അങ്കമാലിയില്‍ കസറിയ കൊള്ളിയാന്‍!! സ്‌ക്രീനില്‍ 'അപ്പാനി ശരത്' ഇനിയുണ്ടാകും, ആരുണ്ട്രാ ചോദിക്കാന്‍

അങ്കമാലി ഡയറീസിലെ ലോക്കലിലും ലോക്കലായ വില്ലന്‍ അപ്പാനി രവിയായി വന്ന് പ്രേക്ഷകരുടെ നെഞ്ചിലേയ്ക്ക് തോട്ടവലിച്ചെറിഞ്ഞ ശരതിന്റെ കഥ. അഭിനേതാവകണം എന്നു മാത്രമേ ശരത് ജീവിതത്തില്‍ ആഗ്രഹിച്ചുള്ളു- ശരത് എങ്ങനെ അങ്കമാലിയിലെത്തി?

അങ്കമാലിയില്‍ കസറിയ കൊള്ളിയാന്‍!! സ്‌ക്രീനില്‍

നല്ല തിരക്കുള്ള ദിവസം അങ്കമാലിയുടെ ചന്തയുടെ ചങ്കിലേയ്ക്ക് തോട്ടയെറിഞ്ഞുകൊണ്ടാണ് രണ്ടു ചെറുപ്പക്കാര്‍ കഥയില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയത്. നായകനായ വിന്‍സെന്റ് പെപ്പെയുടെയും സുഹൃത്തുക്കളുടെയും കഥമാത്രമല്ലിതെന്ന് പ്രേക്ഷകനെ തിരിച്ചറിയിക്കുന്ന മിന്നാലാക്രമണം. കഥയിലും ജീവിതത്തിലും കട്ട ഹീറോയിസം കാണിച്ച് ഞൊടിയിടെ മറയുന്ന 'കൊടും ഭീകരരായ' അപ്പാനി രവിയും യുക്ലാമ്പ് രാജനും, കഥകളേറെയുണ്ട്. ഒരു നോട്ടത്തില്‍, ക്ഷോഭത്തില്‍, നിസഹായതില്‍, അപ്പാനി രവിയുടെ ജീവിതം പ്രേക്ഷകനുമുന്നില്‍ അനാവൃതമാകുന്നുണ്ട്. മലയാളി സിനിമ കണ്ടുവന്ന ഡോണുകളില്‍ നിന്നു വളരെയേറെ ദൂരമുണ്ട് അപ്പാനി രവിയിലെക്ക്. ഞാന്‍ സ്റ്റീവ് ലോപ്പസില്‍ സുജിത് ശങ്കര്‍ എന്ന നടന്‍ അനശ്വരമാക്കിയ ഹരിയോട് ചേര്‍ന്നോ മുകളിലോ നില്‍ക്കാവുന്ന കഥാപാത്രം. അപ്പാനി രവിയ്ക്ക് ജീവന്‍ കൊടുത്ത ശരത് കുമാര്‍ എന്ന ഇരുപത്തിനാലുകാരന്‍ മലയാള സിനിമയിലേക്കു ഇടിച്ചു കയറി കസേര വലിച്ചിട്ട് ഇരിക്കുകയാണ്. അപ്പാനി രവിയെ പോലെ, ആരെയും കൂസാതെ, ശരീരം കൊണ്ടും മുഖം കൊണ്ടും ഇനിയും മിന്നാലാക്രമണങ്ങള്‍ നടത്താമെന്ന വെല്ലുവിളിയോടെ...ശരത് സംസാരിക്കുന്നു:


കുട്ടിക്കാലം തൊട്ടെ നാടകം തന്നെയാണ് ജീവിതം. സാധാരണ കുടുംബമാണ് എന്റേത്. അച്ഛന് കൂലിപ്പണിയാണ്. അമ്മ വീട്ടമ്മയാണ്. മുത്തശ്ശനുണ്ട്. സിനിമയുടെ സ്‌ക്രിപ്റ്റ് റീഡിങ് സമയത്തു മത്തശ്ശി മരിച്ചുപോയി. പെങ്ങളുണ്ട് അളിയനുണ്ട്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ നാടകങ്ങളില്‍ അഭിനയിക്കും. സിനിമയൊരു വിദൂര സ്വപ്‌നമായിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം തിരുവനന്തപുരത്തെ നാടക സംഘങ്ങളിലും തെരുവു നാടകങ്ങളിലും സജീവമായി. ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നു ഡിഗ്രി ചെയ്യുന്ന സമയത്തും അഭിനയമാണ് പ്രധാന പണി. പിന്നീട് കാലടി സര്‍വകലാശാലയില്‍ എംഎ നാടകത്തിന് ചേര്‍ന്നു. രണ്ടു നാടകങ്ങള്‍ സംവിധാനം ചെയ്തു, കുറെയെണ്ണത്തില്‍ അഭിനയിച്ചു.

പ്ലസ് ടു കഴിഞ്ഞ സമയം തൊട്ടേ സിനിമയ്ക്കു വേണ്ടി അലയുന്നുണ്ട്. എറണാകുളത്ത് ആദ്യത്തെ ഓഡീഷനു പങ്കെടുക്കുമ്പോള്‍ പ്രതീക്ഷ ഇല്ലായിരുന്നു. എന്നാല്‍ അവര്‍ക്കിഷ്ടപ്പെട്ടു, വിളിക്കാമെന്നു പറഞ്ഞു. കുറെക്കാലം ഇങ്ങനെ സ്വപ്നമൊക്കെ കണ്ടു.പിന്നെ അവര്‍ വിളിച്ചില്ല. പിന്നെ കുറെനാള്‍ കഴിഞ്ഞു ഒരു പടത്തില്‍ ചെറിയ വേഷം കിട്ടി. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിന്നു. കൂട്ടുകാരെയൊക്കെ കൂട്ടി കാണാന്‍ പോയി. പക്ഷെ സ്‌ക്രീനില്‍ കാണിച്ചില്ല. ഒരുപാട് വിഷമമായി രണ്ടു സീനെ ഉണ്ടായിരുന്നുള്ളു. അഞ്ചു വര്‍ഷം മുന്‍പാണ്. പിന്നെ ഫുള്‍ടൈം നാടകവും ഓഡിഷനുമൊക്കെയായി കടന്നുപോയി.


അപ്പാനി രവി


അപ്പാനി രവി പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കാനുള്ള കാരണം സ്‌ക്രിപ്റ്റിന്റെ ഡെപ്ത്ത് മൂലമാണ്. ഞാന്‍ പഠിക്കുന്ന കാലടി സര്‍വകലാശാലയില്‍ വെച്ചാണ് അങ്കമാലി ഡയറീസിന്റെ ഓഡിഷന്‍ നടന്നത്. നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഓഡീഷനില്‍ എനിക്കു വലിയ പ്രതീക്ഷ ഇല്ലായിരുന്നു. എന്നെക്കാള്‍ പെര്‍ഫോം ചെയ്ത ആളുകള്‍ ഉണ്ടായിരുന്നു. എന്റെ നാടകത്തിലെ തന്നെ ഒരു രംഗമാണ് ഞാന്‍ ചെയ്തത്.

അന്ന് തിരുവനന്തപുരത്ത് കലാവിദ്യാര്‍ത്ഥികളുടെ സമരം നടക്കുന്ന സമയമായിരുന്നു. കാലടിയില്‍ നിന്നു ഞങ്ങള്‍ കുറച്ചു നാടക വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ക്യാമ്പസില്‍ ബക്കറ്റുപിരിവൊക്കെ നടത്തിയാണ് ഞങ്ങള്‍ പോയത്. ഓഡീഷനു വന്നവര്‍ പണം പിരിക്കുന്നതും ഇടപഴകുന്നതും ബോഡി ലാംഗ്വേജുമൊക്കെ ശ്രദ്ധിച്ചിരുന്നുവെന്നു തോന്നുന്നു.
അതു ഓഡിഷനു മുന്‍പായിരുന്നു. ഓഡീഷന്‍ കഴിഞ്ഞു കുറെ നാളുകള്‍ക്കു ശേഷം കാസ്റ്റിങ് ഡയറക്ടര്‍ കണ്ണന്‍ സാര്‍ വിളിച്ചു പറഞ്ഞു, സിനിമയില്‍ ഒരു വേഷമുണ്ടെന്ന്. എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. 86 പുതുമുഖങ്ങളുള്ള സിനിമയല്ലെ, എന്തെങ്കിലും പാസിങ് ഷോട്ടായിരിക്കുമെന്നാണ് കരുതിയത്. അങ്ങനെ രണ്ടാം ഘട്ട ഓഡിഷന്‍ പങ്കെടുത്തു. സെലക്ടായി. മൂന്നാമത്തെ ഓഡീഷനിലാണ് സിനിമയിലെ രംഗം അഭിനയച്ചു കാണിക്കാന്‍ പറഞ്ഞത്. അപ്പാനി രവി ഭാര്യയോടു വഴക്കിടുന്ന സീനാണ്. അതു ചെയ്തപ്പോള്‍ തന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ടു.

രണ്ടു ദിവസം കഴിഞ്ഞപ്പോ വീണ്ടും വിളിച്ചു. നല്ല ക്യാരക്ടറാണ്, ശരത് ഡ്രൈവിങ് പഠിക്കണമെന്നു പറഞ്ഞു. അതു ഭയങ്കര ബുദ്ധിമുട്ടായിരുന്നു. സുഹൃത്തിന്റെ വണ്ടി വാങ്ങി അത്യാവശ്യം ഓടിക്കാന്‍ പഠിച്ചു. കാലടി - അങ്കമാലി റൂട്ടിലോടുന്ന ടാങ്കറിലൊക്കെ കൈകാട്ടി കയറി യാത്ര ചെയ്യുമായിരുന്നു. രവി വണ്ടിയോടിക്കണ്ടാ, രവിയല്ലെ പ്രധാന വില്ലന്‍ രാജന്‍ വണ്ടിയോടിച്ചാല്‍ മതിയെന്നു ലിജോ സാര്‍ പറഞ്ഞതുകൊണ്ട് ഞാനങ്ങു രക്ഷപെട്ടു.

സ്‌ക്രിപ്റ്റ് റീഡീങ് ഉണ്ടെന്നു ചെമ്പന്‍ വിനോദേട്ടന്‍ പറഞ്ഞു. 86 പുതുമുഖങ്ങളെയും ഒരുമിച്ചിരുത്തി സ്‌ക്രിപ്റ്റ് വായിച്ചു. നായകന്‍ പെപ്പെയായി ആന്റണിയാണെന്ന് പറഞ്ഞു. ഓരോ അഭിനേതാക്കള്‍ക്കും അവവരുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി. അവസാനമാണ് പറഞ്ഞത്. വില്ലന്മാരില്‍ യുക്ലാമ്പ് രാജന്‍ അതു ടിറ്റോയായിരിക്കും. കഥയിലെ പ്രധാനകഥാപാത്രമായ അപ്പാനി രവിയെ ശരത്താണ് ചെയ്യുന്നതെന്ന്.പിന്നെ അടുത്ത ദിവസം മുതല്‍ അപ്പാനി രവിയാകാന്‍ തയ്യാറെടുത്തു തുടങ്ങുന്ന സമയത്താണ് അമ്മൂമ്മ മരിച്ചത്. അത് ഭയങ്കര വിഷമമായി. അന്നു തന്നെ നാട്ടില്‍ പോയി അമ്മൂ്മ്മയുടെ ചടങ്ങുകള്‍ കഴിഞ്ഞു പിറ്റേന്ന് രാത്രി അങ്കമാലിക്ക് തിരിച്ചു പോന്നു. രണ്ടു ദിവസം കഴിഞ്ഞു ഷൂട്ട് തുടങ്ങുകയായിരുന്നു. ബാക്കിയൊക്കെ അങ്ങനെ പോവാരുന്നു. ഇപ്പോഴും എക്സൈറ്റ്മെന്റ് മാറിയിട്ടില്ല. ഇതാണോ റിയല്‍ ലൈഫ് എന്നു പോലും അറിയാന്‍ പറ്റുന്നില്ല. ഇതൊന്നും പ്രതീക്ഷിച്ചതല്ല. വലിയ ആള്‍ക്കാര് പറയുന്നപോലെ ഒരു കാര്യത്തെ ആത്മാര്‍ത്ഥമായിട്ടു പ്രണയിക്കുകയും കഷ്ടപ്പെടുകയും ചെയ്താല്‍ അതു കിട്ടുമെന്ന് തന്നെയാണ് എനിക്ക് തോന്നിയത്. ഞാന്‍ സിനിമയെയും അഭിനയത്തെയും ആത്മാര്‍ത്ഥമായി സ്നേഹിച്ചു പോയി.വീട്ടിലായാലും നാട്ടിലായാലും സിനിമയ്ക്കും അഭിനയത്തിനും വേണ്ടി ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെയൊരു ജീവിതമായിട്ടാണ് ഞാനിതിനെ കാണുന്നത്. നാടകം പഠിക്കാനിറങ്ങിയ സമയത്തെ കഷ്ടപ്പാടിനുള്ള ഒരുത്തരമാണ് അങ്കമാലി ഡയറീസ്. കലാരംഗത്തേക്ക് ദൈവം കൊണ്ടുതന്ന പിടിവള്ളിയാണ് അങ്കമാലി ഡയറീസ്. അതില്‍ പിടിച്ചുകയറി പോകുക എന്നതാണെന്റെ ലക്ഷ്യം. എന്നെ പ്രൊമോട്ട് ചെയ്യാനൊ പൊക്കിവിടാനോ വേറാരുമില്ല. ഞാനൊറ്റയ്ക്കെ ഉള്ളു. എന്റെ അഭിനയം കണ്ടിട്ട് എന്നെ സ്നേഹിക്കുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷം തോന്നുന്നുണ്ട്.നാടകം പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്നു കാലടിക്ക് വരുമ്പോഴും പോകുമ്പോഴും പൈസയൊന്നും കാണാറില്ല. ടാങ്കര്‍ ലോറികള്‍ക്കു ലിഫ്റ്റടിച്ചു ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാരുടെയും കിളികളുടെയുമൊക്കെ മാനറിസങ്ങളും സംസാരവും ശ്രദ്ധിക്കാറുണ്ട്. അത് അപ്പാനി രവിയ്ക്കു ഗുണം ചെയ്തിട്ടുണ്ട്.

13 മിനിട്ടുള്ള ഒറ്റടേക്ക്


ഒരു ദിവസം രാവിലെ തുടങ്ങിയ റിഹേഴ്‌സല്‍ കഴിഞ്ഞപ്പോള്‍ രാത്രിയായി. പിറ്റെ ദിവസം നമുക്ക് കോണ്‍ഫിഡന്റായി ടേക്ക് എടുക്കാമെന്നു പറഞ്ഞു, പക്ഷെ പിറ്റേദിവസം കിട്ടിയില്ല. അതും കഴിഞ്ഞപ്പോള്‍ രാത്രി രണ്ടുമണിയായി. പിറ്റെന്ന് ഉച്ചയ്ക്ക് തുടങ്ങിയിട്ട് രാത്രി ഒരുമണിയായപ്പോഴാണ് ടേക്ക് കിട്ടിയത്. ജീവിതത്തില്‍ ഇത്രയും എഫര്‍ട്ടും സ്‌ട്രെയിനും എടുത്തു ചെയ്ത സംഭവമില്ല. നമ്മള് സ്‌ക്രിനീല്‍ കാണുന്ന ഇടിയൊന്നുമല്ല അവിടെ നടന്നത്. ഉഗ്രനിടിയായിരുന്നു. ടേക്ക് കിട്ടാന്‍ വേണ്ടി എല്ലാരുമെടുത്ത ആത്മാര്‍ത്ഥതയുണ്ടല്ലോ, അതിനു ഫലം കിട്ടി.ലിജോ സാറെന്ന സംവിധായകനെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ, അദ്ദേഹത്തിന്റെ സിനിമയിലെ മെയിന്‍ വില്ലന്‍ വേഷം കിട്ടിയത് എന്റെ ഭാഗ്യമാണ്. അതിലും വലുതൊന്നും എന്റെ ജീവിതത്തില്‍ ഇനി സംഭവിക്കാനില്ല. എന്റെ ജീവിതത്തില്‍ ഇതുവരെ കിട്ടിയതിലും ഏറ്റവും വലുതാണിത്. എന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ പുരസ്‌കാരമായിട്ടാണിതിനെ കാണുന്നത്.