വെള്ളാപ്പള്ളി നടേശന്‍ കോളേജിലെ ഇടിമുറികള്‍ അടച്ചുപൂട്ടണമെന്ന് യുവജന കമ്മീഷന്‍

വിദ്യാര്‍ത്ഥി പീഡനം പാടില്ല, ഇടിമുറി അടച്ച് പൂട്ടണം, കോളേജ് പ്രവര്‍ത്തിക്കേണ്ടത് സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം, മാനേജര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കുന്നുവെന്ന് ജില്ലാ മേധാവി ഉറപ്പ് വരുത്തണം തുടങ്ങി കാര്യങ്ങളാണ് ഉത്തരവില്‍ പറയുന്നത്.

വെള്ളാപ്പള്ളി നടേശന്‍ കോളേജിലെ ഇടിമുറികള്‍ അടച്ചുപൂട്ടണമെന്ന് യുവജന കമ്മീഷന്‍

ആലപ്പുഴ കട്ടച്ചിറയിലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ സപ്തതി സ്മാരക എഞ്ചീനിയറിങ് കോളേജിലെ ഇടിമുറികള്‍ അടച്ചുപൂട്ടണമെന്നു സംസ്ഥാന യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട്. വെള്ളാപ്പള്ളി നടേശന്‍ കോളേജില്‍ ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ നടത്തിവന്ന വിദ്യാര്‍ത്ഥി പീഡനങ്ങളെക്കുറിച്ചുള്ള നാരദ വാര്‍ത്തയെ തുടര്‍ന്ന് യുവജന കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ചിന്താ ജെറോം കോളേജില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

വിദ്യാര്‍ത്ഥി പീഡനം  പാടില്ല, ഇടിമുറി അടച്ച് പൂട്ടണം, കോളേജ് പ്രവര്‍ത്തിക്കേണ്ടത് സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം, മാനേജര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കുന്നുവെന്ന് ജില്ലാ മേധാവി ഉറപ്പ് വരുത്തണം തുടങ്ങി നിരവധി കാര്യങ്ങളാണ് ഉത്തരവില്‍ പറയുന്നത്.


വെള്ളാപ്പള്ളി നടേശന്‍ സപ്തതി സ്മാരക എഞ്ചിനീയറിങ് കോളേജില്‍ മാനേജ്മെന്റ് തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ചു വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ നവംബറിലാണ് രംഗത്തെത്തിയത്. മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ഇരുട്ടുമുറിയിലിട്ടു മര്‍ദ്ദിക്കുന്നുവെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. മുണ്ടും മടക്കിക്കുത്തി ക്ലാസ് റൂമില്‍ കയറി വിദ്യാര്‍ത്ഥികളെ കഴുത്തിനു പിടിച്ചു തള്ളി ഇടിമുറിയിലേക്കു കൊണ്ടു പോകുന്ന സുഭാഷ് വാസുവിന്റെ മര്‍ദ്ദനരീതി വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്നമായിരുന്നു.

നിന്നെയൊക്കെ വീട്ടില്‍ കയറി വെട്ടുമെന്ന് പലവട്ടം ക്ലാസ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ കാര്യവും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ബെഡ്ഷീറ്റ് ചുളുങ്ങിയതിനു വരെ ഫൈന്‍ വാങ്ങിയ വെള്ളാപ്പള്ളി കോളേജില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Read More >>