വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍; ബിജെപിയുമായുള്ള ബന്ധം തുടരും; എന്‍ഡിഎ വിടുന്ന കാര്യം ആലോചനയിലില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ലെന്നും തനിക്ക് തന്റെ വഴിയെന്നുമാണ് മംഗളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. എന്നാല്‍ ബിജെപിയുമായുള്ള ബന്ധം തുടരുമെന്നും വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും തുഷാര്‍ വെള്ളാപ്പള്ളി നാരദാന്യൂസിനോട് പറഞ്ഞു.

വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍; ബിജെപിയുമായുള്ള ബന്ധം തുടരും; എന്‍ഡിഎ വിടുന്ന കാര്യം ആലോചനയിലില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബിജെപിയുമായി ഇനിയൊരു ബന്ധവുമില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ തള്ളി മകനും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. എന്‍ഡിഎ സഖ്യം വിടുന്ന കാര്യം അജണ്ടയിലില്ലെന്ന് തുഷാര്‍ നാരദാന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകള്‍ മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നും തുഷാര്‍ വ്യക്തമാക്കി.

ബിജെപി നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന പരാതി തുഷാറിനുണ്ടെങ്കിലും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. തുഷാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വെള്ളാപ്പള്ളി നടേശന്‍ സമ്മതിച്ചതെന്ന് നേരത്തെ വെള്ളാപ്പള്ളിയുടെ അടുപ്പക്കാരായിരുന്ന എസ്എന്‍ഡിപി ഭാരവാഹികള്‍ നാരദാന്യൂസിനോട് പറഞ്ഞു. അതിനാല്‍ തന്നെ ബിഡിജെഎസിനെ നിലനിര്‍ത്തേണ്ടത് തുഷാറിന്റെ അഭിമാനപ്രശ്‌നമാണെന്നും അവര്‍ കരുതുന്നു.


രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് മത്സരിച്ചെങ്കിലും ബിഡിജെഎസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. മുന്‍ കാലങ്ങളില്‍ എല്‍ഡിഎഫിലും, യുഡിഎഫിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്ന വെള്ളാപ്പള്ളിയെ പുതിയ ബന്ധം ഒന്നുമല്ലാതാക്കിയെന്ന് ബിഡിജെഎസിനോട് എതിര്‍പ്പുള്ള യോഗം ഭാരവാഹികള്‍ പറയുന്നത്. കേരള രാഷ്ട്രീയത്തില്‍ മുമ്പത്തെപോലെ സമ്മര്‍ദ്ദശക്തിയാകാന്‍ കഴിയാത്തതും വെള്ളാപ്പള്ളിയെ അലോസരപ്പെടുത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ബോര്‍ഡ്-കോര്‍പ്പറേന്‍ സ്ഥാനങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെ അക്കാര്യങ്ങല്‍ നടപ്പാക്കിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളില്‍ നടപടിയുണ്ടായേക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.

നാളികേര ബോര്‍ഡ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് അടക്കമുള്ളവയില്‍ ബിജെപി നേതാക്കളെ ബോര്‍ഡ് അംഗങ്ങളായി നിയമിച്ചെങ്കിലും കേരള എന്‍ഡിഎയിലെ കക്ഷികള്‍ക്ക് ഇതിലൊന്നും പ്രാതിനധ്യം ലഭിച്ചില്ലെന്നും പരാതിയുണ്ട്. അടിയന്തര എന്‍ഡിഎ യോഗം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ഘടകകക്ഷിയുടെ നേതാവ് നാരദാന്യൂസിനോട് പറഞ്ഞു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുന്നുണ്ട്.

Read More >>