ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ ഇനി മുഖ്യമന്ത്രി മാത്രമേയുള്ളുവെന്നു സുധീരന്‍

കേരളത്തിലെ പ്രമുഖരായ എല്ലാവരും ആ വീട്ടിലെത്തി. ഒരേഒരാള്‍ മാത്രമേ ഇനി വരാനുള്ളൂ എന്നും നിര്‍ഭാഗ്യവശാല്‍ അത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ ഇനി മുഖ്യമന്ത്രി മാത്രമേയുള്ളുവെന്നു സുധീരന്‍

ജിഷ്ണു പ്രാണോയി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായിവിജയനെതിരെ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് സുധീരന്‍ പറഞ്ഞു. ജിഷ്ണുവിന്റെ വസതിയില്‍ മൂന്നാം തവണയും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയത്.

തുടര്‍ന്നു ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വടകരയില്‍ നടത്തുന്ന ഏകദിന സത്യാഗ്രഹം സുധീരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ നടുക്കിയ ഈ സംഭവത്തിന് കാരണക്കാരായവരെ സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മടിക്കുന്നതെന്തുകൊണ്ടാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചോദിച്ചു.

കേരളത്തിലെ പ്രമുഖരായ എല്ലാവരും ആ വീട്ടിലെത്തി. ഒരേഒരാള്‍ മാത്രമേ ഇനി വരാനുള്ളൂ എന്നും നിര്‍ഭാഗ്യവശാല്‍ അത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. മകന്‍ മരിച്ച ശേഷം ജലപാനം മാത്രം നടത്തിയ കഴിയുന്ന ആ അമ്മയെ കാണാന്‍ സമയമുള്ളപ്പോള്‍ വരാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഇത് തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.