വെള്ളാപ്പള്ളി കോളേജില്‍ സ്വന്തമായി ഇടിമുറിയുള്ള സുഭാഷ് വാസു പിന്തുണയുമായി ലോ അക്കാദമിയിലെ ബിജെപി സമരപ്പന്തലില്‍

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ഇരുട്ടുമുറിയിലിട്ടു മര്‍ദ്ദിച്ചതടക്കമുള്ള നാലോളം പരാതികളില്‍ ഒന്നാം പ്രതിയായ സുഭാഷ് വാസു ഞായറാഴ്ചയാണു ലോ അക്കാദമിയിലെ സമരപ്പന്തലിലെത്തിയത്.

വെള്ളാപ്പള്ളി കോളേജില്‍ സ്വന്തമായി ഇടിമുറിയുള്ള സുഭാഷ് വാസു പിന്തുണയുമായി ലോ അക്കാദമിയിലെ ബിജെപി സമരപ്പന്തലില്‍

കൊച്ചി: സ്വന്തമായി ഇടിമുറിയുള്ള ശ്രീവെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയ വി മുരളീധരനെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചു.

വിദ്യാര്‍ത്ഥികളെ ഇരുട്ടുമുറിയിലിട്ടു മര്‍ദ്ദിച്ചതടക്കമുള്ള നാലോളം പരാതികളില്‍ ഒന്നാം പ്രതിയായ സുഭാഷ് വാസു  ഞായറാഴ്ചയാണു ലോ അക്കാദമിയിലെ സമരപ്പന്തലിലെത്തിയത്. സുഭാഷ് വാസുവിന്റെ സന്ദര്‍ശനം മുരളിധരന്‍ തന്നെ ഫേസ്ബുക്ക് ലൈവിലൂടെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബിഡിജെഎസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു ആരോഗ്യ നിലയെക്കുറിച്ചും സമരത്തെക്കുറിച്ചും മുരളീധരനുമായി സംസാരിച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ സുഭാഷ് വാസു തയ്യാറായില്ല.

ആലപ്പുഴയിലെ കട്ടച്ചിറയിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശന്‍ സപ്തതി സ്മാരക എഞ്ചിനീയറിങ് കോളേജില്‍ മാനേജ്‌മെന്റ് തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ചു വിദ്യാര്‍ത്ഥികള്‍
കഴിഞ്ഞ നവംബറില്‍ രംഗത്തെത്തിയിരുന്നു
മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ഇരുട്ടുമുറിയിലിട്ടു മര്‍ദ്ദിക്കുന്നുവെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. മുണ്ടും മടക്കിക്കുത്തി ക്ലാസ് റൂമില്‍ കയറി വിദ്യാര്‍ത്ഥികളെ കഴുത്തിനു പിടിച്ചു തള്ളി ഇടിമുറിയിലേക്കു കൊണ്ടു പോകുന്ന സുഭാഷ് വാസുവിന്റെ മര്‍ദ്ദന രീതി വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്‌നമായിരുന്നു.

നിന്നെയൊക്കെ വീട്ടില്‍ കയറി വെട്ടുമെന്ന് പലവട്ടം ക്ലാസ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ കാര്യവും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ബെഡ്ഷീറ്റ് ചുളുങ്ങിയതിനു വരെ ഫൈന്‍ വാങ്ങിയ വെള്ളാപ്പള്ളി കോളേജില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കോളേജിലുണ്ടായ അടിപിടിക്കേസിന്റെ പേരില്‍ മാനേജ്‌മെന്റ് നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. സുഭാഷ് വാസുവിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികളില്‍
നടപടി എടുത്തിട്ടില്ലെങ്കിലും മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥി റിമാന്‍ഡിലാണ്.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമിയുടെ 12 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരേ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം. എട്ടു ദിവസമായി നിരാഹാരസമരത്തിലായിരുന്ന ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ വി വി രാജേഷാണ് നിരാഹാരം തുടരുന്നത്.

ലോ അക്കാദമിയിലെ സമരം 24  ദിവസം പിന്നിടുമ്പോള്‍ എസ്.എഫ്.ഐ ഒഴിച്ചു ബാക്കി വിദ്യാര്‍ത്ഥി സംഘടനകളെല്ലാം സമരമുഖത്തുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ അനിശ്ചിതകാല നിരാഹാരം രണ്ടാം ദിവസത്തിലാണ്.

വെള്ളാപ്പള്ളി കോളേജില്‍ എസ്എഫ്ഐ ആണ് സമരത്തിനു നേതൃത്വം നല്‍കിയത്.

Read More >>