മദ്യശാലകളുടെ സ്ഥാനഭ്രംശം; തെലങ്കാനയും ആന്ധ്രയും സുപ്രീം കോടതിയിലേയ്ക്കു

രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു ആന്ധ്രാപ്രദേശ് എക്‌സൈസ് കമ്മീഷണര്‍ എം കെ മീന തെലങ്കാന എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി സോമേഷ് കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ ധാരണയായെന്നു അറിയുന്നു.

മദ്യശാലകളുടെ സ്ഥാനഭ്രംശം; തെലങ്കാനയും ആന്ധ്രയും സുപ്രീം കോടതിയിലേയ്ക്കു

ദേശീയ/സംസ്ഥാന ഹൈവേകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ മാറ്റുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ സുപ്രീം കോടതിയില്‍ സംയുക്തമായി അപ്പീല്‍ നല്‍കാന്‍ തെലങ്കാനയും ആന്ധ്രാപ്രദേശും തീരുമാനിച്ചു.

ഏപ്രില്‍ ഒന്നിനകം ദേശീയ/സംസ്ഥാന ഹൈവേകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ നീക്കം ചെയ്യണമെന്നാണു സുപ്രീം കോടതിയുടെ വിധി. മദ്യപിച്ചുള്ള വാഹനമോടിക്കലിനു തടയിടാനാണു കോടതി ഇങ്ങിനെയൊരു ഉത്തരവിട്ടതു. തെലങ്കാനയില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സുപ്രീം കോടതിയില്‍ പെറ്റീഷന്‍ നല്‍കാനായി ഡല്‍ഹിയിലേയ്ക്കു പുറപ്പെട്ടു.

രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു ആന്ധ്രാപ്രദേശ് എക്‌സൈസ് കമ്മീഷണര്‍ എം കെ മീന തെലങ്കാന എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി സോമേഷ് കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ ധാരണയായെന്നു അറിയുന്നു.

മദ്യശാലകളുടെ ലൈസന്‍സ് കാലാവധി തെലങ്കാനയില്‍ സെപ്റ്റംബറിലും ആന്ധ്രയില്‍ ജൂണിലും തീരും. പുതിയ ഉത്തരവ് നടപ്പാക്കിയാല്‍ വരുമാന നഷ്ടം സംഭവിക്കും എന്നു സംസ്ഥാന സര്‍ക്കാരുകള്‍ വാദിക്കുന്നു.

ചില നഗരങ്ങളിലൂടെ കടന്നു പോകുന്ന ദേശീയ/സംസ്ഥാന ഹൈവേകള്‍ റിംഗ് റോഡുകളുടേയും ബൈപാസ്സുകളുടേയും നിര്‍മ്മാണത്തോടെ ലോക്കല്‍ റോഡുകള്‍ ആയെന്നു സര്‍ക്കാരുകള്‍ കോടതിയെ അറിയിക്കുമെന്നു സര്‍ക്കാര്‍ വൃന്ദങ്ങള്‍ പറയുന്നു. അത്തരം റോഡുകളുടെ പട്ടിക തയ്യാറാക്കുന്നുണ്ടു.

എന്തായാലും ഉത്തരവു നടപ്പാക്കുന്നതു ഒരു വര്‍ഷത്തേയ്ക്കു മാറ്റി വയ്ക്കണം എന്ന മദ്യവ്യവസായികളുടെ ഹര്‍ജി സുപ്രീം കോടതി ജനുവരിയില്‍ തള്ളിയിരുന്നു.