ജനപ്രിയ തീരുമാനങ്ങളിലൂടെ ജനഹൃദയം കവര്‍ന്നു വീണ്ടും ആംആദ്മി സര്‍ക്കാര്‍; ഡല്‍ഹിയില്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം കുത്തനെ വര്‍ദ്ധിപ്പിച്ചു

ഡല്‍ഹിയില്‍ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായിട്ടുള്ളത്. ജനോപകാര തീരുമാനത്തിലൂടെ ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാനാണ് ആം ആദ്മി നീക്കമിട്ടിട്ടുള്ളതെന്നാണ് സൂചന.

ജനപ്രിയ തീരുമാനങ്ങളിലൂടെ ജനഹൃദയം കവര്‍ന്നു വീണ്ടും ആംആദ്മി സര്‍ക്കാര്‍; ഡല്‍ഹിയില്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം കുത്തനെ വര്‍ദ്ധിപ്പിച്ചു

ജനപ്രിയ നീക്കങ്ങളിലൂടെ രാജ്യത്തെ ഞെട്ടിച്ചിട്ടുള്ള ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ വീണ്ടുമൊരു ജനപ്രിയ നീക്കവുമായി രംഗത്ത്. തൊഴിലാളികളുടെ കുറഞ്ഞ വേതനം 37 ശതമാനമാണ് ആം ആദ്മി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വേതന വര്‍ധനവാണിത്.

സര്‍ക്കാരിന്റെ പുതിയ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അംഗീകരിച്ചു. നിലവില്‍ 9724 രൂപ മാസശമ്പളമായി ലഭിക്കുന്ന അവിദഗ്ധ തൊഴിലാളികള്‍ക്കു പുതിയ വര്‍ധനവ് നടപ്പാകുന്നതോടെ അതു 13,350 രൂപയായി ഉയരും.


ഡല്‍ഹിയില്‍ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായിട്ടുള്ളത്. ജനോപകാര തീരുമാനത്തിലൂടെ ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാനാണ് ആം ആദ്മി നീക്കമിട്ടിട്ടുള്ളതെന്നാണ് സൂചന.

കഴിഞ്ഞ ആഗസ്തില്‍ തൊഴിലാളികളുടെ കുറഞ്ഞ ശമ്പളത്തില്‍ 50 ശതമാനം വര്‍ധന വരുത്താന്‍ എഎപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാലതിന് അന്നത്തെ ലഫ്റ്റ്നന്റ് ഗവര്‍ണറായിരുന്ന നജീബ് ജങ്ങ് അനുമതി നിഷേധിക്കുകയായിരുന്നു.

മുമ്പ് സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ വഴി സൗജന്യ ചികിത്സ നല്‍കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. താല്‍ക്കാലിക അധ്യാപകരുടെ ശമ്പളം 80 ശതമാനം വരെ വര്‍ധിപ്പിച്ച് ഉപമുഖ്യമന്ത്രി മനീഷ്സിസോദിയയും രംഗത്തെത്തിയിരുന്നു.

Read More >>