മരങ്ങള്‍ തടവില്‍: രക്ഷിക്കാന്‍ വന്ന വൃക്ഷസ്നേഹികളെ തുരത്തിയ പള്ളിക്ക് എത്ര ലൈക്ക് കൂട്ടരേ...?

കലൂര്‍ കതൃക്കടവ് റോഡിലെ തടവുപുള്ളികള്‍- ശൈശവദശയില്‍ മരങ്ങളെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ട്രീഗാര്‍ഡുകള്‍ പ്രായപൂര്‍ത്തിയായതോടെ മരങ്ങള്‍ക്കു ശിക്ഷയാകുന്നു. തായ്ത്തടിയിലും മറ്റും ഇരുമ്പു തുളഞ്ഞു കയറിയ നിലയില്‍ പൊതുയിടത്ത് നിലകൊള്ളുന്ന മരങ്ങളെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച യുവതി യുവാക്കള്‍ക്ക് പള്ളിയുടെ ഭീഷണിയും പൊലീസ് കേസും.

മരങ്ങള്‍ തടവില്‍: രക്ഷിക്കാന്‍ വന്ന വൃക്ഷസ്നേഹികളെ തുരത്തിയ പള്ളിക്ക് എത്ര ലൈക്ക് കൂട്ടരേ...?

കൊച്ചി പനമ്പിള്ളി നഗറിലെ വഴിയരികില്‍ ജീവനോടെ കത്തിച്ച പേരാലിനെ രക്ഷിക്കാന്‍ നവമാധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തിയതോടെയാണ് പനമ്പിള്ളി നഗര്‍ സ്വദേശിയായ ഷെല്ലി ജോര്‍ജ് വാര്‍ത്തകളില്‍ ഇടം നേടിയത്.

'കലൂര്‍ കതൃക്കടവ് റോഡിലെ തടവുപുള്ളികള്‍' എന്ന പേരില്‍ ഷെല്ലിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് മറ്റൊരു മുന്നേറ്റത്തിനും വഴി തെളിയിച്ചു. എറണാകുളം കലൂര്‍-കടവന്ത്ര റോഡരികില്‍ തണല്‍ മരങ്ങള്‍ക്ക് തടസ്സമായി നിന്ന ഇരുമ്പുവേലികള്‍ (ട്രീഗാര്‍ഡ്) നീക്കം ചെയ്യാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഷെല്ലി ഫെയ്‌സ്ബുക്ക് വഴി നടത്തിയ ആഹ്വാനത്തിന്റെ ഫലമായി ഗ്രീന്‍വെയിന്‍, എക്കോ വാരിയേഴ്സ്, സഞ്ചാരി, , പറവൂര്‍ ബൈക്ക് റൈഡേഴ്സ് തുടങ്ങിയ സംഘടനകളുടെ വോളണ്ടിയേഴ്സ് സഹായഹസ്തവുമായി രംഗത്തെത്തി.


കഴിഞ്ഞ ഞായറാഴ്ചയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വളര്‍ച്ച തടസ്സപ്പെട്ട് താഴ്ത്തടിയിലേയ്ക്ക് ഇരുമ്പ് കമ്പികള്‍ തുളച്ചു കയറിയ നിലയിലുള്ള നിരവധി മരങ്ങളുടെ ട്രീഗ്രാര്‍ഡുകള്‍ നീക്കം ചെയ്യാന്‍ യുവതിയുവാക്കള്‍ മുന്നിട്ടിറങ്ങിയത്.


കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയുടെ മുന്‍വശത്ത് റോഡരികിലുള്ള അഞ്ചു മരങ്ങളുടെ സംരക്ഷണ വലയം നീക്കം ചെയ്തതോടെ ഭീഷണിയും പൊലീസ് കേസുമായി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പള്ളി വികാരിയും വ്യാപ്യാരി വ്യവസായി ഏകോപന സമിതിയും ഇത് സംബന്ധിച്ച് പരാതി നല്‍കി.
.


ഇടവകയില്‍ മുന്‍പ് സേവനം ചെയ്തിരുന്ന വികാരിമാരുടെ  ഓര്‍മ്മയ്ക്കായി ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് നട്ട മരങ്ങളുടെ ട്രീഗാര്‍ഡ് ബോധപൂര്‍വ്വം നശിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ ഞായാറാഴ്ച 30 ഓളം പേരടങ്ങടുന്ന സംഘം അറുപത് മരങ്ങളുടെ സംരക്ഷണ വലയമാണ് നീക്കം ചെയ്തിരുന്നത്. സമീപ പ്രദേശങ്ങളിലായി ഇത്തരത്തില്‍ നൂറുകണക്കിനു മരങ്ങളാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടും ട്രീഗാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

അടുത്ത ഞായറാഴ്ചയും ട്രീഗാര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയല്ല പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രീന്‍വെയിന്‍ കോര്‍ഡിനേറ്റര്‍ ചിത്തിര കുസുമന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.


ഫെയ്‌സ്ബുക്ക് വഴിയാണ് ട്രീഗാര്‍ഡ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിച്ചത്. രണ്ട് ജനറേറ്ററുകളും കട്ടിങ്ങ് മെഷിനും ഉപയോഗിച്ച് കൃത്യതയോടെയാണ് ട്രീഗാര്‍ഡുകള്‍ നീക്കം ചെയ്തത്. ജനറേറ്ററിനുള്ള പണം അയച്ചു തന്നവരുണ്ട്. കുടിവെള്ളവും ഭക്ഷണവും വാങ്ങി തന്നവരുണ്ട്. മരങ്ങള്‍ സംരക്ഷിക്കുകയെന്നത് നമ്മുടെ എല്ലാവരുടെയും കര്‍ത്തവ്യം കൂടിയാണ് അതു തുടരുകയും ചെയ്യും ഷെല്ലി ജോര്‍ജ്ജ് പറയുന്നു.


ട്രീഗാര്‍ഡുകള്‍ ഇപ്പോള്‍ വേയ്‌സ്റ്റ് ബിന്നുകളായാണ് പലരും ഉപയോഗിക്കുന്നത്. മാലിന്യം കുന്നു കൂടുമ്പോള്‍ ട്രീഗാര്‍ഡിനുള്ളില്‍ തന്നെയിട്ടു കത്തിക്കുന്നത് മരത്തിനു ദേഷം ചെയ്യുന്നു. മരം വളര്‍ന്നിട്ടും തായ്ത്തടിയിലേയ്ക്കും ഇരുമ്പുകമ്പികള്‍ കുത്തിക്കയറിയിട്ടും ട്രീഗാര്‍ഡുകള്‍ മാറ്റാന്‍ ആരും തയ്യാറാകുന്നില്ലെന്ന് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.


ഞങ്ങള്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നാണ് പള്ളിയുടെ സമീപത്തെ പ്രദേശവാസികള്‍ പറഞ്ഞത്. ട്രീഗാര്‍ഡുകള്‍ നീക്കം ചെയ്യുന്നത് അവര്‍ തടയുകയും ചെയ്തു. വൃക്ഷസ്‌നേഹികള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇടപെട്ടത്. പൊതുജനങ്ങള്‍ എന്ന നിലയിലുള്ള ഇടപെടലുകള്‍ ഇനിയും ഉണ്ടാകാം. ഗ്രീന്‍വെയിന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ മനോജ് രവീന്ദ്രന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.


മരങ്ങളുടെ ശെശവ കാലത്ത് സംരക്ഷണത്തിനായി ഒരുക്കിയ ട്രീഗാര്‍ഡുകള്‍ വളര്‍ച്ച പൂര്‍ത്തിയായ മരങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്നുണ്ട് . കോര്‍പ്പറേഷനില്‍ ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയപ്പോള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ പരാതിപ്പെടാനായിരുന്നു മറുപടി. മരം വീണു പോയാല്‍ മാത്രമേ തങ്ങള്‍ക്കു എന്തെങ്കിലും ചെയ്യാന്‍ പറ്റുവെന്ന മറുപടിയായിരുന്നു ഉദ്യോഗസ്ഥരുടേത്.

ആരു നട്ടു വളര്‍ത്തിയാലും പൊതുയിടത്തില്‍ നില്‍ക്കുന്ന മരത്തിന്റെ തണല്‍ പൊതുജനങ്ങള്‍ക്കു അവകാശപ്പെട്ടതാണ്. പരസ്യം തൂക്കാന്‍ വേണ്ടിയുള്ള സ്ഥലങ്ങള്‍ അല്ല മരങ്ങള്‍. പരസ്യം തൂക്കാന്‍ വേണ്ടി മാത്രമുള്ള സംരക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. എട്ടടിക്കു മുകളില്‍ വളര്‍ന്ന ഒരു മരത്തിനു മുകളില്‍ വീണ്ടും ട്രീഗാര്‍ഡ് സ്ഥാപിക്കുന്നത് പരസ്യം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. വൈദികരുടെ പേരിലുള്ള ഒരു മരവും ഞങ്ങള്‍ മുറിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. മരത്തിന്റെ തടിയില്‍ ആഘാതം ഏല്‍പ്പിച്ചു വളര്‍ച്ചയ്ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന ട്രീഗാര്‍ഡുകള്‍ മുറിച്ചു മാറ്റുക മാത്രമാണ് ചെയ്തത്. മനോജ് പറയുന്നു.

ഞങ്ങള്‍ എന്തോ അക്രമം ചെയ്തുവെന്ന നിലയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പള്ളി മണി അടിച്ചു ആളെ കൂട്ടേണ്ട ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല. കഴിഞ്ഞ ഞായാറാഴ്ച മുതലാണ് സംരക്ഷണ വലയം ആവശ്യമില്ലാത്ത വലിയ മരങ്ങളുടെ ഇരുമ്പു വേലികള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്. ഇരുമ്പു വലയത്തിനുള്ളിലെ മാലിന്യം നീക്കം ചെയ്തതിനു ശേഷമാണ് ട്രീഗാര്‍ഡുകള്‍ നീക്കം ചെയ്തത്.ഞങ്ങളുടെ ഉദ്യമത്തിനു പിന്തുണ അര്‍പ്പിച്ചു കതൃക്കടവ് ഏരിയ കൗണ്‍സിലര്‍ അരിസ്റ്റോട്ടിലും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പരസ്യം വെക്കാനാല്ല മരങ്ങളെ സംരക്ഷിക്കാനാണ് ട്രീഗാര്‍ഡുകള്‍ മനോജ് പറയുന്നു. പേരുകളല്ല, മരമാണ് വളരേണ്ടത്. ഞങ്ങള്‍ ഈ പ്രവര്‍ത്തനം തുടരും. കൊച്ചിയില്‍ പലയിടങ്ങളിലും ഇതുപോലെ ശ്വാസം മുട്ടി നില്‍ക്കുന്ന മരങ്ങളെ രക്ഷിക്കാനുണ്ട്. ഷെല്ലി ജോര്‍ജ് പറഞ്ഞു.

പള്ളി നട്ട അഞ്ച് മരങ്ങളുടെ സംരക്ഷണവലയം തകര്‍ത്തെന്നാണ് പള്ളിയുടെ പരാതി . കേസ് നല്‍കിയാലും പിന്നോട്ടില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. മുപ്പതോളം വരുന്ന സംഘത്തിലെ മിക്കവരും ജോലി അവധിയെടുത്താണ് പരിപാടിക്കായി ഇറങ്ങിയത്. ഇരുമ്പു വേലിമുറിക്കുന്നതിനിടെ ചിലരുടെ കൈകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു.
സംരക്ഷണ വലയമായി കെട്ടിയ ഇരുമ്പ് വലകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ പോയതാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ കാരണമെന്ന് ഷെല്ലി ജോര്‍ജ് പറയുന്നു.ആറു ദിവസം ജോലി ചെയ്ത് ക്ഷീണിച്ച ഞങ്ങള്‍ ആഴ്ചയില്‍ കിട്ടിയ ഒരു അവധി ദിനത്തില്‍ ഒരു പണിയുമില്ലാത്തതു കൊണ്ട് ഫെബ്രുവരി അഞ്ചാം തീയതി രാവിലെ 8 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ അറുപതു മരങ്ങളുടെ ട്രീഗാര്‍ഡ് നീക്കം ചെയ്തത് വലിയ തെറ്റാണെന്ന് മനസ്സിലാക്കുന്നതായി പള്ളി അധികൃതരുടെ നിലപാടിനെ പരിഹസിച്ച് ഷെല്ലി ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. ട്രീഗാര്‍ഡ് എന്ന് പറഞ്ഞാല്‍ ദേ ഇങ്ങനെ ഇരിക്കണം. അത്യാവശ്യം പരസ്യം ഒക്കെ വേണം. അത് അഞ്ചു വര്‍ഷത്തേക്ക് കരാര്‍ ഉണ്ടെങ്കില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും വരെ അത് മാറ്റരുത്. മരത്തിന് എന്തു പറ്റിയാലും പരസ്യം കാലാവധി പൂര്‍ത്തിയാക്കണം. ഷെല്ലി ഫെയ്സ്ബുക്കില്‍ വിമര്‍ശിക്കുന്നു.

ട്രീഗാര്‍ഡുകള്‍ ചപ്പുചവറുകള്‍ കൂട്ടിയിടാനുള്ള കുപ്പത്തൊട്ടികള്‍ അല്ലെന്നും മരങ്ങളുടെ അവസ്ഥ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന തടവുകാരുടേതു പോലെയായെന്നും ഷെല്ലി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഈ ട്രീ ഗാര്‍ഡുകള്‍ മുഴുവന്‍ കട്ട് ചെയ്ത് മാറ്റുകയെന്നത് വളരെ ശ്രമകരമായ ജോലിയാണ്. അതിന് ഈ മരങ്ങള്‍ വെച്ചു പിടിപ്പിച്ചവരുടെ സമ്മതവും സഹായവും ആവശ്യവുമാണ്. ഈ രക്ഷാപ്രവര്‍ത്തനം വിജയിച്ചാല്‍ ഒരുപാട് മരങ്ങളെ തടവില്‍ നിന്നും രക്ഷിക്കുന്ന പുണ്യപ്രവര്‍ത്തിയാണ്  ചെയ്യുന്നതെന്നും ഷെല്ലി കുറിക്കുന്നു.