തിരുവനന്തപുരത്തെ കല്ല്യാണ്‍, രാമചന്ദ്രന്‍, പോത്തീസ് എന്നീ സ്ഥാപനങ്ങളിൽ ഗുരുതരമായ നിയമലംഘനങ്ങളെന്ന് വിജിലൻസ്; കർശന നടപടി വേണമെന്ന് റിപ്പോർട്ട്

സംസ്ഥാനത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ വനിതാ തൊഴിലാളികള്‍ക്കു നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചു അനേകം പരാതികളാണ് അടുത്തിടെ ഉയര്‍ന്നു വന്നിട്ടുള്ളത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാരുടെ ശോചനീയാവസ്ഥ സംബന്ധിച്ചു അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ്, കല്ല്യാണ്‍ സാരീസ്, പോത്തീസ് എന്നീ സ്ഥാപനങ്ങളില്‍ ജൂലൈ 25നാണ് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ പരിശോധന നടത്തിയത്.

തിരുവനന്തപുരത്തെ കല്ല്യാണ്‍, രാമചന്ദ്രന്‍, പോത്തീസ് എന്നീ സ്ഥാപനങ്ങളിൽ ഗുരുതരമായ നിയമലംഘനങ്ങളെന്ന് വിജിലൻസ്; കർശന നടപടി വേണമെന്ന് റിപ്പോർട്ട്തിരുവനന്തപുരം നഗരഹൃദയത്തിലെ പ്രമുഖ വസ്ത്രവിതരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതരമായ ചട്ടലംഘനങ്ങള്‍.  കല്ല്യാണ്‍ സാരീസ്, രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ്, പോത്തീസ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.  വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ സര്‍ക്കാരിലേക്കു നല്‍കിയിരിക്കുകയാണ്.

സംസ്ഥാനത്തെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ വനിതാ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചു മനുഷ്യാവകാശ കമ്മിഷനു അനേകം പരാതികൾ ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. തുർന്നാണ്  രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ്, കല്ല്യാണ്‍ സാരീസ്, പോത്തീസ് എന്നീ സ്ഥാപനങ്ങളില്‍  വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ പരിശോധന നടത്തിയത്. കഴിഞ്ഞ ജൂലൈ 25നായിരുന്നു പരിശോധന.  വിവരാവകാശ പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് പരിശോധന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സില്‍  ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയത്. സ്ത്രീ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലെന്നുള്ളതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡെപ്യൂട്ടി സുപ്രണ്ട് നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടും സര്‍ക്കാരിനു സമര്‍പ്പിച്ചു.

ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ടിസി 38/208 നമ്പര്‍ കെട്ടിടവും സുന്ദര ലിംഗത്തിന്റെ ഉടമസ്ഥതയിലുള്ള ടിസി 38/2010 നമ്പര്‍ കെട്ടിടവും താമസ ആവശ്യങ്ങള്‍ക്കുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണെന്നും എന്നാല്‍ അത് കച്ചവട ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി ഉടന്‍ നടപടി സ്വീകരിക്കേണ്ടതാണെന്നുള്ള നിര്‍ദ്ദേശവും റിപ്പോർട്ടിലുണ്ട്.

അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നതാണെന്നും അതു ഉടന്‍ പൊളിച്ചു നീക്കണമെന്നും റിപ്പോര്‍ട്ട് നിർദ്ദേശിക്കുന്നു.  തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി തന്നെ ഇക്കാര്യത്തിലും നടപടിയെടുക്കണം. കെട്ടിടത്തിന്റെ പോരായ്മ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്ത സെക്ഷന്‍ ഓഫീസറിൽനിന്നും വിശദീകരണം തേടണമെന്നും  ഡിവിഷന്‍ ഓഫീസര്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണെന്നുള്ള നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.

രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സില്‍ വനിതാജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അഗ്‌നിശമന സംവിധാനങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും വിജിലന്‍സ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കുന്നു. ഇത്തരം കാര്യങ്ങള്‍ ഉറപ്പു വരുത്താന്‍ അഗ്‌നിശമനസേനാ വിഭാഗം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തണമെന്നും പരിശോധനയില്‍ വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.പൊലീസും വിജിലൻസും  സംയുക്തമായാണു കല്ല്യാണ്‍ സാരീസില്‍ പരിശോധന നടത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍ അനുശാസിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായാണോ തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തണമെന്നു പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. അഗ്‌നിശമന സേനാ വിഭാഗം സ്ഥാപനത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മിഷണറും തൊഴില്‍ വകുപ്പും ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

വിജയമോഹന്‍ ആര്‍ എസ്, ശ്രീമതി അമൃത പി എസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ടിഎന്‍ 80/2092 നമ്പര്‍ ഭൂമി താമസ ആവശ്യത്തിനുവേണ്ടിയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കല്ല്യാണിലെ ജോലിക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത സ്ഥലം വ്യാപാര ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നതായാണു ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.പോത്തീസ് ടെക്‌സ്‌റ്റൈല്‍സില്‍ വിജിലന്‍സും പൊലീസ് കമ്മീഷണറും ചേര്‍ന്നു നടത്തിയ മിന്നല്‍ പരിശോധനയിലും ഗുരുതരമായ ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. സ്ത്രീകള്‍ക്കു ടോയ്‌ലറ്റ് ആവശ്യത്തിനു വേണ്ടി നീക്കി വയ്‌ക്കേണ്ട സ്ഥലം വ്യാപാര ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലേബര്‍ കമ്മീഷണര്‍, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവര്‍ പോത്തീസ് സന്ദര്‍ശിച്ച്  മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. പ്രസ്തുത സാഹചര്യം കെഎംബി നിയമത്തിന്റെ പ്രത്യക്ഷ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുശാസിക്കുന്നതു പ്രകാരം വ്യാപാര അവശ്യത്തിനുവേണ്ടി നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ അവശ്യമായിവരുന്ന കക്കൂസുകള്‍, ടോയ്‌ലറ്റുകള്‍ എന്നിവയുടെ അനുപാതം പോത്തീസില്‍ ഉണ്ടോയെന്ന് പരിശോധനാ സംഘം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. തൊഴില്‍ വകുപ്പ്, എഞ്ചിനീയറിങ് ആന്‍ഡ് ഹെല്‍ത്ത് വിങ്, സാമൂഹിക നീതി വകുപ്പ്, അഗ്‌നിശമന സേന എന്നിവര്‍ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുകയും സ്ഥാപനം നടത്തിവരുന്ന നിയമ ലംഘനത്തിനെതിരെ നടപടിയെടുക്കേണ്ടതാണെന്നും പരിശോധനാ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

പോത്തീസില്‍ സാമൂഹികനീതി വിഭാഗം മിന്നല്‍ പരിശോധന നടത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.  പോത്തീസ് നികുതി ഒടുക്കുന്നുണ്ടെന്നു റവന്യൂ വിഭാഗം ഉറപ്പുവരുത്തേണ്ടണെന്നും ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനിയമ നടപടി സ്വീകരിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Read More >>