എന്താണ് കോളിഫോം ബാക്റ്റീരിയ?

പലപ്പോഴും കിണർവെള്ളത്തിലെ കോളിഫോം സാന്നിദ്ധ്യം ചൂണ്ടിക്കാട്ടി പൈപ്പുവെള്ളത്തിനുവേണ്ടിയുള്ള മുറവിളി ഉയരാറുണ്ട്. ശരിയായി ട്രീറ്റ് ചെയ്ത് എത്തിക്കുന്ന പൈപ്പുവെള്ളത്തിൽ കോളിഫോം സാന്നിദ്ധ്യം പൂജ്യം ആയിരിക്കണം. എന്നാൽ നമ്മുടെ നാട്ടിൽ പൈപ്പുവെള്ളം മലിനജലവുമായി കലർന്ന് കോളറ പടർന്നുപിടിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

എന്താണ് കോളിഫോം ബാക്റ്റീരിയ?

ഭക്ഷണത്തിന്റെയും ജലത്തിന്റെയും ഗുണമേന്മാ പരിശോധനയിലെ ഒരു പ്രധാനപ്പെട്ട അളവുകോലാണ് കോളിഫോം സാന്നിദ്ധ്യം. ഇത് ഒരൊറ്റ ബാക്റ്റീരിയ അല്ല. സിട്രോബാക്റ്റർ, എന്ററോബാക്റ്റർ, ഹാഫ്നിയ, ക്ലെബ്സിയെല്ലാ, എസ്ചെറീഷിയ തുടങ്ങി വിവിധയിനം ബാക്റ്റീരിയകളെ ഒരുമിച്ചു പറയുന്ന പേരാണിത്. ജലത്തിലും മണ്ണിലും കാർഷികവിളയിലും ഒക്കെ ഇതിന്റെ സാന്നിദ്ധ്യമുണ്ട്. ഇവയിൽ മിക്ക വേരിയന്റും സ്വന്തം നിലയിൽ പ്രശ്നകാരികളുമല്ല.

ഉദാഹരണത്തിന് എസ്ചെറീഷിയ കോളിയിൽ (ഇ-കോളി) തന്നെ ഏതാനും സബ് ട്രെയ്റ്റുകൾ മാത്രമാണ് അപകടകാരികൾ. ഇവയൊക്കെ എല്ലാ ഉഷ്ണരക്ത ജീവികളുടെയും വൻകുടലിലും മറ്റും ഉണ്ടാവുകയും ചെയ്യും. പലപ്പോഴും അപകടകാരികളായ പാഥജൻസ് അവിടെ വാസമുറപ്പിക്കുന്നതു തടയുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്. അവയുത്പാദിപ്പിക്കുന്ന വൈറ്റമിൻ കെ2 മനുഷ്യർക്ക് ആവശ്യമാണ്. പശുവിൻപാല് ദഹിപ്പിക്കാനും മറ്റും നമ്മുടെ ദഹനവ്യവസ്ഥയെ സഹായിക്കുന്നതും ഇ കോളിയാണ്.


അതേ സമയം തന്നെ ഷിഗെല്ലാ പോലെയുള്ള ഇ-കോളി വേരിയന്റ് ഭക്ഷണത്തിലൂടെ ഉള്ളിലെത്തിയാൽ ചുവന്ന രക്താണുക്കളെ നശിപ്പിക്കയും അവ കിഡ്നിയിലും മറ്റും അടിഞ്ഞുകൂടി വൃക്കകളെ തകരാറിലാക്കുകയും തലച്ചോറിലെ വളരെ ചെറിയ രക്തക്കുഴലുകളിൽ ക്ലോട്ട് ഉണ്ടാക്കി സ്ട്രോക്കിന് ഇടയാക്കുകയും ഒക്കെ ചെയ്യാം. ഭക്ഷ്യവിഷബാധയിലെ ഒരു മുഖ്യഘടകമാവും പലപ്പോഴും ഈ ബാക്റ്റീരിയകൾ.

മലത്തിലൂടെ പുറത്തെത്തുന്ന ഈ ബാക്റ്റീരയകൾ അവയുടെ ഹോസ്റ്റിന്റെ ശരീരത്തിനു പുറത്ത് പരമാവധി മൂന്നുദിവസം കൂടിയെ സാധാരണ നിലയിൽ പുനരുത്പാദനം നടത്തൂ. എന്നാൽ വളരെ റിമോട്ടായ സാഹചര്യങ്ങളിൽ പോലും ജീവിക്കാൻ കഴിയുന്ന ഘടനയാണ് ഇവയ്ക്കുള്ളത്. ഇവയുടെ സാന്നിദ്ധ്യം ഭക്ഷ്യവസ്തുക്കളിലും കുടിവെള്ളത്തിലും കണ്ടെത്തുന്ന പക്ഷം അതിൽ അപകടകാരികളായ മറ്റു മലജന്യ ബാക്റ്റീരിയകളും ഉണ്ടാവാനുള്ള സാധ്യതയെ ആണ് തുറന്നുകാട്ടുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ അളവ് ക്രമാതീതമായി കണ്ടാൽ ആ ഭക്ഷ്യവസ്തു ഉപയോഗ യോഗ്യമല്ലെന്ന് ശാസ്ത്രം പറയുന്നു.

നൂറ് മില്ലിലിറ്റർ ജലമാണ് ഒരു സാംപ്ലിങ് യൂണിറ്റ്. കിൺർവെള്ളത്തിൽ നിന്നെടുക്കുന്ന ഒരു സാംപ്ലിങ് യൂണിറ്റിൽ പരമാവധി ഒരു കോളിഫോം കോളനിയിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ട്രീറ്റ് ചെയ്ത കുടിവെള്ളത്തിൽ കോളിഫോം അളവ് പൂജ്യമായിരിക്കണം. അതായത്, കുടിക്കുന്ന വെള്ളത്തിൽ കോളിഫോം ബാക്റ്റീരിയ ഉണ്ടാവാനേ പാടില്ല. cfu അഥവാ കോളനി ഫോമിങ് യൂണിറ്റ് എന്ന അളവിലാണ്, ഇവയുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുക. 1100+ cfu എന്നു പറയുമ്പോൾ ശേഖരിച്ച സാമ്പിളുകളിൽ ഓരോ നൂറു മില്ലി ലിറ്ററിലും 1100നു മുകളിൽ കോളനി ഫോമിങ് യൂണിറ്റുകൾ ഉണ്ടെന്നാണ് അർത്ഥം. ഇത് അത്യധികം ഉയർന്ന നിലയാണ്. സാമ്പിളിൽ ഏറ്റവും കുറഞ്ഞ അളവാണ് പറഞ്ഞിരിക്കുന്നത് എന്നതിനാലാണ് 1100+ എന്നെഴുതുക. അതുമുതൽ മുകളിലേക്ക് എന്നാണർത്ഥം.

തിളപ്പിച്ച വെള്ളത്തിൽ ഇവയുടെ സാന്നിധ്യം ഉണ്ടാകില്ല. 37 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടേ ഇവയ്ക്കു താങ്ങാനാവൂ. അതിനപ്പുറമായാൽ അവയുടെ പ്രോട്ടീൻ ഘടന വിഘടിക്കും.

തുറന്നിട്ട കിണറുകളിലും മറ്റും പക്ഷിക്കാട്ടം വഴിയും മറ്റുവിധേനയും കോളിഫോം സാന്നിദ്ധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിണർ വെള്ളത്തിൽ കോളിഫോം കണ്ടാലുടനെ പേടിക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല. ആ വെള്ളം തിളപ്പിച്ചു മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്നേയുള്ളൂ. അതേ സമയം കുടിവെള്ളത്തിന് ചുവപ്പുനിറം കണ്ടാൽ ക്രമാതീതമായി ഇരുമ്പ് അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാം. അതാണ് കൂടുതൽ അപകടം. കാരണം തിളപ്പിച്ചതുകൊണ്ട് ബാക്റ്റീരിയ മാത്രമേ പോകൂ. ഘനലോഹങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതാവില്ല.

പലപ്പോഴും കിണർവെള്ളത്തിലെ കോളിഫോം സാന്നിദ്ധ്യം ചൂണ്ടിക്കാട്ടി പൈപ്പുവെള്ളത്തിനുവേണ്ടിയുള്ള മുറവിളി ഉയരാറുണ്ട്. ശരിയായി ട്രീറ്റ് ചെയ്ത് എത്തിക്കുന്ന പൈപ്പുവെള്ളത്തിൽ കോളിഫോം സാന്നിദ്ധ്യം പൂജ്യം ആയിരിക്കണം. എന്നാൽ നമ്മുടെ നാട്ടിൽ പൈപ്പുവെള്ളം മലിനജലവുമായി കലർന്ന് കോളറ പടർന്നുപിടിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

Story by