"ശ്ശ്... പരാതിപ്പെടരുത്, ഭാവി പോവും" എന്ന സമ്മർദ്ദമല്ലേ യഥാർത്ഥ സ്ത്രീപീഡനം?

എന്നെ ഒരു പാമ്പ് കൊത്തി' എന്നു പറയാൻ പറ്റുന്ന മനോഭാവം അവൾക്കും കേൾക്കുന്നവനും ഉണ്ടായാൽ ഈ പീഡനം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒരു പരിധി വരെ മാറിക്കിട്ടും. വിഷമുണ്ടാകും, പക്ഷെ എക്കാലവും നിലനില്‍ക്കുന്നതല്ല എന്ന് അവരും നമ്മളും തിരിച്ചറിയണം.

"ശ്ശ്... പരാതിപ്പെടരുത്, ഭാവി പോവും"  എന്ന സമ്മർദ്ദമല്ലേ യഥാർത്ഥ സ്ത്രീപീഡനം?

ഇന്ന്, ദേശീയദിനപത്രങ്ങളുടെ ഒന്നാം പേജിൽ നമ്മുടെ സാംസ്‌കാരിക കേരളം സ്ഥാനംപിടിച്ചു. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന ഒരു യുവനടിയെ എത്ര ക്രൂരമായാണ് അവരുടെ സ്വന്തം കാറിനുള്ളില്‍ വിശ്വസ്തനാകേണ്ടതായ ഡ്രൈവര്‍ ഉൾപ്പെടെ കൂടെ നിന്നും കെണിയില്‍ വീഴ്ത്തി അപമാനിച്ചത്.

‘റേപ്പ് ക്യാപിറ്റൽ ഓഫ്‌ ദി നേഷന്‍’  എന്നാണ് ഡൽഹിയുടെ കുപ്രസിദ്ധി. അതിക്രൂരമായ പലതും നടക്കുന്ന സ്ഥലം.  നിർഭയ സംഭവത്തിനുശേഷം  പരാതി ലഭിച്ചാൽ  പോലീസ് നടപടികൾ സ്വീകരിക്കാറുണ്ട്. ഡൽഹി അവിടെ നിൽക്കട്ടെ, നമ്മുടെ കേരളത്തിലേക്ക് വരാം.


ഏകദേശം അഞ്ച് വർഷം മുമ്പു നടന്ന സംഭവം പറയാം. ഈയുള്ളവനും ഭാര്യയും കുട്ടികളും അവധിക്കാലം ചെലവഴിക്കാൻ  വണ്ടർലായിലെത്തി. ഭാര്യയും കുട്ടികളും റൈഡുകളിൽ കയറി ആഘോഷിച്ചപ്പോൾ  മറ്റുളളവരുടെ ബാഗു സൂക്ഷിപ്പുകാരനായി ഈയുളളവൻ പിറകെ കൂടി.

കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ കരഞ്ഞു കൊണ്ട് ഓടി വരുന്നു.  തീം പാര്‍ക്കില്‍ വെച്ചു രണ്ടു പേര്‍ അവളെ കടന്നു പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ച മകനെയും ദേഹോപദ്രവമേൽപ്പിച്ചു.

ഞങ്ങൾ പാർക്കിന്റെ ഓഫീസിലെത്തി പരാതി നൽകി.  ഉപദ്രവിച്ച രണ്ടു പേരെയും  ഡ്രീം പാര്‍ക്ക് ജീവനക്കാര്‍  ഓഫീസിലെത്തിച്ചു. സംഭവം പോലീസിനെ അറിയിക്കാൻ ഞാന്‍ അവരോട് കണിശമായി ആവശ്യപ്പെട്ടു. പക്ഷെ ജീവനക്കാര്‍ക്ക് ഇത് എങ്ങനെയെങ്കിലും ഒതുക്കണമെന്നായിരുന്നു താൽപര്യം. അതിനുളള സമ്മർദ്ദങ്ങളായിരുന്നു പിന്നീട്.

അവസാനം കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ നമ്പര്‍ സംഘടിപ്പിച്ചു അദ്ദേഹത്തെ വിളച്ചു. പോലീസിനെ വിളിച്ചില്ലെങ്കിൽ താങ്കളുടെ പേരിൽ ഉൾപെടെ ഞങ്ങള്‍ക്ക് പിന്നീട് കേസ് കൊടുക്കേണ്ടി വരും എന്നു പറയേണ്ടി വന്നു. ഏതായാലും കാര്യം നടന്നു, പാര്‍ക്കില്‍ നിന്ന് തന്നെ പോലീസിനെ വിളിച്ചുവരുത്തി.

കേസുമായി മുൻപോട്ട് പോകേണ്ട എന്ന ഒരു ഉപദേശമാണ് പോലീസിനും നൽകാനുണ്ടായിരുന്നത്. നിങ്ങൾക്കു ഡൽഹിയിൽ തിരികെ പോകേണ്ടതല്ലേ, കോടതിയിൽ കേസും വാക്കണമായി പോയാല്‍ വീണ്ടും ഇടയ്ക്കിടെ വരേണ്ടിവരും എന്നൊക്കെ പ്രായോഗിക ബുദ്ധിമുട്ടുകളുടെ പട്ടിക നിരത്തി..
പക്ഷെ കേസ് റെജിസ്റ്റര്‍ ചെയ്യണം എന്ന നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനിന്നു. പാർക്കിലെ ഒരു സീനിയർ സ്റ്റാഫ്‌ ഭാര്യയൊരു പറഞ്ഞത്:
"കോടതിയിൽ കേസ് വന്നാൽ എവിടെ പിടിച്ചു എങ്ങനെ പിടിച്ചു എപ്പോൾ പിടിച്ചു നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്നെല്ലാം വക്കീലുമാര്‍ തിരിച്ചും മറിച്ചും ചോദിക്കും. അതുകൊണ്ട് മാന്യമായി ജീവിക്കുന്ന നിങ്ങൾ കേസിന് പോകാതിരിക്കുന്നതാണ് നല്ലത്".

പക്ഷെ ഞങ്ങള്‍ പോലീസ് സ്റ്റേഷനിൽ പോയി കേസ് രജിസ്റ്റർ ചെയ്തു.

രണ്ടുവർഷം കഴിഞ്ഞപ്പോള്‍ കേസിനു ഹാജാരാകാൻ വിളി വന്നു. ഞങ്ങള്‍ ഹാജരായി.പിന്നീട് ഇതേ ആവശ്യത്തിന് രണ്ടു തവണ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ വന്നു പോയി. ഇതേ സമയം പ്രതികളുടെ അമ്മ എന്റെ ഭാര്യയെ സ്ഥിരം വിളിച്ചു കരച്ചിലും, ക്ഷമ ചോദിക്കലും ആയി.

മകന്റെ കല്യാണമാണ് അവൻ ക്ഷമ ചോദിക്കാൻ തയാറാണ്. എങ്ങനെയെങ്കിലും കേസ് ഒന്നു ഒത്തുതീര്‍പ്പാക്കണം എന്നായിരുന്നു അവരുടെ പരിവേദനം. ഭാര്യ എന്നോട് ചോദിക്കാന്‍ തുടങ്ങി, എന്ത് ചെയ്യണം? നിനക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം എന്ന് ഞാന്‍ അവളോട് പറഞ്ഞു. അങ്ങനെ അവര്‍ നേരിട്ടെത്തി ക്ഷമ ചോദിച്ചു. ഭാര്യ കേസ് ഒത്തുതീർപ്പിലാക്കി.

അടുത്ത ഒരു സംഭവം:  മംഗള എക്സ്പ്രസിൽ  ആലുവയിൽ നിന്നും കോഴിക്കോടേയ്ക്കുളള യാത്ര.  പാസേജിന് സമീപമായിരുന്നു എന്റെ സീറ്റ്. പാസേജില്‍ ഒരു പെണ്കുട്ടിയും തൊട്ടപ്പുറത്തു മൂന്നു ചെറുപ്പക്കാരും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു നിലവിളി കേട്ടു. ചെറുപ്പക്കാർ ആ പെൺകുട്ടിയെ ഉപദ്രവിച്ചതാണെന്നു മനസിലായി.

ആ കുട്ടിയുടെ മേൽവസ്ത്രം കീറിപോയിട്ടുണ്ട്.  ഭയന്നു പോയ അവള്‍ നിന്നു കരയുന്നതാണ് ഞാന്‍ കണ്ടത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ചെറുപ്പക്കാർ മറ്റൊരു കമ്പാര്‍ട്ട്മെന്റിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. സെക്യൂരിറ്റി പോലീസുകാർ രംഗത്തെത്തി. ഞങ്ങൾ കാര്യം പറഞ്ഞു മനസിലാക്കി.

ഡ്യുട്ടി ഉണ്ടായിരുന്ന പോലീസുകാരിൽ ഒരാൾ കോളജിലെന്റെ ജൂനിയറായിരുന്നു - ഗണേശൻ നായർ. ഞങ്ങൾ രണ്ടാളും പെൺകുട്ടിയും കൂടി ഉപദ്രവിച്ചവരെ  തെരഞ്ഞുനടന്നു. മറ്റൊരു കംപാർട്മെന്റിൽ നിന്നും ഇവരെ കണ്ടെത്തി. പെൺകുട്ടി ഇവരെ തിരിച്ചറിഞ്ഞു. ഞങ്ങൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങി.

സബ് ഇൻസ്പെക്ടറും കൂട്ടരും പ്രതികളെ ഏറ്റുവാങ്ങി കേസ് റെജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.കുറിച്ചു കഴിഞ്ഞപോൾ പെണ്‍കുട്ടിക്ക് എന്നോട് എന്തോ സംസാരിക്കാനുണ്ട് എന്നു പറഞ്ഞു.
"സര്‍, എന്റെ പോസ്റ്റ്‌ ഗ്രേഡുഷൻസ് ഫൈനല്‍ എക്സാം നടക്കാനിരിക്കുകയാണ്. കൂടാതെ എന്റെ കല്യാണം നിച്ഛയം കഴിഞ്ഞു... അമ്മ പറയുന്നത് കേസിനും പൊല്ലാപ്പിനും ഒന്നും പോകേണ്ട എന്നാണ്.  സാറിനോട് ഒരു നന്ദി പറഞ്ഞു വീട്ടിലേക്കു വരാനാണ് അവരെല്ലാം പറയുന്നത്"

അങ്ങനെ അതിനും പഴയ ശുഭപര്യവസാനം തന്നെ!

ഇതേ അഭിപ്രായമാണ് മലയാളം സിനിമ നിര്‍മ്മാതാവ് സുരേഷ് കുമാറും പറഞ്ഞത്. നമ്മുടെ സ്ത്രീകൾ പരാതി കൊടുക്കാന്‍ തയ്യാറാകുന്നെങ്കില്‍ ഇതൊക്കെ എന്നെ തീരുമാനമായേനെ എന്ന്. ഇതിനൊക്കെ എന്നേ മാറ്റമുണ്ടാകയും ചെയ്തേനെ എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഇരകളുടെ ഭാഗം സംരക്ഷിച്ചുകൊണ്ടുളള തീരുമാനമുണ്ടാക്കാൻ  പൊലീസിനും ദിശാബോധമുണ്ടാകണം.

ഇവന്മാരൊന്നും പൂവാലന്മാരല്ല, ക്രിമിനലുകൾ തന്നെയാണ്‌. നമ്മുടെ സ്ത്രീകള്‍ക്ക് പകലും രാത്രിയും ഇറങ്ങി നടക്കുവാന്‍ സാഹചര്യമുണ്ടാകണം. ആ സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്.. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കാത്തവരെ പൊക്കുന്നതിനെക്കാള്‍ ശ്രദ്ധ നല്‍കേണ്ടത് നമ്മുടെ ജീവനും ഭയം കൂടാതെ ജീവിക്കാനുള്ള അവകാശത്തെയുമാണ്.

ക്രിമിനലുകളോട് ഒരു ദയയും ഉണ്ടാകരുത്!

സത്യത്തിൽ  ‘ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി’ എന്ന മനോഭാവം ബാലന്‍സ് ചെയ്യുന്നതാണ് ഇന്നത്തെ സ്ത്രീകള്‍ നേരിടുന്ന ഒരു വലിയ പ്രശ്നം.  ഒരു പെണ്‍സുഹൃത്ത് പങ്കു വച്ചചിന്തയാണിത്. ഭാവശുദ്ധി വേണേൽ ബ്രായുടെ വളളി പോലും തോളിൽ കാണാൻ പാടില്ല, നിഴലടിക്കുന്ന വസ്ത്രം പാടില്ല, ഇതൊക്കെയും അവരെ മാനസികമായി തടവില്‍ ഇടുന്ന പ്രശ്നങ്ങൾ തന്നെ. ഈ മനോഭാവത്തെ തന്നെയല്ലേ കഴിഞ്ഞ ദിവസം ആ ക്രിമിനലുകൾ ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്? ശ്! പരാതിപ്പെടരുത്, ഭാവി പോവും എന്ന സമ്മർദ്ദമല്ലേ യഥാർത്ഥ സ്ത്രീപീഡനം?

നല്ലൊരു ശതമാനം യുവാക്കൾക്കും സാമൂഹ്യബോധമില്ല. പെൺകുട്ടികൾക്ക് ധൈര്യവും.
'എന്നെ ഒരു പാമ്പ് കൊത്തി' എന്നു പറയാൻ പറ്റുന്ന മനോഭാവം അവൾക്കും കേൾക്കുന്നവനും ഉണ്ടായാൽ ഈ പീഡനം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒരു പരിധി വരെ മാറിക്കിട്ടും. വിഷമുണ്ടാകും, പക്ഷെ എക്കാലവും നിലനില്‍ക്കുന്നതല്ല എന്ന് അവരും നമ്മളും തിരിച്ചറിയണം. ഇരകള്‍ എന്നാല്‍ സമൂഹം കൂടെയുള്ളവര്‍ എന്ന അര്‍ത്ഥവും കൈവരും. “പോടാ പുല്ലേ..” എന്ന് ഉറക്കെ പറഞ്ഞാല്‍ അഹങ്കാരി എന്ന് മുദ്രകുത്തപ്പെടില്ലെങ്കില്‍ ഇനിയും പിന്തുണ ആവശ്യമുള്ള പല ദുര്‍ബലശബ്ദങ്ങളും  ഉയരും..തീര്‍ച്ച!

അടുത്തിടെ പുറത്തിറങ്ങിയ പിങ്ക്‌  എന്ന ഹിന്ദി സിനിമയിലെ ചില രംഗങ്ങള്‍ ഓര്‍മ്മിക്കുന്നു-  മൂന്ന് പെണ്‍കുട്ടികളെ കള്ളക്കേസിൽ കുടുക്കാനായി വക്കീല്‍ കോടതിയിൽ ശ്രമിക്കുന്ന ഒരു രംഗമാണ് അത്. പീഡനം ഏറ്റു വാങ്ങിയ പരാതിക്കാരിയെ വക്കീല്‍ വിശേഷിപ്പിക്കുന്നത്- പണം വാങ്ങി ലൈംഗീകതൊഴില്‍ ഏര്‍പ്പെടുന്നവള്‍ എന്നായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട ഒരു ഡയലോഗ് അപ്പോഴാണ്‌. അതിലൊരു പെൺകുട്ടി കോടതിയിൽ പറയുന്നതാണ് ആ വരികള്‍. “പണം വാങ്ങുന്നു എന്നുള്ളത് ശരി... എന്നാലും എന്റെ ദേഹത്ത് തൊടണം എങ്കില്‍, നിനക്ക് എന്റെ സമ്മതം വേണം!”

അനുകൂലിക്കുന്നു, സമ്മതമില്ലാതെ സ്ത്രീയെ തൊടുന്നതും റേപ്പ്  തന്നെയാണ്‌... സ്വന്തം ഭാര്യയെ ആണെങ്കിലും!