മഴയില്ലാതെ മണ്ണുവേവുമ്പോഴും വയനാട്ടില്‍ മലയിടിക്കാനൊരുങ്ങുന്നു; വന്‍ പാറഖനനത്തിനു നീക്കം നടക്കുന്നത്‌ ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെ

വയനാട്ടില്‍ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിലെ മുണ്ടുപാറക്കുന്ന് മല തകര്‍ക്കാനാണ് ക്വാറി മാഫിയയ്‌ക്ക് അധികാരികളുടെ ഒത്താശ. ഇവിടെ നിന്ന് കൂറ്റന്‍ മരങ്ങള്‍ മുറിച്ചുകടത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച്ചകളിലാണ് മലയിലേക്ക് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുണ്ടുപാറക്കുന്നിന്റെ അടിവാരത്ത് നൂറുകണക്കിന് കര്‍ഷക കുടുംബങ്ങള്‍ കഴിയുന്നുണ്ട്. മുണ്ടുപാറക്കുന്നിലേക്ക് റോഡ് നിര്‍മ്മാണം പ്രദേശവാസികള്‍ തടഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ഇടപെട്ട്‌ ക്വാറി ലോബിക്ക്‌ അനുകൂലമായി നീക്കങ്ങള്‍ നടത്തുകയായിരുന്നു. അതേസമയം പാറഖനനത്തിനെതിരെ പ്രദേശവാസികള്‍ സംഘടിച്ച് പ്രക്ഷോഭത്തിനൊരുങ്ങിയിട്ടുണ്ട്.

മഴയില്ലാതെ മണ്ണുവേവുമ്പോഴും വയനാട്ടില്‍ മലയിടിക്കാനൊരുങ്ങുന്നു; വന്‍ പാറഖനനത്തിനു നീക്കം നടക്കുന്നത്‌ ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെ

സംസ്ഥാന ശരാശരിയെക്കാള്‍ നേര്‍പകുതി മഴയുടെ അളവ് രേഖപ്പെടുത്തിയ വയനാട്ടില്‍ പ്രകൃതിയെ ദ്രോഹിച്ച് വന്‍ പാറഖനനത്തിന് നീക്കം. മുക്കം കേന്ദ്രീകരിച്ചുള്ള ക്വാറി മാഫിയയാണ് ഇവിടെ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടി വലിയൊരു മലതന്നെ ഇല്ലാതാക്കാന്‍ നീക്കം തുടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അനധികൃത പാറഖനനത്തിന് നീക്കം. പാറഖനനത്തിന് അനുമതിയില്ലെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും മലമുകളിലേക്ക് എസ്‌കവേറ്റര്‍ ഉപയോഗിച്ച് പാത നിര്‍മിച്ചുകഴിഞ്ഞു.


വയനാട്ടില്‍ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിലെ മുണ്ടുപാറക്കുന്ന് മല തകര്‍ക്കാനാണ് ക്വാറി മാഫിയയ്‌ക്ക് അധികാരികളുടെ ഒത്താശ. ഇവിടെ നിന്ന് കൂറ്റന്‍ മരങ്ങള്‍ മുറിച്ചുകടത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച്ചകളിലാണ് മലയിലേക്ക് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുണ്ടുപാറക്കുന്നിന്റെ അടിവാരത്ത് നൂറുകണക്കിന് കര്‍ഷക കുടുംബങ്ങള്‍ കഴിയുന്നുണ്ട്. മുണ്ടുപാറക്കുന്നിലേക്ക് റോഡ് നിര്‍മ്മാണം പ്രദേശവാസികള്‍ തടഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ഇടപെട്ട്‌ ക്വാറി ലോബിക്ക്‌ അനുകൂലമായി നീക്കങ്ങള്‍ നടത്തുകയായിരുന്നു. അതേസമയം പാറഖനനത്തിനെതിരെ പ്രദേശവാസികള്‍ സംഘടിച്ച് പ്രക്ഷോഭത്തിനൊരുങ്ങിയിട്ടുണ്ട്.

രണ്ടു വര്‍ഷം മുമ്പ് ഖനനത്തിനായി മലയ്ക്ക് മുകളിലുള്ള നൂറുകണക്കിന് മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു. ഇതിനെതിരെ വനംവകുപ്പ് രംഗത്തുവന്നതോടെ മരംമുറി തല്‍ക്കാലത്തേക്ക് നിര്‍ത്തുകയായിരുന്നു. മുണ്ടുപാറക്കുന്ന് മലയില്‍ ഖനനം നടത്തുന്നത് കടുത്ത പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ പി ധനേഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് മറികടന്നാണ് വീണ്ടും ഖനനത്തിനായി അണിയറയില്‍ ചരടുവലി നടക്കുന്നത്.   പ്രസ്തുത സ്ഥലത്ത് പാറഖനനത്തിന് സ്ഥലം ഉടമകള്‍ അനുമതി ആവശ്യപ്പെട്ടതായി അന്നത്തെ തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് 2014 ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാറ ഖനനത്തിന് അനുമതിയില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മുണ്ടുപാറക്കുന്നിലേക്ക് ധൃതിപിടിച്ച് റോഡ് നിര്‍മ്മിച്ചത് ക്വാറി നിര്‍മ്മാണത്തിനെന്ന് വ്യക്തമാണ്. ഇപ്പോഴുള്ള വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ളവര്‍ ഇത് സമ്മതിച്ച് തരില്ലെന്ന് മാത്രം.

കോഴിക്കോട് ജില്ലയിലെ മുക്കം കേന്ദ്രീകരിച്ച് പാറഖനനം നടത്തുന്ന റിയല്‍ എസ്റ്റേറ്റ്‌
ലോബിയാണ് വയനാട്ടിലും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടി ക്വാറികള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. മലയുടെ മുകളിലേക്ക് വാഹനമെത്തിക്കുന്നതിനാണ് എസ്‌കവേറ്റര്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചത്. നിരവധി ജലസ്രോതസ്സുകള്‍ ഉത്ഭവിക്കുന്നത് ഈ മലയില്‍ നിന്നാണ്. ഭരണമാറ്റം മുതലെടുത്താണ് ഇവിടെ പാറഖനനത്തിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സി എസ് ധര്‍മ്മരാജ് ചൂണ്ടിക്കാട്ടുന്നു.


മുണ്ടുപാറക്കുന്നിലെത്തിയ മാഫിയ

തൃക്കൈപ്പറ്റ വില്ലേജില്‍ മുണ്ടുപാറക്കുന്നില്‍ മലയുടെ ഒരു ഭാഗത്ത് 6.0122 ഹെക്ടര്‍ വരുന്ന സ്ഥലത്താണ് പാറഖനനത്തിനായി മരംമുറിച്ച് കടത്തിയശേഷം റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. മുക്കം കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവിടെ പലപേരുകളിലായി ഭൂമി വാങ്ങിക്കൂട്ടിയത്. ഏഴ് ആധാരങ്ങളിലാണ് മുണ്ടുപാറക്കുന്ന്, നൂറേക്കര്‍, മാണ്ടാട് പ്രദേശങ്ങളുള്‍പ്പെടുന്ന പാറക്കുന്നുള്ളത്.

20 ഏക്കര്‍ സ്ഥലം ഇവിടെ 23 പേരുടെ കൈവശത്തിലാക്കിയശേഷമാണ് പാറഖനനത്തിനുള്ള നീക്കം. ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81ന്റെ ലംഘനം മറികടക്കാനാണ് പലയാളുകളുടെ പേരുകളിലാക്കി ഇവിടെ മരംമുറി നടന്നത്. മരംമുറി വിവാദമായതോടെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ ഈട്ടി, വേങ്ങ, കരിമരുത്, മാവ്, മട്ടി, ആഞ്ഞിലി, താന്നി, കുന്നി, സില്‍വര്‍ ഓക്ക് ഉള്‍പ്പെടെ 231 മരങ്ങള്‍ മുറിച്ചതായി കണ്ടെത്തി. അനുമതിയില്ലാതെ ഈട്ടിമരം മുറിച്ചതിനെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

മരംമുറിയും അനുബന്ധപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാനും ഡിഎഫ്ഒ നിര്‍ദേശം നല്‍കി. ഇവിടെനിന്ന് വനഭൂമിയിലേക്ക് ഒരുകിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണിത്. ഇതിന് സമീപത്തുള്ള മാണ്ടാട് വര്‍ഷങ്ങളോളം പാറഖനനം നടന്നിരുന്നു. മാണ്ടാട് ക്വാറിപ്രവര്‍ത്തനത്തിനിടെ മൂന്നുപേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പഞ്ചായത്ത് ലൈസന്‍സ് നിഷേധിച്ചതോടെ ഈ ക്വാറിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതിന് സമീപമാണ് ഇപ്പോള്‍ പുതിയ ഖനനത്തിനായി നീക്കം നടക്കുന്നത്. അതേസമയം നിലവില്‍ പുതുതായി പാറഖനനത്തിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ ബി എസ് തിരുമേനി നാരദ ന്യൂസിനോട് പറഞ്ഞു. മുണ്ടുപുറക്കുന്ന് വിഷയം അന്വേഷിക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജലസ്രോതസ്സുകളെ ബാധിക്കും

മരങ്ങള്‍ മുറിച്ചുകടത്തിയശേഷം ഇവിടെ പാറഖനനം തുടര്‍ന്നാല്‍ വലിയൊരു പാരിസ്ഥിതിക തകര്‍ച്ചക്കൊപ്പം ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായി ഇല്ലാതാവുകയും ചെയ്യും. മുണ്ടുപാറക്കുന്നില്‍ നിന്ന് നിരവധി നീരുറവകള്‍ പൊട്ടിയൊഴുകുന്നുണ്ട്. പാറഖനനം തുടങ്ങുന്നതോടെ ഇവയുടെ ഒഴുക്കും നിലക്കും. മലയടിവാരത്തിലുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ ഇവിടെ നിന്നുവരുന്ന ജലത്തെയാണ് ആശ്രയിക്കുന്നത്.

ജലസ്രോതസ്സുകളാല്‍ സമ്പന്നമായ മലയില്‍ പാറഖനനം തുടരുന്നതോടെ മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും ഇടയാക്കും. പ്രദേശവാസികളുടെ എതിര്‍പ്പ് മറികടന്ന് ക്വാറി തുടങ്ങാനുള്ള നീക്കം തുടരവെ വനംവകുപ്പ് മാത്രമാണ് കാര്യക്ഷമമായി ഇടപെട്ടിരിക്കുന്നത്. സ്വകാര്യവ്യക്തികള്‍ കൈവശം വച്ചിരുന്ന ഭൂമിയാണ് പൊന്നുംവിലക്ക് ക്വാറിമാഫിയ വാങ്ങിയത്. പ്രദേശവാസികളായ ചിലരുടെ ഒത്താശയോടെയാണ് പാറഖനനത്തിന് നീക്കം.ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് പറയുന്നത്

മുണ്ടുപാറക്കുന്ന് ഖനനം ജനജീവിതത്തിനൊപ്പം പരിസ്ഥിതിക്കും കടുത്ത ഭീഷണിയുയര്‍ത്തുമെന്ന് കാണിച്ച് സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ പി ധനേഷ് കുമാര്‍ 2014 ജൂണില്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ഥലത്തിന്റെ അതിരുകള്‍ സംബന്ധിച്ചുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇക്കാര്യത്തില്‍ ശരിയായ നടപടി സ്വീകരിക്കാനാകുക റവന്യുവകുപ്പിന് മാത്രമാണ്.

ക്വാറിക്ക് അനുമതി നല്‍കിയാല്‍ ചേപ്പാട് നീര്‍ത്തടത്തിന്റെ ഭാഗമായ പ്രദേശത്തിന്റെ ജലസ്രോതസ്സുകള്‍ക്ക് കാര്യമായ നാശം സംഭവിക്കും. അതുകൊണ്ടുതന്നെ മേഖലയില്‍ മരംമുറിയും പാറഖനനത്തിനുള്ള നീക്കവും തടയണമെന്നും ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുണ്ടുപാറക്കുന്നില്‍ ഖനനം നടക്കുന്നത് സമീപത്തെ മലകളെയും സാരമായി ബാധിക്കുമെന്ന ധനേഷിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ജില്ലാഭരണകൂടം ഇക്കാര്യം സൗകര്യപൂര്‍വ്വം അവഗണിക്കുകയായിരുന്നു. ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് തരണമെന്നും ക്വാറിയുടെ പ്രവര്‍ത്തനം അനുവദിക്കരുതെന്നുമുള്ള ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടിന്‍മേല്‍ യാതൊരു നടപടിയുമുണ്ടായില്ല

ക്വാറികളുടെ സ്വന്തം നാട്

വയനാട്ടില്‍ അവശേഷിക്കുന്ന പാറക്കുന്നുകള്‍കൂടി ഭൂമാഫിയ കൈയടക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് മുണ്ടുപാറക്കുന്ന്. അനുമതിയുള്ളതും ഇല്ലാത്തതുമായ 200 ഓളം ക്വാറികള്‍ ഈയടുത്ത കാലം വരെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പലതും നിയമക്കുരുക്കില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ചിരുന്നു. നിയമംലംഘിച്ച് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്വാറികള്‍ക്കും മുന്‍ വയനാട് ജില്ലാ കളക്ടര്‍ വി കേശവേന്ദ്രകുമാര്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അമ്പലവയല്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.

ഒട്ടുമിക്ക എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും നേതാക്കന്‍മാര്‍ക്ക് മിക്ക ക്വാറികളിലും പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പുതിയ ക്വാറികള്‍ തുടങ്ങാന്‍ നീക്കം നടക്കുന്നത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാന്‍ നിലവില്‍ യാതൊരു അനുമതിയും ഇവര്‍ക്ക് കിട്ടിയിട്ടില്ല. അനുമതിയുടെ പേരില്‍ ക്വാറി ഉടമകള്‍ കാണിക്കുന്ന രേഖകളാവട്ടെ റോഡ് നിര്‍മ്മാണത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള രേഖകളും.

പാറഖനനത്തിന് ജിയോളജി വകുപ്പ്‌, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് എന്നിവയുടെ അനുമതികള്‍ നിര്‍ബന്ധമാണ്. പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനല്‍ പാരിസ്ഥിതിയാഘാത പഠനവും ആവശ്യമാണ്. ഇതൊന്നും തന്നെയില്ലാതെയാണ് പാറഖനനത്തിനായി മലമുകളിലേക്ക് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. എല്ലാ പരിസ്ഥിതിദിനത്തിലും മരത്തൈ നടാന്‍ ഓടി നടക്കുന്ന സാമൂഹ്യപ്രവര്‍ത്തകരൊന്നും തന്നെ ഒരു മലതന്നെ ഇടിക്കാനൊരുങ്ങുമ്പോള്‍ അപകടകരായ മൗനം തുടരുകയാണ്.

Read More >>