ആദിവാസികളോട് മഹാരാജാസിലെ കുറ്റകൃത്യം: ഇടമലക്കുടിയിലെ കുട്ടികള്‍ നഗരത്തില്‍ അലഞ്ഞ് ഊരിലേയ്ക്ക് മടങ്ങിയതില്‍ പ്രക്ഷോഭം

ഇടമലക്കുടിയിലെ ആദിവാസി വിദ്യാര്‍ത്ഥിക്ക് ഉതവിദ്യാഭ്യാസം നിഷേധിച്ചത് കുറ്റകൃത്യമാണെന്നും കൊച്ചി കേന്ദ്രമായി ട്രൈബല്‍ - ദളിത് ഹോസ്റ്റല്‍ സമുച്ചയം പണിയണമെന്നും ആവശ്യപ്പെട്ട് സമരം ഉയരുന്നു. നാരദ പുറത്തു വിട്ട വാര്‍ത്തയെ തുടര്‍ന്നാണ് ആദിവാസി- ദളിത് പ്രസ്ഥാനങ്ങളുടെ സമരം ഉയരുന്നത്.

ആദിവാസികളോട് മഹാരാജാസിലെ കുറ്റകൃത്യം: ഇടമലക്കുടിയിലെ കുട്ടികള്‍ നഗരത്തില്‍ അലഞ്ഞ് ഊരിലേയ്ക്ക് മടങ്ങിയതില്‍ പ്രക്ഷോഭം

ഉന്നത വിദ്യാഭ്യാസം തേടി മഹാരാജാസിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പട്ടിണി സഹാക്കാനാവാതെ നഗരത്തില്‍ മാസങ്ങളോളം അലഞ്ഞ ശേഷം ഇടമലക്കുടിയിലേയ്ക്ക് മടങ്ങിയ സംഭവത്തില്‍ സമരം ഉയരുന്നു.

ഭൂഅധികാര സംരക്ഷണ സമിതി, കേരള ദളിത് മഹാസഭ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആദിവാസി- ദളിത് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ സമരം അരംഭിക്കും. ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികള്‍ വിശപ്പ് സഹിക്കാതെ പഠനം നിര്‍ത്തിയ സംഭവം നാരദായാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ കൂടാതെ അട്ടപ്പാടിയില്‍ നിന്നുള്ള മൂന്നു വിദ്യാര്‍ത്ഥികളും പട്ടിണിയില്‍ അലയുകയായിരുന്നു. പഠിക്കണം എന്ന വാശിയില്‍ അട്ടപ്പാടിയിലെ കുട്ടികള്‍ ബിഎസ്പിയുടെ പാര്‍ട്ടി ഓഫീസില്‍ അഭയം തേടി.


എന്നാല്‍ ഡിഗ്രി ഇംഗ്ലീഷിനും ഇക്കണോമിക്‌സിനും ഒന്നാം വര്‍ഷം പ്രവേശനം നേടിയ സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ രണ്ട് ആണ്‍കുട്ടികളാണ് മടങ്ങിയത്. വീട്ടില്‍ നിന്നും മാസം നാലായിരത്തിലേറെ തുക അയച്ചു കൊടുത്താല്‍ മാത്രമാണ് ഇവിടെ നഗരത്തില്‍ താമസിക്കാന്‍ സാധിക്കു.

മഹാരാജാസില്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ലാതായതോടെയാണ് കുട്ടികള്‍ പട്ടിണിയിലായത്. എതിരഭിപ്രായം പറയുന്ന വിദ്യാര്‍ത്ഥികളോടുള്ള പ്രതികാര നടപടി എന്ന നിലയിലാണ് പ്രിന്‍സിപ്പല്‍ ഹോസ്റ്റല്‍ പൂട്ടിച്ചത് എന്നാണ് ആരോപണം. ഈ പ്രതികാര നടപടി ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനനിഷേധത്തിനും പട്ടിണിക്കും കാരണമായി.

ആദിവാസി- ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടു ദശകമായി ഭരണഘടനാ വിരുദ്ധമായാണ് പ്രര്‍ത്തിക്കുന്നത്. എം.എ കുട്ടപ്പന്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സ്ഥാപിച്ചതല്ലാതെ, 1980ന് ശേഷം കേരളത്തില്‍ ഉന്നത പഠനത്തിന് സഹായകമാകുന്ന ഒരു ഹോസ്റ്റല്‍ പോലും ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥാപിച്ചിട്ടില്ല- ഭൂഅധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം. ഗീതാനന്ദനും സി.എസ് മുരളിയും ആരോപിക്കുന്നു. പട്ടിക വര്‍ഗ്ഗ വകുപ്പാകട്ടെ കേരളത്തിലെവിടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സ്ഥാപിച്ചിട്ടില്ല. ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനം ഉപേക്ഷിക്കുകയാണ്.
ആദിവാസിവിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് നഗരത്തില്‍ എത്തിപ്പെട്ടാല്‍ നിരവധി വാദമുഖങ്ങള്‍ നിരത്തി അധികാരികള്‍ അവരെ തിരിച്ചയക്കുകയാണ് പതിവ്. വ്യക്തമായ പരിഹാരം കാണാന്‍ നാളിതുവരെ ശ്രമം നടത്തിയിട്ടില്ല.

പട്ടികവര്‍ഗ്ഗവികസന ഫണ്ട് ഉപയോഗിച്ച് കൊച്ചിപോലുള്ള നഗരത്തില്‍ ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആധുനികസൗകര്യങ്ങളും ഹോസ്റ്റലും മറ്റ് പരിശീലനകേന്ദ്രങ്ങളുമാരംഭിക്കുകയാണെങ്കില്‍ മാത്രമെ വര്‍ദ്ധിച്ചു വരുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനാകൂ. ഇത്തരം സ്ഥാപനങ്ങളില്‍ പട്ടികജാതി- ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് ഗണ്യമായ ഒരു ക്വാട്ടയില്‍ അഡ്മിഷന്‍ നല്‍കാവുതാണ്.

10 വര്‍ഷം മുന്‍പ് 50 കോടി രൂപ മുടക്കി കൊച്ചി നഗരത്തില്‍ ട്രൈബല്‍ ഹെറിറ്റേജ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ താല്പര്യക്കുറവ് മൂലം പദ്ധതിപൂര്‍ത്തിയാകാതെ നീണ്ടുപോവുകയാണ്. പ്രസ്തുത കേന്ദ്രം പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിന് വേണ്ടി പരിവര്‍ത്തനപ്പെടുത്തുതിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തിരമായി ആലോചിക്കണം- ഗീതാനന്ദനും മുരളിയും പറഞ്ഞു.

(ഫീച്ചര്‍ ഇമേജായി ഉപയോഗിച്ചിരിക്കുന്ന ചിത്രം മധുരാജ് പകര്‍ത്തിയ ഇടമലക്കുടിയിലെ അമ്മമാരുടേതാണ്)