കാളികാവ് ഉരുകുന്നു; വീടിനും കുടിവെള്ളത്തിനും വേണ്ടി

അതിരൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിലാണ് മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ പട്ടികജാതി കോളനികള്‍. പ്രദേശത്തെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പ്രദേശത്തുള്ള 34 കോല്‍ താഴ്ചയുള്ള കിണറിനെയാണ്. വേനല്‍ കടുത്തതോടെ ഈ കിണര്‍ പൂര്‍ണ്ണമായും വറ്റി. ചോര്‍ന്നൊലിക്കുന്ന വീടുകളാണ് ഇവിടെ ഉള്ളത്. തല ചായ്ക്കാന്‍ കൂരയോ കുടിക്കാന്‍ വെള്ളമോ ഇല്ലാതെ നരകിക്കുന്ന കോളനി നിവാസികളോട് മുഖം തിരിക്കുകയാണ് സര്‍ക്കാര്‍.

കാളികാവ് ഉരുകുന്നു; വീടിനും കുടിവെള്ളത്തിനും വേണ്ടി

ശ്രീജിത്ത് കെ ജി

വേനലെത്തുന്നതോടെ അതിരൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിലേക്കു പോകുകയാണ് മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ പട്ടികജാതി കോളനികള്‍. 2, 16, 18 വാര്‍ഡുകളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ഇപ്പോള്‍ ആശ്രയിക്കുന്നത് പതിനാറാം വാര്‍ഡ് സ്ഥിതി ചെയ്യുന്ന കോളനിയിലെ 34 കോല്‍ താഴ്ചയുള്ള കിണറിനെയാണ്. എന്നാല്‍ വേനല്‍ എത്തുന്നതോടെ ഈ കിണര്‍ വറ്റി തുടങ്ങും. അതോടെ വെള്ളത്തിനായി തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കരിങ്കല്‍ ക്വാറിയെ ആശ്രയിക്കേണ്ടതായി വരുന്നു. എന്നാല്‍ ക്വാറിയില്‍ നിന്ന് വെള്ളം എടുക്കാന്‍ പോകുന്നവഴി നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.

തൊട്ടപ്പുറത്തെ കോളനിയില്‍ മറ്റൊരു കിണര്‍ ഉണ്ടെങ്കിലും ഉപയോഗശൂന്യമാണ്.

കുത്തനെയുള്ള പാറകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ കുടിവെള്ളം ശേഖരിക്കാന്‍ പോകുന്ന വഴി തെന്നി വീണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. റോഡില്‍ നിന്ന് 30 അടി താഴ്ചയിലാണ് ഈ ക്വാറി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കുടിവെള്ളം ശേഖരിക്കുന്നത് പ്രയാസമേറിയതാണെന്നും കോളനി നിവാസികള്‍ പറയുന്നു.

[caption id="attachment_80342" align="aligncenter" width="700"] ക്വാറിയില്‍ നിന്നു വെള്ളം ശേഖരിക്കുന്ന കോളനിയിലെ കുട്ടികള്‍[/caption]

ഇരുപ്പത്തഞ്ചോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ കിണര്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ റിംഗുകള്‍ ഇറക്കി ആഴം കുട്ടിയിട്ടുള്ളതാണ്. പാറ ആയതിനാല്‍ ഇനി ആഴം കൂട്ടുവാന്‍ സാധിക്കില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു.

[caption id="attachment_80316" align="aligncenter" width="700"] കോളനിയിലെ 34 അടി താഴ്ചയുള്ള കിണര്‍ വറ്റിയ നിലയില്‍[/caption]

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടിയതിനാല്‍ കിണറ്റില്‍ വെള്ളം വറ്റി തുടങ്ങി. അതിനാല്‍ കോളനിവാസികള്‍ കുടിവെള്ളത്തിനായി മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കിലോമീറ്ററുകള്‍ നടന്നാണ് കോളനി നിവാസികള്‍ ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഈ പ്രദേശം മുഴുവന്‍ പാറകളായതിനാല്‍ പലതവണ കുഴല്‍ കിണര്‍ കുഴിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് കോളനി നിവാസിയായ ഉണ്ണ്യന്‍കുട്ടി നാരദാ ന്യൂസിനോടു പറഞ്ഞു. മൂന്നു വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല എന്ന ആക്ഷേപം ജനങ്ങള്‍ക്കുണ്ട്. കോളനിവാസികള്‍ക്കു കുടിവെള്ളം കിട്ടാക്കനി ആയതോടുകൂടി കരിങ്കല്‍ ക്വാറിയിലെ വെള്ളമാണു കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും നേരേ മുഖം തിരിച്ച് സര്‍ക്കാര്‍

ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണു കോളനികളില്‍ താമസിക്കുന്നത്. എന്നാല്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചോര്‍ന്നൊലിക്കുന്ന വീടുകളാണ് ഇപ്പോഴുള്ളത്. അതിനുവേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് നിര്‍ദ്ധനരായ കുടുംബങ്ങള്‍. സര്‍ക്കാര്‍ പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്‍കുന്ന ഇന്ദിരാ ഭവനനിര്‍മ്മാണ പദ്ധതി ഉണ്ടെങ്കിലും അതിലൂടെ വീടുകളുടെ നിര്‍മ്മാണത്തിനോ അറ്റകുറ്റപണികള്‍ക്കോ സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് കാളികാവ് പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മെമ്പര്‍ രാമചന്ദ്രന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

[caption id="attachment_80319" align="alignnone" width="1280"] കോളനിയിലെ കുടിലുകള്‍[/caption]

ചോര്‍ന്നൊലിക്കുന്ന കൂരകളും വറ്റിയ കിണറുകളും മാത്രമാണ് കാളികാവിലെ ഈ വാര്‍ഡുകളില്‍ ഉള്ളത്. വീടിനും കുടിവെള്ളത്തിനുമായി കോളനിവാസികള്‍ പരക്കം പായുമ്പോള്‍ സര്‍ക്കാര്‍ തങ്ങളുടെ പരാതികളും പരിഭവങ്ങളും പരിഗണിക്കുന്നില്ലെന്ന അമര്‍ഷത്തിലാണ് പ്രദേശവാസികള്‍. ഇപ്പോഴുള്ള കുടിവെള്ള പ്രതിസന്ധി പരിഹരിക്കുവാനായി അധികൃതര്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും ലക്ഷ്യത്തില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വര്‍ഷം മുമ്പ് പഞ്ചായത്ത് മുപ്പത് ലക്ഷം രുപ ചെലവാക്കി രൂപീകരിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന് മാസത്തില്‍ പത്ത് ലിറ്റര്‍ വെള്ളം പോലും നല്‍കാനായിട്ടില്ല. പദ്ധതി ഫണ്ട് നശിപ്പിച്ചതല്ലാതെ നാട്ടുകാര്‍ക്ക് യാതൊരു ഗുണവും പദ്ധതി മൂലമുണ്ടായില്ല.മതുമല കുടിവെള്ള പദ്ധതിയിലൂടെ കോളനികളിലെ പ്രതിസന്ധി പരിഹരിക്കാന്‍ എളുപ്പമായിരുന്നു. മതുമല മുതല്‍ കോളനിവരെയുള്ള കുടിവെള്ള പദ്ധതിക്ക് മൂന്ന് ഇഞ്ച് മുതല്‍ വണ്ണമുള്ള പൈപ്പുകളാണ് സ്ഥാപിക്കേണ്ടിയിരുന്നത്. എന്നാല്‍ എഞ്ചീനിയറുമാരുടെ ഭിന്നാഭിപ്രായത്തില്‍ പദ്ധതിക്ക് വന്‍ തുക വകയിരുത്തേണ്ടി വരുമെന്നതിനാല്‍ പദ്ധതി ഇതുവരെ നടന്നില്ല.


പതിനാറാം വാര്‍ഡിന്റെ സമീപത്തുള്ള പാടത്തിനു സമീപം കിണര്‍ കുത്തുക വഴി അവിടെ നിന്നും വെള്ളം പമ്പ് ചെയ്ത് വീടുകളില്‍ എത്തിക്കുന്നതിലൂടെ പ്രതിസന്ധി തരണം ചെയ്യാമെന്നും പ്രദേശവാസികള്‍ പറയുന്നു. വേനലില്‍ രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയാണ് കോളനി നിവാസികളെ കാത്തിരിക്കുന്നത്.

കോളനികളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. പട്ടികജാതി വിഭാഗത്തിനു വകയിരുത്തുന്ന സര്‍ക്കാര്‍ ഫണ്ടുകള്‍ ഇതുവരെ വിനിയോഗിക്കാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും കുടിവെള്ളത്തിനും വീടുകള്‍ക്കും വേണ്ടി പേരിന് മാത്രമായി ചുരുക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ 200 ലധികം വരുന്ന കോളനിവാസികള്‍ വന്‍ പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ്.