പീഡനം മൂടിവെച്ചവർക്കെതിരെ നടപടിയെന്ന് വനിതാ കമ്മീഷൻ; സമഗ്ര അന്വേഷണം വേണമെന്ന് പി കെ ശ്രീമതി എംപി

കൊട്ടിയൂർ നീണ്ടുനോക്കിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ കെ സി റോസക്കുട്ടി പറഞ്ഞു. പെൺകുട്ടിയെ സന്ദർശിച്ച പി കെ ശ്രീമതി എംപി സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. വൈദികനെതിരെ കൊട്ടിയൂരിൽ വിവിധ യുവജന സംഘടനകൾ പ്രതിഷേധം നടത്തി.

പീഡനം മൂടിവെച്ചവർക്കെതിരെ നടപടിയെന്ന് വനിതാ കമ്മീഷൻ; സമഗ്ര അന്വേഷണം വേണമെന്ന് പി കെ ശ്രീമതി എംപി

പ്ലസ് വൺ വിദ്യാർത്ഥിനിയെ പള്ളിവികാരി  പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ഇടപെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ കെ സി റോസക്കുട്ടി നാരദാ ന്യൂസിനോട് പറഞ്ഞു.

പൊലീസ് നടപടി വനിതാ കമ്മീഷൻ നിരീക്ഷിച്ചുവരികയാണ്. പെൺകുട്ടിയുടെ പ്രസവം മറച്ചുവെച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയ്ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും കെ സി റോസക്കുട്ടി പറഞ്ഞു. നവാജാത ശിശുവിനെ വൈത്തിരിയിലെ അനാഥാലയത്തിലേയ്ക്ക് മാറ്റിയതും ഗൗരവതരമാണെന്നും അവർ പറഞ്ഞു.


കൊട്ടിയൂരിൽ പെൺകുട്ടിയുടെ വീട് സന്ദർശിച്ച കണ്ണൂർ എംപി പി കെ ശ്രീമതി സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ അനാഥാലയത്തിലേയ്ക്ക് മാറ്റിയതിന് പിന്നിലെ കാര്യങ്ങളും പുറത്തുവരേണ്ടതുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു.

വാർത്ത ഞെട്ടിപ്പിച്ചെന്ന് ദേശീയ മഹിളാ ഫെഡറഷൻ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. കർത്താവിന്റെ പ്രതിപുരുഷന്മാരെന്ന് സഭ പഠിപ്പിക്കുന്ന വൈദികനിൽ നിന്നാണ് ഇത്തരം പ്രവർത്തിയുണ്ടായത്. സംഭവം ഒളിപ്പിച്ചതിന് പിന്നിൽ വ്യക്തികളോ സ്ഥാപനങ്ങൾക്കോ പങ്കുണ്ടെങ്കിൽ അവരേയും പുറത്തുകൊണ്ടുവരണമെന്നും തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും ആനി രാജ പറഞ്ഞു. സ്വന്തം പിതാവിന്റെ പേര് പറയാൻ പെൺകുട്ടിയ്ക്കു മേൽ സമ്മർദ്ദം ചൊലുത്തിയതും ഞെട്ടിപ്പിക്കുന്നതാണെന്നും ആനി രാജ പറഞ്ഞു.

[caption id="attachment_84152" align="aligncenter" width="544"] ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയപ്പോൾ[/caption]

അതേസമയം, ഫാദർ റോബിൻ വടക്കുംഞ്ചേരി മാനേജറായിരുന്ന കൊട്ടിയൂർ ഐജെഎം സ്കൂളിലേക്ക് ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകർ  പ്രകടനം നടത്തി. വൈദികനെ തെളിവെടുപ്പിന് കൊണ്ടുവന്ന  നീണ്ടുനോക്കി പള്ളിയ്ക്ക് മുന്നിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും പ്രതിഷേധിച്ചു.

Read More >>