സിനിമയില്‍ പള്‍സര്‍ സുനിയുടെ 'യഥാര്‍ത്ഥ ഉടമ' ആര്? മുമ്പും പല നടിമാരെയും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ

ഡ്രൈവറായി ഏറെ വര്‍ഷമായി സിനിമയുടെ ഉള്ളിലുള്ളയാളാണ് പള്‍സര്‍ സുനി. നടി മേനകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം ഇപ്പോള്‍ പുറത്തായി. മറ്റൊരു യുവനടിയേയും ലക്ഷ്യമിട്ടിരുന്നതായി നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍. നടന്‍ മുകേഷും ഡ്രൈവര്‍ സ്ഥാനത്തു നിന്നും ഇയാളെ പറഞ്ഞു വിട്ടു- ഏറെ സ്ത്രീകള്‍ തൊഴിലെടുക്കുന്ന സിനിമയില്‍ പള്‍സര്‍ സുനിലിന് വാഴണമെങ്കില്‍ ഒരു ഉടമ ആവശ്യമുണ്ട്- ആരാണയാളെന്ന ചോദ്യമുയര്‍ത്തുകയാണ് സംവിധായകരായ വിനയനും ബൈജു കൊട്ടാരക്കരയും. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അഭിപ്രായം പറയുന്നു.

സിനിമയില്‍ പള്‍സര്‍ സുനിയുടെ

ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനില്‍(35), പള്‍സര്‍ സുനിയെന്നാണ് ലോകം അയാളെ വിളിക്കുക. പള്‍സര്‍ ബൈക്കുകളോടുള്ള അമിത ഭ്രമവും ഇത്തരം ബൈക്കുകള്‍ തെരഞ്ഞു പിടിച്ചു മോഷ്ടിക്കുന്നതുമാണ് പള്‍സര്‍ സുനിയെന്ന പേരു വീഴാന്‍ കാരണമെന്നാണ് കഥകള്‍. പൊലീസുകാര്‍ക്ക് ഇയാള്‍ ക്രിമിനലാണ്. ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുനി നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണ്. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടല്‍, മോഷണം, തുടങ്ങിയവയാണ് പ്രധാന തൊഴിലുകള്‍.


എന്നാല്‍ സിനിമാപ്രവര്‍ത്തകരുടെ ഇഷ്ടക്കാരനാണ് പള്‍സര്‍ സുനില്‍. സജീവമായ ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിനിടെയാണ് സുനി സിനിമാ ഫീല്‍ഡില്‍ ഡ്രൈവറായി എത്തിയത്. സിനിമാക്കാര്‍ക്ക് ഡ്രൈവര്‍മാരെ സപ്ലെ ചെയ്യുന്ന ജോലിയും സുനിയ്ക്ക് ഉണ്ടായിരുന്നതായി അടുപ്പമുള്ളവര്‍ പറയുന്നു. സ്വന്തമായി ക്വട്ടേഷന്‍ സംഘമുള്ള സുനിയാണ് നടന്‍മാരും നിര്‍മ്മാതാക്കളും സംവിധായകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരനായി നിന്നിരുന്നതെന്നും മലയാളത്തിലെ പ്രമുഖ സംവിധായകന്‍ നാരദാ ന്യുസിനോട് പറഞ്ഞു. ബ്ലാക്ക്‌മെയില്‍ ചെയ്ത് ഇതിനു മുന്‍പും സുനി പല നടിമാരുടെ കയ്യില്‍ നിന്നും പണം പറ്റിയിട്ടുണ്ടെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു. മാനഹാനി ഭയന്നു പലകേസുകളും പുറത്തു പറയാതെ തന്നെ ഒതുക്കി തീര്‍ക്കുകയായിരുന്നു.

പല പ്രശസ്ത സിനിമാ പ്രവര്‍ത്തകരുടെ സഹായിയും ഡ്രൈവറും ഇഷ്ടക്കാരനുമൊക്കെയായിരുന്നു പള്‍സര്‍ സുനി. 2011 ല്‍ നടി മേനകാ സുരേഷ് കുമാറിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചക്കേസിലും തിരക്കഥയും സംഭാഷണവും അവതരണവുമെല്ലാം സുനിയുടേതായിരുന്നു. അന്ന് നിര്‍മ്മാതാവ് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനി. പിടിക്കപ്പെടുമെന്നായപ്പോള്‍ സംഭവ സ്ഥലത്തു നിന്നു മുങ്ങി. വീണ്ടും സിനിമാമേഖലയില്‍ തന്നെ പൊങ്ങി.

സിനിമാപ്രവര്‍ത്തകരുടെ ഡ്രൈവറായും സഹായിയായും ഒക്കെ സുനിയുണ്ടായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ കൂടെ നിര്‍ത്തുന്നതിന് പിന്നില്‍ ഇയാളുടെ കൊളളരുതായ്മയുടെ ഫലങ്ങള്‍ അനുഭവിക്കുന്നതു കൊണ്ടാകുമെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. സിനിമാ പോലെ അനേകം സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന ഒരു മേഖലയില്‍ പള്‍സര്‍ സുനിമാര്‍ക്ക് ഇത്രയും സ്വാധീനവും സ്വാതന്ത്ര്യവും ലഭിക്കുന്നത് എന്തു കൊണ്ടാകുമെന്നത് വലിയ ഒരു ചോദ്യമായി തന്നെ അവശേഷിക്കുന്നു.

[caption id="attachment_82123" align="aligncenter" width="687"] പള്‍സര്‍ സുനി[/caption]

സിനിമാമേഖലയില്‍ ആരും ശുപാര്‍ശ ചെയ്യാതെ നടി സ്വന്തം നിലയ്ക്ക് ഡ്രൈവറായി സുനിയെ നിയോഗിക്കാന്‍ യാതൊരു വഴിയുമില്ലെന്നും വിനയന്‍ പറയുന്നു. ജോണി സാഗരിഗ, മുകേഷ്, തുടങ്ങിയവരുടെ ഡ്രൈവറായിരുന്നു സുനി. മറ്റൊരു പ്രശസ്ത നിര്‍മ്മാതാവിന്റെ ഡ്രൈവറായിരുന്നു ഇയാള്‍ എന്നും കേട്ടിട്ടുണ്ട്. സുനിയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്താല്‍ ഇതെല്ലാം തനിയെ പുറത്തു വരും. മേനകാ സുരേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിയാതെയാണ് മുകേഷ് അടക്കമുള്ളവര്‍ ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് വിനയന്‍ പറയുന്നു.

ഒരു ലക്ഷം രൂപയാണ് ഫെഫ്കയില്‍ അംഗമാകാന്‍ ഒരു ഡ്രൈവര്‍ നല്‍കേണ്ട തുക. സിനിമാ മേഖലകളിലെ ക്ഷുദ്രജീവികളാണ് ഈ ആക്രമണത്തിനു പിന്നില്‍. ലാല്‍ ജോസിനെ ഡ്രൈവര്‍ വഴിയില്‍ ഇറക്കി വിട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. വ്യക്തിത്വമില്ലാതെ സ്വലാഭം നോക്കികളായ സംവിധായകരും നടന്‍മാരുമാണ് ഈ ആക്രമണത്തിനു പിന്നില്‍. ഈ സംഭവത്തില്‍ എന്തു കൊണ്ടാണ് അമ്മയും ഫെഫ്കയും പ്രതികരിക്കാത്തത്. ജെല്ലിക്കെട്ടു നടന്നില്ലെങ്കില്‍ ചങ്കു പൊട്ടുന്ന അമ്മയുടെ ജനറല്‍ സെക്രട്ടറി എന്തു കൊണ്ട് വാ തുറക്കുന്നില്ല. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് ഫെഫ്ക എപ്പോഴും സ്വീകരിക്കുന്നതെന്നും വിനയന്‍ ആരോപിക്കുന്നു.

[caption id="attachment_82126" align="alignleft" width="376"] പള്‍സര്‍ സുനി[/caption]

ക്രിമിനല്‍ സ്വഭാവമുള്ളവരെ കൂടെ നിര്‍ത്തുന്നത് സിനിമാ മേഖലയില്‍ കണ്ടു വരുന്ന പ്രവണതയാണെന്ന് മാക്ട ഫെഡറേഷന്‍ നേതാവും സംവിധായകനുമായ ബൈജു കൊട്ടാരക്കര നാരദാ ന്യൂസിനോടു പറഞ്ഞു. ഒരു ലക്ഷം രൂപ നല്‍കി സാധാരണ വളയം പിടിക്കുന്നവന്‍ ഫെഫ്കയില്‍ അംഗമാകുന്നുവെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്്. പല സിനിമാനടന്‍മാരും തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ക്രിമിനലുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. പള്‍സര്‍ സുനിയെ പോലെയുള്ളവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് ആരാണെന്നാണ് കണ്ടു പിടിക്കേണ്ടതെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

മാക്ടയെ തകര്‍ക്കാന്‍ നോക്കിയതു പോലെ തന്നെ സിനിമാ മേഖലയെ തന്നെ തകര്‍ക്കുന്ന സമീപനമാണ് ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ സ്വീകരിക്കുന്നത്. അന്വേഷണത്തിന് ആരും അതീതരല്ല. നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്ന് ആരെങ്കിലും ഉണ്ടെങ്കില്‍ ആ സാധ്യതകളും പരിശോധിച്ച് വേണം അന്വേഷണം. ഫെഫ്കയുടെ അമരത്തുള്ള കമലും, ബി ഉണ്ണികൃഷ്ണനും, സിബി മലയിലും ഒക്കെ കേരള സമൂഹത്തോട് മാപ്പു പറയണം. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ബോംബൈ അധോലകം പോലെ മലയാള സിനിമ മാറുമെന്നും ബൈജു കൊട്ടാരക്കര നാരദാ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഡ്രൈവര്‍മാരുടെ സമൂഹത്തെ ഒന്നടക്കം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. 500 രൂപ മാത്രമാണ് ഫെഫ്കയില്‍ മെമ്പര്‍ഷിപ്പിനുള്ള തുക. വാങ്ങുന്ന ഒരു ലക്ഷം രൂപയില്‍ ബാക്കിയുള്ള തുക എഫ്ബിയായിട്ടാണ് ഇടുന്നത്. കാര്‍ഡ് സറണ്ടര്‍ ചെയ്ത് മടങ്ങുമ്പോള്‍ മൂന്ന് ഇരട്ടിയിലധികം തുകയാണ് ഇവര്‍ക്കു തിരികെ കൊടുക്കുന്നത്. പെന്‍ഷനായി 7000 രുപയോളം ഫെഫ്ക പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം കൊടുക്കുന്നുണ്ട്. കെ. കെ ഹരിദാസ് എന്ന സംവിധായകന്റെ ചികിത്സയ്ക്കു വേണ്ടി 4 ലക്ഷം രൂപയാണ് ഫെഫ്ക ചിലവാക്കിയത്.

ഈ തുകയെല്ലാം ഈ രീതികളില്‍ സമാഹരിക്കുന്നതാണ്. മാധ്യമങ്ങളുടെ വിശപ്പ് ശമിപ്പിക്കുക ഞങ്ങളുടെ കര്‍മ്മമല്ല. നടിയ്ക്ക് ആവശ്യമായ നിയമ സഹായവും പിന്തുണയും നല്‍കും. സമൂഹത്തില്‍ പൊതുവേ സ്ത്രീകളോടുള്ള അസഹിഷ്ണുത വലുതായി കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലനം സിനിമയിലും കാണാം. നിര്‍മ്മാതാക്കള്‍ അങ്ങേയറ്റം വിശ്വാസം അര്‍പ്പിച്ചാണ് സിനിമയുടെ കോപ്പി ഹാര്‍ഡ് ഡിസ്‌കിലാക്കി ഡ്രൈവര്‍മാരുടെ പക്കല്‍ കൊടുത്തു വിടുന്നത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവര്‍ ഫെഫ്കയില്‍ അംഗങ്ങളല്ല. നടിയ്ക്കു നേരേ നടന്നത് അങ്ങേയറ്റം പ്രതിഷേധാല്‍മകമായ നടപടിയാണ്. തര്‍ക്കമില്ല. എന്നാല്‍ അതിന്റെ മറവില്‍ മുതലെടുപ്പിന് ശ്രമിക്കുന്നത് അതിനേക്കാള്‍ മോശവുമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Read More >>