കോച്ചിങ് സെന്ററുകളില്‍ നിന്നു എന്‍ജിനീയറിങ് കോളേജുകളിലേക്ക്; ഇടിമുറികള്‍ ഉണ്ടാകുന്ന വിധം...!

മലയാളിയുടെ പൊങ്ങച്ചസഞ്ചി അഴിച്ചുവെക്കാതെ അവന്റെ എന്‍ജിനിയറിങ് പ്രേമം അവസാനിക്കില്ല. പത്താംക്ലാസില്‍ തോല്‍ക്കും എന്നു അധ്യാപകര്‍ക്കു ഉറപ്പുള്ള- അതനുസരിച്ചുള്ള വ്യക്തമായ സൂചനകള്‍ മുമ്പകൂട്ടി രക്ഷിതാക്കള്‍ക്കു നല്‍കിയ- ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ അടുത്തപ്പോള്‍ ആകാംക്ഷ എന്‍ട്രന്‍സ് കോച്ചിങ്ങിനു മകനെ എവിടെ വിടും എന്നതായിരുന്നു! കോച്ചിങ് സെന്ററുകാരും സ്വാശ്രയ കോളേജുകാരും വളര്‍ത്തിയെടുത്ത- മലയാളിയെ ഏതാണ്ടു പൂര്‍ണമായും ഗ്രസിച്ച - ഈ മിത്ഥ്യാഭിമാനം ഉരിഞ്ഞെറിയാത്ത കാലത്തോളം ഇടിമുറികള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും.

കോച്ചിങ് സെന്ററുകളില്‍ നിന്നു എന്‍ജിനീയറിങ് കോളേജുകളിലേക്ക്; ഇടിമുറികള്‍ ഉണ്ടാകുന്ന വിധം...!

വര്‍ത്തമാനകാല കേരളത്തിന്റെ നീറുന്ന ഓര്‍മ്മയാണ് ഒരു സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. അതിനു തൊട്ടുമുമ്പും പിമ്പുമായി ഉയര്‍ന്നുവന്നത് കേരളത്തിലങ്ങോളമിങ്ങോളമുള്ള ചില സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങള്‍. പറവൂര്‍, തൃശൂര്‍, കണ്ണുര്‍, കോട്ടയം, തിരുവനന്തപുരം... പട്ടികയില്‍ ഇടം പിടിക്കാത്തവ ഇനിയുമുണ്ട്. ഇവയില്‍ ചിലതില്‍ കുട്ടികളെ 'ചട്ടം പഠിപ്പിക്കാന്‍' ഇടിമുറികള്‍ വരെ ഉണ്ടത്രെ! പ്രബുദ്ധകേരളം നാണിച്ചു തലതാഴ്ത്തുന്ന തികച്ചും ലജ്ജാകരമായ അവസ്ഥ.


സാഡിസ്റ്റുകളും മാനസിക വൈകൃതമുള്ളവരും (Perverts) കോളേജ് മാനേജ്‌മെന്റുകളിലും അധ്യാപകരടക്കമുള്ള ജീവനക്കാരിലും ഉണ്ടെന്നുള്ളതും അവരുടെ ഇടപെടലാണ് സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ വിദ്യാര്‍ത്ഥി പീഡനത്തിനു പിന്നില്‍ എന്ന ആരോപണം ഉപരിപ്ലവമായി മാത്രം ശരിയാണ്. അത്തരമൊരു അവസ്ഥയിലേയ്ക്ക് കോളേജുകളെ കൊണ്ടെത്തിച്ചത് കേരളത്തിലെ രക്ഷിതാക്കളും സാമൂഹികസ്ഥിതിയെ പറ്റിയുള്ള (Social Status) മിഥ്യാ ധാരണകളുമാണ്. ഈ ഗുരുതരമായ സാമൂഹികപ്രശ്‌നം വിദ്യാര്‍ത്ഥിപീഡനവുമായി ബന്ധപ്പെടുത്തി ആരും ചര്‍ച്ച ചെയ്തിട്ടില്ല.

വരും തലമുറയുടെ വിദ്യാഭ്യാസത്തില്‍ നിക്ഷേപിച്ചും പുനര്‍നിക്ഷേപിച്ചുമാണ് നാലഞ്ചു തലമുറകളിലൂടെ കേരളം ഇന്നു കാണുന്ന മനുഷ്യവിഭവശേഷി വളര്‍ത്തിയെടുത്തത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ആ പ്രക്രിയയില്‍ സംഭവിച്ച അപചയമാണ് പ്രൊഫഷണല്‍ കോഴ്‌സുകളോടുള്ള അമിത ആസക്തി. മെഡിസിന്‍ അല്ലെങ്കില്‍ എന്‍ജിനിയറിങ് പഠിക്കാത്തവന്‍ മന്തബുദ്ധിയോ സാമൂഹിക വിരുദ്ധനോ എന്ന മനോഭാവമാണ് ഇന്ന് ശരാശരി മലയാളിക്കുള്ളത് എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. സമര്‍ത്ഥരായ കുട്ടികള്‍ക്കു താലപര്യമില്ലാത്ത പ്രോഫഷണല്‍ കോഴ്‌സുകള്‍ക്ക് നിര്‍ബന്ധിച്ചു തള്ളിവിടാതെ അവര്‍ക്കിഷ്ടമുള്ള വിഷയം പഠിക്കാന്‍ അനുവദിക്കുന്ന രക്ഷകര്‍ത്താക്കളെ വിവരദോഷികളും പിശുക്കന്മാരുമായി ചിത്രീകരിക്കാനും ഇന്ന് മലയാളിസമൂഹം മടിക്കുന്നില്ല. ഇതില്‍ അഭ്യസ്ഥവിദ്യരും നിരക്ഷരകുക്ഷികളും പെടും എന്നതാണ് അത്ഭുതകരം. പ്രോഫഷണല്‍ പ്രേമം അത്ര ആഴത്തില്‍ മലയാളിസമൂഹത്തെ ഗ്രസിച്ചിരിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തോടുള്ള ഈ അമിത ആസക്തി മെഡിക്കല്‍- എന്‍ജിനിയറിങ് കോഴ്‌സുകളുടെ ഡിമാന്റ് വര്‍ധിപ്പിച്ചു. സീറ്റുകള്‍ തേടി ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇതരസംസ്ഥാനങ്ങളിലേയ്ക്കു ചേക്കേറിയപ്പോഴാണ് അവരെ കേരളത്തില്‍ത്തന്നെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനു ബോധ്യപ്പെട്ടത്. കൂടുതല്‍ കോളേജുകള്‍ തുറക്കുക എന്നതുമാത്രമായിരുന്നു അതിനുള്ള പോംവഴി. സ്വാശ്രയ മേഖല കടന്നുവരുന്നത് ഈ സാഹചര്യത്തിലാണ്. നിശ്ചിത മാനദണ്ഡങ്ങളുള്ള ആശുപത്രിയും മറ്റു അടിസ്ഥാന സൗകര്യങ്ങളും വേണമെന്നുള്ള നിബന്ധനമൂലം ഏതാനും മത സംഘടനകള്‍ ഒഴികെ അപൂര്‍വം സ്വകാര്യ സംരംഭകര്‍ മാത്രമാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കാല്‍വച്ചത്.
മറിച്ച് അത്തരം കഠിന നിബനധനകള്‍ ഒന്നും ഇല്ലാത്ത എന്‍ജിനിയറിങ് മേഖലയില്‍ വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാടായി.

മത-സാമൂഹിക സംഘടനകള്‍ക്കുമാത്രം അനുമതി നല്‍കുക എന്ന ആദ്യനിബന്ധന എടുത്തുകളഞ്ഞതോടെ കൂണുപോലെയാണ് കേരളത്തില്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ മുളച്ചു പൊന്തിയത്. ഒരു സാദാ ടെക്‌നിക്കല്‍ സ്‌കൂളില്‍ ഉള്ളത്ര ലാബ് ആദിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത എന്‍ജിനിയറിങ് കോളേജുകള്‍ ഇന്നു കേരളത്തില്‍ ഉണ്ടത്രെ! അഡ്മിഷന്‍ എടുത്തു ക്ലാസിലെത്തുമ്പോഴാണ് തങ്ങളെത്തിപ്പെട്ട ചതിക്കുഴിയെപ്പറ്റി വിദ്യാര്‍ത്ഥികള്‍ ബോധവാന്മാരാകുന്നത്. പക്ഷേ അപ്പോഴേയ്ക്കും അവര്‍ ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കും. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചോദ്യം ചെയ്യുന്നത് തടയാനാണ് മാനേജ്‌മെന്റ് പ്രധാനമായും 'ഇടിമുറികള്‍' ഉപയോഗിക്കുന്നതത്രെ! നിസഹായരായ വിദ്യാര്‍ത്ഥികള്‍ അവിടെത്തന്നെ തുടര്‍ന്ന് അവസാനം 'പ്ലയറും സ്പാനറും തിരിച്ചറിയാനാവാത്ത' ബി.ടെക് ബിരുദധാരികളായി പുറത്തിറങ്ങും.

എന്‍ജിനിയറിങ് കോളേജുകളുടെ തള്ളിക്കയറ്റം ആ രംഗത്തെയും മത്സരാധിഷ്ഠിതമാക്കി. മികച്ച വിദ്യാര്‍ത്ഥികളെ ലഭിക്കുക എന്നതിലുപരി സീറ്റുകള്‍ നിറയ്ക്കുക എന്നതായി കോളേജുകളുടെ ലക്ഷ്യം. അതു നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കാരണം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതനുസരിച്ച് വരുമാനം കുറയും. പക്ഷേ നടത്തിപ്പു ചെലവു കുറയുന്നുമില്ല. ചുരുക്കത്തില്‍ തല്ലിയോ ഇടിച്ചോ പഠിപ്പിച്ചു തീര്‍ക്കുക, ശരാശരി നിലവാരത്തില്‍ താഴയുള്ളവരെ പരീക്ഷയ്ക്കിരുത്താതെയാണെങ്കിലും വിജയശതമാനം പെരുപ്പിച്ചുകാട്ടുക. കോളേജുകളുടെ മുമ്പില്‍ നിലനില്‍പ്പിനു മറ്റു മാര്‍ഗങ്ങളില്ല എന്നതാണ് സത്യം.

പ്രൊഫഷണല്‍ ബിരുദങ്ങളോടുള്ള മലയാളിയുടെ അമിതാസക്തി അവ പഠിക്കുന്നതിനു കഴിവോ അഭിരുചിയോ ഇല്ലാത്ത അനേകരെ എന്‍ജിനിയറിങ് കോളേജുകളിലേയ്ക്കു തള്ളിവിടും. അവരെ പരീക്ഷ എന്ന കടമ്പ കടത്തിവിട്ട് ബി.ടെക് ബിരുദധാരികളാക്കി മാറ്റേണ്ടത് കോളേജുകളുടെ ബാധ്യതയായി മാറും. കാരണം സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുടെ നടത്തിപ്പ് ഇന്ന് തികച്ചും മത്സരാധിഷ്ഠിതമാണ്. മികച്ച റിസല്‍ട്ട് ഉറപ്പാക്കിയെങ്കില്‍ മാത്രമേ പിറ്റേവര്‍ഷം വിദ്യാര്‍ത്ഥികളെ ലഭിക്കൂ എന്നതാണ് സ്ഥിതി. നിലവാരമില്ലാത്ത വിദ്യാര്‍ത്ഥികളെ ജയിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടുകൂടിയാണ് സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ വിദ്യാഭ്യാസ മികവിനോ വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങള്‍ക്കോ യാതൊരു പ്രസക്തിയുമില്ല.

സാമൂഹികസ്ഥിതിയെപ്പറ്റിയുള്ള മിഥ്യാധാരണകളുമായി കെട്ടുതാലിവരെ പണയംവെച്ച് മക്കളെ ഇത്തരം സ്ഥാപനങ്ങളിലേയ്ക്കു തള്ളിവിടുന്ന രക്ഷകര്‍ത്താക്കള്‍ നേരിട്ടുകണ്ടാലും ഈ ക്രൂരപീഡനങ്ങളുടെ നേരെ കണ്ണടയ്ക്കുകയാണന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ. അവരെ സംബന്ധിച്ച് എങ്ങിനയും തങ്ങളുടെ മക്കള്‍ 'ഇഞ്ചിനീരാകുക' എന്നതുമാത്രമാണ് ലക്ഷ്യം. അതിനായി നടത്തുന്ന ഭേദ്യങ്ങള്‍ പഠനത്തിന്റെ ഭാഗമായി മാത്രമേ അവര്‍ കണക്കാക്കുന്നുള്ളു. കുറയൊക്കെ മാഫിയാ പോലെ പ്രവര്‍ത്തിക്കുന്ന ചില കോളേജ് മാനേജ്‌മെന്റുകളോടുള്ള ഭയവും ഈ നിഷ്‌ക്രിയതയ്ക്കു കാരണമാണ്.

അറ്റന്‍ഡന്‍സ്, ഇന്റേണല്‍ മാര്‍ക്ക്, സര്‍ട്ടിഫിക്കറ്റുകള്‍ ഇവ വച്ചുള്ള മാനേജ്‌മെന്റുകളുടെ വിലപേശലിനു മുമ്പില്‍ വിദ്യാഭ്യാസമുള്ള മാതാപിതാക്കളും നിസഹായരാകുന്നു. കൂട്ടത്തില്‍ മാനേജ്‌മെന്റുകളുടെ എന്തു തോന്ന്യാസത്തിനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍- സര്‍വകലാശാല- പൊലീസ് അധികൃതരും ചേര്‍ന്ന് വൃത്തം പൂര്‍ണമാക്കുന്നു. അവസാനം സംഗതികള്‍ പിടിവിട്ടുപോയിക്കഴിഞ്ഞു മാത്രമാണ് മാതാപിതാക്കള്‍ പരിമിതമായിട്ടെങ്കിലും ഉണരുകയും പ്രതികരിക്കുകയും ചെയ്യുക. പക്ഷേ അപ്പോഴേയ്ക്കും അവരുടെ കുട്ടികള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കും.

സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ ഇടിമുറികള്‍ ഉണ്ടാകുന്നതിനു കാരണം കേരളത്തിലെ രക്ഷകര്‍ത്താക്കളുടെ പൊങ്ങച്ചച്ചന്തയിലെ വാസമാണ്. സ്വന്തം മക്കള്‍ക്ക് എന്‍ജിനിയറിങ്- ബന്ധിത പീഡനങ്ങള്‍ സമ്മാനിക്കുന്നത് അവരാണ്. അതാവട്ടെ വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ പടി കാണുന്നതിനു മുമ്പ് ആരംഭിക്കും. 'എന്‍ട്രന്‍സ് കോച്ചിങ്' എന്നാണ് ആ ദീര്‍ഘകാല ഇടിമുറിയുടെ പേര്. മുമ്പൊക്കെ എസ്എസ്എല്‍സി കഴിഞ്ഞുമാത്രം ആരംഭിച്ചിരുന്ന ഈ പീഡനപരിപാടി ഇന്ന് എട്ടാം ക്ലാസില്‍ത്തന്നെ ആരംഭിക്കും. രാവും പകലും ഊണും ഉറക്കവും വാരാന്ത്യങ്ങളും അവധികളും ഇല്ലാതെ നീളുന്നു ഈ ക്രൂരത. കൂടിച്ചേരലുകളില്‍നിന്നും സമൂഹിക ബന്ധങ്ങളില്‍നിന്നും ആഘോഷങ്ങളില്‍നിന്നും അകറ്റിനിര്‍ത്തി മത്സരാധിഷ്ഠിത ജീവിത ശൈലി രൂപപ്പെടുത്തിയെടുക്കുന്ന ഇത്തരം കോച്ചിങ്ങുകളെ വ്യാപാരദൃഷ്ടിയോടെ വളരത്തിയെടുത്തതില്‍ കോച്ചിങ് സെന്ററുകളുടെ പങ്ക് ചില്ലറയല്ല. സ്വാശ്രയ കോളേജുകളുടെ ഏറ്റവും വലിയ പ്രചാരകരും അവര്‍തന്നെയാണ്.

ഇതിന്റെ കടന്ന പടിയാണ് പൊതുവിദ്യാഭ്യാസവും എന്‍ട്രന്‍സ് കോച്ചിങ്ങും ഒന്നിച്ചു വാഗ്ദാനം ചെയ്യുന്ന ചില സ്‌കൂളുകള്‍. ഭാരിച്ച ഫീസ് വാങ്ങുന്ന ഇത്തരം സ്‌കൂളുകളില്‍ ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കും. എട്ടു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളും അതോടൊപ്പം എന്‍ട്രന്‍സ് കോച്ചിങ്ങും ഒരുമിച്ചു 365 ദിവസവും നടത്തുന്ന സ്ഥാപനങ്ങള്‍. സ്പര്‍ട്ട്‌സില്ല, കലോത്സവമില്ല, അവധികള്‍ പോലുമില്ല. എന്‍ട്രന്‍സ് കോച്ചിങ്ങിനാണ് മുന്‍തൂക്കം. ആഴ്ചയില്‍ മോഡല്‍ എന്‍ട്രന്‍സുകള്‍. കേവലം അരമാര്‍ക്കിനുപോലും ഭര്‍ത്സനം കേള്‍ക്കേണ്ടിവരുന്ന കുട്ടികള്‍. അരമാര്‍ക്കിനുവേണ്ടി മത്സരിക്കുന്ന മനോഭാവം അവരില്‍ ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്നു. ലോകം അവര്‍ക്ക് അന്യമാകുന്നു. സഹതാപാര്‍ഹമായ വസ്തുത, ഇവരില്‍ ഭുരിഭാഗവും എത്തിപ്പെടുന്നതും സ്വാശ്രയ കോളേജുകളിലും അവിടുത്തെ ഇടിമുറികളിലുമാണ്.

ഈ പീഡനം ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും -പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്- താങ്ങാനാവുന്നതില്‍ ഉപരിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ അവര്‍ക്കു അതില്‍നിന്നും മോചനമില്ല എന്നതാണ് വസ്തുത. മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവരുടെ രോദനത്തിനു ചെവികൊടുക്കില്ല. എന്നു മാത്രമല്ല, കൂടുതല്‍ ശിക്ഷകളോടെ തിരികെയെത്തിക്കുകകൂടി ചെയ്യും. എങ്കില്‍പോലും സഹികെട്ട കുട്ടികള്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങി. ഏതാനും മാസം മുമ്പ് അത്തരമൊരു സ്‌കൂളിലെ ഒരു പെണ്‍കുട്ടി ഒരുദിനം ക്ലാസില്‍നിന്നും ഒന്നും മിണ്ടാതെ ഇറങ്ങി നാലു ജില്ലകള്‍ കടന്ന് സ്വന്തം വീട്ടിലെത്തി. മടങ്ങില്ലാ എന്നു വാശിപിടിച്ച കുട്ടിയുടെ സ്വല്‍പ്പം ബോധമുള്ള മാതാപിതാക്കന്മാര്‍ ആ കുട്ടിയെ അടുത്തുള്ള ഒരു സ്‌കൂളില്‍ ചേര്‍ത്തു. അതിനുശേഷം ഇതഃപര്യന്തം ആ സ്‌കൂളില്‍നിന്നും പത്തിലധികം കുട്ടികള്‍ രക്ഷപെട്ടിട്ടുണ്ട്! പെണ്‍കുട്ടികളുടെ വസ്ത്രത്തിനുവരെ അതിര്‍ത്തികള്‍ വെയ്ക്കുന്ന സദാചാരവാദികളും സാംസ്‌കാരിക നായകരും അവകാശ സംരക്ഷകരും ഈ ബാല-വനിതാ പീഡനത്തിനുനേരെ ഒട്ടകപക്ഷി നയം സ്വീകരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാപട്യം.

പ്രൊഫഷണല്‍ മോഹവുമായി നടക്കുന്ന രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും മനസിലാക്കാത്ത ഒരു യാഥാര്‍ത്ഥ്യമുണ്ട്. അത് ഇന്ത്യയിലെ കോര്‍പറേറ്റ് തൊഴില്‍ദാതാക്കള്‍ക്ക് ബി.ടെക് ബിരുദധാരികളെ പൊതുവെ പുശ്ചമാണന്ന നഗ്നസത്യമാണ്. 'പ്ലയറും സ്പാനറും തിരിച്ചറിയാനാവാത്തവര്‍' എന്നാണ് അവര്‍ ഇവരെ വിലയിരുത്തുന്നത്. അതിനേക്കാള്‍ അവര്‍ ഇഷ്ടപ്പെടുന്നതും തൊഴില്‍ സാധ്യത കൂടുതലുള്ളതും പോളീടെക്‌നിക് ഡിപ്ലോമാക്കാരെയാണ്. പക്ഷേ താരതമ്യേന ലളിതവും ചെലവു കുറഞ്ഞതുമായ ഡിപ്ലോമയില്‍ മലയാളിക്കു പൊതുവെ താല്പര്യം കുറവാണ്. ഡിപ്ലോമയ്ക്ക് സാമൂഹത്തില്‍ വിലയും നിലയും ഇല്ലത്രെ!

മലയാളിയുടെ പൊങ്ങച്ചസഞ്ചി അഴിച്ചുവെക്കാതെ അവന്റെ എന്‍ജിനിയറിങ് പ്രേമം അവസാനിക്കില്ല. പത്താംക്ലാസില്‍ തോല്‍ക്കും എന്നു അധ്യാപകര്‍ക്കു ഉറപ്പുള്ള- അതനുസരിച്ചുള്ള വ്യക്തമായ സൂചനകള്‍ മുമ്പകൂട്ടി രക്ഷിതാക്കള്‍ക്കു നല്‍കിയ- ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ അടുത്തപ്പോള്‍ ആകാംക്ഷ എന്‍ട്രന്‍സ് കോച്ചിങ്ങിനു മകനെ എവിടെ വിടും എന്നതായിരുന്നു! കോച്ചിങ് സെന്ററുകാരും സ്വാശ്രയ കോളേജുകാരും വളര്‍ത്തിയെടുത്ത- മലയാളിയെ ഏതാണ്ടു പൂര്‍ണമായും ഗ്രസിച്ച - ഈ മിത്ഥ്യാഭിമാനം ഉരിഞ്ഞെറിയാത്ത കാലത്തോളം ഇടിമുറികള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും.

സര്‍ക്കാര്‍ ശമ്പളം നലകുന്നില്ല എന്ന ഏക കാരണത്താല്‍ ഇത്തരം സ്ഥാപനങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍നിന്നും അടിസ്ഥാന സൗകര്യ രാഹിത്യത്തില്‍നിന്നും നിലവാരമില്ലായ്മയില്‍നിന്നും സര്‍ക്കാരിനോ സര്‍വകലാശാലകള്‍ക്കോ ഒഴിഞ്ഞുമാറാനാവില്ല. അവ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കുറഞ്ഞപക്ഷം ഭീമമായ ഫീസ് വാങ്ങുന്ന സാഹചര്യത്തില്‍ അവയെ ഉപഭോക്ത സംരക്ഷണ നിയമത്തിന്റെ കീഴിലെങ്കിലും കൊണ്ടുവരണം.

വാല്‍ക്കഷ്ണം - ഇന്ന് കേരളത്തിലെ എന്‍ജിനിയറിങ് ബിരുദധാരികളില്‍ ഭൂരിപക്ഷവും ചെന്നടിയുന്നത് ബാങ്ക് ക്ലര്‍ക്കായാണ്! എന്‍ജിനിയറിങ് പഠനം അവസാനിക്കുന്നതിനുമുമ്പുതന്നെ ബാങ്ക് എന്‍ട്രന്‍സ് കോച്ചിങ്ങിനു പോണ വീരന്മാരുമുണ്ട്. അതാണു ആത്യന്തിക ലക്ഷ്യമെങ്കില്‍ വല്ല സാദാ ഡിഗ്രിയും പഠിച്ചാല്‍ പോരായിരുന്നോ? ഒരു വര്‍ഷമെങ്കിലും ലാഭിക്കാമായിരുന്നു. ഇത്തരം എന്‍ജിനീയര്‍ ക്ലാര്‍ക്കുമാരെ ബാങ്കുകള്‍ക്കും പുശ്ചമാണ് എന്നതാണ് രസകരം. ഇന്ന് അവരെ ഒഴിവാക്കാന്‍ കുറുക്കുവഴികള്‍ തേടുകയാണ് മിക്ക ബാങ്കുകളും. അതിനു കാരണം പരിണിതപ്രജ്ഞനായ ഒരു ബാങ്ക് മാനേജരുടെ ഭാഷയില്‍, '...എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ ബലത്തില്‍ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റഴുതി പാസായി ബാങ്കില്‍ കയറും. എന്‍ജിനീയറാണന്ന അഹങ്കാരം. കറന്‍സി നോട്ട് എണ്ണാന്‍പോലും അറിയില്ല. സഹപ്രവര്‍ത്തകര്‍ക്ക് അധികജോലി ഉണ്ടാക്കിവെക്കുന്ന വര്‍ഗം. നഷ്ടസ്വപ്‌നങ്ങളേയും മോഹഭംഗങ്ങളേയും കെട്ടിപ്പിടിച്ചിരിക്കുന്ന ഇത്തരക്കാര്‍ ബാങ്കിനു ഒരു ഭാരമാണ്...' ഇതൊക്കെ കേള്‍പ്പിക്കണോ...?
(സാമൂഹ്യനീതി മാസിക, ഫെബ്രുവരി 2017)