കോണ്‍ഗ്രസ് എന്തുകൊണ്ടു ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നില്ല?

മോദിക്കും ബിജെപിക്കും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്നത്തെ തലത്തില്‍ കോണ്ഗ്രസില്‍ പലരും ഉണ്ട്. പക്ഷെ പല രീതിയിലും ഉള്ള കുറവുകള്‍ അവരുടെ മുന്‍പിലും ഉണ്ട് എന്നുള്ളതാണ് അതിനു തടസ്സം നില്‍ക്കുന്നത്.

കോണ്‍ഗ്രസ് എന്തുകൊണ്ടു ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നില്ല?

ഈയുള്ളവന്‍ കഴിഞ്ഞ 20 വര്‍ഷങ്ങള്‍ നടത്തിയ ഊരുചുറ്റലും പത്രപ്രവര്‍ത്തനവും കൈമുതലാക്കിയതില്‍ നിന്നൊരു എളിയ അഭിപ്രായം. 50 വയസ്സ് വരുന്ന ഗാന്ധി കുടുംബക്കാരനായ പയ്യന്‍ ഈ പാര്‍ട്ടിയെ നയിക്കുമെന്ന് ആര്‍ക്കും യാതൊരു പ്രതീക്ഷയുമില്ല. പല കോൺഗ്രസ് നേതാക്കന്മാരും ഇത് അടക്കം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ഇനിയും പലരും ഇതു പുറത്തു പറയും.

ഒരിക്കല്‍ ഞാന്‍ കുറിച്ചിട്ടുണ്ട്, നാഷണല്‍ മീഡിയയുടെ എഡിറ്റേഴ്സ് മീറ്റിങ്ങിലേക്ക് ഈയുള്ളവനും പോയ അനുഭവം. ഈ പയ്യനായിരുന്നു യോഗത്തിന്റെ ക്ഷണിതാവ്. അന്ന് ടിയാന്‍ കാണിച്ച കോപ്രായങ്ങളും അഭിപ്രായങ്ങളും കണ്ടു പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ പക്വതയിലാണ് ഈ ദേശീയ നേതാവിന്റെ കാര്യഗ്രാഹ്യം എന്നൊക്കെ അന്നേ പറഞ്ഞതാണ്. കാര്യങ്ങളുടെ വ്യാപ്തി ഇദ്ദേഹത്തിനു മനസിലായിട്ടില്ല. ആരെങ്കിലും എന്തെങ്കിലും എഴുതി കൊടുക്കും. വീട്ടില്‍ ചൊല്ലി കൊടുക്കുന്നത് തത്ത പറയുന്നത് പോലെ പറയും. ഇത്ര മാത്രം!


മോദിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഈ കൊച്ചനെ കൊണ്ട് കഴിയില്ല, എല്ലാ അര്‍ത്ഥത്തിലും!

തരൂര്‍ പ്രതീക്ഷ നല്‍കുന്ന ഒരു നേതാവാണ്‌:

ഒരു എളിയ നിര്‍ദ്ദേശം ഇതാണ്: എന്തുകൊണ്ടു ശശി തരൂരിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോൺഗ്രസ് ഉയര്‍ത്തിക്കാട്ടുന്നില്ല? ഇദ്ദേഹത്തിനു നമ്മുടെ രാജ്യത്തെ വ്യക്തമായി അറിയാം, അതില്‍ ആണ്ടുപൂണ്ട് എഴുതിയ പുസ്തകങ്ങള്‍ വായിച്ചാല്‍ നമ്മുടെ നാട് അതില്‍ പ്രതിഫലിക്കുന്നത് വ്യക്തമായി കാണാം.

ദേശീയ ഭാഷയായ ഹിന്ദിയും അത് കഴിഞ്ഞ് ഏറ്റവും സംസാരിക്കുന്ന ഉര്‍ദ്ദുവും ബംഗാളിയും ഗ്ലോബല്‍ ഭാഷയായ ഇംഗ്ലീഷും എല്ലാം വശമുണ്ട്. ഒരു മേശയുടെ മുന്നില്‍ ഇരുന്നു സംസാരിക്കുന്നതില്‍ ഉപരി അവയെല്ലാം പൊതുപ്രസംഗത്തില്‍ അവതരിപ്പിക്കാനുള്ള കഴിവും തന്റേടവും ഉണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതില്‍ അപ്പുറം വിഷയങ്ങള്‍ കോര്‍ത്തിണക്കി ദേശീയ അന്തര്‍ദേശീയ വീക്ഷണവും ഉണ്ട്. ഒരേയൊരു കുറവ് അദ്ദേഹം മലയാളിയായി പോയി എന്നു മാത്രമായിരിക്കാം.

ശ്രദ്ധിക്കേണ്ടതായ പ്രധാനവിഷയം മോദിക്കും ബിജെപിക്കും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്നത്തെ തലത്തില്‍ കോൺഗ്രസില്‍ പലരും ഉണ്ട്. പക്ഷെ പല രീതിയിലും ഉള്ള കുറവുകള്‍ അവരുടെ മുന്‍പിലും ഉണ്ട് എന്നുള്ളതാണ് അതിനു തടസ്സം നില്‍ക്കുന്നത്.

പളനിയപ്പന്‍ ചിദംബരം:ഏറ്റവും സീനിയര്‍ നേതാവ്, മുന്‍പില്‍ ഒരു കൂട്ടം അഴിമതിക്കഥകള്‍, മകനെയും ഭാര്യയേയും ചുറ്റിപ്പറ്റിക്കിടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറൿട്രേറ്റ് കേസുകളും! ഹിന്ദി അത്ര വശമില്ല എന്ന വലിയ പ്രശ്നവുമുണ്ട്. പക്ഷെ ഇന്ന് പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ക്ലാരിറ്റിയോടെ പ്രസംഗിക്കാന്‍ കഴിയുന്ന നേതാവ് ചിദംബരം മാത്രമാണ് എന്ന് ഈയുള്ളവന്‍ പറയും. എന്നാൽ പൊതുജന പിന്തുണ നന്നേ കുറവ്.

ജയറാം രമേശ്‌:അതിമിടുക്കന്‍, ഹിന്ദി അറിയാം മുന്‍ രാഷ്‌ട്രപതി വെങ്കട്ട രാമന്‍റെ അനന്തരവന്‍, പൊതുവേ മതിപ്പു കുറവ്, ജയിക്കാന്‍ ഒരു നിയോജകമണ്ഡലം പോലുമില്ല

ഇനി രണ്ടാം നിര നേതാക്കന്മാരുടെ കാര്യം പറയുമ്പോള്‍:

സച്ചിന്‍ പൈലറ്റ്:പി.സി.സി പ്രസിഡന്റ്, രാജസ്ഥാനിലെ കാര്യങ്ങള്‍ അറിയാം, പക്ഷെ ദേശീയ രാഷ്ട്രീയത്തില്‍ അറിവ് നന്നേ കുറവ്.

ജ്യോതിരാദിത്യ സ്കിന്ധ്യ:കഴിവുണ്ട്, പ്രാപ്തിയുണ്ട്, ദേശീയ രാഷ്ട്രീയം അപക്വം!
ഇങ്ങനെ പോകുന്നു കോണ്‍ഗ്രസിന്റെ രണ്ടാംനിര നേതാക്കന്മാരുടെ ലിസ്റ്റ്.

ഇവരെ പ്രൊജക്റ്റ് ചെയ്യുമ്പോള്‍, നൂറോളം ചോദ്യങ്ങള്‍ക്ക് പത്തിന് താഴെ മാത്രം ഉത്തരം ലഭിക്കുകയുള്ളൂ എന്നുള്ളത് ഒരു വലിയ ന്യൂനതയാണ്.

പക്ഷെ ശശി തരൂരിന്റെ കാര്യത്തില്‍ വ്യക്തതയുണ്ട്, ക്ലാരിറ്റിയുണ്ട്. ഇദ്ദേഹത്തിന്റെ ചില പോരായ്മകളില്‍ മുന്നിട്ടു നില്‍ക്കുന്നത് മഹാ മണ്ടത്തരമാണ്. അതു തിരുത്താനും അദേഹത്തിന് സാധിക്കും.

ഉദാഹരണമായി, നോട്ട് നിരോധിച്ച അന്നു തന്നെ അദ്ദേഹം ട്വീറ്റ് ചെയ്തു, അഴിമതി കുറയ്ക്കുവാനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാനും സഹായിക്കുന്ന നീക്കമെന്ന്. ഒരാഴ്ച കഴിഞ്ഞു ഇദ്ദേഹം ഇതു മാറ്റി പറഞ്ഞു തെറ്റുതിരുത്തി. ഈ എടുത്തു ചാട്ടവും ട്വീറ്റിങ്ങും ആലോചിച്ച് ഉറപ്പിച്ചശേഷം മാത്രം ചെയ്യുന്നതാകും ഉചിതം.

അദ്ദേഹം മുടി വെട്ടുകയോ അല്ലെങ്കില്‍ മുടി പിന്‍ ചെയ്ത ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയോ വേണം എന്നും കൂടി ഈയുള്ളവന് അഭിപ്രായമുണ്ട്. പാര്‍ലമെന്റിലെ പ്രസംഗം കണ്ടപ്പോള്‍ തോന്നിയതാണ്.

(വ്യക്തിപരമായ കാര്യമാണ്, എങ്കിലും ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പ്രതീക്ഷയുള്ളതു കൊണ്ട് കുറിക്കുന്നു - മെഹര്‍ തരാര്‍ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യട്ടെ, പക്ഷെ അവ ഡിലീറ്റ് ചെയ്യാന്‍ മറക്കരുത്!)

ഇന്ത്യക്കാര്‍ ഒരിക്കലും ഒരു ഫ്രഞ്ചുകാരനോ, അമേരിക്കക്കാരനോ അല്ല. അവന്‍ എന്നും ഇന്ത്യക്കാരനാണ്. സര്‍ക്കോസിയുടെ സുന്ദരിയായ 'മോഡല്‍' ഭാര്യയെ ഇന്ത്യക്കാര്‍ അവരുടെ നേതാവില്‍ അംഗീകരിക്കില്ല. മെലിസയുടെ ഭര്‍ത്താവ് ട്രംപിനെയും ഇവര്‍ അംഗീകരിക്കില്ല.

കണ്ണൂരിലെ കെ.സുധാകരന്റെ അഭിപ്രായം കൂടി ചേര്‍ക്കുന്നു. ശശി തരൂര്‍ എന്തുകൊണ്ടും യോഗ്യനാണ്, പക്ഷെ ആ പാവംപിടിച്ചവന് രാഷ്ട്രീയ കള്ളത്തരങ്ങള്‍ അറിയില്ല. സത്യമാണ് എന്ന് ഈയുള്ളവനും തോന്നുന്നു... അതിനെക്കുറിച്ചു ഏകദേശ ധാരണ ഉണ്ടാകുമ്പോള്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും!