ടൊവീനൊ പുതിയ സൂപ്പര്‍ സ്റ്റാര്‍: മെക്‌സിക്കന്‍ അപാരത, പൃഥ്വിക്ക് ക്ലാസ്‌മേറ്റ്‌സും നിവിന് പ്രേമവും പോലെ!

കൊമേഷ്യല്‍ സിനിമയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇതാ മലയാളത്തിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍- ടൊവീനോയെ എടുത്തുയര്‍ത്തി മെക്സിക്കന്‍ അപാരത!

ടൊവീനൊ പുതിയ സൂപ്പര്‍ സ്റ്റാര്‍: മെക്‌സിക്കന്‍ അപാരത, പൃഥ്വിക്ക് ക്ലാസ്‌മേറ്റ്‌സും നിവിന് പ്രേമവും പോലെ!

എബിസിഡി കണ്ടിറങ്ങിയവര്‍ നടത്തിയ പ്രവചനമാണ് നാലുവര്‍ഷങ്ങള്‍ക്കു ശേഷം മെക്‌സിക്കന്‍ അപാരതയിലൂടെ യാഥാര്‍ത്ഥ്യമായത്- ടൊവീനോ മലയാളത്തിലെ പുതിയ സൂപ്പര്‍സ്റ്റാറായിരിക്കുന്നു. മെക്‌സിക്കന്‍ അപാരത ടൊവിനോ തോമസ് എന്ന ഇരിങ്ങാലക്കുടക്കാരനെ മലയാള സിനിമയിലെ ഹോട്ട് സീറ്റിലേയ്ക്ക് എത്തിച്ചിരിക്കുന്നു.

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ 2012ല്‍ അരങ്ങേറ്റം കുറിക്കുന്നതിനു മുന്നേ ടൊവിനോയെ കണ്ടിരുന്നു. സില്‍വര്‍‌സ്റ്റോം വാട്ടര്‍ തീംപാര്‍ക്കിന്റേയും ഇന്ദുലേഖ ഹെയര്‍ കെയറിന്റേയും പരസ്യത്തിലെ മോഡലായി. തീവ്രത്തില്‍ രൂപേഷ് പീതാംബരന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതേ രൂപേഷാണ് മെക്‌സിക്കന്‍ അപാരതയില്‍ ടൊവിനോയുടെ പ്രതിനായകന്‍. രൂപേഷ് എന്ന അതേ പേരില്‍. തീവ്രത്തിനു ശേഷം ദുല്‍ഖര്‍ നായകനായ എബിസിഡിയില്‍ വില്ലന്‍ വേഷം ടൊവിനോയ്ക്കായിരുന്നു, കണ്ടാല്‍ ഹൈബി ഈഡന്റെ ഛായ തോന്നുന്ന കഥാപാത്രം.

സെവന്‍ത് ഡേ, എന്നു നിന്റെ മൊയ്തീന്‍, എസ്ര എന്നിവയില്‍ പൃഥ്വിരാജിനൊപ്പം നിന്നപ്പോഴാണ് ടൊവിനോയുടെ സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞത്. കരുത്തുറ്റതെന്ന് കൊമേഷ്യല്‍ സിനിമ വാഴ്ത്തുന്ന സൂപ്പര്‍ സ്റ്റാര്‍ റോളുകളിലേയ്ക്ക് ആളെ തിരയുന്നതിനിടയില്‍ ഉണ്ണി മുകുന്ദന്റെ ശരീരമാണ് ആദ്യം ശ്രദ്ധയിലെത്തിയത്. അവസരങ്ങളും കിട്ടി. മല്ലൂസിങ് പോലെ സൂപ്പര്‍ പരിവേഷ ചിത്രങ്ങളും ഉണ്ണിയെ തേടിയെത്തിയിരുന്നു. മസിലുറച്ച ശരീരം മാത്രമല്ല താരത്തിനു വേണ്ടതെന്ന് ദുല്‍ഖറും, ഫഹദും, നിവിനുമൊക്കെ തെളിയിച്ചു.

Premam
ടൊവിനോ ഒട്ടും ധൃതി കാട്ടിയില്ല എന്നതാണ് ബോക്‌സോഫീസ് തിരുത്തുന്ന മെക്‌സിക്കന്‍ അപാരതയോളം എത്തിച്ചതെന്ന് ഉറപ്പ്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തതിലെ സൂഷ്മത തന്നെ പ്രധാനം. നായക വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന വാശി ഇല്ലായിരുന്നു. എന്നു നിന്റെ മൊയ്ദീനില്‍ പൃഥ്വിയോളം പ്രിയങ്കരനായി. ഗപ്പിയില്‍ ചേതന്‍ നായകനായപ്പോള്‍ പ്രതിനായകനായി. നാല്‍പ്പത് വയസു കഴിഞ്ഞ കഥാപാത്രമായി ഗപ്പിയിലെ ടൊവീനോ.

സത്യത്തില്‍, ടൊവിനോ നായകനായ ആദ്യ കൊമേഷ്യല്‍ സിനിമയാണ് ഇപ്പോള്‍ തിയറ്ററിലുള്ള മെക്‌സിക്കന്‍ അപാരത. ആ സിനിമയിലേയ്ക്ക് എത്തുന്നതിനു മുന്‍പേ, സ്വന്തം പ്രേക്ഷകരെ വളരെ സാവധാനത്തില്‍ ടൊവീനോയുടെ കഥാപാത്രങ്ങള്‍ സ്വരുക്കൂട്ടുന്നുണ്ടായിരുന്നു. മെക്‌സിക്കന്‍ അപാരതയില്‍ പോലും ടൊവിനോ നായകനാകും എന്ന പ്രതീക്ഷയൊന്നും സിനിമ കാണുമ്പോഴും ആര്‍ക്കും ഇല്ലായിരുന്നു. നീരജാണോ നായകനെന്നു തോന്നിപ്പിക്കുന്നതായിരുന്നു നിമിഷങ്ങള്‍. ക്ലാസ്‌മേറ്റ്‌സിലെ പൃഥ്വിയെപോലെ മെക്‌സിക്കോയിലെ ടൊവിനോയും എസ്എഫ്‌ഐക്കാരന്‍ തന്നെ. രക്തസാക്ഷിയാകാന്‍ തീരുമാനിക്കപ്പെടുകയെന്ന യാഥാര്‍ത്ഥ്യത്തെ നേരിടുകയാണ് പോളിന്റെ കഥാപാത്രം.

Image result for classmates malayalam film posters

എസ്എഫ്ഐ എന്നു തന്നെ ഉറപ്പിക്കാവുന്ന രാഷ്ട്രീയം പറഞ്ഞു വന്ന ശേഷം, ഹരീഷ് പേരാടിയെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ നിന്ന് പറച്ചു വെച്ച ശേഷം, പിണറായി എന്നു തോന്നിപ്പിച്ച ശേഷമാണ്, രക്തസാക്ഷിയെ നിര്‍മ്മിക്കുക എന്ന പാര്‍ട്ടി തീരുമാനത്തിലേയ്ക്ക് സിനിമ കടക്കുന്നത്. ആ കുരുക്കില്‍ നിന്നും സിനിമയെ അഴിച്ചെടുത്ത് ക്ലൈമാക്സിലേയ്ക്ക് എത്തിക്കുകയും എസ്എഫ്ഐക്കാരുടേയും അനുകൂലികളുടേയും കയ്യടി വാങ്ങുകയുമായിരുന്നു സിനിമയുടെ വിജയ ഖേതു- അത് ജനത്തിനോ പാര്‍ട്ടിക്കോ എതിരാകുമോ എന്നതാണ് സിനിമയുടെ ട്വിസ്റ്റ്.

മെക്സിക്കന്‍ അപാരത തിയേറ്ററിലെ വലിയ വിജയമാവുന്നതിന് സിനിമയുടെ കഥയും രാഷ്ട്രീയ പശ്ചാത്തലവും പ്രധാനമാകുന്നത് രണ്ടാമതു മാത്രമാണ്. ഒന്നാമത്തേത്, 'അവന്‍ വരുന്നു' എന്ന ആഘോഷമാണ്. ടൊവീനോയുടെ മസില്‍ക്കരുത്തിന്റെ ആഘോഷമാകുന്ന ഗോദയാണ് അടുത്തതായി തിയേറ്ററിലെത്തുന്ന സിനിമ. പിന്നാലെ അമല്‍ നീരദും ആഷിഖ് അബുവും ചേരുന്ന സിനിമ- ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ടൊവീനോയും മലയാളത്തിലെ കോടിക്ലബിലെ താരമാകും. നായകനാകാനായി പോകവുകയാണല്ലോ, ആരെയും വെറുപ്പിക്കണ്ട എന്ന പക്ഷക്കാരനുമല്ല ടൊവീനോ- അഭിപ്രായം തുറന്നു പറയാന്‍ ടൊവീനോ മടിക്കുന്നില്ല. മെക്സിക്കന്‍ അപാരത കഴിഞ്ഞിറങ്ങുന്ന ഓരോരുത്തരും പറയുന്നത് ടൊവീനോയെ കുറിച്ചാണ്. സിനിമ മുന്നോട്ട് വെയ്ക്കുന്ന, ശരിക്കുള്ള പാര്‍ട്ടി, എന്നതിലും മേലെ ടൊവീനോ എന്ന നായക ശരീരം പ്രതിഷ്ഠിക്കപ്പെടുന്നു. 2016 നിവിന്റെ വര്‍ഷമായിരുന്നു എങ്കില്‍ ഈ വര്‍ഷം ടൊവീനോയുടേതാണ്.