ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതാര്? പിഎസ്‌സി ചോദ്യപേപ്പറിലെ ഓപ്ഷനിൽ  വെള്ളാപ്പള്ളി നടേശനും!

നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ വിശാല ഐക്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞ വെള്ളാപ്പള്ളി നടേശനെ പി എസ് സി ചോദ്യപേപ്പറിൽ സാമൂഹ്യപരിഷ്ക്കർത്താക്കളോടൊപ്പം ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾക്കിടയാക്കിയത്.

ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതാര്? പിഎസ്‌സി ചോദ്യപേപ്പറിലെ ഓപ്ഷനിൽ  വെള്ളാപ്പള്ളി നടേശനും!

ജാതി വേണ്ട,  മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന ഉദ്ധരണിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് സാമൂഹ്യപരിഷ്ക്കർത്താക്കളായ ഗുരു നിത്യ ചൈതന്യ യതി, സഹോദരൻ അയ്യപ്പൻ , ശ്രീനാരായണഗുരു എന്നിവരോടൊപ്പം ഓപ്ഷനിൽ വെള്ളാപ്പള്ളി നടേശന്റെ പേരും ഉൾപ്പെടുത്തിയതാണ് ചർച്ചയായിരിക്കുന്നത്. ഉത്തരത്തിന്റെ ഓപ്ഷനിൽ മൂന്നാമതായാണ് വെള്ളാപ്പള്ളിയുടെ പേര് ചേർത്തിരിക്കുന്നത്.

ചോദ്യത്തിന്റെ ശരിയുത്തരം സഹോദരൻ അയ്യപ്പൻ ആണ്. സാമൂഹ്യപരിഷ്ക്കർത്താക്കളായ മറ്റ് മൂന്ന് പേരോടൊപ്പം വെള്ളപ്പള്ളി നടേശന്റെ പേരും ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ വിശാല ഐക്യമാണ് ലക്ഷ്യമെന്ന് പലവട്ടം പറഞ്ഞ വെള്ളാപ്പള്ളിയെ ഓപ്ഷനിൽ ഉൾപ്പെടുത്തിയത് സാമൂഹ്യ പരിഷ്ക്കർത്താക്കളേയും പോരാട്ടങ്ങളേയും അവഹേളിക്കുന്നതാണെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു.


ഇന്നലെ നടന്ന ആരോഗ്യവകുപ്പ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷാ ചോദ്യപേപ്പറിലാണ് ഇക്കാര്യമുള്ളത്. കേരളത്തിൽ മാറുമറയ്ക്കൽ അവകാശത്തിനായി നടന്ന സമരം ഏതെന്ന ചോദ്യത്തിന്റെ ഓപ്ഷനിൽ ചുംബനസമരം ഇടം നേടിയതും കൗതുകമായി.  ചാന്നാർ ലഹള, കുറിച്യർ ലഹള, പുന്നപ്ര വയലാർസമരം എന്നിവയാണ് ഉത്തരത്തിനുള്ള മറ്റ് മൂന്ന് ഓപ്ഷനുകൾ.

ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ഏതെന്ന ചോദ്യത്തിനുള്ള ഓപ്ഷനിൽ ' ബ്ലൂടൂത്ത്' ഉൾപ്പെടുത്തിയതും വിദ്യാർത്ഥികളെ രസിപ്പിച്ചു. ഖരം, വാതകം, പ്ലാസ്മ എന്നീ ഓപ്ഷനുകൾക്കൊപ്പമാണ് ബ്ലൂടൂത്തും ഇടം നേടിയത്.

പി എസ് സി ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കിയത് കേരള സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആണോ എന്നതടക്കമുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.