'ഓടിക്കോ, പൈലറ്റിന് തലയ്ക്ക് നല്ല സുഖമില്ല...' യുണൈറ്റഡ് എയര്‍ലൈന്‍സ്‌ യാത്രക്കാര്‍ക്കുണ്ടായ അനുഭവം

വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു സ്വയം സമ്മതിച്ചു ഒരു പൈലറ്റ് യാത്രക്കാരെ അഭിസംബോധന ചെയ്തത്

"എനിക്ക് ഇപ്പോള്‍ മാനസികമായി നല്ല സുഖമില്ല, സാരമില്ല, ഈ വിമാനത്തില്‍ കോ-പൈലറ്റുണ്ട്, അതൊരു പുരുഷനാണ് അദ്ദേഹം വിമാനം നിയന്ത്രിക്കും"

കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്സാസിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന യുണൈറ്റഡ് എയർലൈൻസിലെ യാത്രക്കാർക്കാണ് പൈലറ്റില്‍ നിന്നും വിചിത്രമായ അറിയിപ്പുണ്ടായത്‌.

യൂണിഫോം ധരിക്കാതെ, സാധാരണ വേഷം ധരിച്ചാണ് ഈ വനിതാ പൈലറ്റ് എത്തിയത്. കോക്പ്പിറ്റില്‍ പോകാതെ യാത്രക്കാരുടെ അടുത്തെത്തിയ ഇവര്‍ ഇന്റര്‍കോം മൈക്ക് കയ്യിലെടുത്തു താന്‍ പല പ്രശ്നങ്ങളില്‍ കൂടി കടന്നു പോകുകയാണ്, ഇപ്പോള്‍ വിവാഹമോചനത്തിന്റെ വക്കിലാണ്, അതിനാലാണ് അല്പം താമസിച്ചത് എന്ന ക്ഷമാപണത്തോടെ സംസാരം തുടങ്ങുകയായിരുന്നു

തുടര്‍ന്ന് തന്റെ രാഷ്ട്രീയ -സാമൂഹിക കാഴ്ചപാടുകളെ ഇവര്‍ വിശദീകരിക്കാന്‍ തുടങ്ങി. പ്രഭാഷണം അമേരിക്കയുടെ രാഷ്ട്രീയകാര്യങ്ങളിലേക്ക് കടന്നു.

ട്രംപും ഹിലരിയും കഴുതകളാണ്. ഈ രണ്ടു വിഡ്ഢികളെയും ഇഷ്ടമില്ലാത്തതിനാല്‍ താന്‍ ഇപ്രാവശ്യം വോട്ട് ചെയ്തില്ല എന്ന് പറഞ്ഞ ഇവര്‍ ഇക്കാര്യത്തില്‍ യാത്രക്കാരുടെ അഭിപ്രായം തേടാനും തുടങ്ങി.

യാത്രക്കാരില്‍ നല്ലൊരു ശതമാനവും ഭയപ്പെട്ടുപോയിരുന്നു.

"പേടിക്കേണ്ട, ഈ വിമാനത്തില്‍ കോ-പൈലറ്റുണ്ട്, അതൊരു പുരുഷനാണ് അദ്ദേഹം വിമാനം നിയന്ത്രിക്കും" എന്ന് പൈലറ്റ് അവരെ ആശ്വസിപ്പിച്ചു.
"ഞാന്‍ നിങ്ങളെ അപമാനിച്ചോ? ഇല്ലെലോ? അല്ലെ?" എന്നിങ്ങനെയായി അടുത്ത ചോദ്യം

മുന്‍നിരയില്‍ ഇരുന്ന യാത്രക്കാരനോട് ഇനിയും നിങ്ങള്‍ക്ക് ഭയം മാറിയിട്ടില്ലെങ്കില്‍ വിമാനത്തില്‍ നിന്നും ഇറങ്ങി പോകാന്‍ അവസരമുണ്ട് എന്നും പൈലറ്റ്‌ പറഞ്ഞതോടെ, യാത്രക്കാരില്‍ പലരും വിമാനത്തില്‍ നിന്നും ഇറങ്ങി.തങ്ങള്‍ അത്യന്തം ഭീതിജനകമായ അവസ്ഥയിലാണ് എന്ന് മറ്റു യാത്രക്കാരും ട്വീറ്റ് ചെയ്യാന്‍ തുടങ്ങി.

ഇതോടെ എയര്‍പോര്‍ട്ട് അധികൃതര്‍ പൈലറ്റിനെ മാറ്റുകയായിരുന്നു90 മിനിറ്റ് വൈകി എല്ലാ യാത്രക്കാരും മറ്റൊരു പൈലറ്റുമായി വിമാനം പറന്നു.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ്‌ ഖേദം അറിയിച്ചെങ്കിലും, സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

Read More >>