വെള്ളിക്കുളങ്ങരയില്‍ ഇടിയല്ല, വെളിച്ചമാണ് പൊലീസ്; ഒരു ഗ്രാമത്തിനു വെളിച്ചമാകുന്ന പൊലീസ് ആക്ഷന്‍

തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തിലാണ് മനുഷ്യ മുഖമുള്ള പൊലീസിന്റെ വെളിച്ച പദ്ധതി- കിടപ്പുരോഗിയായ നാരായണി,ജന്മനാ സംസാരിക്കാത്ത ലീല, ഇരുകൈകളും ഇല്ലാത്ത മകനൊപ്പം ജീവിക്കുന്ന അമ്മിണി തുടങ്ങി ഇരുപത് കുടുംബങ്ങള്‍ക്കാണ് പൊലീസ് ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച് വെളിച്ചം എത്തിക്കുന്നത്.

വെള്ളിക്കുളങ്ങരയില്‍ ഇടിയല്ല, വെളിച്ചമാണ് പൊലീസ്; ഒരു ഗ്രാമത്തിനു വെളിച്ചമാകുന്ന പൊലീസ് ആക്ഷന്‍

ശ്രീജിത്ത് കെ.ജി

തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ മറ്റത്തൂര്‍ എന്നൊരു പഞ്ചായത്ത്. വികസനം കടന്നു ചെന്നിട്ടില്ലാത്ത, വൈദ്യുതിയും കുടിവെള്ളവും കിട്ടാക്കനിയായ ഒരുപറ്റം മനുഷ്യജീവികള്‍ക്ക് ആശ്വാസം പകരുകയാണ് വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസും വെള്ളിക്കുളങ്ങര വൈദ്യുതി വകുപ്പ് ജീവനക്കാരും. വൈദ്യുതിയില്ലാത്ത മറ്റത്തൂര്‍ പഞ്ചായത്തിലെ 20 നിര്‍ധന കുടുംബങ്ങളില്‍ താമസിക്കാതെ വൈദ്യുതി വിളക്കുകള്‍ തെളിയും.

വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ അതിരുകളില്ലാത്ത ആഹ്ലാദത്തിലാണ് മറ്റത്തൂര്‍ പഞ്ചായത്ത് നിവാസികള്‍. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ് ഈ മേഖലയില്‍ കൂടുതല്‍. രോഗശയ്യയില്‍ ജീവിതം തള്ളി നീക്കുന്നവരും മാനസികമായി ഒറ്റപ്പെട്ടവരും സംസാര ശേഷിയില്ലാത്തവരുമായ ഒരുപാട് ജീവിതങ്ങള്‍ക്ക് ഈ തീരുമാനം ആശ്വാസം നല്‍കും.


വെള്ളിക്കുളങ്ങര സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു, എഞ്ചീനിയര്‍ സദാശിവം എന്നിവരുടേതാണ് ആശയം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ എ സുരേഷ് ആശയത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ പദ്ധതി പ്രാബല്യത്തില്‍ വരികയായിരുന്നു. കിടപ്പുരോഗിയായ മോനൊടി വെള്ളാങ്ങല്ലുക്കാരന്‍ നാരായണി,ജന്മനാ സംസാരിക്കാത്ത നാഡിപ്പാറ സ്വദേശി ലീല, ഇരുകൈകളും ഇല്ലാത്ത മകനൊപ്പം ദുരിത ജീവിതം നടത്തുന്ന ഇഞ്ചക്കുണ്ട് സ്വദേശി അമ്മിണി, മക്കളില്ലാത്ത ദേവയാനി തുടങ്ങി ഇരുപത് കുടുംബങ്ങളേയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യമൊട്ടാകെ മാതൃകയായി മാറിയ ജനമൈത്രി പോലീസ് സംവിധാനം ഇന്ന് ജനങ്ങളുടെ കാരുണ്യ സേവനങ്ങളിലേക്കും ചുവടുവെയ്ക്കുകയാണെന്ന് പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന വെള്ളിക്കുളങ്ങര എസ്‌ഐ എം.ബി സിബിന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

നാട്ടുകാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇഞ്ചക്കുണ്ട്, നാഡിപ്പാറ, മുരിക്കുങ്ങല്‍, ചെമ്പുച്ചിറ,കോടാലി,കുട്ടിയമ്പലം, മോനൊടി, മാങ്കുറ്റിപ്പാടം, കടമ്പോട് ഭാഗത്തെ കുടുംബങ്ങളിലാണ് വെളിച്ചം എത്തുക. ഉദ്യോഗസ്ഥരുടെ ശബളത്തില്‍ നിന്നുള്ള ഒരു വിഹിതമാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് സഹായകമാകുന്നത്. വൈദ്യുതികരണത്തിന്റെ ഭാഗമായി ഒരു വീടിന് നാലായിരം രൂപയോളം ചെലവായിട്ടുണ്ട്. ഇരുപത് വീടുകളില്‍ പതിനൊന്ന് വീടുകളുടെ വൈദ്യുതീകരണം പൂര്‍ത്തികരിച്ചു.

ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഞായറാഴ്ച്ച 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കും ജനകീയ മുഖം നല്‍കുകയാണ് മറ്റത്തൂര്‍ നിവാസികള്‍. വൈദ്യുതീകരണത്തിനു പുറമേ കാരുണ്യ സേവനങ്ങള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കാനും ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നുണ്ട്.

Read More >>