രോഗാവസ്ഥ സംസാരിക്കാന്‍ നമ്മള്‍ മടിക്കുന്നതെന്തിന്? ശരിയായ ഡോക്ടര്‍ ശരിയായ ചികിത്സ കൂടിയാണ്...

പലപ്പോഴും മലയാളികൾ അവരുടെ രോഗത്തെ കുറിച്ചു സംസാരിക്കാന്‍ വലിയ മടി കാണിക്കുന്നവരാണ്. എന്തോ കഠിനമായ പാപം പോലെയാണ് രോഗവിവരം വിവരിക്കുന്നത്.

രോഗാവസ്ഥ സംസാരിക്കാന്‍ നമ്മള്‍ മടിക്കുന്നതെന്തിന്? ശരിയായ ഡോക്ടര്‍ ശരിയായ ചികിത്സ കൂടിയാണ്...

ഫിസ്റ്റുലയുടെ ശല്യം ഉണ്ടെന്നും അത് ചെറിയ രീതിയിൽ പ്രശ്നമായി മാറുന്നുവെന്നും അടിയന്തരമായി രണ്ടോ മൂന്നോ ഓപ്പറേഷൻ വേണമെന്നും ഈയുള്ളവൻ സോഷ്യൽ മീഡിയ അപ്ഡേറ്റ് ചെയ്തിരുന്നു. ചില സുഹൃത്തുകളും മറ്റുള്ളവരും ഇതുക്കണ്ടു ചോദിച്ചു തനിക്ക് നാണവും മാനവും ഒന്നും ഇല്ലേയെന്നു? ഇങ്ങനെയുള്ള കാര്യങ്ങൾ പബ്ലിക്‌ ആയിട്ട് എഴുന്നള്ളിക്കാൻ സ്വല്പവും നാണമില്ലേ എന്നായിരുന്നു അവരുടെ അതിശയം. ഇതൊക്കെ വീട്ടുകാർ മാത്രം അറിഞ്ഞാൽ പോരെ? എന്നാല്‍, ഈയുള്ളവൻ രോഗവിവരങ്ങളും ചികിത്സയും പിന്നെയും അപ്ഡേറ്റ് ചെയ്തുക്കൊണ്ടിരുന്നു.


അതിനുള്ള കാരണമിതാണ്: പലപ്പോഴും മലയാളികൾ അവരുടെ രോഗത്തെ കുറിച്ചു സംസാരിക്കാന്‍ വലിയ മടി കാണിക്കുന്നവരാണ്. എന്തോ കഠിനമായ പാപം പോലെയാണ് രോഗവിവരം വിവരിക്കുന്നത്. ഈ അടുത്തകാലത്ത് നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവരുടെ കിഡ്നി ട്രാന്‍സ്പ്ലാന്ടെഷന്‍ സോഷ്യൽ മീഡിയയിൽ കൂടി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയാകമാനം അവർക്ക് വേണ്ടി ഒരുമയോട് പ്രാർത്ഥിച്ചു. അവര്‍ എത്രയും പെട്ടെന്ന് സൌഖ്യം പ്രാപിക്കണം എന്ന് എല്ലാവരും ആഗ്രഹിച്ചു. മാത്രമല്ല, ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ടു പലരും കിഡ്നി ദാനം ചെയ്യാനായി മുന്നോട്ടു വന്നു.

സുഷമ സ്വരാജ് പോലും ഇത്രയും പിന്തുണ പ്രതീക്ഷിച്ചു കാണില്ല അവരുടെ ആരോഗ്യസ്ഥിതിയിൽ വ്യാകുലതപ്പെട്ടു ഇന്ത്യന്‍ ജനത രാഷ്ട്രീയത്തിനും അതീതമായ ഒരു മാനുഷിക സന്ദേശം നല്‍കി. നമ്മൾ മലയാളികൾ ചില കാര്യങ്ങളില്‍ മാറേണ്ടതായ സമയം അതിക്രമിച്ചു. രോഗവും, രോഗത്തെക്കുറിച്ചുള്ള കാഴ്ച്ചപാടുമാണ് അതിലൊന്ന്. എല്ലാവർക്കും അസുഖം വരും ചികിൽസിച്ചാൽ ഭേദമാകും. ഈ ചിന്ത ഇപ്പോഴും പ്രാവര്‍ത്തികമാകാത്തതു പോലെയാണ് ചിലരുടെ പ്രവൃത്തികള്‍.

ഈ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ ഫിസ്റ്റുലയുടെ ബുദ്ധിമുട്ടില്‍ നിന്നുള്ള ആശ്വാസം മാത്രമല്ല ഈയുള്ളവന് ജീവിതത്തില്‍ കിട്ടിയത്, നല്ല അടിപൊളി ഒരു തകര്‍പ്പന്‍ ഡോക്ടറിനെ അടുത്തു പരിചയപ്പെടാനും ഈ രോഗം എനിക്ക് അവസരം നല്‍കി-
ഡോ: സതീഷ്‌ ഐപ്പ്!


ഫിസ്റ്റുലയുടെ ബുദ്ധിമുട്ട് അനുഭവിച്ചു തുടങ്ങിയപ്പോള്‍ ഡല്‍ഹിയിലാണ് ആദ്യം വൈദ്യസഹായം തേടുന്നത്. എം.ആര്‍.ഐ സ്കാനിംഗും പരിശോധനയും എല്ലാം അവിടെ അപ്പോളോ ആശുപത്രിയില്‍ നടത്തി. സര്‍ജറി വേണമെന്നു അറിയിച്ചപ്പോള്‍ രണ്ടാമതൊരു അഭിപ്രായം തേടാന്‍ തീരുമാനിച്ചു. അങ്ങനെ തോന്നിയത് ഭയം മൂലമായിരുന്നില്ല, മുന്‍പ് മറ്റൊരു സര്‍ജറി നടത്തിയതിന്റെ തിക്താനുഭവം ഉള്ളത് കൊണ്ടായിരുന്നു. ചൂട് വെള്ളത്തില്‍ വീണ പൂച്ചയ്ക്കു സമാനമായ ഒരു അനുഭവം മുന്‍പ് എനിക്കുണ്ടെല്ലോ. അഞ്ചു വർഷങ്ങൾക്കു മുൻപ് എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ബാരിയാറ്റിക് സർജറി ചെയ്തപ്പോഴായിരുന്നു അത്. നാലു ദിവസം കഴിയുമ്പോൾ ഡിസ്ചാർജ് ചെയ്യാം എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പക്ഷെ, അത് കോംപ്ലിക്കേറ്റഡ് ആയി. ആരുടെ പിശകാണ് എന്നറിയില്ല, ആ കിടപ്പ് 28 ദിവസം കിടന്നു. അറിയപ്പെടുന്ന ഒരു ഗ്യാസ്‌ട്രോ സർജൻ ആണ് ചെയ്തത് എങ്കിലും എനിക്കെന്തോ അത് വല്ലാതെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഏഴു പ്രാവശ്യം തളര്‍ന്നു വീണു, മരണം സംഭവിക്കാൻ പോകുന്നു എന്ന് പലയാവര്‍ത്തി അനുഭവപ്പെട്ടു. പിന്നീട് ഡൽഹിയിൽ പോയതിന് ശേഷമാണ് മെല്ലെ ഹീലിംഗ് തുടങ്ങിയത്. ആരോഗ്യവാനായ ഒരുത്തൻ വണ്ണം കുറയ്ക്കാന്‍ നടത്തിയ സർജറി എവിടെ നിന്നും എവിടെ പോയി എന്ന് ഇപ്പോള്‍ ആലോചിക്കുകയാണ്.

ഈ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാണ് അപ്പോളോയില്‍ നിന്നും ലഭിച്ച ചികിത്സയുടെ രണ്ടാമതൊരു അഭിപ്രായം തേടാന്‍ ഞാന്‍ തീരുമാനിച്ചത്. വളരെ നല്ല സുഹൃത്ത്‌ ബന്ധമുള്ള ഡോ:ഫിലിപ്പ് അഗസ്റ്റിനെ ബന്ധപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ കൊച്ചി പി.വി.എസിലാണ്. അങ്ങനെ ഈയുള്ളവന്‍ ഇവിടെയെത്തി.

ഇവിടെയാണ്‌ ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ ആതിശയിപ്പിക്കുന്ന ഒരു ഡോക്ടറിനെ പരിചയപ്പെടുന്നത്. തന്‍റെ തൊഴിലിനെ കുറിച്ചു മുടിഞ്ഞ ആത്മവിശ്വാസമുള്ള, രോഗികളോട് ഹൃദ്യമായി പെരുമാറാന്‍ കഴിയുന്ന ഒരു ഡോക്ടര്‍ എന്ന് ഈയുള്ളവന്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കും. രോഗിക്ക് പൂര്‍ണ്ണമായും കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്ന ഒരു ശൈലിയാണ് ഇദ്ദേഹത്തിനുള്ളത്. ചടങ്ങിന് വേണ്ടി പറഞ്ഞു കേട്ടു പോകുകയല്ല. വരച്ചു കാണിച്ചുപോലും തന്നു, ഇദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. ഡോ:സതീശനെ പറ്റി പറയുമ്പോൾ ഒരു ആബ്സന്റ് മൈൻഡഡ് പേര്‍സനാണ് എന്നും കൂടി എഴുതണം (അതായത് അലസത തോന്നിപ്പിക്കുന്ന ഒരു മിടുക്കന്‍) പക്ഷെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് നല്ല ക്ലാരിറ്റിയുണ്ട്, മാത്രമല്ല ഷാര്‍പ്പും. എന്തിനെ പറ്റിയാണ് ഡോ:സതീഷ് പറയുന്നതെന്ന് മുന്നിലിരിക്കുന്ന ആര്‍ക്കും പിടിക്കിട്ടും. ഒരു കാര്യം ഉറപ്പ്, ഡോ: സതീഷ്‌ ഐപ്പിന്റെ ലളിതമായ വിവരണം കേട്ടാല്‍, എന്നെ പോലെ ആരും ആത്മധൈര്യത്തോടു തന്നെ പറയും- സമ്മതം...സര്‍ജറി ചെയ്യാം!

ഡോക്ടറെ കാണുമ്പോൾ നമ്മൾ സെലക്ടിവ് ആയിരിക്കണം. നമ്മൾ ഫോൺ ചെയ്‌താല്‍ മറുപടി പറയാന്‍ മനസുള്ള ഒരു വ്യക്തി കൂടെയായിരിക്കണം

ഓപ്പറേഷന് ശേഷം എനിക്കൊപ്പം നില്‍ക്കാന്‍ ഡല്‍ഹിയില്‍ നിന്നും ഭാര്യ വന്നിട്ടുണ്ട്. അവള്‍ക്കു വളരെ വർഷങ്ങൾ കൊണ്ട് ഹെര്‍ണിയയുടെ ശല്യമുണ്ട്. പക്ഷെ ചെറുതായി പോലും ധൈര്യം ഇല്ലാത്തിനാല്‍ ഇത് വരെ സര്‍ജറിക്ക് സമ്മതിച്ചിട്ടില്ല. ഡോ: സതീഷിനെ ഒന്നു കണ്‍സല്‍ട്ട് ചെയ്യൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, സര്‍ജറി കഴിഞ്ഞ എന്നോട് ഇക്കാര്യത്തില്‍ തര്‍ക്കിക്കേണ്ട എന്ന് കരുതിയാകണം അവള്‍ സമ്മതിച്ചു. എന്തിനേറെ പറയണം, അവള്‍ക്കും വര്‍ഷങ്ങള്‍ കൂടെക്കൂടിയ ഹെര്‍ണിയ റിമൂവല്‍ സര്‍ജറി ഇവിടെ നടന്നു.

ഇതിന്റെ ഇക്കോണമി കൂടെ പറയണമെല്ലോ. ഡൽഹയിൽ 2 ലക്ഷം ചെലവ് പറഞ്ഞിരുന്നത്, ഇവിടെ 45000 രൂപയിൽ ഒതുങ്ങി!