ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിരാട് കോഹ്‌ലിക്ക് 49 ലക്ഷം രൂപ നല്‍കിയതായി ആരോപണം

വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരം ലഭിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്‌

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിരാട് കോഹ്‌ലിക്ക് 49 ലക്ഷം രൂപ നല്‍കിയതായി ആരോപണം

കേദാര്‍നാഥ് വെള്ളപ്പൊക്കത്തിന് ഇരയായവര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് 49 ലക്ഷം രൂപ നല്‍കിയതായി ആരോപണം. ടൂറിസം വകുപ്പിന്റെ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അഭിനയിച്ചതിനാണ് കോഹ്‌ലിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയതെന്ന് സംസ്ഥാനത്തെ ബിജെപി നേതാവ് ആരോപിച്ചു.

വിവരാവകാശ നിയമപ്രകാരമാണ് ഇയാള്‍ക്ക് ഈ വിവരം ലഭിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. 2015 ജൂണിലാണ് കോഹ്‌ലിക്ക് ഹരീഷ് റാവത്ത് ഗവണ്‍മെന്റ് തുക കൈമാറിയതെന്ന് ഇയാള്‍ ആരോപിച്ചു. ഈ കാലത്ത് കോഹ്‌ലി ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിരാട് കോഹ്‌ലിയുടെ വക്താവ് ബണ്ടി സജേദ് പറഞ്ഞു. ഉത്തരാഖണ്ഡ് സംസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള പണമിടപാടും കോഹ്‌ലി നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തിന് ടൂറിസം വളരെ പ്രധാനപ്പെട്ടതാണെന്നും അതിന്റെ പ്രമോഷനായി അറിയപ്പെടുന്ന ഒരു വ്യക്തിയെ നിയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സുരേന്ദ്ര കുമാര്‍ ചോദിച്ചു. കേദാര്‍നാഥ് ദുരിതാശ്വാസ ഫണ്ടിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട ബിജെപി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.