ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കോണിയേറി ദില്ലിയിൽ; വിശ്വപൗരന്റെ അന്തസ്സോടെ മണ്ണിലേയ്ക്കു മടക്കം

ന്യൂനപക്ഷ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് ഇ അഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ഏഴ് പതിറ്റാണ്ടിന്റെ ചരിത്രമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് ഇ അഹമ്മദിലൂടെയാണ് ആദ്യ കേന്ദ്രമന്തിസ്ഥാനം ലഭിച്ചത്. ലീഗിനെ ദേശീയ തലത്തില്‍ പ്രതീനിധീകരിച്ച അഹമ്മദ് സാഹിബ് അറബ്‌രാജ്യങ്ങളുള്‍പ്പെടെ ലോകത്തെ വിവിധ രാഷ്ട്രനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കോണിയേറി ദില്ലിയിൽ; വിശ്വപൗരന്റെ അന്തസ്സോടെ മണ്ണിലേയ്ക്കു മടക്കം

ഡല്‍ഹിയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു ഇ അഹമ്മദ്. പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കേന്ദ്രമന്ത്രി. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സംഘത്തിലെ മാറ്റിനിര്‍ത്താനാകാത്ത സാന്നിധ്യം. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഗള്‍ഫ് പ്രവാസികളുടെ ആശ്രയം. സൗദിയില്‍ നിതാഖത്ത് നടപ്പാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് സമയം നീട്ടിനല്‍കുന്നതിനായി ഇ അഹമ്മദ് നടത്തിയ പരിശ്രമങ്ങള്‍ അദ്ദേഹത്തിന് വിദേശരാജ്യ തലവന്‍മാരുമായുള്ള ബന്ധത്തിന് ഒരുദാഹരണം മാത്രം.


കണ്ണൂരിലെ കാല്‍പ്പന്ത് കളിയുടെ വിശേഷമെഴുതി പിറ്റേ ദിവസം കോഴിക്കോട് ചന്ദ്രികയിലെത്തിക്കുന്ന കൗമാരക്കാരനില്‍ നിന്നാണ് ഇ അഹമ്മദ് രാഷ്ട്രീയത്തിന്റെ കോണിപ്പടി കയറിത്തുടങ്ങിയത്. ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് എംഎസ്എഫിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വേനലവധിയ്ക്ക് ചന്ദ്രികയില്‍ പത്രപ്രവര്‍ത്തനം നടത്തിയ ഇ അഹമ്മദ് പിന്നീട് ഡയറക്ടര്‍മാരിലൊരാളായത് പിന്‍കാല ചരിത്രം.

അഭിഭാഷകനാകാനായിരുന്നു അഹമ്മദിന് മോഹം. ബി.എ പൂര്‍ത്തിയാക്കിയ ശേഷം സിഎച്ച് മുഹമ്മദ്‌ക്കോയയുടെ ഉപദേശപ്രകാരം നിയമപഠനത്തിന് ചേരാന്‍ തീരുമാനിച്ചു. എറണാകുളം ലോ കോളേജില്‍ പ്രവേശനം നേടിയെങ്കിലും പിന്നീട് തിരുവനന്തപുരത്തേയ്ക്ക് മാറി. ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന സീതി സാഹിബ് എംഎല്‍എയായി തിരുവനന്തപുരത്തേയ്ക്ക് പോയപ്പോള്‍ അദ്ദേഹത്തൊടൊപ്പം ചേര്‍ന്നു.

1967ല്‍ സ്വന്തം നാടായ കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്ക് അരങ്ങേറ്റം. 1977 ല്‍ കൊടുവള്ളിയില്‍ നിന്നും 1980, 82, 87 തെരഞ്ഞെടുപ്പുകളില്‍ താനൂരില്‍ നിന്നും ഇ അഹമ്മദ് നിയമസഭയിലെത്തി. 1979 മുതല്‍ നാല് വര്‍ഷം കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. 1982 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായവകുപ്പ് കൈകാര്യം ചെയ്തു. 1988 ല്‍ എംഎല്‍എ ആയിരിക്കെ തന്നെ കണ്ണൂര്‍ നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ചു.

ദേശീയ രാഷ്ട്രീയം കലങ്ങിമറിഞ്ഞ കാലഘട്ടത്തിലാണ് ഇ അഹമ്മദിന്റെ ഡല്‍ഹിയിലേക്കുള്ള ചുവടുമാറ്റമെന്നതും ശ്രദ്ധേയം. 1991 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് തൊണ്ണൂറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജിയിച്ചു. 1996 ലും 1998ലും 1999ലു മഞ്ചേരിയില്‍ ഇ അഹമ്മദ് വിജയം ആവര്‍ത്തിച്ചു. 2004-ല്‍ ഇ അഹമ്മദ് തട്ടകം പൊന്നാനിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വിജയം നേടാനായെങ്കിലും ലീഗ് കോട്ടയായ മഞ്ചേരി ലീഗിന് നഷ്ടപ്പെട്ടു. എങ്കിലും കേരളത്തിലെ 20 ല്‍ 19 സീറ്റും നഷ്ടമായപ്പോള്‍ യുഡിഎഫിന്റെ മാനം കാക്കാന്‍ ഇ അഹമ്മദിന് കഴിഞ്ഞു.

2004-ല്‍ ആദ്യ യുപിഎ സര്‍ക്കാരില്‍ ഇ അഹമ്മദിന് വിദേശകാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുന്നത്. രണ്ടാം യുപിഎ മന്ത്രിസഭയിലും ഇ അഹമ്മദ് മന്ത്രിയായി. റെയില്‍വേ, മാനവശേഷി വകുപ്പുകള്‍ കൈകാര്യം ചെയ്തു. നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം നേടിയ വന്‍ വിജയം ഇ അഹമ്മദിനെ ലീഗ് രാഷ്ട്രീയത്തിലെ ചോദ്യം ചെയ്യാനാകാത്ത നേതാവാക്കി മാറ്റി.

വിദേശകാര്യം, റെയില്‍വേ, സിവില്‍ ഏവിയേഷന്‍, ടൂറിസം, പൊതുഭരണം, ശാസ്ത്ര സാങ്കേതികം, വനം-പരിസ്ഥിതി തുടങ്ങി നിരവധി പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു. 1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ ദൂതനായി ഇ അഹമ്മദിനെ ജിസിസി രാജ്യങ്ങളിലേക്കയച്ചു. 1991 മുതല്‍ 2014 വരെ അഞ്ച് പ്രധാനമന്ത്രിമാരുടെ നിര്‍ദേശ പ്രകാരം പത്ത് തവണ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ജി എം ബനാത്ത് വാലയുടെ വിയോഗാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായി.

മുസ്ലിം രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും പലസ്തീന്റെ മോചനത്തിനു വേണ്ടിയും ഇ. അഹമ്മദ് പ്രവര്‍ത്തിച്ചു. പലസ്തീന്‍ വിമോചന നേതാവ് യാസിര്‍ അറഫാത്തുമായുള്ള അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. 2002ലെ ഗുജറാത്ത് കലാപ സമയത്ത് സുരക്ഷാ മുന്നറിയിപ്പുകള്‍ വകവെക്കാതെ ഇരകളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.

പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടുമായി ഇ അഹമ്മദിന് അടുത്ത ബന്ധമുണ്ടായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു പലപ്പോഴും അവസാന വാക്ക്. ലീഗിന്റെ ദേശീയ പ്രസിഡന്റാണെങ്കിലും പാണക്കാട്ടെ വിളികള്‍ക്കായി അദ്ദേഹം കാതോര്‍ത്തിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലുമായി നാല് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ സുഹറ 1999 ഒക്ടോബര്‍ 14നു കാറപകടത്തില്‍ മരിച്ചു. മക്കള്‍: ഡോ. ഫൗസിയ ഷെര്‍ഷാദ് , അഹമ്മദ് റഈസ് , നസീര്‍ അഹമ്മദ്.

Read More >>