26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാനുള്ള അനുവാദം സുപ്രീംകോടതി നിഷേധിച്ചു

മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത് പ്രസ്തുത കുഞ്ഞിന് ജനനശേഷം ആരോഗ്യപരമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ്. പക്ഷേ, ഗർഭാവസ്ഥ തുടരുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നുമില്ലെന്നും റിപ്പോർട്ട് പറയുന്നു.

26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാനുള്ള അനുവാദം സുപ്രീംകോടതി നിഷേധിച്ചു

ഡൗൺ സിൻഡ്രോം ഉള്ള 26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാനുള്ള അനുവാദം സുപ്രീം കോടതി നിഷേധിച്ചു. 20 ആഴ്ചകൾക്കു മുകളിൽ പ്രായമുള്ള ഭ്രൂണം നശിപ്പിക്കുന്നത് അമ്മയുടേയോ കുഞ്ഞിന്റേയോ ജീവന് ഭീഷണിയുണ്ടാകാവുന്ന സാഹചര്യത്തിൽ മാത്രമേ അനുവദിക്കാനാവൂ എന്നു ചൂണ്ടിക്കാട്ടിയാണ്‌ കോടതി അനുവാദം നിഷേധിച്ചത്.

മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത് പ്രസ്തുത കുഞ്ഞിന് ജനനശേഷം ആരോഗ്യപരമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ്. പക്ഷേ, ഗർഭാവസ്ഥ തുടരുന്നതുകൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നുമില്ലെന്നും റിപ്പോർട്ട് പറയുന്നു.

ജസ്റ്റിസ് എസ് എ ബോബ്ഡേയും ജസ്റ്റിസ് എൽ നാഗേശ്വര റാവുവും അടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. 24 ആഴ്ച വരെ പ്രായമുള്ള ഭ്രൂണം അലസിപ്പിക്കുന്നത് അനുവദിക്കാനുള്ള ആലോചനകൾ നടക്കുകയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

ഫെബ്രുവരിയിൽ 24 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാൻ സുപ്രീം കോടതി അനുവദിച്ചിരുന്നു. കുഞ്ഞിന്റെ ജീവന് ആപത്തുള്ളതുകൊണ്ടാണ് അന്ന്‌ അനുവാദം നൽകിയത്.