സിറിയന്‍ ആഭ്യന്തരയുദ്ധം; ഒരു സമകാലിക വായന

ചുരുക്കത്തില്‍ സിറിയന്‍ ആഭ്യന്തരയുദ്ധം നാലുവര്‍ഷം പിന്നിടുമ്പോള്‍ ശാക്തിക സമവാക്യങ്ങളിലും ഘടനകളിലുമൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ് ഐഎസ് ദുര്‍ബലമാകുന്നു, ഐഎസ് 'ഖിലാഫത്ത്' തുടങ്ങിയതു പോലെ തന്നെ ഒടുങ്ങുകയാണ്. മറ്റൊരു പ്രമുഖപോരാട്ട പ്രസ്ഥാനമായ അല്‍ഖൈ്വദ പിന്തുണയുള്ള 'ജബ്ഹത്തുല്‍ നുസ്ര' ആദ്യം 'ജബ്ഹത്തുല്‍ ഫത്തഹ് ശാം' ആയും പിന്നീട് യുദ്ധമുഖത്തുള്ള ഒട്ടനവധി ചെറൂഗ്രൂപ്പുകളെ ഒന്നിപ്പിച്ചുകൊണ്ട് 'ഹയാത്ത് തെഹരീര്‍ അല്‍ ശാം' ആയും രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

സിറിയന്‍ ആഭ്യന്തരയുദ്ധം; ഒരു സമകാലിക വായന

പി കെ നൗഫല്‍

ഒരുവശത്ത് ഇറാഖിലെ ദായിഷിന്റെ ശക്തികേന്ദ്രങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, മറുവശത്ത് സിറിയയിലെ പോരാട്ട പ്രസ്ഥാനങ്ങളില്‍ നിന്ന് സിറിയയിലെ ഏറ്റവും വലിയ വിമത ശക്തികേന്ദ്രങ്ങളിലൊന്നായ ആലെപ്പോ (ഹലബ്) സിറിയന്‍ സൈന്യം പിടിച്ചടക്കിയിരിക്കുന്നു. ഒറ്റനോട്ടത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെയുള്ള ഗതിക്കു വിരുദ്ധമായി ഇറാഖില്‍ അമേരിക്കന്‍- ഇറാന്‍ അച്ചുതണ്ടിന്റെ നേതൃത്വത്തിലുള്ള ഇറാഖ് സൈന്യവും സിറിയയില്‍ റഷ്യന്‍- ഇറാന്‍ മുന്നണി നേതൃത്വം കൊടുക്കുന്ന ബഷാറിന്റെ സിറിയന്‍ സൈന്യവും നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്തിയതായി മനസ്സിലാക്കാവുന്നതാണ്.


ഇതില്‍ തന്നെ ആലെപ്പോയുടെ പതനമാണു എടുത്തുപറയേണ്ടത്. സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതു മുതല്‍ വിമതശക്തികേന്ദ്രമായിരുന്നു ആലെപ്പോ. പ്രത്യയശാസ്ത്രപരമായി അടിത്തറയൊന്നുമില്ലാത്ത, സിറിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബഷാര്‍ അസദിനെ മാറ്റുക എന്ന മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അമേരിക്ക, തുര്‍ക്കി, ചില ഗള്‍ഫ് രാജ്യങ്ങളുടെയൊക്കെ പിന്തുണയോടെ സംഘടിക്കപ്പെട്ട പോരാട്ടപ്രസ്ഥാനമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ നിയന്ത്രണത്തിലായിരുന്നു നാളിതുവരെ ആലെപ്പോ. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തിലെ അനുകൂലസാഹചര്യം മുതലെടുത്ത് സിറിയന്‍ സൈന്യത്തില്‍ നിന്ന് കാര്യമായ പ്രതിരോധമൊന്നും നേരിടാതെയായിരുന്നു ആലെപ്പോ വിമതനിയന്ത്രണത്തില്‍ വന്നത്. അതേസമയം ഇസ്ലാമിക പോരാളി പ്രസ്ഥാനങ്ങള്‍ക്ക് ആലെപ്പോയില്‍ കാര്യമായ സ്വാധീനവും ഉണ്ടായിരുന്നില്ല.

മാസങ്ങള്‍ക്ക് മുമ്പേ ഇസ്ലാമിക പശ്ചാത്തലമുള്ള പോരാട്ട പ്രസ്ഥാനങ്ങള്‍ സംയുക്തമായി നടത്തിയ നീക്കങ്ങളില്‍ ആലെപ്പോയിലെ ആര്‍ട്ടിലെറി യൂണിറ്റ്, 1070 ഹൗസിങ് കോമ്പ്‌ലെക്‌സ് അടക്കമുള്ള പല തന്ത്രപ്രധാനമായ സൈനിക-സിവിലിയന്‍ കേന്ദ്രങ്ങളും പിടിച്ചടക്കി ആലെപ്പോക്കെതിരെയുള്ള സിറീയന്‍ സൈന്യത്തിന്റെ ഉപരോധത്തെ തകര്‍ത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആലെപ്പോയിലെ ജനങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണവും അവശ്യവസ്തുക്കളും ലഭ്യമായതും ഈ ഉപരോധം തകര്‍ത്തതിനു ശേഷമായിരുന്നു.

എന്നാല്‍ വിമത പോരാട്ടപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മുതലെടുത്തുകൊണ്ട് റഷ്യന്‍ ഇറാന്‍- ഷിയാ സൈന്യങ്ങളുടെ നേരിട്ടുള്ള പിന്തുണയോടെ സിറിയന്‍ സൈന്യം നടത്തിയ അതിശക്തമായ തിരിച്ചടിയില്‍ വിമതര്‍ സമീപകാലത്ത് പിടിച്ചടക്കിയ പ്രദേശങ്ങള്‍ക്ക് പുറമെ വര്‍ഷങ്ങളായി കൈയയ്യടക്കിവെച്ചിരുന്ന സ്വന്തം ശക്തികേന്ദ്രങ്ങളും പോരാളികള്‍ക്ക് നഷ്ടപ്പെട്ടു. ഫ്രീസിറീയന്‍ ആര്‍മിയെന്ന (എഫ്എസ്എ) കൂലിപ്പട്ടാളത്തിന്റെ അപചയമാണ് സ്വന്തം ശക്തികേന്ദ്രങ്ങള്‍ നഷ്ടപ്പെടുന്നതിലേക്കെത്തിയതെന്നാണ് പൊതുവിലയിരുത്തല്‍. സിറിയന്‍ സൈന്യത്തിന്റെയും ഷിയാ മിലിഷ്യയുടെയും കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതില്‍ പോരാട്ടവീര്യം ഒട്ടുമില്ലാത്ത എഫ്എസ്എ പൂര്‍ണമായും പരാചയപ്പെടുകയാണുണ്ടായത്.

ഇതിന്റെ തിക്തഫലം അനുഭവിച്ചത് ആലെപ്പോയിലെ സിവിലിയന്‍ സമൂഹവുമാണ്. വലിയ കൂട്ടക്കൊലകളും ക്രൂരമായ പീഢനങ്ങളുമാണു കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍ സിറിയന്‍-ഷിയാ സൈനികര്‍ നടത്തിയത്. സുന്നി സമൂഹത്തെ തെരഞ്ഞുപിടിച്ച് അക്രമിച്ചു കൊല്ലുകയായിരുന്നു ബഷാറിന്റെയും ഇറാന്റെയും സംയുക്തസൈന്യം. ഇതിന്റെയൊക്കെ ഫലമായി മേഖലയില്‍ നിന്ന് പലായനം ചെയ്യാന്‍ സാധാരണ ജനങ്ങള്‍ നിര്‍ബന്ധിതരായി. പ്രധാനമായും ഇദ്ലിബ് അടക്കമുള്ള പ്രദേശങ്ങളിലേക്കാണ് ജനങ്ങള്‍ പലായനം ചെയ്തത്. ഏതായാലും ആലെപ്പോയുടെ പതനത്തോടെ എഫ്എസ്എ ശക്തിക്ഷയിച്ച് നാമമാത്രമായി എന്നു പറയാം. കുറെയേറെ പോരാളികള്‍ ഇതര പോരാട്ടപ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു.

അതേസമയം, മറുവശത്ത് ഇസ്ലാമികാടിത്തറയുള്ള പോരാട്ട പ്രസ്ഥാനങ്ങള്‍ രൂപത്തിലും ഭാവത്തിലും ഘടനയിലുമൊക്കെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സിറിയയിലെ ഏറ്റവും വലിയ പോരാട്ടപ്രസ്ഥനമായ അല്‍ഖൈ്വദ പിന്തുണയുള്ള 'ജബ്ഹത്തുല്‍ നുസ്ര' അല്‍ഖൈ്വദയുമായുള്ള ബന്ധം 'വിച്ചേദിക്കുകയും' പൂര്‍ണമായും സിറിയന്‍ വിമോചനം മാത്രം ലക്ഷ്യമിട്ടുകൊണ്ട് 'ജബ്ഹത്തുല്‍ ഫതഹുല്‍ ശാം' (ജെഎഫ്എസ്) എന്ന പുതിയ ഘടനയിലേക്ക് വഴിമാറുകയാണെന്നു പ്രഖ്യാപിച്ചതും സമീപകാലത്താണ്. വിദേശബന്ധമുള്ള പോരാട്ടപ്രസ്ഥാനം എന്ന വിമര്‍ശനത്തില്‍ നിന്ന് പുറത്തുകടന്നു പൂര്‍ണമായും സിറിയന്‍ സ്വാതന്ത്ര്യസമരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകായിരുന്നു അവരുടെ ലക്ഷ്യം. മേഖലയില്‍ കൂടുതല്‍ ശക്തമായി ചുവടുറപ്പിക്കാനുള്ള അല്‍ഖൈ്വദ തന്ത്രത്തിന്റെ ഭാഗമാണ് അല്‍ഖൈ്വദയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള 'ജബ്ഹത്തുല്‍ നുസ്ര'യില്‍ നിന്ന് 'സ്വതന്ത്ര പരിവേശമുള്ള' 'ജബ്ഹത്തുല്‍ ഫത്തഹ് ശാം' ലേക്കുള്ള മാറ്റം. അതുകൊണ്ടുതന്നെ ഈ മാറ്റം തികച്ചും സാങ്കേതികം മാത്രമാണെന്ന് വ്യക്തം.

മേഖലയിലെ തദ്ദേശപിന്തുണ ആര്‍ജിക്കുവാന്‍ ഈ നീക്കം സഹായിക്കും എന്നാണു അല്‍ഖൈ്വദയുടെ കണക്കുകൂട്ടല്‍. ഇതിന്റെ തുടര്‍ച്ചയായി പ്രാദേശികമായ ചെറുഗ്രൂപ്പുകളെ അവരുടെ കൊടിക്കുകീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുകയും, അതില്‍ കുറെയൊക്കെ വിജയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിവിധ വിമതപോരാട്ടപ്രസ്ഥാനങ്ങളുമായി സഹകരിക്കാനും സംയുക്ത നീക്കം നടത്തുവാനും അവര്‍ ശ്രമിച്ചതിന്റെ ഭാഗമായിരുന്നു 'അഹ്റാര്‍ അല്‍ ശാം', 'തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് പാര്‍ട്ടി', നൂറുദ്ദീന്‍ സിങ്കി' 'അജ്നദ് അല്‍ ശാം' 'ലിവാ ഉള്‍ ഹഖ്' 'ജെയ്‌ഷെ സുന്ന' അടക്കമുള്ള പോരാട്ടപ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് 'ജെയ്ഷ് അല്‍ ഫതഹ്' യുനൈറ്റഡ് ഗ്രൂപ്പിന്റെ ബാനറില്‍ ആലെപ്പോ ഉപരോധം നീക്കാന്‍ നടത്തിയ സംയുക്ത സൈനീക നീക്കം. ആലെപ്പോക്കെതിരെയുള്ള സിറീയന്‍ കടന്നാക്രമണത്തില്‍ എഫ്എസ്എ പകച്ചുനിന്നപ്പോള്‍ മേഖലയില്‍ അത്ര സ്വാധീനവും ശക്തിയുമില്ലാത്ത 'ജെയ്ഷ് അല്‍ ഫതഹ്' എന്ന സംയുക്ത സൈന്യമാണു ചെറുപ്രതിരോധമെങ്കിലും ഉയര്‍ത്തിയത്. കീഴടങ്ങിയ പ്രദേശത്തുനിന്ന് ഏറ്റവും ഒടുവില്‍ സുരക്ഷിതസ്ഥാനത്തേക്കു പലായനം ചെയ്തവരും ഇവരായിരുന്നു.

എന്നാല്‍ ആലെപ്പോയിലെ ബഷാര്‍ സൈന്യത്തിന്റെ കടന്നുകയറ്റവും എഫ്എസ്എ അടക്കമുള്ള പോരാട്ടസംഘങ്ങള്‍ക്കേറ്റ തിരിച്ചടിയും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇസ്ലാമികാടിത്തറയുള്ള പോരാട്ട പ്രസ്ഥാനങ്ങള്‍ക്കു പ്രേരണയായി എന്നു പറയാം. ജബ്ഹത്തുല്‍ നുസ്രയില്‍ നിന്നു ജബ്ഹത്തുല്‍ ഫത്തഹ് ശാം' എന്ന പ്രസ്ഥാനത്തിലേക്കുള്ള മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്നെ ഈ ഘടനക്കും അപ്പുറം 'ഹയാത്ത് തെഹരീര്‍ അല്‍ ശാം' (എച്ച്ടിഎസ്) എന്ന വിശാലമായ പ്ലാറ്റ്‌ഫോമിലേക്ക് ഇവര്‍ മാറിയിരിക്കുകയാണ്. ജെഎഫ്എസ്, നൂറുദ്ദീന്‍ സിങ്കി, ജയ്‌ഷെ സുന്ന, ലിവാ അല്‍ ഹഖ്, അന്‍സാറുദ്ദീന്‍, അഹ്റാര്‍ അല്‍ ശാമിന്റെയും ഫ്രീ സിറീയന്‍ ആര്‍മിയുടെയും വലിയൊരു ഭാഗം അടക്കം ചെറുതും വലുതുമായ മുപ്പത്തിയഞ്ചോളം പോരാളി ഗ്രൂപ്പുകളാണു 'ഹയാത്ത് തെഹരീര്‍ അല്‍ ശാം' ന്റെ കൊടിക്കീഴില്‍ ഒന്നായിരിക്കുന്നത്. ഇതോടെ 'ഹയാത്ത് തെഹരീര്‍ അല്‍ ശാം' സഖ്യം സിറിയയിലെ ഏറ്റവും വലിയ പോരാളിപ്രസ്ഥാനമായി മാറിയിരിക്കുകയാണ്.

ഇവരുടെ സ്വാധീനപ്രദേശങ്ങളാണ് ഇദ്ലിബ്, ലടാക്കിയ മലനിരകള്‍, ഹമയുടെയും ആലിപ്പോയുടെയും ഗ്രാമപ്രദേശങ്ങള്‍, നോര്‍ത്ത് ഹോംസ് ഗ്രാമം കിഴക്കും പടിഞ്ഞാറും ഗാലമൌന്‍, ലബനന്‍ ബോര്‍ഡര്‍ ഉള്‍പ്പെടുന്ന മേഖലകള്‍. ഇതില്‍ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശമാണു 'ഇദ്ലിബ്'. പഴയ ജെഎഫ്എസിന്റെ ശക്തികേന്ദ്രം. ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കാര്‍ഷിക മേഖലകളും നഗരപ്രദേശമടക്കം ഉള്‍ക്കൊള്ളുന്ന വലിയ മേഖലയാണിത്. ആലിപ്പോ കീഴടക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ പലായനം ചെയ്തതും പ്രധാനമായും 'ഇദ്ലിബ്'ലേക്കായിരുന്നു. പുതിയ സാഹചര്യത്തില്‍ റഷ്യ-ഇറാന്‍-ഷിയാ-ബഷാര്‍ സഖ്യത്തിന്റെയും അമേരിക്കയുടെയും പ്രധാനലക്ഷ്യമാണ് 'ഇദ്ലിബ്'. ഇതിനകം തന്നെ ഇദ്ലിബിനെതിരെ നിരവധി അക്രമണങ്ങള്‍ നടക്കുകയുണ്ടായി. ഇദ്ലിബിനു പുറത്തുള്ള പോരാട്ടപ്രസ്ഥാനങ്ങളുടെ സ്വാധീനമേഖലകള്‍ കീഴടക്കിയതിനു ശേഷം 'ഇദ്ലിബ്'നെതിരെ അതിശക്തമായ കര-വ്യോമ മേഖലയുടെ സംയുക്ത സൈനികനീക്കം നടത്തുക എന്നതാണു ബഷാര്‍ സഖ്യത്തിന്റെ പ്ലാന്‍. ആലപ്പോയില്‍ നിന്നുള്ള ജനങ്ങളെകൂടി ഉള്‍ക്കൊള്ളുന്ന 'ഇദ്ലിബ്' അക്രമിച്ചു നശിപ്പിക്കപ്പെട്ടാല്‍ അതോടുകൂടി സിറുയയിലെ ബഷാര്‍ വിരുദ്ധ പോരാട്ടം അവസാനിപ്പിക്കാനാകുമെന്നും അവര്‍ കരുതുന്നു.

റഷ്യ-അമേരിക്ക-ബഷാര്‍ സഖ്യത്തിന്റെ അക്രമണങ്ങളില്‍ നിന്നും വിഭിന്നമായി അമേരിക്ക 'ടാര്‍ഗറ്റ്' അക്രമണങ്ങളാണു നടത്തുന്നത്. പഴയ ജെഎഫ്എസിന്റെ അണികളെയും നേതാക്കളെയുമാണു അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. ജെഎഫ്എസിന്റെ ഉന്നതനേതാക്കളടക്കം ഇതിനകം നിരവധിപേര്‍ അമേരിക്കന്‍ അക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ജെഎഫ്എസിന്റെ പരിശീലനകേന്ദ്രത്തില്‍ നടന്ന അമേരിക്കന്‍ ബോംബിങ്ങില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അമേരിക്ക സാധാരണക്കാരെയും ലക്ഷ്യം വെക്കുന്നുണ്ട്. പ്രധാനമായും ഡ്രോണ്‍ അക്രമണമാണു നടക്കുന്നത്. എന്നിരുന്നാലും ആലെപ്പോയില്‍ നിന്ന് വിഭിന്നമായി ഇദ്ലിബ് അതിശക്തമായ പ്രതിരോധമാണു നടത്തുന്നത്. ആലെപ്പോ കീഴടക്കിയത് പോലെ ബഷാര്‍ സഖ്യത്തിനും അമേരിക്കക്കും ലളിതമായിരിക്കില്ല ഇദ്ലിബിനെതിരെയുള്ള സൈനീകനീക്കം.

വിമതപോരാളികള്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം ഒരു വശത്ത് ഊര്‍ജിതമായി നടക്കുമ്പോഴും സിറിയയിലെ പ്രധാന പോരാട്ട പ്രസ്ഥാനങ്ങളായ അഹ്റാര്‍ അല്‍ ശാം, ജുന്‍ദുല്‍ അക്‌സ അടക്കമുള്ള പോരാട്ടപ്രസ്ഥാനങ്ങള്‍ പരസ്പരം വിഘടിച്ചു നില്‍ക്കുകയാണ്. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘര്‍ഷവും ഉണ്ടാകുന്നുണ്ട്. പ്രധാനമായും തുര്‍ക്കിയില്‍ നിന്നുള്ള പിന്തുണയാണു അഹ്റാല്‍ അല്‍ ശാമിനുള്ളതെന്നാണു വിലയിരുത്തല്‍. പഴയ ജെഎഫ്എസിനെതിരെ അഹ്റാറിനോട് പോരാടാനുള്ള ആഹ്വാനങ്ങള്‍ തുര്‍ക്കിയിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നുമുണ്ട്. ഏതായാലും ജെഎഫ്എസ് മുന്‍കൈയെടുത്തുണ്ടാക്കിയ പുതിയ പോരാട്ടസംഘം 'ഹയാത്ത് തെഹരീര്‍ അല്‍ ശാം' നിലവില്‍ വന്നതോടെ ഫ്രീ സിറിയന്‍ ആര്‍മിക്കൊപ്പം ഏറെ നഷ്ടം സംഭവിച്ചതും അഹ്റാല്‍ അല്‍ ശാമിനു തന്നെയാണ്. അഹ്റാരിന്റെ പ്രധാന നേതാക്കളടക്കം വലിയൊരു വിഭാഗം ഇതിനകം തന്നെ അഹ്റാര്‍ ബന്ധം ഉപേക്ഷിച്ചുകൊണ്ട് 'ഹയാത്ത് തെഹരീര്‍ അല്‍ ശാം' ല്‍ ചേക്കേറിക്കഴിഞ്ഞു. ഇതിനു ബദലായി 'അഹ്റാര്‍ അല്‍ ശാമും' ചില പ്രാദേശിക സായുധഗ്രൂപ്പുകളുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്തായാലും ഒരു വശത്ത് റഷ്യ-ഇറാന്‍-ബഷാര്‍ സഖ്യവും അമേരിക്കന്‍ സഖ്യരാജ്യങ്ങളും സിറിയയിലെ അവശേഷിക്കുന്ന വിമതശക്തികേന്ദ്രങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പുതുതായി രൂപംകൊണ്ട 'ഹയാത്ത് തെഹരീര്‍ അല്‍ ശാം' ലഡാക്കിയ അടക്കമുള്ള ബഷാറിന്റെ ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനുള്ള മുന്നൊരുക്കത്തിലാണ്.

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റിനു ഓരോ ദിവസം ചൊല്ലുംതോറും ഇടം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഐഎസിന്റെ ശക്തിദുര്‍ഗമയിരുന്ന മൊസൂള്‍ പാതി അടക്കം, 30 ശതമാനത്തോളം ഭൂമി അവര്‍ക്ക് ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞു. പ്രധാനപ്പെട്ട നേതാക്കളും അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സിറിയയിലും ഇറാഖിലും പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുന്നുണ്ടെങ്കിലും സ്വാധീനപ്രദേശങ്ങള്‍ ഓരോ ദിവസം ചെല്ലുംതോറൂം ചുരുങ്ങിവരികയാണ്. സിറിയയില്‍ ദെരാസൂര്‍, റഖ, ഈസ്റ്റേണ്‍ ആലെപ്പോ, ഈസ്റ്റേണ്‍ ഹോംസ്, ഈസ്റ്റേണ്‍ ഹമ, ഈസ്റ്റേണ്‍ ഖലമൂന്‍ എന്നിവയും ഇറാഖില്‍ മൊസൂളിന്റെ പാതിഭാഗവുമാണ് ഇപ്പോഴും ഐഎസിന്റെ നിയന്ത്രണത്തിലുള്ളത്. ഇറാഖില്‍ നിലവില്‍ 70 ശതമാനവും ഇറാഖ് പട്ടാളനിയന്ത്രണത്തിലായിക്കഴിഞ്ഞു. തുര്‍ക്കിയുമായുള്ള അതിര്‍ത്തി നഷ്ടപ്പെട്ടതാണു യുദ്ധമുഖത്ത് അവര്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി. ഐഎസിനു ആളും അര്‍ത്ഥവും ഒഴുകിയിരുന്നത് തുര്‍ക്കി അതിര്‍ത്തിവഴിയായിരുന്നു. ആ വഴിയടഞ്ഞത് ഐഎസ് മുന്നേറ്റത്തെയും ചെറുത്തുനില്‍പിനെയും സാരമായി ബാധിച്ചിട്ടുണ്ട്.

സമാനമായി തുര്‍ക്കിയും സിറിയയിലെ അല്‍ബാബില്‍ നേരിട്ടുള്ള അക്രമണം നടത്തുന്നുണ്ട്. ഒരേസമയം വ്യോമ- കര- സൈനിക അക്രമണങ്ങളാണ് തുര്‍ക്കി നടത്തുന്നത്. മാത്രമല്ല അല്‍ബാബില്‍ 'അഹ്റാര്‍ അല്‍ ശാം' ഐഎസിനെതിരെ നടത്തുന്ന പോരാട്ടത്തിനും അമേരിക്കക്കു പുറമെ തുര്‍ക്കിയുടെയും സായുധമായ പിന്തുണയുണ്ട്.

ചുരുക്കത്തില്‍ സിറിയന്‍ ആഭ്യന്തരയുദ്ധം നാലുവര്‍ഷം പിന്നിടുമ്പോള്‍ ശാക്തിക സമവാക്യങ്ങളിലും ഘടനകളിലുമൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ് ഐഎസ് ദുര്‍ബലമാകുന്നു, ഐഎസ് 'ഖിലാഫത്ത്' തുടങ്ങിയതു പോലെ തന്നെ ഒടുങ്ങുകയാണ്. മറ്റൊരു പ്രമുഖപോരാട്ട പ്രസ്ഥാനമായ അല്‍ഖൈ്വദ പിന്തുണയുള്ള 'ജബ്ഹത്തുല്‍ നുസ്ര' ആദ്യം 'ജബ്ഹത്തുല്‍ ഫത്തഹ് ശാം' ആയും പിന്നീട് യുദ്ധമുഖത്തുള്ള ഒട്ടനവധി ചെറൂഗ്രൂപ്പുകളെ ഒന്നിപ്പിച്ചുകൊണ്ട് 'ഹയാത്ത് തെഹരീര്‍ അല്‍ ശാം' ആയും രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

ഒബാമയുടെ കയ്യില്‍ നിന്ന് വളയം ട്രംപിന്റെ കയ്യിലെത്തുമ്പോള്‍ സിറിയയിലെ അമേരിക്കന്‍ ഇടപെടലുകള്‍ കൂടുതല്‍ രക്തരൂക്ഷിതമാവാനാണു സാധ്യത. പ്രത്യേകിച്ചും മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്ഥമായി ട്രംപ് റഷ്യയുമായി അടുത്തബന്ധം ആഗ്രഹിക്കുന്ന നേതാവെന്ന നിലക്ക് മേഖലയില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കൊപ്പം തന്നെ റഷ്യന്‍ താല്‍പര്യത്തിനൊപ്പവും നിന്നുകൊണ്ടുള്ള സംയുക്ത സൈനികനീക്കങ്ങള്‍ പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ സിറിയന്‍ ആഭ്യന്തരയുദ്ധം അടുത്തൊന്നും അവസാനിക്കുന്നതിന്റെ സൂചനകളില്ല എന്നു മാത്രമല്ല കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതകളാണു കാണുന്നത്. ആത്യന്തികമായി യുദ്ധക്കെടുതികള്‍ക്കിരയാകുന്നത് സിറിയന്‍ ജനതയാണെന്ന് മാത്രം.