ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്: ബിജെപിക്കു വേണ്ടി എക്സിറ്റ് പോൾ നടത്തിയത് ആര്?

യുപിയിൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞതും ദൈനിക് ജാഗരൺ എക്സിറ്റ് പോൾ പ്രസിദ്ധീകരിച്ചത് ചട്ടലംഘനം ആയിരുന്നു. കമ്മീഷന്റെ 2017 തെരഞ്ഞെടുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അത്തരം ‘എണ്ണമെടുക്കൽ’ അനുവദനീയമല്ല. അതേസമയം, പണം കൊടുത്ത് എക്സിറ്റ് പോൾ വാർത്ത നൽകിയതും അതിന് എഡിറ്റർ ബലിയാടാകുന്നതും കമ്മീഷനേയും പൊലീസിനേയും ഒരുപോലെ വലച്ചില്ലെങ്കിലേയുള്ളൂ. വാസ്തവത്തിൽ ആരാണ് ഇവിടെ കുറ്റക്കാർ? പരസ്യത്തിന് പണം കൊടുത്തവർ തന്നെയായിരിക്കുമല്ലോ!

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്: ബിജെപിക്കു വേണ്ടി എക്സിറ്റ് പോൾ നടത്തിയത് ആര്?

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലമനുസരിച്ച് ബിജെപിക്കു വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് ഈ മാസം 11 ന് ദൈനിക് ജാഗരൺ എന്ന വെബ്സൈറ്റിൽ വാർത്ത വന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പച്ചയായ ലംഘനമായിരുന്നു ആ എക്സിറ്റ് പോൾ. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനു 48 മണിക്കൂർ മുമ്പു മുതൽ അവസാനിക്കുനത് വരെ എക്സിറ്റ് പോൾ നടത്താൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ ഉത്തവരവുണ്ട്.

യുപിയിൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞതും ദൈനിക് ജാഗരൺ എക്സിറ്റ് പോൾ പ്രസിദ്ധീകരിച്ചത് ചട്ടലംഘനം ആയിരുന്നു. കമ്മീഷന്റെ 2017 തെരഞ്ഞെടുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അത്തരം ‘എണ്ണമെടുക്കൽ’ അനുവദനീയമല്ല.


ദൈനിക് ജാഗരണിന്റെ പത്രാധിപർ ആയ സഞ്ജയ് ഗുപ്ത പറഞ്ഞത് ആ വാർത്ത നൽകിയത് പരസ്യവിഭാഗം ആണെന്നും അത് പണം നൽകി പ്രസിദ്ധീകരിച്ച വാർത്തയാണെന്നുമായിരുന്നു. അത്തരം വാർത്തകൾ നൽകുന്നവർ ചെലവായ പണത്തിന്റെ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നുണ്ട്. അങ്ങനെ ചെയ്യാത്തത് ചട്ടലംഘനമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി അനുസരിച്ച് ഉത്തർപ്രദേശ് പൊലീസ് ദൈനിക് ജാഗരൺ പത്രത്തിന്റെ എഡിറ്ററെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളുടെ പ്രവർത്തനസ്വഭാവം അനുസരിച്ച് ഏത് വാർത്തയായാലും അതിന്റെ അന്തിമ ഉത്തരവാദിത്തം അതിന്റെ എഡിറ്റർക്കാണ്, അത് പരസ്യവിഭാഗത്തിൽ നിന്നും പോയതാണെങ്കിലും.

പണം കൊടുത്ത് എക്സിറ്റ് പോൾ വാർത്ത നൽകിയതും അതിന് എഡിറ്റർ ബലിയാടാകുന്നതും കമ്മീഷനേയും പൊലീസിനേയും ഒരുപോലെ വലച്ചില്ലെങ്കിലേയുള്ളൂ. വാസ്തവത്തിൽ ആരാണ് ഇവിടെ കുറ്റക്കാർ? പരസ്യത്തിന് പണം കൊടുത്തവർ തന്നെയായിരിക്കുമല്ലോ!

അതിന് ദൈനിക് ജാഗരണിൽത്തന്നെ ചെറിയൊരു സൂചനയുണ്ടായിരുന്നു. പോൾ നടത്തിയത് റിസോഴ്സ് ഡെവലപ്മെന്റ് ഇന്റെർനാഷണൽ (ആർഡിഐ) ആണെന്ന് അതിൽ പറയുന്നുണ്ടായിരുന്നു. സ്വാഭാവികമായും തെരഞ്ഞെടുപ്പ് കമ്മീഷൻ അവർക്കെതിരേ പൊലീസിൽ പരാതി കൊടുക്കുകയുണ്ടായി. എന്നാൽ ആ കമ്പനി അത് നിഷേധിക്കുകയായിരുന്നു. അവർ യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു എക്സിറ്റ് പോൾ സർവേയും നടത്തിയിട്ടില്ലെന്ന് അറിയിച്ചു.

തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ആർഡിഐ ഇത്തരം തെരഞ്ഞെടുപ്പ് സർവ്വേകൾ നടത്തുന്നതിന്റെ യുക്തി ആലോചിക്കുമ്പോൾ അവർ പറഞ്ഞത് ശരിയാണെന്ന് ബോധ്യമാകാനേയുള്ളൂ. അപ്പോൾ ദൈനിക് ജാഗരൺ എങ്ങിനെ ആർഡിഐയെ തെരഞ്ഞെടുപ്പുമായി കൂട്ടിയിണക്കി എന്ന ചോദ്യം അവശേഷിച്ചു.

അപ്പോഴാണ് മറ്റൊരു ആർഡിഐ – റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് – എന്ന പേര് രംഗത്തുവരുന്നത്. അവർ തെരഞ്ഞെടുപ്പ് സർവ്വേകൾ നടത്തുമെന്നത് മാത്രമല്ല ബിജെപിയുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു. ആർഡിഐയുടെ തലവനായ ദേവേന്ദ്ര കുമാർ ബിജെപിക്കു വേണ്ടി സർവ്വേകൾ നടത്തുന്ന ആളാണെന്ന് പഴയ വാർത്തകളും ഉണ്ട്.

ദൈനിക് ജാഗരണിലെ സർവേ തങ്ങൾ നടത്തിയിട്ടില്ലെന്ന് ദേവേന്ദ്ര കുമാർ പറയുന്നുണ്ടെങ്കിലും അദ്ദേഹം ഉത്തർപ്രദേശിൽ ബിജെപിയുമായി തോളോടുതോൾ ചേർന്ന് പ്രവത്തിക്കുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം.

ദേവേന്ദ്ര കുമാർ പറയുന്നത് സത്യമാണെങ്കിൽത്തന്നെ ബിജെപിക്കു വേണ്ടി ആ എക്സിറ്റ് പോൾ നടത്തിയ ആർഡിഐ ആരാണെന്ന് കണ്ടുപിടിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യമാണുതാനും.