നീതിക്കായുള്ള ശ്രീജിത്തിന്റെ ഒറ്റയാള്‍പ്പോരാട്ടം 430 ദിവസം പിന്നിട്ടു; സഹോദരന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കാതെ പിന്മാറില്ലെന്ന ഉറച്ച മനസ്സുമായി

ഇത് കേവലമൊരു സമരമല്ല, മറിച്ച് ആത്മസര്‍പ്പണത്തിന്റേയും ത്യാഗമനോഭാവത്തിന്റേയും ദൃഢനിശ്ചയത്തിന്റേയും പര്യായം കൂടിയാണ്. ചെയ്യാത്ത കുറ്റത്തിനു പാവപ്പെട്ടവന്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്കിരയായി കൊല്ലപ്പെടുകയും കുറ്റവാളികളായ പൊലീസുകാര്‍ സൈ്വരവിഹാരം നടത്തുകയും ഭരണകൂടം അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നാട്ടില്‍ നീതി ഏതു വിധേനയെങ്കിലും ലഭിച്ചേ തീരൂ എന്ന വാശിയാണ് ഈ ചെറുപ്പക്കാരന്റെ ഏക ഊര്‍ജം... സഹതാപ നോട്ടങ്ങളല്ല, നീതിയും സുരക്ഷയുമാണ് തനിക്ക് ആവശ്യമെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു.

നീതിക്കായുള്ള ശ്രീജിത്തിന്റെ ഒറ്റയാള്‍പ്പോരാട്ടം 430 ദിവസം പിന്നിട്ടു; സഹോദരന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കാതെ പിന്മാറില്ലെന്ന ഉറച്ച മനസ്സുമായി

പലതരം സമരങ്ങളും സമരനാടകങ്ങളും കണ്ടുമടുത്ത നമുക്കൊക്കെ ചില മൂല്യമേറിയ സമരങ്ങള്‍ കണ്ണില്‍പ്പെടാതെ പോകുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ മാധ്യമങ്ങളുടേയോ രാഷ്ട്രീയനേതാക്കളുടേയോ എംഎല്‍എമാരുടേയോ മന്ത്രിമാരുടേയോ ഒന്നും 'ശ്രദ്ധയില്‍പ്പതിയാതെ' പോയൊരു സമരമാണ് ശ്രീജിത്ത് എന്ന 29കാരന്റേത്. സെക്രട്ടേറിയറ്റിനു മുന്നില്‍ കഴിഞ്ഞ 430 ദിവസമായി ശ്രീജിത്ത് ഒറ്റയാള്‍പ്പോരാട്ടത്തിലാണ്. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് സ്വദേശിയാണ് ഈ യുവാവ്. സമരത്തിനു കൂട്ടായി രാഷ്ട്രീയ ബലമില്ല, ആകെയുള്ളത് അമ്മയുടേയും ജ്യേഷ്ഠന്റേയും പ്രാര്‍ത്ഥനകള്‍ മാത്രം.


ഇത് കേവലം ഭൂമിക്കോ വീടിനോ വേണ്ടിയുള്ള സമരമല്ല, മറിച്ച് മരണപ്പെട്ട തന്റെ കൂടെപ്പിറപ്പിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഇളയ സഹോദരന്‍ ശ്രീജീവിനു നീതി ലഭ്യമാക്കാനായി രാപ്പകല്‍ ഭേദമന്യേ വെയിലും മഴയും തണുപ്പുംകൊണ്ട് ശ്രീജിത്ത് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ കിടക്കുന്നത് ആരും കാണാതിരുന്നിട്ടല്ല, മറിച്ച് കണ്ടില്ലെന്നു നടിക്കുന്നതാണ്. സഹോദരനെ മര്‍ദ്ദിച്ചുകൊന്ന പോലീസുകാരെ നിയമത്തിനു മുന്നിലെത്തിക്കുക എന്നതാണ് ശ്രീജിത്തിന്റെ ആവശ്യം. എന്നാല്‍ കുറ്റക്കാരായ പൊലീസുകാരുടെ പേരുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞും ഡിജിപിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെവച്ച് അന്വേഷണത്തിനും വകുപ്പുതല നടപടിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഉത്തരവിട്ടിട്ടും ഇവരെല്ലാം ഇന്ന് സുഖലോലുപരായി വിരാജിക്കുകയാണ്. പലരും ഉന്നതസ്ഥാനങ്ങളിലേക്ക് സ്ഥാനക്കയറ്റംകിട്ടി ആശിര്‍വദിക്കപ്പെടുകയും ചെയ്തു.

2013 ല്‍ നടന്ന ഒരു മൊബൈല്‍ മോഷണക്കേസില്‍ പ്രതിയെന്നാരോപിച്ച് 2014 മെയ് മാസം അവസാനവാരം രാത്രി 11 നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവിനെ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് കസ്റ്റഡിയില്‍വച്ച് വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യക്കു ശ്രമിച്ചെന്നും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്നും മെയ് 20നാണ് ശ്രീജിത്ത് അറിയുന്നത്. തുടര്‍ന്ന് പിറ്റേന്നുതന്നെ ശ്രീജീവ് മരണപ്പെടുകയും ചെയ്തു.

വിഷം കഴിച്ചതിനെ തുടര്‍ന്നു ചികിത്സയ്ക്കിടെ മരണപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പൊലീസിന്റേയും ആശുപത്രി അധികൃതരുടേയും ശ്രമമെന്നു ശ്രീജിത്ത് ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി തൊട്ടടുത്ത ദിവസം തന്നെ നെയ്യാറ്റിന്‍കര ഡിവൈ.എസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കി. എന്നാല്‍ നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് നാലുമാസത്തിനു ശേഷം മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, നിയമസഭാ പെറ്റീഷന്‍ സമിതി, മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്കു പരാതി നല്‍കി. എന്നാല്‍ അപ്പോഴും യാതൊരു അനക്കവും എങ്ങുനിന്നുമുണ്ടായില്ല.

അതോടെയാണ് അനുജന്റെ കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിനു മുന്നിലെത്തിച്ചു ശിക്ഷിക്കുക എന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഉന്നത കേന്ദ്രങ്ങളില്‍ പിടിപാടോ സമ്പത്തോ കൈമുതലായി ഇല്ലാത്തതിനാലാണ് ഇത്തരമൊരു സമരമാര്‍ഗം അവലംബിക്കാന്‍ ശ്രീജിത്ത് തയ്യാറായത്. 430 ദിവസത്തിലേക്കു കടന്ന സമരത്തില്‍ 15 ദിവസമായി ഈ യുവാവ് നിരാഹാര സമരത്തിലുമാണ്. പാവപ്പെട്ടവന്റെ ജീവിതത്തിന് തൃണവിലയാണ് ഭരണകൂടത്തിനും പൊതുസമൂഹത്തിനും മുന്നിലുള്ളതെന്നു തെളിയിക്കുകന്നതാണ് ശ്രീജിത്ത് നേരിടുന്ന കടുത്ത അവഗണനയും നിസ്സംഗതയും. അച്ഛന്‍ ചെറുപ്പത്തില്‍ മരണമടഞ്ഞതോടെ മൂന്നു ആണ്‍മക്കളെ വളര്‍ത്തിവലുതാക്കിയത് അമ്മ പ്രമീള ആയിരുന്നു. ഇതിനിടെയാണ് അവരില്‍ ഒരാളെ നിയമപാലകര്‍ തന്നെ തട്ടിയെടുക്കുന്നത്.ദരിദ്രയുവാവ് ഒരു പൊലീസുകാരന്റെ ബന്ധുവായ യുവതിയെ പ്രണയിച്ചു എന്ന 'വലിയ കുറ്റ'ത്തിനാണ് ശ്രീജീവിനു അവര്‍ 'വധശിക്ഷ' വിധിച്ചതെന്നു ശ്രീജിത്ത് വിശ്വസിക്കുന്നു. പ്രണയബന്ധത്തെതുടര്‍ന്നുള തര്‍ക്കങ്ങളാണ് ഇത്തരത്തിലുള്ള ഒരു കൊലയ്ക്ക് പോലീസിനെ പ്രേരിപ്പിച്ചതെന്നു ശ്രീജിത്ത് പറയുന്നു. പാറശ്ശാല സ്റ്റേഷനിലെ ഫിലിപ്പോസ് എന്ന ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവായിരുന്നു പെണ്‍കുട്ടി. ഭരണകൂടത്തിലെ സ്വാധീനമുള്ള ഫിലീപ്പോസ് അടക്കമുള്ള കുറ്റക്കാരായ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ചെറുവിരല്‍ അനക്കാന്‍ പോലും ആരും തയ്യാറാവുന്നില്ലെന്നു ശ്രീജിത്ത് നാരദ ന്യൂസിനോടു പറഞ്ഞു. പാറശാല എഎസ്‌ഐ ഫിലിപ്പോസ്, എസ്‌ഐ ഡി ബിജുകുമാര്‍, സിഐ ഗോപകുമാര്‍, സിപിഒമാരായ വിജയദാസ്, പ്രതാപചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ശ്രീജിത്ത് പരാതി നല്‍കിയത്.

സമരം തുടങ്ങി ഏതാനും മാസങ്ങള്‍ക്കുശേഷം 17-05-2016ന് പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ നിന്നും നിര്‍ണായക ഉത്തരവ് വന്നു. പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റിട്ടുള്ളതായും ശരീരമാസകലം മരണകാരണമാവുന്ന ക്ഷതം ഏറ്റിരുന്നതായും പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി. കസ്റ്റഡിയില്‍വച്ച് യുവാവ് വിഷം കഴിച്ചെന്ന പൊലീസ് വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി മര്‍ദ്ദിച്ചവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കൂടാതെ, ശ്രീജീവിനെ മര്‍ദ്ദിച്ചത് അന്ന് പാറശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണെന്നും ഇതിനു സിപിഒമാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നതായും പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായും തെളിഞ്ഞു. ഇതുസംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കസ്റ്റഡി മരണമെന്നു സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇത് വിശദമായി അന്വേഷിക്കാന്‍ ഡിജിപി ഒരു പ്രത്യേക അന്വേഷണ സംഘത്തെ (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) രൂപീകരിക്കണം, കഴിവും പ്രാഗത്ഭ്യവും ഉള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഐപിസി പാര്‍ട്ട് II സെക്ഷന്‍ 302, 304 പ്രകാരം (RW the relevent provisions of IPC Section 330 &218) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കുറ്റപ്പത്രം കോടതിയില്‍ സമര്‍പ്പിക്കണം. ഈ അന്വേഷണം ഡിജിപിയുടെ മേല്‍നോട്ടത്തിലായിരിക്കണം, ഇതുകൂടാതെ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം എന്നിങ്ങനെയാണ് വിധി.

ഈ വിധിയിന്മേല്‍ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് 03-09-2016ന് ഉത്തരവിറക്കി ഡിജിപിക്കു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് പറയുന്നു. ഉത്തരവില്‍ 10 ലക്ഷം രൂപ ശ്രീജിത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ വീട്ടിലെത്തി ചില പേപ്പറില്‍ ഒപ്പിടുവിച്ച് പത്തുലക്ഷം രൂപ നല്‍കിയെങ്കിലും പിന്നീട് ശ്രീജിത്തറിഞ്ഞത് 20 ലക്ഷം നല്‍കിയതായി അവര്‍ രേഖകളുണ്ടാക്കിയെന്നാണ്.

ഇതിനിടെ, പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹത്തെ നേരില്‍ക്കണ്ടു വിഷയം അവതരിപ്പിച്ചപ്പോള്‍ നടപടി സ്വീകരിക്കാമെന്നും ഇനി സമരം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു മറുപടിയെന്ന് ശ്രീജിത്ത് നാരദ ന്യൂസിനോടു പറഞ്ഞു. എന്നാല്‍ നടപടിയുണ്ടാവാതെ പിന്‍മാറില്ലെന്നു ഉറപ്പിച്ചു താന്‍ മടങ്ങിപ്പോരുകയായിരുന്നു. അദ്ദേഹം നല്‍കിയ ഉറപ്പും ഇത്രയും ദിവസമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് ശ്രീജിത്ത് വേദനയോടെ പറയുന്നു. പൊലീസ് കംപ്ലയിന്റ് അതോറിറ്റി വിധി പുറപ്പെടുവിച്ചിട്ടുപോലും നടപടിയെടുക്കാതെ കൊലയാളികളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നു ശ്രീജിത്ത് ആരോപിക്കുന്നു. ഏതു പാവപ്പെട്ടവനെയും കൊന്നോളൂ, ഞങ്ങള്‍ നടപടിയെടുക്കില്ല എന്ന് പൊലീസിനു അനുവാദം നല്‍കുകയാണ് ഈ നിസ്സംഗതാ സമീപനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. തന്നെ അറസ്റ്റ് ചെയ്തുമാറ്റിയാലും സമരത്തില്‍ നിന്നും പിന്മാറില്ല. നീതി കിട്ടുംവരെ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് ശ്രീജിത്ത് ഉറപ്പിച്ചു പറയുന്നു.ഭരണകൂടത്തിന്റെ മൂക്കിന്‍തുമ്പില്‍ സ്വന്തം അനുജന്റെ കൊലപാതകികളായ നിയമപാലകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇനിയെത്ര ദിവസം വേണമെങ്കിലും കഴിയാന്‍ ശ്രീജിത്തിനു മടിയില്ല. കാരണം ഇത് കേവലമൊരു സമരമല്ല, മറിച്ച് ആത്മസര്‍പ്പണത്തിന്റേയും ത്യാഗമനോഭാവത്തിന്റേയും ദൃഢനിശ്ചയത്തിന്റേയും പര്യായം കൂടിയാണ്. ചെയ്യാത്ത കുറ്റത്തിനു പാവപ്പെട്ടവന്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്കിരയായി കൊല്ലപ്പെടുകയും കുറ്റവാളികളായ പൊലീസുകാര്‍ സൈ്വരവിഹാരം നടത്തുകയും ഭരണകൂടം അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നാട്ടില്‍ നീതി ഏതു വിധേനയെങ്കിലും ലഭിച്ചേ തീരൂ എന്ന വാശിയാണ് ഈ ചെറുപ്പക്കാരന്റെ ഏക ഊര്‍ജം... സഹതാപ നോട്ടങ്ങളല്ല, നീതിയും സുരക്ഷയുമാണ് തനിക്ക് ആവശ്യമെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു.

Read More >>