"ഗേറ്റിനു മുന്നിലിട്ടു ചവിട്ടി; കല്ലും ഇരുമ്പുവടിയും കൊണ്ട് പൊതിരെത്തല്ലി; ശേഷം റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു..." എസ്എഫ്‌ഐ പീഡനത്തെക്കുറിച്ച് ജിജീഷ്‌ നാരദാ ന്യൂസിനോട്

ഈ പെണ്‍കുട്ടികള്‍ എത്തരക്കാരികളാണെന്ന് നിനക്കറിയോന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു- എനിക്കറീല്ല, എന്റെ സുഹൃത്തുക്കളാണെന്നു പറഞ്ഞു. എനിക്കു വേറൊന്നും പറയാന്‍ പറ്റണില്ല. കാരണം ഞാന്‍ പേടിച്ചിട്ടാണിരിക്കുന്നത്. ഈ പെണ്‍കുട്ടികളൊക്കെ വളരെ പോക്ക് പെണ്‍കുട്ടികളാണ്. ഇവരുമായിട്ടൊക്കെ നിന്നെ, പൊറത്ത് റോഡില്‍വച്ച് വേറാരെങ്കിലുമൊക്കെ കണ്ടാല്‍പ്പോലും അവര് നിന്നെ വന്ന് തല്ലും....സുഹൃത്തുക്കളായ പെണ്‍കുട്ടികളോടൊപ്പം ഓപ്പണ്‍ സ്റ്റേജിലിരുന്ന് നാടകം കാണവെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ സദാചാര ഗുണ്ടായിസത്തിനിരയായ ജിജീഷ്‌ നാരദാ ന്യൂസിനോടു മനസ്സുതുറക്കുന്നു.

"ഗേറ്റിനു മുന്നിലിട്ടു ചവിട്ടി; കല്ലും ഇരുമ്പുവടിയും കൊണ്ട് പൊതിരെത്തല്ലി; ശേഷം റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു..." എസ്എഫ്‌ഐ പീഡനത്തെക്കുറിച്ച് ജിജീഷ്‌ നാരദാ ന്യൂസിനോട്

യൂണിവേഴ്‌സിറ്റി കോളേജില്‍ സുഹൃത്തുക്കളായ പെണ്‍കുട്ടികളോടൊപ്പം ഓപ്പണ്‍ സ്റ്റേജിലിരുന്ന് നാടകം കാണവെ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ ജിജീഷ്‌ നാരദാ ന്യൂസിനോടു മനസ്സുതുറക്കുന്നു.

https://soundcloud.com/news-narada/jijeesh-speaking-about-sfis-attack-on-him-in-university-college-thiruvananthapuram

''ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചിരിക്കുമ്പോള്‍ ഇവര്‍ രണ്ടുപേര്‍ വന്നിട്ട് പുറകിലൂടെ കൈകൊണ്ട് തട്ടിവിളിച്ച് എന്നെ പുറകിലേക്കു കൊണ്ടുപോയി. എന്നിട്ടെന്നോട് ഇവിടെ പഠിക്കുന്നതാണോന്നു ചോദിച്ചു. അല്ല, പഠിക്കുന്നതല്ല, ഞാന്‍ നാടകം കാണാന്‍ വന്നതാണെന്നു പറഞ്ഞു. നിനക്ക് പെണ്‍കുട്ടികളുടെ കൂടെയിരുന്നുതന്നെ നാടകം കാണണമെന്ന് നിര്‍ബന്ധമാണോന്ന് ചോദിച്ചു. അങ്ങനെയില്ല, ഫ്രണ്ട്‌സാണ്, അതുകൊണ്ടാണ് ഒരുമിച്ചിരുന്നതെന്നു പറഞ്ഞു.


അങ്ങനെയാണേല്‍ നിനക്ക് നാടകം കാണണമെന്നുണ്ടേല്‍ നീയൊരു കസേരയെടുത്തിട്ട് സ്റ്റേജിന്റെ അവിടെക്കൊണ്ടെയിട്ട് ഒറ്റക്കിരുന്ന് കാണാന്‍ പറഞ്ഞു. അല്ലെങ്കില്‍ ഈ ക്യാംപസില്‍ നിന്നും പോവാന്‍ പറഞ്ഞു. അപ്പോ, ഓകെ, എനിക്കറിയില്ല, ഈ ക്യാംപസില്‍ ഇങ്ങനെയുള്ള കാര്യം എനിക്കറിയില്ലായിരുന്നെന്നു പറഞ്ഞു. ആ, നിനക്കറിയില്ലാത്തതുകൊണ്ടാണ് ഇപ്പോ തല്ലാതെ വിടുന്നത്, അല്ലെങ്കില്‍ തല്ലിയിട്ടേ വിടൂ എന്നു പറഞ്ഞു. ഞാനപ്പോ തന്നെ എന്റെ കൂട്ടുകാരികളോട് പറഞ്ഞു. ഞാന്‍ പോവാണ് നിങ്ങള്‍ കണ്ടുകഴിഞ്ഞിട്ട് വന്നാമതീന്നു പറഞ്ഞു.

അപ്പോ നോര്‍മലി അവരെന്റെ കൂടെവന്നു. എന്താ പ്രശ്‌നമെന്നു ചോദിച്ച്. അപ്പോ ഇങ്ങനെ അവര്‍ക്കെന്തോ പ്രശ്‌നമുണ്ടെന്നു തോന്നുന്നുണ്ട്. എനിക്കറീല്ല എന്നു പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു ചോദിക്കുവൊന്നും വേണ്ട, വെറുതെ ഇഷ്യൂസിനൊന്നും നിക്കണ്ട, നമുക്ക് പോവാന്നു പറഞ്ഞു. അങ്ങനെ ഞങ്ങളൊരുമിച്ചങ്ങനെ നടന്ന് പുറത്തേക്കുപോവാന്‍ പോയി. കോംപൗണ്ടിനുള്ളില്‍തന്നെയൊരു കൊടിമരമുണ്ട്. ഫ്രണ്ടില്‍തന്നെ. അപ്പോ കോംപൗണ്ടിനുള്ളില്‍തന്നെ ഇവരെ പഠിപ്പിക്കുന്ന ഒരു അധ്യാപികയുണ്ടായിരുന്നു. അപ്പോ അവരെ കണ്ടപ്പോ അഷ്മിതയും സൂര്യഗായത്രിയുംകൂടി ഈ കാര്യങ്ങള്‍ പറഞ്ഞു. ഇന്നതാണ് ഇഷ്യു, എന്താണിങ്ങനെ ചെയ്യുന്നത്, ഇവരിങ്ങനെ പെരുമാറുന്നത്... പറഞ്ഞോണ്ടിരിക്ക്യായിരുന്നു. അപ്പോ ഞാനവിടെ നില്‍ക്കുന്നുണ്ട്. അപ്പോ എന്നെ വീണ്ടുമവര് കണ്ടപ്പോ എന്റടുത്തേക്ക് വീണ്ടുംവന്നു. എന്നോടുപറഞ്ഞു. നിന്നോട് മര്യാദയുടെ ഭാഷയിലാണ് ഇവിടുന്ന് പോവാന്‍ പറഞ്ഞത്, നിനക്കെന്താ പോവാറായില്ലേന്നു ചോദിച്ചു.

അപ്പോ ഞാന്‍ പോയ്‌ക്കൊണ്ടിരിക്കുകയാണ് സഹോദരാ, അവരവിടെ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നോണ്ടാണ് നിന്നതെന്നു പറഞ്ഞു. ഇത് പറഞ്ഞ്, ഇവരോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന സമയത്താണ് ഇതുകണ്ട് സൂര്യഗായത്രിയും അഷ്മിതയും എന്റെടുത്തേക്ക് വന്നത്. വന്നിട്ട് ഇവര്‌ടെയടുത്ത് വന്ന് ചോദിച്ചു. എന്താപ്രശ്‌നം. ജിജീഷ് ഞങ്ങടെ ഫ്രണ്ടാണ്. ഞങ്ങളിവിടുത്തെ സ്റ്റുഡന്റ്‌സാണ്. നിങ്ങക്കെന്താണ് പ്രശ്‌നം ഇതില്. ഇവിടൊരുപാട് പേര്‍ ഓപണ്‍ സ്റ്റേജില്‍ നാടകം കളിക്കുമ്പോ ഒരുപാട് പേര്‍ വരുന്നുണ്ട്. പുറമേന്ന്. പലരുടേം കൂട്ടുകാരും വരുന്നുണ്ട്. പിന്നെ നിങ്ങക്കെന്താണ് ഇവന്‍ വന്നതും ഞങ്ങള്‍ടെയടുത്തിരിക്കുന്നതും പ്രശ്‌നം എന്നു ചോദിച്ചു.

അപ്പോപറഞ്ഞു... നീ സംസാരിക്കണ്ട, നിങ്ങള്‍ സംസാരിക്കണ്ട, നിങ്ങക്ക് സംസാരിക്കാനുള്ള വോയ്‌സില്ല. ഞങ്ങളിവിടെ ഇവനോടാണ് സംസാരിച്ചോണ്ടിരിക്കണേന്നു പറഞ്ഞു. അപ്പോ എന്തുകൊണ്ടാ ഞങ്ങക്ക് വോയിസില്ലാത്തേന്നു ചോദിച്ചു. അപ്പോ പറഞ്ഞു, ഈ പെണ്‍പിള്ളേര് സംസാരിക്കണേന്റെ ഇടിമൊത്തം കിട്ടാന്‍പോണത് എനിക്കായിരിക്കൂന്ന് അവരെന്നോടു പറഞ്ഞു. ഞാന്‍ അപ്പോ സൂര്യഗായത്രിയോടും അഷ്മിതയോടും റിക്വസ്റ്റ് ചെയ്തു. വേണ്ട നിങ്ങള്‍ സംസാരിക്കണ്ട, ഞാന്‍ പൊക്കോളാം. എനിക്കീ പ്രശ്‌നത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ല. ഞാന്‍ പൊക്കോളാന്നു പറഞ്ഞു.

ഇതുപറഞ്ഞു കഴിഞ്ഞതും ഇവര് എന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചിട്ട്, ഞാന്‍ പോവാന്‍ നോക്കിയപ്പോള്‍ എന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചിട്ട് ഒറ്റയിടിയിടിച്ചു എന്റെ മൊഖത്ത്, എന്റെ മൊഖത്ത് ആദ്യത്തെ ഇടി ഇടിച്ചു. ആ ആദ്യത്തെ ഇടിയില്‍ ഞാന്‍ വീണു. വീണപാടെ ഞാന്‍ എഴുന്നേറ്റ്, എനിക്കെഴുന്നേറ്റ് നിക്കുമ്പഴേക്കും എവിടെന്നാന്നറീല്ല പത്തുപതിനഞ്ചോളം പേര്‍ എവിടെന്നൊക്കെയോ പറന്നുവന്ന്, ഈ കാര്യത്തെ പറ്റി അറിയോ കേള്‍ക്കോ ചെയ്യാത്ത പത്തുപതിനഞ്ചോളം പേര്‍ എന്നെ തല്ലുകയായിരുന്നു. ഞാന്‍ പറയുന്നുണ്ട്- തല്ലല്ലേന്നു പറയുന്നുണ്ട്. ഞാന്‍ പൊക്കോളാന്നു പറയുന്നുണ്ട്. ഇവരത് കേള്‍ക്കാന്‍ തയ്യാറാവുന്നില്ല, ഇവരെന്നെ തല്ലിക്കൊണ്ടിരിക്കുകയാണ്. അപ്പോ അഷ്മിതയും സൂര്യഗായത്രിയും തല്ലല്ലേന്നു പറയുന്നുണ്ട്. അപ്പോ ഈ സമയത്ത് ഇവരെന്നെ തല്ലിക്കൊണ്ടിരിക്കുന്നതിന്റെകൂടി അവര്ടടുത്ത് ചെന്നിട്ട് അവരെ തള്ളി, തള്ളി നിലത്തുവീഴ്ത്തിയിട്ട് അവരെ വലിക്കുന്നുണ്ട്... കൈയില്‍പ്പിടിച്ച് വലിച്ച് ക്യാംപസിന്റെ ഗെയിറ്റന്റവിട്ക്ക് കൊണ്ടുപോവുന്നുണ്ട്. എന്നിട്ട് പറഞ്ഞ് ക്യംപസിന്റെ വെളിയിലേക്കിറങ്ങാന്‍ പറഞ്ഞ്. അങ്ങനെ വലിച്ചുകൊണ്ടുപോവുന്നത് ഞാന്‍ കണ്ടു.

അത് കണ്ടപ്പതന്നെ എനിക്ക് മനസ്സിലായി. ഇവരെന്നെ പിടിച്ച് നിര്‍ത്തുന്നുണ്ട്. അപ്പോ എന്നെ പിടിച്ചുനിര്‍ത്തിയപ്പോ എനിക്ക് മനസ്സിലായി. എന്നെയിനീം തല്ലാനുള്ള സാധ്യതയുണ്ടെന്ന്. അപ്പോ ഞാനോടി. ഞാന്‍ ബാക്ക് ഗേറ്റ്, അപ്പറത്തെ ഗേറ്റ് വഴി ഞാന്‍ രക്ഷപെടാന്‍ ഓടി. അപ്പോ ഞാനോടുന്നതുകണ്ട് ഇവരെന്റെ പിന്നാലെവന്ന് ഓടിച്ചിട്ടുപിടിച്ച്, എന്നെയവിടെ ഗേറ്റിന്റെ മുന്നിലിട്ട്, അവിടത്തെ ഗേറ്റ് പൂട്ടി, എന്നിട്ട് ഗേറ്റിന്റെ മുന്നിലിട്ട് ചവിട്ടി ഇടിച്ച്, കല്ലും ഇരുമ്പുവടിയും എന്റെ പുറത്ത് തല്ലുകായിരുന്നു. തല്ല് കഴിഞ്ഞപ്പോ എനിക്ക് നിക്കാന്‍ പറ്റാണ്ടായി. എനിക്കാകെ... ഞാനവരോട് റിക്വസ്റ്റ് ചെയ്തിട്ടൊന്നും അവര് കേള്‍ക്കുന്നില്ല. എനിക്ക് നിക്കാന്‍പറ്റാണ്ടായി. എനിക്ക് തലകറങ്ങിയതോടെ ഞാന്‍ വീണു. അതേസമയത്ത്, അവര് പിന്നെ തല്ല് നിര്‍ത്തി... ഇവരെന്നെ എടുത്ത് എന്നെ റൂമിലേക്ക്, ഏതോ ക്ലാസ്‌റൂമാണ്. എന്നെ കൊണ്ടോയി. ബെഞ്ചില് കേറ്റിക്കെടത്തി.

കൊറേനേരം ഞാന്‍ ഓക്കെയാവാത്തോണ്ട് ഇവരെന്നോട് അധികം മിണ്ടീല്ല. പിന്നെ ഞാന്‍ ഓക്കെ ആയെന്നറിഞ്ഞപ്പോ ഇവരെന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തീട്ട് എന്നെക്കൊണ്ടു ചാടിപ്പിച്ചു. ഉപ്പൂറ്റിവച്ച് ചാടാന്‍ പറഞ്ഞു. അപ്പോ ഈ കാലിനു നല്ല വേദനയുള്ളോണ്ടു ചാടാന്‍ പറ്റീല്ല. അപ്പോ അവരെന്റെ കഴുത്തിന് പിടിച്ചിട്ട് തലേമ്മെ തല്ലി ഒന്നുംകൂടി. മര്യാദക്ക് നിന്നോട് ചാടാനാ പറഞ്ഞേന്നു പറഞ്ഞു. അപ്പോ ഞാന്‍ ചാടി. പിന്നെയും അതുകഴിഞ്ഞെന്നെ വീണ്ടും ആ ബെഞ്ചില്‍ കൊണ്ടിരുത്തി. എന്നിട്ടു പറഞ്ഞു- നിനക്കിപ്പോ കിട്ടിയ തല്ല് മൊത്തം നീ എരന്ന് മേടിച്ചതാണ്. ഈ പെണ്‍കുട്ടികള് ഇങ്ങനെ സംസാരിച്ചോണ്ട് മാത്രാണ് നിനക്ക് തല്ല് കിട്ടിയത്. നീയീ ക്യാംപസിലേക്കു വരേണ്ട യാതൊരു ആവശ്യവുമില്ല. ഈ വക പെണ്‍കുട്ട്യോള്‍ടെ കൂടി ക്യാംപസിലേക്ക് നിന്നെ കടക്കാന്‍തന്നെ സമ്മതിക്കില്ലായിരുന്നു.

ഈ പെണ്‍കുട്ടികള്‍ എത്രക്കാരികളാണെന്ന് നിനക്കറിയോന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു- എനിക്കറീല്ല, എന്റെ സുഹൃത്തുക്കളാണെന്നു പറഞ്ഞു. എനിക്കു വേറൊന്നും പറയാന്‍ പറ്റണില്ല. കാരണം ഞാന്‍ പേടിച്ചിട്ടാണിരിക്കുന്നത്. ഈ പെണ്‍കുട്ടികളൊക്കെ വളരെ പോക്ക് പെണ്‍കുട്ടികളാണ്. ഇവരുമായിട്ടൊക്കെ നിന്നെ, പൊറത്ത് റോഡില്‍വച്ച് വേറാരെങ്കിലുമൊക്കെ കണ്ടാല്‍പ്പോലും അവര് നിന്നെ വന്ന് തല്ലും. അല്ലെങ്കില്‍ ഞങ്ങള്‍ തന്നെ ഇനീം ഈ പെണ്‍കുട്ട്യോള്‍ടെ കൂടെ കണ്ടുകഴിഞ്ഞാ നിന്നെ എവിടെവച്ചു വേണേലും ഞങ്ങള്‍ തല്ലും എന്നുപറഞ്ഞ്. അത് ക്യാംപസിനകത്താണേലും പൊറത്താണേലും തല്ലുമെന്നു പറഞ്ഞു. മര്യാദക്കിനി ഒറ്റയ്ക്ക് നടന്നാല്‍മതി. വേറെയെവിടേക്കേലും പോയി നടന്നോ, ഈ ഏരിയയിലേക്കിനി വരല്ലെന്നു പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു, ശരി ഇനി വരില്ലാന്നു പറഞ്ഞു.

അപ്പോ, ഇനി നീ പൊറത്തെറങ്ങീട്ട് മീഡിയാസിനോടോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലോ വല്ലതും പോയി കംപ്ലയിന്റ് ചെയ്യാനാണ് പ്ലാനെങ്കില് ഇപ്പത്തന്നെ നിന്റെ കൈയില്‍ കഞ്ചാവിന്റെ പൊതി തന്നിട്ട്, നീയിവിടെ കഞ്ചാവുംകൊണ്ടു വന്നൂന്ന് പറഞ്ഞിട്ട് പോലീസിന്റെ കൈയില്‍ ഏല്‍പ്പിക്കാവുന്നതേയുള്ളൂ. ഇനി നീ പൊറത്തെറങ്ങീട്ടാണ് ചെയ്യാന്‍ പ്ലാനെന്നുവച്ചുകഴിഞ്ഞാല്‍ ഇവിടത്തെ ഏതേലും പെണ്‍കുട്ടികളെ കൊണ്ട് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങിച്ചിട്ട് നീയാ പെണ്‍കുട്ടിയെ കേറിപ്പിടിക്കാന്‍ ശ്രമിച്ചൂന്നോ അല്ലെങ്കില്‍ ഈ പെണ്‍കുട്ടീടെ അടുത്ത് അപമര്യാദയായി പെരുമാറിയെന്നോ പറഞ്ഞിട്ട് ഒരു കംപ്ലയിന്റ് കൊടുക്കാവുന്നതേയുള്ളൂ. നീ പെട്ട്‌പോകും. നിന്റെ ജീവിതം തൊലഞ്ഞുപോവും. അപ്പോ നീയത് ആലോചിച്ചിട്ട് ഇവിടന്ന് പൊറത്തേക്കെറങ്ങീട്ട് പെരുമാറാന്‍ പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു, എനിക്കൊരു കംപ്ലയിന്റും ഇല്ലാന്നു പറഞ്ഞു....

അപ്പോ, ഓകെ, പിന്നെ നീ ചെയ്യേണ്ടത്, പൊറത്ത് സൂര്യഗായത്രീം അഷ്മിതേം നിക്കുന്നൊണ്ട്, അവരെ വിളിച്ചിട്ട് പറയാ, ഒരു മീഡിയാസിന്റടുത്തും ഒരു പോലീസ് സ്‌റ്റേഷനിലും പോവരുതെന്ന് ഇപ്പോ പറയണം, പോയിക്കഴിഞ്ഞാല്‍ നിന്നെയിവിടുന്ന് വിടില്ലാന്നു പറഞ്ഞു. അത് നീ ഫോണ്‍ വിളിച്ചിട്ട് ലൗഡ് ഇട്ട് അവരോട് പറയണത് ഇവരെ കേള്‍പ്പിക്കാന്‍ പറഞ്ഞു. അപ്പോ ഞാന്‍ ഫോണ്‍ വിളിച്ചു, ഇവരെ കേള്‍പ്പിച്ചു. അപ്പോ അവര് പറഞ്ഞു. എനിക്കുവേണ്ടി അവര് പറഞ്ഞു. ആ ഞങ്ങള് പൊക്കോളാന്നു പറഞ്ഞൂ. കാരണം ഞാന്‍ കരഞ്ഞിട്ട്, ഞാന്‍ ഇത്രേം വെഷമത്തിലാ പറയണേന്നു അവര്‍ക്ക് മനസ്സിലായോണ്ട് അവര് പൊക്കോളാന്നു പറഞ്ഞു.

അത് കഴിഞ്ഞ് കൊറച്ച്കഴിഞ്ഞിട്ടാണ്... ഇവരെന്നോട് ഇവിടെ കൊറച്ചുനേരം ഇരിക്കെന്നു പറഞ്ഞു. കൊറച്ചുനേരം ഇരുന്നുകഴിഞ്ഞപ്പോ ഒരു പോലീസുകാരന്‍ അതിന്റുള്ള്ക്ക് വന്ന്, എന്നിട്ടു പറഞ്ഞു. എന്തേലും കംപ്ലിയിന്റുണ്ടോന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു...കംപ്ലയിന്റൊന്നുമില്ല. കാരണം ആ മൊമന്റില്‍ ഞാനവിടെ കംപ്ലിയിന്റുണ്ടെന്നു പറഞ്ഞാലും എന്തായിരിക്കും അവസ്ഥാന്ന് എനിക്ക് നല്ലോണം അറിയാം... കംപ്ലിയിന്റൊന്നും ഇല്ല സാറേന്നു പറഞ്ഞു. എന്താ ചെയ്യണേ, എവിടാ, സ്ഥലവും കാര്യങ്ങളുമൊക്കെ ചോദിച്ചു. ഇന്നപോലെയാണ് പറഞ്ഞു. അതുകഴിഞ്ഞെന്നെ പൊറത്തേക്കിറക്കി... എന്നെ പൊറത്തുകൊണ്ടാക്കി... സാരല്ല്യ, പോലീസുകാരനാണ് പറയുന്നത്- സാരല്ല്യ, കൊഴപ്പല്ല്യ, ഇനീപ്പത് പ്രശ്‌നാക്കാന്‍ നിക്കുവൊന്നു വേണ്ടാട്ടാ, ക്യാംപസൊക്കെയാണ്, ഇങ്ങനെയൊക്കെതന്നെയാണ് എന്നൊള്ള രീതീലൊക്കെ സംസാരിച്ചു. ശരീ എന്നുംപറഞ്ഞു...

ഞാനപ്പഴത്തെ പേടീല്‍ എത്രേംപെട്ടെന്ന് റൂമില്ലെത്തുകാന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. കാരണം എനിക്ക് ആ ഏരിയയില്‍ ഒന്നും നില്‍ക്കാന്‍ പറ്റണില്ല. ഞാന്‍ തലകറങ്ങീട്ട് ആകെ പ്രശ്‌നത്തിലാ നിക്കണത്. അങ്ങനെ നിക്കുന്ന സമയത്താണ് ഇവരെന്നെ വിളിച്ചത്... അപ്പോ നമുക്ക് ഹോസ്പിറ്റലില്‍ പോവാം ആദ്യം എന്നുപറഞ്ഞിട്ടാണ് ഹോസ്പിറ്റലില്‍ പോയത്. പിന്നെയീ പറഞ്ഞ പോലെ ഞങ്ങള്‍ കംപ്ലയിന്റ് ചെയ്തു. പോലീസുകാര് വന്നിരുന്നു. മൊഴിയെടുത്തു. അവര്‌ടെ അടുത്ത് എല്ലാ കാര്യങ്ങളും വ്യക്തമായിട്ട് പറഞ്ഞു. ഡോക്ടറുടെ അടുത്തിന്ന് റിപ്പോര്‍ട്ട് വാങ്ങിച്ചു.

എത്ര മണിക്കൂര്‍ ഏകദേശം അതിനുള്ളില്‍ മര്‍ദ്ദനം ഉണ്ടായിരുന്നു ?

എന്നെ ആ മുറിക്കകത്ത്, ഒരു മുക്കാല്‍ മണിക്കൂറോളം ഇരുത്തിയിട്ടുണ്ട് അവര്‍... പിന്നെ ഒരു മണിക്കൂറോളം എന്നെയീപ്പറഞ്ഞ പോലെ തല്ലുക തന്നെയായിരുന്നു അവര്‍. എനിക്കു മനസ്സിലാവണില്ല, എന്തിനാ അവര് ഇതേപോലെ തല്ലണത്. ഒരാളെ ഇതേപോലെ തല്ലണതിനൊക്കെ ഒരു....ഒരു... എന്ത് റീസണാണേല്‍പ്പോലും, ഒരാളെ ഇതേപോലെ തല്ലുക എന്നൊക്കെ പറഞ്ഞാല്‍ ഭയങ്കര...

ഏതൊക്കെ രീതിയിലാണ് മര്‍ദ്ദിച്ചത് ?

അവര് കൂട്ടമായിട്ട് വന്നിട്ട് എവിടെയൊക്കെയോ.... എന്റെ മുഖത്ത് ആദ്യത്തെ ഇടി വീണതിലും എന്റെ തലേടെ പുറകിലുമൊക്കെ ഭയങ്കര പാടുകളായിരുന്നു. പൊറത്ത് വച്ച് തല്ലീട്ടാണ് എന്നെ റൂമിനകത്തോട്ടുകൊണ്ടുപോയിട്ട് എക്‌സ്ട്രാ... ഞാന്‍ ചാടാന്‍ പറ്റണില്ലാന്നു പറഞ്ഞപ്പോ... കാലിനു വയ്യ... എന്റെ കാലിന്മേലൊക്കെ അവര്‍ ഒരുപാട് ചവിട്ടേം ഇടിക്കേം ഒക്കെ ചെയ്തിട്ടുണ്ട്...

നമ്മളൊന്നും ചെയ്യാതെ ഇങ്ങനെ മര്‍ദ്ദിക്കുക എന്നു പറയുന്നതാണ് എനിക്കേറ്റവും വിഷമുണ്ടായ കാര്യം. നെഞ്ചിലും വയറിലും പുറത്തും നടുവിലുമൊക്കെ മര്‍ദ്ദിച്ചു. ഇപ്പോഴും നല്ല നടുവേദനയുണ്ട്. ചതഞ്ഞുകിടക്കുകയാണ്. ഫുള്‍ടൈം ഹോസ്പിറ്റലില്‍ കിടക്കാന്‍ പറ്റാത്തൊരു അവസ്ഥയാണ്. കാരണം ഹോസ്പിറ്റലില്‍ കിടന്നാല്‍പ്പോലും അവിടെ ആളുകള്‍ പറയുന്നത്, അത് അവരുടെ ഏരിയയാണ്, നിങ്ങള്‍ക്ക് വീണ്ടും പ്രശ്‌നമാണ് എന്നൊക്കെയാണ്.

ഇനി ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടു കൊണ്ടുപോവേണ്ടതുള്ളതുകൊണ്ടും ഹോസ്പിറ്റലില്‍ കിടക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും കേസ് കൊടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കാരണം ഈ പെണ്‍കുട്ടികള്‍ക്ക് ആ കോളേജില്‍ തന്നെ തുടര്‍ന്നു പഠിക്കണം. ഇനിയീ കോളേജില്‍ നിങ്ങള്‍ കാലുകുത്തില്ലെന്നാണ് അവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ അവര്‍ക്കു പഠിക്കാനുള്ള വഴി കൂടി ഉണ്ടാക്കിക്കൊടുക്കേണ്ടതും ഒരു ലക്ഷ്യമാണ് - ജിജീഷ് വ്യക്തമാക്കി.

Read More >>