ജീവിക്കാനുറച്ച് കോട്ടയത്തെ മനസ്വിനികള്‍; കേരളത്തില്‍ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ അയല്‍ക്കൂട്ടം

സമൂഹത്തിന്റെ മുഖ്യധാരയില്‍ തങ്ങളുടെതായ ഇടംകണ്ടെത്തുവാന്‍ പ്രയാസപ്പെടുന്ന ഇവര്‍ക്ക് താങ്ങാവുന്ന പദ്ധതിയാണ്  കുടുംബശ്രീ മിഷന്റെ  മനസ്വനി അയല്‍ക്കൂട്ടം. സ്വയം തൊഴില്‍ സംരഭകരാകുകയെന്നതാണ് മനസ്വനിയിലൂടെ ലക്ഷ്യമിടുന്നത്. 

ജീവിക്കാനുറച്ച്  കോട്ടയത്തെ മനസ്വിനികള്‍; കേരളത്തില്‍ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ അയല്‍ക്കൂട്ടം

ശ്രീജിത്ത് കെ.ജി

കോട്ടയം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സംസ്ഥാനത്തെ ആദ്യ അയല്‍ക്കൂട്ടം രൂപികരിച്ചു. സമൃദ്ധി സുരക്ഷാ പദ്ധതിയുടെ ജില്ലാ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ 12 ട്രാന്‍ജെന്‍ഡേഴ്‌സ് പങ്കെടുത്തു. 'മനസ്വനി' എന്ന് പേരില്‍ രൂപികരിച്ച അയല്‍കൂട്ടം കോട്ടയം നോര്‍ത്ത് സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കും.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ജില്ലാ കുടുംബശ്രീ മിഷന്‍ ഇവര്‍ക്കായി പുതിയ പദ്ധതി കൊണ്ടുവന്നത്. സ്‌പെഷ്യല്‍ അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കുവാന്‍ കുടുംബശ്രീ സംസ്ഥാന മിഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അയല്‍കൂട്ടം, ഭിന്നശേഷിക്കാരുടെ അയല്‍കൂട്ടം,വയോജനങ്ങളുടെ അയല്‍കൂട്ടം അതിന്റെ ഭാഗമായാണ് കുടുംബശ്രീ ട്രാന്‍സ് ജെന്‍ഡേഴ്‌സ് അയല്‍ക്കൂട്ടം രൂപീകരിക്കുവാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കോട്ടയത്തെ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയിലൂടെയാണ് 350 ലേറെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ജില്ലയില്‍ ഉണ്ടെന്ന് അറിയാന്‍ സാധിച്ചത്. അതില്‍ തുടക്കത്തില്‍ താത്പര്യമുള്ള പത്ത് പേരാണ് ഇപ്പോള്‍ മുന്നിട്ടിറങ്ങിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇനിയും കുടുതല്‍ പേര്‍ ഉണ്ടാകും. ഇതിലൂടെ കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ സഹായിക്കും. ഇതോടോപ്പം ലീഗല്‍ സര്‍വ്വിസ് അതോറിറ്റിയുടെ സമൃദ്ധി കേരള പദ്ധതിയും അയല്‍കൂട്ടത്തിന് സഹായത്തിനായി ഉണ്ട്.

കുടുംബശ്രീ അയല്‍കൂട്ടം കോട്ടയം നോര്‍ത്ത് സി ഡി എസ് രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം ആരംഭിക്കുക. ബിരുദ യോഗ്യതവരെ ഉള്ളവരും മനസ്വിനിയിലുണ്ട്. അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ സംസ്ഥാന മിഷനുമായി ആലോചിക്കും.

കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യുന്ന ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ജീവിതവും അനുഭവങ്ങളും യോഗത്തില്‍ പങ്കുവെച്ചു. കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തകര്‍ക്ക് ആ അനുഭവങ്ങള്‍ പൊള്ളുന്ന അനുഭവമായി. മനസ്വിനിയിലെ അംഗങ്ങള്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്.മാനവീയം വീഥിയില്‍ ആരംഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ കഫേ വിജയകരമാണ്. അത്തരം മോഡലുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് കോട്ടയത്തെ മനസ്വിനികളും.
ജില്ലയുടെ പല ഭാഗത്തുള്ളവര്‍ ആയതുകൊണ്ട് മാസത്തിലൊരിക്കലോ, ആഴ്ചയിലോ കോട്ടയത്തെ ഓഫിസില്‍ യോഗം ചേരുവാനാണ് ആലോചിക്കുന്നത്. യോഗങ്ങള്‍ ചേരുക, കണക്ക് എഴുതുക, പരിപാടികള്‍ സംഘടിപ്പിക്കുക, കുടുബശ്രീയുടെ ലക്ഷ്യം തുടങ്ങിയവ മുന്‍നിര്‍ത്തി മനസ്വിനി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.

കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷൈലമ്മ ജോസഫ്, പരിപാലന ഗ്രൂപ്പ് അംഗം നെജിമോള്‍ തുടങ്ങിയവര്‍ മനസ്വിനി രൂപീകരണത്തിന് നേതൃത്വം നല്‍കി.
അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റായി വൈഗയും, സെക്രട്ടറിയായി ലയയും തിരഞ്ഞെടുത്തു. വരുമാനദായക വോളണ്ടിയര്‍ മണിക്കുട്ടിയും. ആരോഗ്യദായക വോളണ്ടിയര്‍ ജോമോള്‍ , സ്ടിസ്ഥാന സൗകര്യ വോളണ്ടിയര്‍ പ്രശാന്ത് എന്നിവരാണ് മറ്റു ഭാരവാഹികള്‍.