'നായയുടെ കഴുത്തിൽ തൂക്കിയിടുന്ന ഐഎഎസ്' തൊട്ട് ' പല്ലടിച്ചു കൊഴിക്കൽ വരെ; ജി സുധാകരന്റെ വിമർശനങ്ങൾ ഉദ്യോഗസ്ഥരിൽ ഏശുമോ

മന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ജി സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുതലാണ്. 'നായ' പ്രയോഗം തൊട്ട് ഇപ്പോഴിതാ ' പല്ലടിച്ചു കൊഴിക്കല്‍' വരെയുള്ളതില്‍ ഓണാട്ടുകരയുടെ വാമൊഴി വഴക്കവും പ്രകടമാണ്.

''ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചു കൊഴിക്കും. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍ നന്നായി. സര്‍ സിപിയുടെ മൂക്കരിഞ്ഞ നാടാണിതെന്ന് ഉദ്യോഗസ്ഥരര്‍ അറിഞ്ഞിരിക്കണം. സ്വന്തം മേശപ്പുറത്ത് ഫയലുകള്‍ കുന്നു കൂടുമ്പോള്‍ അതിന്റെ സൗന്ദര്യം നോക്കിയിരിക്കുന്ന ഏര്‍പ്പാട് നടപ്പില്ല. പഠിച്ചതേ പാടൂ എന്ന ചിന്ത ഉദ്യോഗസ്ഥര്‍ മാറ്റിയെടുക്കേണ്ടതുണ്ട്.''- ജി സുധാകരന്‍ കഴിഞ്ഞ ദിവസം പൊന്നാനിയില്‍ പറഞ്ഞത്.


ഇതാദ്യമായല്ല സുധാകരന്റെ ഉദ്യോഗസ്ഥര്‍ക്കെതിരായ വിമര്‍ശനം. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ ഭരണകാലത്ത് ദേവസ്വം മന്ത്രിയായിരിക്കെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ സുധാകരന്‍ ആദ്യവെടി പൊട്ടിച്ചത്. 'ഏതു നായയുടെ കഴുത്തിലും തൂക്കിയിടാവുന്ന ഒന്നാണ് ഐഎഎസ്' എന്ന പരാമര്‍ശം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

പിന്നാലെ അന്ന് ദേവസ്വം പിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷണെ മാഫിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളെന്ന് ആരോപിച്ച് സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഐഎഎസുകാര്‍ക്കിടയില്‍ കനത്ത പ്രതിഷേധം സുധാകരനെതിരെ ഉരുണ്ടു കൂടുകയായിരുന്നു. ദേവസ്വം മന്ത്രിയായിരിക്കെ സുധാകരന്റെ പ്രസംഗങ്ങള്‍ ടി വി ചാനലുകളിലെ ഹാസ്യപരിപാടികളില്‍ നിറഞ്ഞു നിന്നു.

വിദേശപണം കൈപ്പറ്റുന്ന ഉണ്ണിനമ്പൂതിരിമാര്‍ എന്ന രാഹുല്‍ ഈശ്വറിനെതിരായ വിമര്‍ശനം ഏറെ നാള്‍ വാക്‌പോരുകള്‍ക്ക് വഴിവെച്ചു. കിന്ത്രിയെന്നും അമ്പലം വിഴുങ്ങിയെന്നുമുള്ള വാക്കുകള്‍ ഇതിന്റെ ഭാഗമായി പിറവി കൊണ്ടതാണ്.

മജിസ്‌ട്രേറ്റിനെ കൊഞ്ഞാണന്‍ എന്നു വിശേഷിപ്പിച്ച പരമാര്‍ശത്തില്‍ ജി സുധാകരന് കോടതി കയറേണ്ടിയും വന്നു. പി കെ ശ്രീമതിയ്‌ക്കെതിരെയുള്ള സ്വകാര്യ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ചത് ഏത് കൊഞ്ഞാണന്‍ ആണെന്നായിരുന്നു സുധാകരന്‍ ചോദിച്ചത്. ഒടുവില്‍ കേസായി, കോടതി കയറി. സ്‌നേഹമുള്ളവരെ മാത്രമേ ഞങ്ങള്‍ കൊഞ്ഞാണന്‍ എന്നു വിളിക്കാറുള്ളൂ എന്നും പറഞ്ഞ് കേസില്‍ നിന്ന് അദ്ദേഹം തലയൂരുകയായിരുന്നു. കൊഞ്ഞാണന്‍ പ്രയോഗം പിന്നെ അഡ്വ. ജയശങ്കര്‍ അടക്കമുള്ളവര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും പതിവാക്കുകയും ചെയ്തു.

അവിടെ കൊണ്ടൊന്നും നിന്നില്ല ഓണാട്ടുക്കരയുടെ വാമൊഴി വഴക്കം പതിഞ്ഞ സുധാകരന്റെ മൊഴിമുത്തുകള്‍. മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോഴും സുധാകരന് വാക്കുകള്‍ക്ക് പഞ്ഞമുണ്ടായില്ല. സാറാ ജോസഫ് ധിക്കാരിയെന്നും സുരേഷ് ഗോപി വിവരം കെട്ടവനെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരും മക്കുണാന്‍ണ്ടന്‍മാരും മരമാക്രികളുമാണെന്നുമായിരുന്നു മറ്റൊരു വിമര്‍ശനം. ഇവരെ മാക്രികളെന്ന് വിളിക്കരുത്, മരമാക്രികളെന്നാണ് പറയേണ്ടത് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

അഞ്ച് വര്‍ഷത്തിന് ശേഷം മന്ത്രിയായപ്പോഴും ഐഎഎസ്സുകാര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സുധാകരന്‍ തുടരുകയാണ്. പ്രതിഭയില്ലാത്തവര്‍ ഐഎഎസുകാരായിട്ട് കാര്യമില്ലെന്നായിരുന്നു സുധാകരന്റെ ആദ്യവെടി. സാറേ, സാറേയെന്ന് വിളിച്ച് മന്ത്രിമാരുടെ പിറകെ നടന്ന് ചൊറിയലാണോ ഐഎഎസ് പണിയെന്നും സുധാകരന്‍ ചോദിച്ചു. സാറേയെന്ന് വിളിക്കുന്നവര്‍ മന്ത്രിമാര്‍ മാറിക്കഴിയുമ്പോള്‍ മറ്റ് സംബോധനകളാണ് നടത്തുന്നതെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു .തലയ്ക്ക് വെളിവുള്ള ഐഎഎസുകാര്‍ വെറും പത്ത് ശതമാനം മാത്രമാണെന്ന വിമര്‍ശനം പിന്നാലെയെത്തി. ഐഎഎസുകാര്‍ക്ക് പ്രത്യേക മഹത്വമില്ലെന്നും ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നുമായിരുന്നു സുധാകരന്‍ ആരോപിച്ചിരുന്നു.

പറച്ചിൽ മാത്രമല്ല, നടപടിയുമുണ്ട്


സെക്രട്ടേറിയറ്റ് പരിസരത്ത് നിന്ന് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയറെയും ഡ്രൈവറെയും  കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം   സസ്പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷഹാന ബീഗവും ഡ്രൈവര്‍ എജെ പ്രവീണ്‍കുമാറുമാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം നടപടി നേരിടേണ്ടി വന്നത്.

വയനാട്ടിൽ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെ  ഫയല്‍ തടഞ്ഞുവെച്ച ഉദ്യോഗസ്ഥര്‍ക്കും കിട്ടി മന്ത്രിയുടെ ശകാരം. ഫയല്‍ തടഞ്ഞുവെക്കുന്ന ഉദ്യാഗസ്ഥരെ മാറ്റി അവിടെ ആണ്‍പിള്ളേരെ ഇരുത്തുമെന്നായിരുന്നു മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം   ആലപ്പുഴയില്‍ റോഡ് ടാര്‍ ചെയ്യുന്നതിനിടെ എത്തിയ ജി സുധാകരന്‍ നിര്‍മ്മാണത്തിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പണി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ടാര്‍ ചെയ്യുന്നത് നിരീക്ഷിച്ച മന്ത്രി അരയിഞ്ച് പോലും ഘനം ഇല്ലാത്തത് എന്താണെന്ന് ഉദ്യോഗസ്ഥനോട് ചോദിച്ചു. എസ്റ്റിമേറ്റ് പരിശോധിച്ച് ശരിയായ രീതിയില്‍ പണി നടത്താമെങ്കില്‍ മതിയെന്നും അതുവരെ നിര്‍ത്തിവെക്കാനുമായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

മന്ത്രിയുടെ ഇടപെടലുകൾ ഉദ്യോഗസ്ഥർക്കിടയിൽ മുറുമുറുപ്പുണ്ടാക്കുന്നുവെന്നത് പരമാർത്ഥമാണ്. വിമർശനങ്ങൾ മാത്രമല്ല പിന്നാലെയുള്ള നടപടികളും ഫയലുകളുടെ മെല്ലെപോക്കിന്  പൊതുവേ അക്ഷേപം നേരിടുന്ന സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Read More >>