രണ്ട് എയര്‍ ഹോസ്റ്റസുമാരെ യാത്രക്കാരന്‍ വിമാനത്തില്‍ പീഡിപ്പിച്ചു

മദ്യലഹരിയിലായിരുന്ന 23കാരനെ സിഐഎസ്എഫ് അറസ്റ്റുചെയ്തു

രണ്ട് എയര്‍ ഹോസ്റ്റസുമാരെ യാത്രക്കാരന്‍ വിമാനത്തില്‍ പീഡിപ്പിച്ചു

23കാരനായ യാത്രക്കാരന്‍ മദ്യലഹരിയില്‍ വിമാനത്തില്‍ വെച്ച് രണ്ട് എയര്‍ഹോസ്റ്റസുമാരെ പീഡിപ്പിച്ചു. ജെറ്റ് എയര്‍വെയ്‌സിന്റെ മുംബൈ-നാഗ്പൂര്‍ ഫ്‌ളൈറ്റില്‍ ശനിയാഴ്ചയാണ് സംഭവം. ആകാശ് ഗുപ്തയെന്ന യാത്രക്കാരനാണ് എയര്‍ഹോസ്റ്റസുമാരെ പീഡിപ്പിച്ചത്. 41ഇ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ആകാശ് തങ്ങളെ പീഡിപ്പിച്ചതായി കാണിച്ച് എയര്‍ ഹോസ്റ്റസുമാര്‍ വിമാന ക്യാപ്റ്റനാണ് പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ഗോപാല്‍സിംഗം മോഹന്‍സിംഗ് സിഐഎസ്എഫിനെ വിവരമറിയിച്ചു. മധ്യപ്രദേശ് സ്വദേശിയായ ആകാശ് ഗുപ്തയെ പിന്നീട് സിഐഎസ്എഫ് അറസ്റ്റുചെയ്തു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 354 വകുപ്പ് ചുമത്തിയ ഇയാളെ ചോദ്യം ചെയ്യലിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗോവയില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങിവരുന്ന വഴിയാണ് ആകാശ് മുംബൈയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള വിമാനത്തില്‍ കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ തനിക്ക് ഭക്ഷണം വിതരണം ചെയ്ത എയര്‍ ഹോസ്റ്റസുമാരുടെ കൈയില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ ക്യാപ്റ്റനെ വിവരമറിയിക്കുകയായിരുന്നു.