ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍നിന്നും ട്രംപിനെ വിലക്കണമെന്നു ജനങ്ങള്‍; 18 ലക്ഷം പേര്‍ ഒപ്പിട്ട പരാതി തള്ളി പ്രധാനമന്ത്രി തെരേസ മേ

ട്രംപിന്റെ വിവാദ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് 18 ലക്ഷം പേര്‍ ഒപ്പിട്ട പരാതി സര്‍ക്കാരിനു സമര്‍പ്പിച്ചത്. എന്നാല്‍ ഇത് സര്‍ക്കാര്‍ തള്ളുകയായിരുന്നു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വെയ്ക്കണമെന്ന ആവശ്യവും ജനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യവും തെരേസാ മേ സര്‍ക്കാര്‍ തള്ളി. ട്രംപിന്റെ സന്ദര്‍ശനം ബ്രിട്ടനില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നും പ്രതിഷേധക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍നിന്നും ട്രംപിനെ വിലക്കണമെന്നു ജനങ്ങള്‍; 18 ലക്ഷം പേര്‍ ഒപ്പിട്ട പരാതി തള്ളി പ്രധാനമന്ത്രി തെരേസ മേ

ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കുക എന്നാവശ്യപ്പെട്ട് ജനങ്ങള്‍ ഒപ്പിട്ട ഭീമ ഹരജി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തള്ളി. ട്രംപിനെ സ്വാഗതം ചെയ്യുമെന്നു പ്രഖ്യാപിച്ച അവര്‍ ജനങ്ങളുടെ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്നും അറിയിച്ചു.

ട്രംപിന്റെ വിവാദ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് 18 ലക്ഷം പേര്‍ ഒപ്പിട്ട പരാതി സര്‍ക്കാരിനു സമര്‍പ്പിച്ചത്. എന്നാല്‍ ഇത് സര്‍ക്കാര്‍ തള്ളുകയായിരുന്നു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വെയ്ക്കണമെന്ന ആവശ്യവും ജനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യവും തെരേസാ മേ സര്‍ക്കാര്‍ തള്ളി. ട്രംപിന്റെ സന്ദര്‍ശനം ബ്രിട്ടനില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നും പ്രതിഷേധക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാധാരണ പത്തുലക്ഷത്തിലധികം ആളുകള്‍ ഒപ്പിടുന്ന പരാതികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരമുണ്ട്. ഇതാണ് പരാതി സ്വീകരിക്കേണ്ടെന്നു തീരുമാനിക്കാന്‍ സര്‍ക്കാരിനു സഹായകമായത്.

എന്നാല്‍ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. വിദേശ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് അടക്കമുള്ള ട്രംപിന്റെ വിവാദ നയങ്ങളാണ് പ്രതിഷേധങ്ങള്‍ക്കു കാരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു.

പാര്‍ലമെന്റ് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് തന്നെ ട്രംപിന്റെ സന്ദര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനുവരുന്ന ട്രംപിനെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ തുറന്നടിച്ചിരുന്നു. ട്രംപിനെ തടയുന്നതിനാവശ്യമായ നടപടികള്‍ താന്‍ കൈകൊള്ളുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

ബ്രീട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ രാഷ്ട്രത്തലവന്മാര്‍ക്ക് അവസരം നല്‍കുന്നത് അവരുടെ വംശീയതയുടെയും വര്‍ഗീയതയുടെയും നിലപാടുകള്‍ പരിഗണിച്ചാണ്. എന്നാല്‍ ഏഴു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടിയേറ്റത്തിനു വിലക്കേര്‍പ്പെടുത്തിയ ട്രംപിന് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

അതേസമയം, ട്രംപിന്റെ സന്ദര്‍ശന തിയ്യതിയും മറ്റ് ഒരുക്കങ്ങളും സംബന്ധിച്ച് ഇതിനോടകം തീരുമാനം ആയതാണെന്നും അക്കാര്യത്തില്‍ മാറ്റംവരുത്താനാകില്ലെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. പുതിയ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതിന്റെ തൊട്ടുപിന്നാലെ അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് തെരേസാ മേ അദ്ദേഹത്തെ ബ്രിട്ടനിലേക്കു ക്ഷണിച്ചത്. ഈ ക്ഷണം ട്രംപ് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

Read More >>