എടപ്പാടി പളനിസ്വാമി തമിഴ്‌നാട്‌ മുഖ്യമന്ത്രി? ജയലളിതയുടെ അടുക്കള സഭയില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേയ്ക്ക്

ജയലളിതയുടെ കിച്ചണ്‍ ക്യാബിനറ്റിലെ ആ നാലുപേര്‍ ' നാല്‍വര്‍ അണി' എന്നാണ് അറിയപ്പെട്ടിരുന്നത്. ഒ പനീര്‍ശല്‍വം, എന്‍ ആര്‍ വിശ്വനാഥന്‍, ആര്‍ വൈദ്യലിംഗം എന്നിവര്‍ക്കൊപ്പം എടപ്പാടി പളനിസ്വാമിയും ജയലളിതയുടെ ഫോര്‍മാന്‍ ആര്‍മിയിലെ അംഗമായിരുന്നു.

എടപ്പാടി പളനിസ്വാമി തമിഴ്‌നാട്‌ മുഖ്യമന്ത്രി? ജയലളിതയുടെ അടുക്കള സഭയില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേയ്ക്ക്

എംജിആറിന്റെ മരണശേഷം ജയലളിതയ്‌ക്കൊപ്പം നിലയുറപ്പിച്ച എടപ്പാടി പളനിസ്വാമി ഒടുവില്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നു. 123 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് പളനിസ്വാമി ഗവര്‍ണറെ കണ്ട് ബോധ്യപ്പെടുത്തി. മുഖ്യമന്ത്രിയാകാന്‍ 117 പേരുടെ പിന്തുണ മതി. പനീര്‍ ശെല്‍വം മന്ത്രി സഭയിലെ 12 മന്ത്രിമാരും പളനി സ്വാമിക്കൊപ്പം ഗവര്‍ണറെ കണ്ടു. പിന്തുണക്കത്ത് കൈമാറി.

ജയലളിതയോടുള്ള കൂറും വിധേയത്വവും ശശികലയോടും നിലനിര്‍ത്തിയതിനുള്ള പ്രതിഫലമായാണ് പളനിസ്വാമിയ്ക്ക് പാര്‍ട്ടിയില്‍ ലഭിച്ച അംഗീകാരം. നിലവില്‍ പനീര്‍ശെല്‍വം മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി. മന്ത്രിസഭയിലെ മൂന്നാമന്‍. 62കാരനായ പളനി സ്വാമി 1980 മുതല്‍ എഐഎഡിഎംകെ അംഗമാണ്.


ഈ റോഡ്, നമക്കല്‍, സേലം തുടങ്ങിയ തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഏറെ സ്വാധീനമുള്ള കൊങ്കു വെള്ളാളര്‍ ഗൗഡര്‍ സമുദായ അംഗമാണ് പളനിസ്വാമി. സേലത്തെ എഐഎഡിഎംകെയുടെ പ്രധാനമുഖം. പാര്‍ട്ടി പിളര്‍പ്പിന് ശേഷം 1989ല്‍ നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ എടപ്പാടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ജയലളിത പളനിസ്വാമിയോട് ആവശ്യപ്പെട്ടു. കന്നിയങ്കത്തില്‍ വിജയം.1991ലും പളനിസ്വാമി വിജയം ആവര്‍ത്തിച്ചു.

എഐഎഡിഎംകെയില്‍ ഒരു ദശാബ്ദത്തോളം തഴയപ്പെട്ട പളനിസ്വാമി 2006- ലെ തെരഞ്ഞെടുപ്പില്‍ പിഎംകെയുടെ വി കാവേരിയോട് പരാജയപ്പെട്ടു. എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. 2011-ല്‍ എടപ്പാടിയില്‍ നിന്ന് വിജയിച്ച പളനിസ്വാമി ജയലളിത മന്ത്രി സഭയില്‍ അംഗമായി.

ജയലളിതയുടെ വിശ്വസ്തനായി മാറിയ എടപ്പാടി പളനിസ്വാമി ജയലളിത കിച്ചണ്‍ ക്യാബിനെറ്റ് എന്ന പറയപ്പെട്ടിരുന്ന സംഘത്തില്‍ പളനിസ്വാമിയും ഉള്‍പ്പെട്ടിരുന്നു. പനീര്‍ശെല്‍വം, എന്‍ആര്‍ വിശ്വനാഥന്‍, വൈദ്യലിംഗം എന്നിവരാണ് ആ അടുക്കള സംഘത്തിലെ മറ്റുള്ളവര്‍. മന്ത്രിസഭ പലവട്ടം പുനഃസംഘടിപ്പിച്ചെങ്കിലും പളനിസ്വാമിയെ ജയലളിത നിലനിര്‍ത്തുകയായിരുന്നു.

2016ലെ തെരഞ്ഞെടുപ്പിലും വിജയം പളനിസ്വാമിയ്‌ക്കൊപ്പം. സേലം ജില്ലയും എഐഎഡിഎംകെ തൂത്തു വാരുകയായിരുന്നു. വീണ്ടും മന്ത്രിസഭാംഗമായി. ജയലളിതയുടെ മരണം ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ശേഷം പനീര്‍ശെല്‍വത്തോടൊപ്പം രാജ്ഭവനിലേക്കുള്ള യാത്രയില്‍ പളനിസ്വാമിയും ഒപ്പമുണ്ടായിരുന്നു.

ശശികല മുഖ്യമന്ത്രിയാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ആദ്യ നേതാവാണ് എടപ്പാടി പളനിസ്വാമി. സുപ്രീം കോടതി വിധി എതിരായപ്പോള്‍ വിശ്വസ്തനായ പളനിസ്വാമിയെ നിയമസഭാ കക്ഷിനേതാവാക്കാനും ശശികലയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. വിശ്വാസം, അതല്ലേ എല്ലാം...