ചലിക്കുന്ന സ്റ്റാറ്റസ് സമ്മാനമായി നല്‍കി വാട്സാപ്പിന്റെ വാര്‍ഷികാഘോഷം

ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. എന്നാല്‍ വാട്സാപ്പ് വെബ്ബില്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമായിരിക്കില്ല.

ചലിക്കുന്ന സ്റ്റാറ്റസ് സമ്മാനമായി നല്‍കി വാട്സാപ്പിന്റെ വാര്‍ഷികാഘോഷം

യൂറോപ്പില്‍ മാത്രം അവതരിപ്പിച്ചിരുന്ന ഫീച്ചര്‍ കൂടുതല്‍ പേരിലോക്കെത്തിച്ച് വാട്സാപ്പ് എട്ടാം പിറന്നാള്‍ ആഘോഷിക്കുന്നു. ഇപ്പോള്‍ ഇന്ത്യയുള്‍പ്പടെയുള്ള പല ലോകരാഷ്ട്രങ്ങള്‍ക്കും വാട്സാപ്പിന്റെ അപ്ഡേറ്റ്ഡ് സ്റ്റാറ്റസ് ഫീച്ചര്‍ ലഭ്യമാകും.

ചെറുവീഡിയോകളും ജിഫ് ഇമേജുകളും ഇനിമുതല്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാം എന്നുള്ളതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. 24 മണിക്കൂര്‍ മുതല്‍ സെറ്റിംഗ്സില്‍ തിരഞ്ഞെടുത്ത സമയത്തേക്കായിരിക്കും ഈ സ്റ്റാറ്റസ് വീഡിയോ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുക.


ലൈവ് വീഡിയോ സ്റ്റാറ്റസാക്കാനുള്ള സൗകര്യവും ഉണ്ട്. ഫോണിലെ കോണ്ടാക്റ്റുകള്‍ക്ക് ഈ സ്റ്റാറ്റസ് കാണാന്‍ കഴിയും.

45 സെക്കന്റുകളാണ് അനുവദനീയമായ വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോ ഓട്ടോ പ്ലേയായി ആരംഭിക്കും. ആരെല്ലാം വാട്സാപ്പ് സ്റ്റാറ്റസ് കണ്ടെന്നറിയാനും വ്യൂ കൌണ്ടറില്‍ ഓപ്ഷന്‍ ഉണ്ടാകും.

ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. എന്നാല്‍ വാട്സാപ്പ് വെബ്ബില്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമായിരിക്കില്ല.

ഫെബ്രുവരി 24 നാണ് വാട്സാപ്പിന്റെ വാര്‍ഷിക ദിനം. വാട്സാപ്പും ഇന്സ്ടാഗ്രാമും എല്ലാം ഫേസ്ബുക്ക് കമ്പനിയുടേതാണ്. ഏറ്റവും പുതിയ വേര്‍ഷനില്‍ ഉള്ള വാട്സാപ്പിലാണ് ഈ വീഡിയോ സ്റ്റാറ്റസ് ലഭിക്കുക.

മുന്‍പ് സ്നാപ് ചാറ്റ് നല്‍കിയ ഈ ഫീച്ചര്‍ ഇന്സ്ടാഗ്രാം ഉപയോഗിക്കുകയും, തുടര്‍ന്ന് ഇപ്പോള്‍ വാട്സാപ്പില്‍ ലഭ്യമാക്കിയിരിക്കുകയുമാണ്‌ ചെയ്തിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഈ ഫീച്ചര്‍ അത്ര അപരിചിതമല്ല എങ്കിലും വാട്സാപ്പ് മാത്രം ഉപയോഗിക്കുന്ന മുതിര്‍ന്ന തലമുറ ഇതുമായി പൊരുത്തപ്പെടാന്‍ അല്പസമയമെടുക്കും എന്നാണ് പൊതുവേ ഈ ഫീച്ചറിനെ കുറിച്ചു ഉയരുന്ന അഭിപ്രായം.

പുതിയ ഫീച്ചറിന്റെ സ്വകാര്യതയെക്കുറിച്ച് ഭീതി വേണ്ടെന്നും കമ്പനി പറയുന്നു. ചാറ്റും കോളും പോലെ തന്നെ പുതിയ ഫീച്ചറും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്പ്ഷനാണെന്ന് ഇവര്‍ ഉറപ്പ് നല്‍കുന്നുണ്ട്.