്‍പന്നമായ നെല്ലിന് ആവശ്യമായ നല്ല വിലകൊടുക്കാന്‍ കഴിയുക എന്ന ഒരൊറ്റ ആനുകൂല്യം മതി നൂറു കണക്കായ കര്‍ഷകര്‍ പരിസ്ഥിതി സൗഹൃദമായ നെല്‍കൃഷിയിലേക്ക് മടങ്ങിവരാന്‍. മാന്യമായി അവനും അവന്റെ കുടുംബത്തിനും നില നിന്നുപോകുന്നതിനുള്ള ഒരു വരുമാനം അവന് ഗ്യാരണ്ടി നല്‍കണം. കടലാസിലല്ലാതെ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം.

50 വര്‍ഷങ്ങള്‍ക്കു മുമ്പു കണ്ടുപിടിച്ച അയ്യാറെട്ടിനു ശേഷം ഉല്‍പാദനത്തില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കിയ ഒരു നെല്‍വിത്ത് കാര്‍ഷികഗവേഷണസ്ഥാപനങ്ങള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല എന്നതും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ചൈന പോലുള്ള രാജ്യങ്ങള്‍ നെല്‍കൃഷി ലാഭകരമാക്കുന്നത് അധിക ഉല്‍പാദനക്ഷമതയുള്ള വിത്തുകള്‍ വഴിയാണ് എന്നത് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് അറിയായ്കയൊന്നുമല്ലല്ലൊ. ഉല്‍പാദനം കുറയുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യുക എന്നത് ഉല്‍പന്നത്തിന്റെ അധിക വില എന്ന് കച്ചവടത്തിന്റെ സാമാന്യ നിയമങ്ങള്‍ അനുസരിച്ച് തര്‍ജമചെയ്യാവുന്ന ഒന്നാണ്.

നെല്ലിന്റേയും പാലിന്റേയും കാര്യത്തില്‍ പക്ഷേ ഈ നിയമം പരാജയപ്പെടുന്നതു കാണാം പലപ്പോഴും എന്നത് കൗതുകകരമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലപിടിച്ചു നിര്‍ത്താന്‍ ഒരു ഗവണ്‍മന്റ് ശ്രമിക്കുന്നതിലോ ആയതിനു ജനങ്ങള്‍ അവരെ നിര്‍ബന്ധിക്കുന്നതിലോ തെറ്റ് ഉണ്ടെന്നല്ല, അത് ആരുടെ ചെലവിലാവണം എന്നതാണ് ചോദ്യം. നിര്‍ഭാഗ്യവശാല്‍ ഇന്നത് കര്‍ഷകന്റെ ചുമലിലാണ്. അത് ന്യായീകരിക്കത്തക്കതല്ല. അതുകൊണ്ട് 50 രൂപ നല്‍കി ഒരു കിലോ അരി വാങ്ങേണ്ടി വരുമ്പോള്‍ ദയവായി അരിശം കൊള്ളാതിരിക്കുക.

അധിക വിലയുടെ ന്യായമായ ഭാഗവും കര്‍ഷകരിലെത്തുന്നുണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ അത് ഇനിയും വര്‍ധിച്ച് നൂറു രൂപയില്‍ എത്തിയാല്‍ പോലും ഞാന്‍ വ്യാകുലപ്പെടില്ല. ഇതിന്റെ ന്യായം നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍ ദയവായി നിങ്ങളുടെ ജീവിത ചിലവുകളിലേക്ക് ഒന്ന് ശ്രദ്ധവെക്കുക. പല കാര്യങ്ങള്‍ക്കായി നിങ്ങള്‍ ഒരു ദിവസം ചിലവഴിക്കുന്ന തുകയുടെ കണക്കിലേക്ക്..എത്ര അരി വേണം നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്? നിങ്ങള്‍ ഒരു ഭക്ഷണപ്രിയനാണ് എങ്കില്‍ പോലും 500 ഗ്രാമില്‍ കൂടില്ല അത്. നവകാലത്തെ ആരോഗ്യകരമായ ഭക്ഷണശീലമനുസരിച്ചാണെങ്കില്‍ 200 ഗ്രാം പോലും വരില്ല അത്. അങ്ങിനെയൊരു വസ്തുവിന്റെ വിലയിലുണ്ടാകുന്ന പത്തു ശതമാനം വര്‍ധനവ് എന്നത് അത്രമേല്‍ അസഹനീയമാണോ നമുക്ക്? കിലോക്ക് 500 രൂപ വിലയുള്ള ആവോലി മീന്‍ വാങ്ങി കറി വെക്കാന്‍ മടിയില്ലാത്ത ഒരാള്‍ക്ക് 50 രൂപയുടെ അരി ഭാരമാകുന്നത് എങ്ങനെയാണ്? ആവോലി പോകട്ടെ അത് ഒരു ലക്ഷ്വറി ആണെന്നു വെക്കാം. 40 രൂപ കൊടുത്ത് ഒരു കിന്റര്‍ ജോയ് വാങ്ങുന്ന, 350 രൂപ കൊടുത്ത് നൂറ് മില്ലി ഇന്ദുലേഖ ഹെയര്‍ ഓയില്‍ വാങ്ങുന്ന, 200 രൂപ കൊടുത്ത് ഒരു ക്വാര്‍ട്ടര്‍ മദ്യം വാങ്ങുന്ന, നാലടി നടന്നാല്‍ എത്തുന്നേടത്തേക്ക് പോലും 20 രൂപ കൊടുത്ത് ഓട്ടോ പിടിക്കുന്ന മലയാളിക്ക് അരിവിലയിലെ ചെറിയൊരു വര്‍ധനവ് താങ്ങാനാവില്ല എന്നാണോ?

അതും ചെളിയിലും വെയിലിലും പണിയെടുക്കുന്ന ഒരു കര്‍ഷകനേയും ഭൂമിയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു പാവം കൃഷിയേയും അത് രക്ഷിക്കുമെങ്കില്‍? ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത നിരാലംബരെ മറന്നുകൊണ്ട് സംസാരിക്കുന്നു എന്ന് ദയവായി കരുതാതിരിക്കുക. അവര്‍ക്ക് ഭക്ഷണമെത്തിക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. അരിവില ഉയരാതെ പിടിച്ചുനിര്‍ത്തിക്കൊണ്ട് മാത്രം പരിഹാരം കാണേണ്ട ഒരു വിഷയവുമല്ല അത്.

ദയവു ചെയ്ത് ഈ എഴുത്തിനെ തെറ്റിദ്ധരിക്കാതിരിക്കുകയും തര്‍ക്കിക്കുവാന്‍ വേണ്ടി മാത്രം വായിക്കാതിരിക്കുകയും ചെയ്യുക. മുന്‍വിധികള്‍ മാറ്റിവച്ചുകൊണ്ട് ഒരു നിമിഷം സത്യസന്ധമായി ആലോചിക്കുക. അരിയുടെ വില അല്‍പം ഉയരുന്നതില്‍ വല്ലാതെ രോഷം കൊള്ളാന്‍ മാത്രമുള്ള കാരണങ്ങളുണ്ടോ നമുക്ക്?

കേരളമെന്ന പ്രാദേശികത വിടൂ. അങ്ങ് ഗോദാവരീ തീരത്തുള്ളവനെങ്കിലും മണ്ണില്‍ അന്നം വിളയിക്കുന്ന ഒരു കര്‍ഷകന്റെ ജീവിതത്തില്‍ അത് പ്രകാശം പരത്തുമെങ്കില്‍ പ്രത്യേകിച്ചും!

(ചിത്രങ്ങള്‍ സിനോജ് കെ എസ്)