ആഷിക്കും പ്രിഥ്വിയും പറയട്ടെ: രഞ്ജിത്തിന്റെ ആയിരം മീശപിരിക്കോഴിക്കു കാണുമോ അര ഫെമിനിസ്റ്റ്‌ കാട?

"പുളിമാങ്ങ തീറ്റിക്കു"മെന്നും "പൂണ്ടു വിളയാടിയാൽ പത്തുമാസം കഴിഞ്ഞേ എഴുന്നേൽക്കൂ"വെന്നുമൊക്കെ ഊളത്തരങ്ങൾക്ക് പെൺപക്ഷത്ത് ഒന്നാന്തരം മറുപടിയുണ്ട്. തുളച്ചുകയറുന്ന ഭാഷയിലും വീര്യത്തിലും ആ മറുപടികൾ പറയുന്ന സ്ത്രീകഥാപാത്രങ്ങളും തിരക്കഥാസന്ദർഭങ്ങളും ആഷിക് അബുവിന്റെയും പ്രിഥ്വിരാജിന്റെയും സിനിമയിൽ അനുവദിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.

ആഷിക്കും പ്രിഥ്വിയും പറയട്ടെ: രഞ്ജിത്തിന്റെ ആയിരം മീശപിരിക്കോഴിക്കു കാണുമോ അര ഫെമിനിസ്റ്റ്‌ കാട?

ഒരു പത്രപ്രവർത്തക സുഹൃത്തിൽ നിന്നു പണ്ടു കേട്ടതാണ്. സത്യമാണോ എന്നൊന്നും അറിയില്ല. അതുകൊണ്ട് ആളെത്തിരിച്ചറിയാനുള്ള സകലസൂചനയും ഒഴിവാക്കി കഥ മാത്രം പറയാം.

ചെറിയൊരു നടവഴിയാണ് പ്രശ്നം. അതിനു ഭൂമി വേണം. കൊടുക്കേണ്ടത് എന്തുകൊണ്ടും പ്രമാണിയായ ഒരാൾ. പ്രശ്നം സംസാരിച്ച് ഒത്തുതീർപ്പുണ്ടാക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റും ഏതാനും രാഷ്ട്രീയപ്രവർത്തകരും കൂടി സമയം നിശ്ചയിച്ച് പ്രമാണിയെ കാണാനെത്തി.

അവരെത്തുമ്പോൾ അദ്ദേഹം ഒറ്റത്തോർത്തുടുത്ത് മുറ്റത്തുനിന്ന് ശരീരമാകെ എണ്ണ പുരട്ടുകയായിരുന്നു. വന്നവരെ ആദരപൂർവം സ്വീകരിച്ചിരുത്തി. സംഭാഷണമാരംഭിച്ചപ്പോൾ അദ്ദേഹം എണ്ണയുഴിഞ്ഞു മൂളിക്കേട്ടു. വഴിയുടെ കാര്യത്തിലെത്തിയപ്പോൾ എണ്ണപുരണ്ട കൈകൾ സുപ്രധാന അവയവത്തിലെത്തി. ഒറ്റത്തോർത്തിന്റെ വരമ്പു തുളച്ച് ഒരു മാസ് എൻട്രി സീൻ.


അദ്ദേഹം സൗമ്യമായി മുരണ്ടു. "വഴി വേണം അല്ലേ"... ബാലഗോപാലനെ കൈവെള്ളയിൽ കിടത്തിയാണ് ചോദ്യം.. "വഴി വേണം അല്ലേ..."

നടവഴി ചോദിച്ചെത്തിയവർ അപമാനത്തിന്റെ തമോഗർത്തത്തിൽ.

മീശയുണ്ടായിരുന്നെങ്കിൽ ഈ പ്രമാണി അതു പിരിച്ചു കാണിച്ചേനെ. ഇല്ലാത്തതുകൊണ്ട് ഉള്ളതുവെച്ച് അഡ്ജസ്റ്റ്‌ ചെയ്തു. കമ്പോള സിനിമയിലെ അമാനുഷിക കഥാപാത്രങ്ങളുടെ കാര്യമാകുമ്പോൾ സീൻ കോൺട്രയാകും. അവിടെ പ്രമാണിയെപ്പോലെ പ്രതികരിച്ചാൽ സെൻസർ ബോർഡു പിടിക്കും. അതുകൊണ്ട്  മീശ പിരിയ്ക്കും. ഉദ്ദേശം രണ്ടിലും ഒന്നു തന്നെ.

ഇത്തരം അമാനുഷികരായ ആണുങ്ങളെത്തേടി പെൺ ശരീരങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു പറന്നുവന്നിട്ടുണ്ട്. മംഗലശേരി നീലകണ്ഠന്റെ വിളിപ്പുറത്ത് സുഭദ്രാമ്മയടക്കമുള്ളവർ. കണിമംഗലത്തെ ജഗന്നാഥനെത്തേടി തോട്ടത്തിലെ മീനാക്ഷി മുതൽ പാരീസിൽ സെറ്റിലാവാൻ മോഹിക്കുന്ന നയൻതാര വരെ. ചിറയ്ക്കലെ ശ്രീഹരിക്കു മോങ്ങാൻ മടിത്തട്ടു സംഭാവന ചെയ്യാനുള്ള സുകൃതം ലഭിച്ചത് ക്ലോദ് എന്നു പേരുള്ള ഫ്രഞ്ചുകാരിയ്ക്കായിരുന്നു.

റോക്ക് ആൻഡ് റോളു കളിച്ചുനടന്ന ചന്ദ്രമൗലിയെ ഓർമ്മയില്ലേ. റഹ്മാന്‍, സാക്കിര്‍ ഹുസൈന്‍, ബിക്കു വിനായക് രാം തുടങ്ങിയ ചിലരേയുള്ളൂ ഇന്ത്യയില്‍ മൗലിയുടെ കമ്പനി. അവരെ ബോറടിച്ചാൽ ശങ്കര്‍ മഹാദേവന്‍ ഗ്രൂപ്പ്, ഏസാന്‍ ലോയ് എന്നിവർക്കു കുരിശാകും. അവരും മടുക്കുമ്പോൾ നമ്മടെ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയില്ലേ... ചെണ്ട.. മൂപ്പരുടെ അടുത്ത കയ്യാളാകും...

ഇതേ ചന്ദ്രമൗലി ഇന്ത്യയ്ക്കു പുറത്തുപോയാൽ ഭൂഖണ്ഡങ്ങൾ തോറും പെണ്ണുങ്ങൾ നിരന്നു നിൽക്കും. സൗത്താഫ്രിക്കയിലെ കറുമ്പിയെക്കെട്ടി ലാറ്റിനമേരിക്കയിൽ കഞ്ചാവു കൃഷി നടത്തുന്ന യൂണിവേഴ്സൽ ഹീറോയാണ് അദ്ദേഹമെന്നും കേൾവിപ്പെട്ടിരുക്ക്. സൗത്താഫ്രിക്കയിൽ ചിന്നവീടും ലാറ്റിനമേരിക്കയിൽ കഞ്ചാവു തോട്ടവുമില്ലാത്ത നായകനെങ്ങനെ യൂണിവേഴ്സൽ ആക്ടർ പട്ടം കിട്ടും...? ബ്ലഡി ഫൂൾസ്...!!!

നായകൻ ഭയങ്കര കക്ഷിയാണെന്ന് ആരാധകനെക്കൊണ്ടു തോന്നിപ്പിക്കാനുളള ബിൽഡപ്പാണിത്. ആണാകണമെങ്കിൽ ബ്രഹ്മാണ്ഡം കവിഞ്ഞു വളരണം. പെണ്ണെന്നാൽ ഒന്നോ രണ്ടോ ഓട്ട. മീശ കൂടി പിരിച്ചാൽ നായകനെത്തേടി പെണ്ണുങ്ങൾ ക്ഷീരപഥത്തിനു പുറത്തുനിന്നും വരും. അതാണ് ആരാധകന്റെ സങ്കൽപം. ഈ സങ്കൽപ്പമുളള ആരാധകക്കൂട്ടം ആർപ്പുവിളിയോടെ ഏറ്റുവാങ്ങുമ്പോഴാണ് ഇത്തരം സിനിമകൾ ബോക്സോഫീസ് മഹാസംഭവങ്ങളാകുന്നത്.

സംശയമുണ്ടെങ്കിൽ സൂപ്പർ താരങ്ങളെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ലേഖനമോ കമന്റോ എഴുതി നോക്കൂ. പല പേരുകളിൽ പൂണ്ടുവിളയാടാനെത്തുന്ന എല്ലാ  വെട്ടുകിളികൾക്കും ഒരേ ഭാഷയാണ്. എഴുതിയവന്റെ അമ്മ, പെങ്ങൾ, ഭാര്യ തുടങ്ങിയവരുടെ ലൈംഗികാവയവങ്ങളെ പരാമർശിക്കുന്ന കമന്റുകൾ തുരുതുരാ വരും. ഇതല്ലാതെ ഒരു വരിയെഴുതാൻ കെൽപ്പുള്ളവരല്ല ഈ നായകരുടെ ആരാധകവെട്ടുകിളികൾ. ഇങ്ങനെ ഒരേയൊരു അവയവത്തെ ചുറ്റിപ്പറ്റി ജീവിക്കുന്നവരെ മാത്രം ലക്ഷ്യമിട്ടാണ് മീശപിരിയൻ കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്യുന്നത്. കഥയുടെ യുക്തിയും സീനുകളുടെ പ്രസക്തിയുമൊന്നും അവർക്കൊരു വിഷയമല്ല.

ആലോചിച്ചു നോക്കൂ. എന്തായിരുന്നു ദേവാസുരത്തിൽ മുണ്ടയ്ക്കൽ കുടുംബത്തിന്റെ വില്ലത്തരം? "പെണ്ണുങ്ങളെ വഴി നടക്കാൻ സമ്മതിക്കാത്ത അവലവാതി ഷാജി"മാർ ആ കുടുംബത്തിലുണ്ടായിരുന്നതായി നീലകണ്ഠനോ വാര്യർക്കോ പരാതി ലഭിച്ചിട്ടില്ല. നീലകണ്ഠന്റെ അമ്മയൊക്കെ സംഗീതപരിപാടി അവതരിപ്പിച്ച അമ്പലം പൊട്ടിപ്പൊളിഞ്ഞു പാളീസായി കിടക്കുമ്പോൾ മറുവശത്ത് മുണ്ടയ്ക്കൽ കുടുംബക്ഷേത്രം ആണ്ടോടാണ്ട് പുരുഷാരം തിങ്ങി നിറയുന്ന ഉത്സവങ്ങൾക്ക് വേദിയാവുകയാണ്. പ്രമാണിമാരാണവർ. എന്നുവെച്ച് തല്ലിപ്പൊളികളാണെന്നു സ്ഥാപിക്കുന്ന രംഗമോ സൂചനയോ കഥയിലെവിടെയുമില്ല.

ആകെക്കൂടി ചിക്കിച്ചികഞ്ഞാൽ, സുഭ്രദ്രാമ്മയെന്ന സ്ത്രീകഥാപാത്രത്തിന്റെ ശരീരവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊടുംപകയിലേയ്ക്കും കൊലപാതകത്തിലേയ്ക്കും കൈവെട്ടിലേയ്ക്കുമൊക്കെ വളരുന്നത്. നീലകണ്ഠൻ എന്നൊരു മനുഷ്യൻ ഏഴിലക്കരയിൽ ജനിച്ചില്ലായിരുന്നെങ്കിൽ അല്ലറ ചില്ലറ നോരമ്പോക്കുകളുമായി ജീവിച്ചുപോകുമായിരുന്ന ഫാമിലിയാണ് മുണ്ടയ്ക്കലേത്. ഒരു തല്ലിപ്പൊളി നായകൻ അവതരിച്ച് മാന്യമായി ജീവിക്കുന്നവരെ വില്ലന്മാരാക്കുന്ന ഇത്തരം സിനിമകൾ സൗത്ത്‌ ആഫ്രിക്കയിലോ ലാറ്റിനമേരിക്കയിലോ ഉണ്ടോയെന്ന് ചന്ദ്രമൗലി പറയട്ടെ.

വിഷയം ഇത്തരം കഥാപാത്രങ്ങളുടെ സ്ത്രീവിരുദ്ധതയാണ്. "കള്ളുകുടി നിർത്തിയത് നന്നായി, ഇല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ" എന്നു ഡയലോഗടിക്കുന്ന രഘുനന്ദന്റെ മുഖത്തു നോക്കി, "ആ മോഹം ഞാനീ മുട്ടുകാലിൽ തീർക്കും പന്നീ" എന്നൊരു മറുപടി സ്പിരിറ്റിലെ നായികയെക്കൊണ്ടു പറയിപ്പിക്കാൻ രഞ്ജിത്തിനു കഴിയില്ല. ഏട്ടന്റെ മുഖത്തുനോക്കി അങ്ങനെയെങ്ങാനും നായിക ഡയലോഗടിച്ചാൽ ഫാൻസ് അസോസിയേഷനിൽ കൂട്ടരാജിയുണ്ടാകും. പടം എട്ടുനിലയിൽ പൊട്ടും. അതുകൊണ്ട്, നായകൻ ആ ഡയലോഗു പറയുമ്പോൾ, "പോയി രണ്ടെണ്ണമടിച്ചിട്ട് വേഗം വാ" എന്ന മട്ടിൽ നിൽക്കണം, നായിക.

ഇത്തരം സീനുകൾ വഴി കഥാപാത്രങ്ങളുടെ സൃഷ്ടാവും സംവിധായകനും നടനും നിർമ്മാതാവും വെട്ടുകിളിയും ഒരു ചരടിൽ കോർത്ത മുത്തുകളാവും. ബലാത്സംഗാവയവത്തെ ചുറ്റിപ്പറ്റി ഒരേ സങ്കൽപങ്ങൾ പങ്കുവെയ്ക്കുന്ന രഘുനന്ദന്മാർ. ഇവരുടെ നായികമാർക്ക് ഒരു നിയോഗമേയുള്ളൂ. ഈ സങ്കൽപങ്ങൾക്കു മുന്നിൽ കാൽവിരൽ കൊണ്ടു കളം വരയ്ക്കണം.

പത്തോ പതിനഞ്ചോ ഡോക്ടറേറ്റും പിഎച്ച്ഡിയും പോരാഞ്ഞ് ആസ്ട്രോ ഫിസിക്സിൽ നോബൽ സമ്മാനവും പ്രതീക്ഷിച്ച് പ്രിയപ്പെട്ട ഹോസ്റ്റൽ മുറിയിൽ മൂക്കറ്റം വൈജ്ഞാനിക തപസു ചെയ്യുന്നവളാണ് രഞ്ജിത്തിന്റെ നരസിംഹ നായിക. അവളോടാണ്, പുതപ്പിനടിയിൽ ചുരുണ്ടു കൂടാനും വെള്ളമടിച്ചു ചവിട്ടിക്കൂട്ടാനും തനിക്കൊരു പെണ്ണുവേണമെന്ന് പൂവള്ളി ഇന്ദുചൂഡൻ ഡിമാന്റുവെയ്ക്കുന്നത്. എത്ര കൂളായിട്ടാണ് പെട്ടിയും പ്രമാണവുമായി അനുരാധ അച്ചുവേട്ടന്റെ ജീപ്പിൽ ചാടിക്കേറിയത്?

ആണുങ്ങളിൽ ആണായ ഐഎഎസ് പ്രമാണിയെ ഓർമ്മയില്ലേ? രഞ്ജിപണിക്കരുടെ ജോസഫ് അലക്സിനെ. ഏതു  മന്ത്രിസഭയുടെയും പേടിസ്വപ്നമായ കോഴിക്കോട് കളക്ടറെ. കൊടിയ അഴിമതിക്കാരനായ മന്ത്രി ജോൺ വർഗീസ് മുതൽ 500 കോടിയുടെ അധോലോക സാമ്രാജ്യവും പോക്കറ്റലിട്ടു നടക്കുന്ന ജയകൃഷ്ണൻ എംപി വരെ നമ്പർ വൺ ശത്രു സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്ന നീതിമാനായ  കളക്ടറെ.

ഈ കളക്ടറാണ്, അസിസ്റ്റന്റ് കളക്ടർ അനുരാ മുഖർജിയുടെ മുഖത്തുനോക്കി ബിച്ചെന്നു വിളിക്കുന്നത്. കൂത്തിപ്പട്ടീയെന്ന്.. വിളിക്കുന്നത് അസിസ്റ്റന്റ് കളക്ടറെയല്ല, തൂപ്പുകാരിയെയാണെങ്കിലും വെള്ളപ്പേപ്പറിലെഴുതിക്കൊടുക്കുന്ന ഒരു പരാതിയിൽത്തീരും ജോസഫ് അലക്സിന്റെ സകലശൗര്യവും. ഇയാളെ പായ്ക്കപ്പു ചെയ്യാൻ മന്ത്രി കുട്ട്യാലിയും
ജോൺ വർഗീസുമടങ്ങിയ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടോ മുംബൈയിൽ നിന്ന് തോക്കും ബോംബുമായി വിക്രം ഖോർപഡേയെ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമോ ഇല്ലെന്നു ചുരുക്കം. ഒരു വെള്ളപ്പേപ്പർ. അതിൽ തീരുന്ന ഹീറോയിസം.

പക്ഷേ, പരാതിയെഴുതാൻ ഒരു വെള്ളപ്പേപ്പർ പോലുമില്ല നമ്മുടെ അസിസ്റ്റന്റ് കളക്ടർക്ക്. കാരണം അവളൊരു പെണ്ണാണ്. വെറും പെണ്ണ്. മുഖത്തുനോക്കി കൂത്തിപ്പട്ടീയെന്നു വിളിച്ചവനിൽ അനുരക്തയാവാനും "അയാം അഫ്രൈഡ് ദാറ്റ് അയാം ഫാളിങ്‌ ഇൻ..." എന്ന് ഇംഗ്ലീഷിൽ ഇംഗിതമറിയിക്കാനുമാണ് അവളുടെ നിയോഗം. അതും, കളക്ടറുടെ ആജ്ഞയനുസരിച്ച് ഒരു പെണ്ണുപിടിയൻ രാഷ്ട്രീയക്കാരനെ വളയ്ക്കാൻ ബ്രേസിയറും നിക്കറുമിട്ട് കോൾ ഗേളായി വേഷമിട്ടതിനു ശേഷം...

ഇത്തരം ജാതകദോഷമുള്ളവരാണ് കൊണ്ടാടപ്പെടുന്ന അമാനുഷിക കഥാപാത്രങ്ങളുടെ നായികമാർ. ഇവിടെയാണ് ആഷിക് അബുവും പ്രിഥ്വിരാജുമൊക്കെ യഥാർത്ഥ വെല്ലുവിളി നേരിടുന്നത്. "പുളിമാങ്ങ തീറ്റിക്കു"മെന്നും "പൂണ്ടു വിളയാടിയാൽ പത്തുമാസം കഴിഞ്ഞേ എഴുന്നേൽക്കൂ"വെന്നുമൊക്കെ ഊളത്തരങ്ങൾക്ക് പെൺപക്ഷത്ത് ഒന്നാന്തരം മറുപടിയുണ്ട്. തുളച്ചു കയറുന്ന ഭാഷയിലും വീര്യത്തിലും ആ മറുപടികൾ പറയുന്ന സ്ത്രീകഥാപാത്രങ്ങളും തിരക്കഥാസന്ദർഭങ്ങളും ഇവരുടെ സിനിമയിൽ അനുവദിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം.

സ്ത്രീവിരുദ്ധതയില്ലാത്ത നായകൻ എന്നത് ഒന്നാന്തരം ഒളിച്ചോട്ടമാണ്. ജന്മം കൊണ്ടും കർമ്മം കൊണ്ടും മുജ്ജന്മസുകൃതം കൊണ്ടും സ്ത്രീവിരുദ്ധരായവർക്കേ കമ്പോളസിനിമയിൽ അമാനുഷ നായകനാകാനാവൂ. ആ നായകനെ ചോദ്യം ചെയ്യാനും കൂവിയിരുത്താനും വേണ്ടിവന്നാൽ മുട്ടുകാലുകേറ്റി പഞ്ഞിക്കിടാനും പോന്ന സ്ത്രീ കഥാപാത്രങ്ങൾക്കു ജന്മം നൽകാൻ ആഷിക് അബുവിനും പ്രിഥ്വിരാജിനും കഴിയണം.

അപ്പോഴേ രഞ്ജിത്തുമാർ പിരിച്ചുവച്ചിരിക്കുന്ന ആൺ അവയവത്തിന്റെ കാറ്റുപോകൂ...

Read More >>