നെഹ്രു കോളേജ് ചെയര്‍മാനെ എസ്എഫ്ഐ സെമിനാർ ഹാളിൽ പൂട്ടിയിട്ടു; വിദ്യാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം

നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ നിര്‍ണായക വഴിത്തിരിവിലേക്ക്. ചെയര്‍മാനെ പൂട്ടിയിട്ട് എസ്എഫ്ഐ നടത്തിയ ഉപരോധത്തിനൊടുവില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് കൃഷ്ണദാസ്. പാമ്പാടി കോളേജില്‍ ഇന്നു നടന്ന നാടകീയ സംഭവങ്ങളുടെ റിപ്പോര്‍ട്ട്. വീഡിയോയും ചിത്രങ്ങളും സഹിതം.

നെഹ്രു കോളേജ് ചെയര്‍മാനെ എസ്എഫ്ഐ സെമിനാർ ഹാളിൽ പൂട്ടിയിട്ടു; വിദ്യാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം

പാമ്പാടി: വിദ്യാര്‍ത്ഥി സമരത്തിനു മുന്നില്‍ മുട്ടുമടക്കി നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്. ഒരു മണിക്കൂറോളം സെമിനാര്‍ ഹാളില്‍ പൂട്ടിയിട്ടു നടത്തിയ ഉപരോധ സമരത്തിനൊടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാമെന്ന് കൃഷ്ണദാസ് സമ്മതിച്ചു. ഇതനുസരിച്ച് ഒറ്റപ്പാലം ടിബിയിലും തൃശൂര്‍ കളക്ട്രേറ്റിലും കളക്ടറുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച യോഗം നടക്കും.ഒറ്റപ്പാലം ടിബിയില്‍ രാവിലെ പത്തിനു നടക്കുന്ന ചര്‍ച്ചയില്‍ ലക്കിടി കോളജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്നിന് തൃശ്ശൂര്‍ കളക്ട്രേറ്റില്‍ വച്ച് കലക്ടറുടെ അധ്യക്ഷതയിൽ പാമ്പാടി കോളജിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. രണ്ടു യോഗങ്ങളിലും വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും ആവശ്യപ്പെട്ടതു പോലെ അവരുടെ പ്രതിനിധികള്‍ക്കു പങ്കെടുക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും കൃഷ്ണദാസ് എഴുതി ഒപ്പിട്ടു നല്‍കി.
ജിഷ്ണുവിന്റെ ജന്മദിനമായ ഇന്നു രാവിലെ കോളേജ് കവാടത്തിനു മുന്നില്‍ പന്തല്‍ കെട്ടി വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരുന്നു. ഇതേ സമയം കോളേജ് സെമിനാര്‍ ഹാളിനുള്ളില്‍ മാനേജ്‌മെന്റ് അനുകൂല രക്ഷിതാക്കളുമായി ചെയര്‍മാന്‍ ചര്‍ച്ച നടത്തി. യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്ന കൃഷ്ണദാസിനെ കോളേജിന് മുന്നില്‍ ഉപരോധിക്കാന്‍ തയ്യാറായി എസ് എഫ് ഐ കോളേജിന് മുന്നില്‍ കാത്തു നിന്നെങ്കിലും വിവരം അറിഞ്ഞ കൃഷ്ണദാസ് പുറത്തേക്കു വന്നില്ല. മാത്രമല്ല കൂടുതല്‍ പൊലിസിനെ വിളിച്ചു വരുത്തുകയും ചെയ്തു.

https://www.youtube.com/watch?v=8sq5WGzcb2s&feature=youtu.be

ഒരു മണിയോടെ രണ്ടു ഗേറ്റുകളും പെട്ടെന്ന് ചവിട്ടി തുറന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജിലേക്കു ഇരച്ചുകയറി. രണ്ടു വണ്ടിയിലായി പൊലീസ് പ്രവര്‍ത്തകരെ പിന്തുടര്‍ന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ കണ്ടതോടെ കൃഷ്ണദാസ് ഓടി സെമിനാര്‍ ഹാളിലേക്കു കയറി. അവിടെ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

https://www.youtube.com/watch?v=KYxu0qwkQbk&feature=youtu.be

കൃഷ്ണദാസിന് പിന്നാലെ ഓടിയെത്തിയ പ്രവര്‍ത്തകര്‍ സെമിനാര്‍ ഹാളിന്റെ വാതില്‍ അകത്തു നിന്നു പൂട്ടി ഉപരോധം ആരംഭിച്ചു. ജീവനക്കാരും പൊലീസുകാരും അകത്തു പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹാളിലുണ്ടായിരുന്ന പൊലീസുകാരും ജീവനക്കാരും ചേര്‍ന്ന് കൃഷ്ണദാസിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും എന്തിനും തയ്യാറായി തന്നെ വന്ന അമ്പതോളം പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് എഴുതി ഒപ്പിട്ടു തന്നില്ലെങ്കില്‍ പുറത്തേക്കു വിടില്ലെന്ന് തീര്‍ത്തു പറഞ്ഞു എസ് എഫ് ഐ ഉപരോധം തുടര്‍ന്നു.

https://www.youtube.com/watch?v=XGb34I0zX2g&feature=youtu.be

ഉപരോധം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ലെറ്റര്‍ പാഡില്‍ എഴുതി ചെയര്‍മാന്‍ കൃഷ്ണദാസ് ഒപ്പിട്ട് നല്‍കി. ഉപാധികള്‍ അംഗീകരിച്ച് ഒപ്പിടാന്‍ ചെയര്‍മാന്‍ തയ്യാറായ സമയത്ത് എ ഐ എസ് എഫ് പ്രവര്‍ത്തകരും ഹാളിനകത്തേക്ക് എത്തി.

https://www.youtube.com/watch?v=pBtwz-Z0fhc&feature=youtu.be

തിങ്കളാഴ്ച്ച കോളേജുകളിലെ പ്രശ്നം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ചതായി ഒരു മണിക്കൂറോളം നടത്തിയ ഉപരോധത്തിനു ശേഷം സമ്മതിച്ചതോടെയായിരുന്നു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി ജയദേവനാണ് സമരത്തിനു നേതൃത്വം നല്‍കിയത്.

[caption id="attachment_80363" align="aligncenter" width="781"] നെഹ്രു കോളേജിനു മുന്നിലുള്ള സമരപന്തല്‍[/caption]

Read More >>