ഞങ്ങൾ നിയമം നടപ്പിലാക്കുക മാത്രമേയുള്ളൂ എന്ന് ഡൽഹി പൊലീസ്

ബീഫ് ഉപയോഗവുമായി ബന്ധപ്പെട്ട പൊതുതാല്പര്യഹർജിയിൽ ഡൽഹി ഹൈക്കോടതി വാദം കേൾക്കവെയാണു പൊലീസ് തങ്ങളുടെ നിലപാട് അറിയിച്ചത്.

ഞങ്ങൾ നിയമം നടപ്പിലാക്കുക മാത്രമേയുള്ളൂ എന്ന് ഡൽഹി പൊലീസ്

നിയമം നടപ്പാക്കുന്നതിനുള്ള ഒരു സംവിധാനം മാത്രമാണു പൊലീസ് എന്നും നിയമസാധുതയും നിബന്ധനയും തങ്ങളുടെ വിഷയമല്ലെന്നും ഡൽഹി പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ബീഫ് ഉപയോഗവുമായി ബന്ധപ്പെട്ട പൊതുതാല്പര്യഹർജിയിൽ ഡൽഹി ഹൈക്കോടതി വാദം കേൾക്കവേയാണു പൊലീസ് തങ്ങളുടെ നിലപാട് അറിയിച്ചത്.

ഡൽഹിയിലെ നിയമം അനുസരിച്ച് പശുവിനെ അറക്കുന്നതും ബീഫ് വിൽക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഭക്ഷിക്കുന്നതും എല്ലാം 10, 000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.


“ഡൽഹി പൊലീസ് നിയമം നടപ്പിലാക്കുന്ന ഏജൻസി മാത്രമാണ്. നിയമത്തിന്റെ സാധുതയെക്കുറിച്ചുള്ള ഒന്നിലും ഞങ്ങൾ ഇടപെടില്ല,” ചീഫ് ജസ്റ്റിസ് ജി രോഹിണി അദ്ധ്യക്ഷയായ പൊലീസ് കൗൺസിൽ കോടതിയിൽ അറിയിച്ചു. ബീഫ് കഴിക്കുന്നതും കൈവശം സൂക്ഷിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കുന്ന ഡൽഹി ആക്റ്റിനെ ചോദ്യം ചെയ്ത് ഒരു നിയമവിദ്യാർഥി നൽകിയ പൊതുതാല്പര്യഹർജി കേൾക്കുമ്പോഴാണു പൊലീസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഡൽഹി സർക്കാർ മറുപടി നൽകാൻ മേയ് 8 വരെ സമയം ആവശ്യപ്പെട്ടു.

മനുഷ്യാവകാശ ലംഘനമാണു ഡൽഹി ആക്റ്റ് എന്നായിരുന്നു ഹർജിയിൽ വാദിച്ചിരുന്നത്. ബീഫ് കഴിക്കുന്നതും കൈവശം സൂക്ഷിക്കുന്നതും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

“സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം പോലെ പ്രധാനപ്പെട്ട ഒന്നാണു ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതും. ഒരു പ്രത്യേക മതം അനുശാസിക്കുന്നതു പോലെ നിയമം സംസ്ഥാനം നിർമ്മിക്കാൻ പാടില്ല. ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള സ്വാതന്ത്യത്തിനു നേരേയുള്ള കടന്നാക്രമണമാണു പ്രസ്തുത നിയമം,” ഹർജിക്കാരൻ വാദിച്ചു.

പട്ടികജാതി, പട്ടികവർഗത്തിൽ പെട്ടവരുടെ ആഹാരരീതികളിൽ മാംസം ഉൾപ്പെടാറുണ്ട്. ഇത്തരം സമൂഹങ്ങളെ നേരിട്ട് ബാധിക്കുന്നതാണു ബീഫ് സംബന്ധിച്ച നിയമം എന്നും ഹർജിയിൽ പറയുന്നു.