കള്ള്,ബിയര്‍,വൈന്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍; മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ സമയം നീട്ടി നല്‍കണം

പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബെവ്‌കോയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കള്ള്,ബിയര്‍,വൈന്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍; മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ സമയം നീട്ടി നല്‍കണം

കള്ള്, ബിയര്‍, വൈന്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും കേരളം ആവശ്യപ്പെട്ടു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും സുപ്രീം കോടതി വിധി ബാധകമാണോ എന്നും കേരളം ചോദിച്ചു. ദേശീയ പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ ബാറുകളും കള്ളുഷാപ്പുകളും അടക്കമുള്ള എല്ലാ മദ്യശാലകളും ഉള്‍പ്പെടുമോ എന്നതാണ് തര്‍ക്കവിഷയം.


ഇതേ കാര്യം ഉന്നയിച്ചുകൊണ്ട് ബെവ്‌കോയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാന്‍ സമയം നീട്ടിനല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റുന്നതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

നേരത്തെ നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ ബാറുകളും കള്ളുഷാപ്പുകളുമുള്‍പ്പെടെ എല്ലാ മദ്യശാലകളും ദേശീയ- സംസ്ഥാന പാതയോരത്ത് നിന്ന് 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദിനോടും സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമപരമായ കൂടിയാലോചനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഈ കേസില്‍ നേരത്തെ വിധി പറഞ്ഞ അതേ ബെഞ്ചിനോട് ഇക്കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ജസ്റ്റീസ് ചന്ദ്രചൂഡ് ഉല്‍പ്പെടുന്ന പ്രത്യേക ബെഞ്ച് വിഷയം പരിശോധിക്കും. പാതയോരത്തുള്ള നൂറ്റിയെണ്‍പത് മദ്യശാലകള്‍ക്ക് മാര്‍ച്ച് 31ന് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ 25 എണ്ണം മാത്രമാണ് ഇതുവരെ മാറ്റാനായിട്ടുള്ളൂ. ബാക്കി 155 മദ്യശാലകളും ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്ത് തന്നെ തുടരുകയാണ്.

Read More >>