ലോ അക്കാദമി: സമരസപ്പെടാതെ വി.എസ്, അധികഭൂമി തിരിച്ചുപിടിക്കണം എന്ന് റവന്യുമന്ത്രിക്ക് വീണ്ടും കത്ത്

പ്രിന്‍സിപ്പാളിനെ മാറ്റുന്നത് മാത്രമല്ല പ്രശ്നമെന്നും ലോ അക്കാദമി കൈവശംവെച്ച ഭൂമി സംബന്ധിച്ച വ്യക്തതയാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി വി.എസ് വീണ്ടും റവന്യുമന്ത്രിക്ക് കത്ത് നല്‍കി.

ലോ അക്കാദമി: സമരസപ്പെടാതെ വി.എസ്, അധികഭൂമി തിരിച്ചുപിടിക്കണം എന്ന് റവന്യുമന്ത്രിക്ക് വീണ്ടും കത്ത്

ലോ അക്കാദമി സമരം ഒത്തു തീര്‍പ്പായതിന്റെ ചര്‍ച്ചയും വിശകലനവും സജീവമായിരിക്കുമ്പോഴാണ് യഥാര്‍ത്ഥപ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന സൂചനയുമായി വി.എസ്.അച്ചുതാനന്ദന്‍ വീണ്ടും രംഗത്തെത്തുന്നത്. പ്രിന്‍സിപ്പാളിനെ മാറ്റുന്നത് മാത്രമല്ല യഥാര്‍ത്ഥ പ്രശ്നമെന്നും അക്കാദമി കൈവശംവെച്ച ഭൂമി സംബന്ധിച്ച വ്യക്തതയാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി വി.എസ് വീണ്ടും റവന്യുമന്ത്രിക്ക് കത്ത് നല്‍കി. ലോ അക്കാദമി വിഷയത്തില്‍ വി.എസ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് നല്‍കുന്ന രണ്ടാമത്തെ കത്താണിത്.


അക്കദാമിയുടെ കൈവശം ഉള്ള സര്‍ക്കാര്‍ ഭൂമി പരിശോധിച്ച് റിപ്പോര്‍ട്ട് ലഭിച്ചതായി അറിഞ്ഞെന്നും അധിക ഭൂമിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കില്‍ എത്രയും വേഗം സര്‍ക്കാര്‍ ഈ ഭൂമി തിരിച്ചുപിടിക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നു. കൂടാതെ സെക്രട്ടറിയേറ്റിന് സമീപം പുന്നന്‍ റോഡില്‍ ഫ്‌ളാറ്റ് സമുച്ചയം പണിത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതും നിയമപരമായാണോ എന്ന് പരിശോധിക്കണം. ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണും വി.എസ് കത്തില്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാര്‍ ഭൂമി കൈമാറിയത് ഗവര്‍ണറും മന്ത്രിയുമെല്ലാം ഉള്‍പ്പെട്ട ലോ അക്കാദമി ട്രസ്റ്റിനാണ് എന്നാണ് മനസിലാകുന്നത്. അങ്ങനെയുള്ള ഒരു ട്രസ്റ്റിന്റെ ഘടന മാറിയതും പരിശോധിക്കപ്പെടണം.

ലോ അക്കാദമി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമിയെ കുറിച്ച് അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടു താന്‍ നല്‍കിയ ആദ്യത്തെ കത്ത് പരിഗണിച്ചു അന്വേഷണത്തിനു ഉത്തരവിട്ടതില്‍  റവന്യൂമന്ത്രിക്ക് വി.എസ് ഇപ്പോഴത്തെ കത്തില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്

Read More >>