മന്നാർഗുഡിയിലെ നീലാംബരി ജയിലിൽ...പടയപ്പയാകാൻ പനീർശെൽവമോ ബിജെപിയോ... ?

സെപ്തംബർ 22 മുതൽ ജയലളിതയുടെ മരണം വരെയുളള അപ്പോളോ ആശുപത്രി എപ്പിസോഡാണോ ബിജെപിയുടെ തുറുപ്പുചീട്ട്? അതിലൂന്നി രാഷ്ട്രീയം കളിച്ചാൽ പ്രതിരോധം എളുപ്പമല്ല. എവിടെനിന്നെങ്കിലും പുറത്തുവരുന്ന ആധികാരികമായ ഒരു വെളിപ്പെടുത്തൽ മതി. ജനരോഷം ആളിപ്പടരുമെന്നുറപ്പ്. അങ്ങനെ വികാരാവേശത്തിന്റെ പരകോടിയിലേയ്ക്കുയർത്തി തമിഴനെ അപ്പാടെ വിഴുങ്ങാനാണോ ബിജെപിയുടെ പുറപ്പാട്?

മന്നാർഗുഡിയിലെ നീലാംബരി ജയിലിൽ...പടയപ്പയാകാൻ പനീർശെൽവമോ ബിജെപിയോ... ?

സർവശക്തനായ പടയപ്പയ്ക്കു പടയ്ക്കിറങ്ങാൻ എന്തുകൊണ്ടും അനുയോജ്യമായ സാഹചര്യമുണ്ട്, തമിഴ്നാട്ടിലിപ്പോൾ. ജയിലിലായയെങ്കിലും, കൈയിലിരിപ്പിന്റെ കാര്യത്തിൽ പുതിയ നീലാമ്പരിയ്ക്ക് കരുത്തും സ്വാധീനവും ഏറെയാണ്. രമ്യാകൃഷ്ണന്റെ പഴയ നീലാംബരി വെളളിത്തിരയിൽ ചലിച്ചത് സാക്ഷാൽ ജയലളിതയുടെ ശരീരഭാഷയിലായിരുന്നത്രേ.

ജയലളിതയ്ക്കു മേൽ രജനീകാന്തിന്റെ ആത്യന്തിക വിജയം പ്രവചിക്കുന്ന സംഭാഷണങ്ങളുടെയും പാട്ടുകളുടെയും ജനപ്രീതിയായിരുന്നു പടയപ്പയുടെ വാണിജ്യവിജയം. ഇന്ന് ജയലളിതയില്ല. പകരം ജയലളിതയിൽ ആരോപിക്കപ്പെട്ട സകല ദുർഗുണങ്ങളെയും കവച്ചുവെയ്ക്കുന്ന നിഗൂഢതയിൽ മൂക്കറ്റം നിൽക്കുകയാണ് ശശികല. പഴയ നീലാംബരിയുടെ തോഴി സദ്ഗുണ സമ്പന്നയും ശാലീന സുന്ദരിയുമായിരുന്നു. ഒറിജിനൽ നീലാംബരിയുടെ പ്രാണനു വില പറഞ്ഞ അതുക്കും മേലേ നീലാംബരിയാണ് പുതിയ തിരക്കഥയിലെ വില്ലത്തി.  കണ്ണിൽച്ചോരയില്ലായ്മയുടെയും ഉപജാപമിടുക്കിന്റെയും ആരും കേൾക്കാത്ത കഥയാണ് പുതിയ തമിഴ് രാഷ്ട്രീയം.


തമിഴ് മണ്ണ് അമ്മപ്പട്ടം കൽപ്പിച്ചുകൊടുത്ത പുരഴ്ചി തലൈവിയുടെ മരണം എക്കാലത്തെയും ദൂരൂഹ സംഭവമാക്കിയതിന്റെ സൂത്രധാരയാണ് ശശികല. ആ ദുരൂഹത നീക്കാൻ ഏതു പടയപ്പ യുദ്ധം തുടങ്ങിയാലും ഇരുകൈകളുമുയർത്തി തമിഴൻ കൂടെയിറങ്ങും. കൊടിയും രാഷ്ട്രീയവും നോക്കാതെ. സർവാധികാരവും രഹസ്യാന്വേഷണ സംവിധാനങ്ങളിൽ സർവാധിപത്യവുമുളള ബിജെപിയാണ് പടയപ്പയാകുന്നതെങ്കിൽ, ദക്ഷിണേന്ത്യയിൽ അവർക്ക് ഏറ്റവും സ്വാധീനമുളള സംസ്ഥാനമായി തമിഴ്നാട് മാറും.

നിഗൂഢതകളൊരുപാടു നീങ്ങാനുണ്ട്. അധികാരം കൊണ്ടു മാത്രമേ അതു സാധ്യമാകൂ. അത്രയ്ക്കു ദുരൂഹമായിരുന്നു ജയലളിതയുടെ ആശുപത്രി വാസം. സെപ്തംബർ 22നു ശേഷം ജയലളിതയെ ജീവനോടെ കണ്ടവർ ശശികലയും മകൾ ഇളവരശിയും അപ്പോളോ ആശുപത്രിയിലെ ജീവനക്കാരും മാത്രം. ജയലളിതയുടെ ഉറ്റബന്ധുക്കൾ, ഗവർണർ, കാബിനറ്റ് മന്ത്രിമാർ, പാർടി നേതാക്കൾ.. തുടങ്ങി ആർക്കും അവരെ നേരിട്ടു കാണാൻ കഴിഞ്ഞില്ല. പ്രമുഖർ പലരും ആശുപത്രിയിലെത്തി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണൻ അടക്കം.

സെപ്തംബർ 22 മുതൽ ജയലളിതയുടെ മരണം വരെയുളള അപ്പോളോ ആശുപത്രി എപ്പിസോഡാണോ ബിജെപിയുടെ തുറുപ്പുചീട്ട്? അതിലൂന്നി രാഷ്ട്രീയം കളിച്ചാൽ പ്രതിരോധം എളുപ്പമല്ല. എവിടെനിന്നെങ്കിലും പുറത്തുവരുന്ന ആധികാരികമായ ഒരു വെളിപ്പെടുത്തൽ മതി. ജനരോഷം ആളിപ്പടരുമെന്നുറപ്പ്. അങ്ങനെ വികാരാവേശത്തിന്റെ പരകോടിയിലേയ്ക്കുയർത്തി തമിഴനെ അപ്പാടെ വിഴുങ്ങാനാണോ ബിജെപിയുടെ പുറപ്പാട്?

പൂർവാശ്രമത്തിൽ ഡിഎംകെ ആയിരുന്നത്രേ ശശികല. മന്നാർഗുഡി മാഫിയയും ഡിഎംകെയും തമ്മിലുളള രഹസ്യബാന്ധവം മണത്തറിഞ്ഞതിനെത്തുടർന്നാണ് 2011ൽ സകല സൌഹൃദങ്ങളും അവസാനിപ്പിച്ച് തോഴിയെയും സംഘത്തെയും ജയലളിത പയസ് ഗാർഡനിൽനിന്ന് പടിയടച്ചു പിണ്ഡം വെച്ചതെന്നുമൊരു ശ്രുതിയുണ്ട്.

അക്കാലത്ത് ബംഗളൂരുവിലൊരു ഒത്തുചേരൽ നടന്നിരുന്നുവത്രേ. ശശികല, നടരാജൻ, ശശികലയുടെ കസിനെ വിവാഹം കഴിച്ച രാവൺ, നടരാജന്റെ ബിസിനസ് പങ്കാളി മിദാസ് മോഹൻ,വി കെ സുധാകരൻ, ശശികലയുടെ മരുമകൻ ടിടിവി ദിനകരൻ, നടരാജന്റെ സഹോദരൻ എം രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത കൂടിച്ചേരലിൽ ജയലളിതയുടെ പിൻഗാമിയെക്കുറിച്ചും ചർച്ചകളുണ്ടായെന്നും ഈ യോഗത്തിന്റെ ഓഡിയോ ടേപ്പ് ജയലളിതയുടെ കൈവശമെത്തിയെന്നും വാർത്തകളുണ്ടായിരുന്നു.

ശശികലയുടെയും സംഘത്തിന്റെയും എല്ലാ നീക്കങ്ങളും പിന്തുടരാൻ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയെയും ജയലളിത ചുമതലപ്പെടുത്തിയിരുന്നത്രേ. ഏതായാലും രാവണിന്റെ വീട്ടിൽ റെയിഡു നടന്നു. അമ്പതു കോടിയാണ് പിടിച്ചെടുത്തത്. മിഡാസ് ഗോൾഡൻ ഡിസ്റ്റിലറീസിന്റെ തലവനായിരുന്നു രാവൺ. ഈ കമ്പനിയിൽ നിന്നാണ് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷൻ മദ്യം വാങ്ങിയിരുന്നത്. 2002ൽ ജയലളിത അധികാരത്തിലിരുന്നപ്പോൾ ശശികല ആരംഭിച്ച കമ്പനി. പക്ഷേ, ഡിഎംകെ സർക്കാരിന്റെ കാലത്തും ഇവർക്കു തന്നെയായിരുന്നു ആധിപത്യം.

ഡിഎംകെയാണ് തമിഴ് രാഷ്ട്രീയം അപ്പാടെ കോർപറേറ്റുവത്കരിച്ചു തുടങ്ങിയത്. വലിയൊരു വ്യവസായ സാമ്രാജ്യമായി ആ കുടുംബം വളർന്നു. കണ്ണും പൂട്ടി നടത്തിയ അഴിമതിയാണ് ആ സാമ്രാജ്യത്തിന്റെ മൂലാധാരം. മറുവശത്ത് ജയലളിതയും അതേവഴിയിലൂടെ നീങ്ങി. എന്നാൽ അമ്മയുണ്ടാക്കിയ സാമ്രാജ്യത്തിൽ അമ്മയുമായി രക്തബന്ധമുളളവരോ എഐഎഡിഎംകെയുടെ ഗുണകാംക്ഷികളോ ഉണ്ടായിരുന്നില്ല. താക്കോൽ പദവികളിലെല്ലാം മന്നാർഗുഡി കുടുംബം മാത്രം. അവരറിയാതെ ഒരിലപോലും തമിഴ്നാട്ടിൽ അനങ്ങില്ലെന്ന അവസ്ഥയിലെത്തി.

എഐഡിഎംകെയുടെ കോർപറേറ്റ് സാമ്രാജ്യം ജയലളിതയുടെ അധികാരത്തിന്മേലാണ് കെട്ടിപ്പെടുക്കപ്പെട്ടത്. പക്ഷേ, ഒരു കിരീടവും കസേരയും മാത്രമേ അവർക്കുണ്ടായിരുന്നുളളൂ. സാമ്രാജ്യത്തിന്റെ ചെങ്കോൽ മന്നാർഗുഡി കുടുംബത്തിന്റെ കൈവശമായിരുന്നു. ജയലളിതയില്ലെങ്കിലും സാമ്രാജ്യം വളരുമെന്നുറപ്പായപ്പോൾ ചെയ്ത കടുംകൈയാണോ അവരെ എന്നെന്നേയ്ക്കുമായി അപ്പോളോ ആശുപത്രിയിലെത്തിച്ചത്?

മെയ് 23നാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. കൃത്യം നാലു മാസം തികഞ്ഞ ദിവസം അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സെപ്തംബർ 22ന്. പിന്നെ പുറംലോകത്താരും അവരെ കണ്ടിട്ടില്ല. അവരും പുറംലോകം കണ്ടില്ല. നിർണായകമായ നാലു മാസങ്ങൾ.

അവൻ വരുമോ... സാക്ഷാൽ പടയപ്പ.... നെഞ്ചിൽ ആറു പടയൈപ്പ.....പിന്നാൽ നൂറു പടയൈപ്പ.. യുത്തം ഒന്നുവരുകിൽ പത്തുവിരൽ പടൈയപ്പാ...

അട എവനുക്കു എന്ന ഗുണം എവനുക്കു എന്ന ബലം
കണ്ടതില്ലൈ ഒരുവരുമേ....

ഒരു വിദൈക്കുളള അടൈപ്പെട്ട ആലമരം കൺമുടിക്കും
അതുവരൈ പോരു മനമൈ....