കലാപത്തിനൊരുങ്ങി ശശികല; വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചു പനീർശെൽവം; മുതലെടുക്കാൻ ബിജെപി

വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന കേസിൽ ശശികലയ്ക്കെതിരെയുളള സുപ്രിംകോടതി വിധി വൈകുന്നതും അന്തരീക്ഷം കൂടുതൽ കലുഷിതമാക്കുന്നുണ്ട്. ഇനി ശശികലയ്ക്ക് അധികാരം ലഭിച്ചില്ലെങ്കിൽ ജയലളിതയുടെ അന്ത്യത്തിനും അവർ സമാധാനം പറയേണ്ടി വന്നേക്കാം. അതുകൊണ്ട് രണ്ടും കൽപ്പിച്ച കളികൾക്ക് ചിന്നമ്മ അവസാന നിമിഷം വരെ ശ്രമിക്കുമെന്ന് ഉറപ്പാണ്.

കലാപത്തിനൊരുങ്ങി ശശികല; വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചു പനീർശെൽവം; മുതലെടുക്കാൻ ബിജെപി

ജനാധിപത്യത്തിലുളള വിശ്വാസം കൊണ്ടാണ് ക്ഷമിക്കുന്നതെന്നും അതു കഴിഞ്ഞാൽ വേണ്ടതു ചെയ്യുമെന്നും ഭീഷണി മുഴക്കി ചെന്നൈ മറീനാ ബീച്ചിലെ ജയലളിതാ സ്മാരകത്തിൽ തിങ്കളാഴ്ച വി കെ ശശികല നിരാഹാരത്തിനൊരുങ്ങുമ്പോൾ തമിഴ്നാട് രാഷ്ട്രീയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിയുടെ വക്കിലാണ്. ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ഒ പനീർ ശെൽവം പ്രത്യാക്രമണത്തിൽ ഓരോദിവസവും ശശികല ക്യാമ്പിൽ നിന്ന് കൊഴിഞ്ഞ എംഎൽഎമാരുടെ എണ്ണം ഇരുപതായി. ശശികല പക്ഷം കലാപം അഴിച്ചു വിട്ടാൽ അവസരം മുതലാക്കി ഗവർണർ ഭരണം ഏർപ്പെടുത്താമെന്ന ആലോചനയിലാണ് ബിജെപി.


ശശികലയ്ക്കൊപ്പം ഗവർണറെ സന്ദർശിച്ച കെ പാണ്ഡ്യരാജനും പാർടി വക്താവ് സി. പൊന്നയ്യനുമാണ് ഏറ്റവും ഒടുവിൽ കാലുമാറിയ പ്രമുഖർ. പനീർസെൽവത്തിനു പിന്നിൽ ബിജെപി ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന അഭ്യൂഹം ശരിവെയ്ക്കുന്ന നീക്കങ്ങളാണ് പാർടി തമിഴകത്തു നടത്തുന്നത്. ഗവർണറും കളിക്കളത്തിൽത്തന്നെയുണ്ട്.

നിരാഹാരത്തിന്റെ മറവിൽ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാൻ ശശികല പക്ഷം ശ്രമിക്കുന്നതെന്ന ഊഹം ശക്തമാണ്. ഇതിനായി ചെന്നൈ നഗരത്തിൽ മാത്രം അഞ്ഞൂറോളം ഗുണ്ടകളെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ഗവർണറുടെ പ്രത്യേക നിർദ്ദേശപ്രകാരം ലോഡ്ജുകളിലും ഹോട്ടലുകളിലും പോലീസ് റെയിഡ് ആരംഭിച്ചിട്ടുണ്ട്. കാവൽ മുഖ്യമന്ത്രിയായ പനീർസെൽവത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതെ ശശികലയുടെ നിർദ്ദേശങ്ങളാണ് പോലീസിൽ നടപ്പാകുന്നത് എന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർ നേരിട്ട് പോലീസ് മേധാവിയ്ക്ക് നിർദ്ദേശങ്ങൾ നൽകിയത്.

പോലീസിനെ നിഷ്ക്രിയമാക്കി കലാപം സംഘടിപ്പിക്കുകയും അതുവഴി ഗവർണറുടെ മേൽ സമ്മർദ്ദം ശക്തമാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ശശികലയുടെ ഭീഷണിയ്ക്കു പുറകിലെന്ന് കരുതുന്നവരുണ്ട്. ഇതു മുൻകൂട്ടി കണ്ടാണ് പോലീസ് മേധാവികളെ ഗവർണർ വിളിച്ചുവരുത്തിയതെന്നും അവർ വാദിക്കുന്നു. ഗവർണറെ സമ്മർദ്ദത്തിലാക്കാൻ ശശികല പക്ഷത്തിനു വേറെ മാർഗങ്ങളില്ല.

അരുണാചൽ പ്രദേശിൽ സമ്പൂർണ കൂറുമാറ്റം സംഘടിപ്പിച്ച് മന്ത്രിസഭയെ അപ്പാടെ സ്വപക്ഷത്തേയ്ക്കു കൊണ്ടു വന്ന തന്ത്രം ബിജെപി തമിഴ്നാട്ടിലും പയറ്റുമെന്ന് വാർത്തകളുണ്ടായിരുന്നു. കൂറുമാറ്റനിയമവും കോടതികളുടെ ജാഗ്രതയുമൊക്കെ കണക്കിലെടുക്കുമ്പോൾ അതു പ്രായോഗികമാക്കുക എളുപ്പമല്ല. എന്നാൽ ക്രമസമാധാനധ്വംസനത്തിന്റെ പേരിൽ സർക്കാരിനെ പിരിച്ചു വിടാൻ കേന്ദ്രസർക്കാരിനു കഴിയും. മൂന്നിലൊന്ന് എംഎൽഎമാരെ അടർത്തി മാറ്റി പുതിയ തിരഞ്ഞെടുപ്പിലേയ്ക്കു കാര്യങ്ങളെ എത്തിക്കാനും ബിജെപി ശ്രമിച്ചേക്കാം.

വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന കേസിൽ ശശികലയ്ക്കെതിരെയുളള സുപ്രിംകോടതി വിധി വൈകുന്നതും അന്തരീക്ഷം കൂടുതൽ കലുഷിതമാക്കുന്നുണ്ട്. ഇനി ശശികലയ്ക്ക് അധികാരം ലഭിച്ചില്ലെങ്കിൽ ജയലളിതയുടെ അന്ത്യത്തിനും അവർ സമാധാനം പറയേണ്ടി വന്നേക്കാം. അതുകൊണ്ട് രണ്ടും കൽപ്പിച്ച കളികൾക്ക് ചിന്നമ്മ അവസാന നിമിഷം വരെ ശ്രമിക്കുമെന്ന് ഉറപ്പാണ്.

Read More >>