ഒരു തീപ്പൊരി മതി മിഠായിത്തെരുവ് കത്തിയെരിയാന്‍; തീപ്പിടുത്തതിനു കാരണം കെട്ടിടങ്ങളുടെ സുരക്ഷിതത്വമില്ലായ്മയെന്ന്‌ ദുരന്തനിവാരണ വിഭാഗം

കോഴിക്കോടിന്റെ പൗരാണിക കെട്ടിടസമുച്ചമാണ് മിഠായിത്തെരുവ്. യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതാണ് തുടര്‍ച്ചയായുള്ള തീപ്പിടുത്തത്തിന് കാരണമെന്ന് ദുരന്തനിവാരണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. 2007ല്‍ തീപിടുത്തമുണ്ടായ സ്ഥലത്തിന്റെ തൊട്ടടുത്താണ് 2010ലും ഉണ്ടായത്. പിന്നീട് സമീപമുള്ള പാളയത്തും രണ്ടാംഗേറ്റിലും ഒയാസിസ് കോമ്പൗണ്ടിലും ഹനുമാന്‍ കോവിലിന് സമീപവും തെരുവുകള്‍ കത്തിയെരിഞ്ഞു. 2010 ഫെബ്രുവരി 22ന് ഒരു കട കത്തിനശിച്ചു. 2010 ഡിസംബര്‍ ഒന്‍പതിന് എട്ടും 2015മേയ് 13ന് പത്തും കടകള്‍ കത്തിനശിച്ചു. ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും അധികൃതര്‍ വ്യാപാരികളുമായി സുരക്ഷിത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. എന്നാല്‍ തുടര്‍നടപടിയൊന്നും ഉണ്ടാകാറില്ല.

ഒരു തീപ്പൊരി മതി മിഠായിത്തെരുവ് കത്തിയെരിയാന്‍; തീപ്പിടുത്തതിനു കാരണം കെട്ടിടങ്ങളുടെ സുരക്ഷിതത്വമില്ലായ്മയെന്ന്‌ ദുരന്തനിവാരണ വിഭാഗം

അലക്ഷ്യമായി ഒരു തീപ്പൊരി വന്നു വീണാല്‍ കത്തിച്ചാമ്പലാകാവുന്നത്ര അപകടകരമായ അവസ്ഥയിലാണ് കോഴിക്കോട്ടെ മിഠായിത്തെരുവ് സ്ഥിതി ചെയ്യുന്നത്. തുടര്‍ച്ചയായുള്ള തീപ്പിടുത്തത്തിന്റെ കാരണവും ഈ സുരക്ഷിതത്വമില്ലായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെയുണ്ടായ തീപിടുത്തത്തില്‍ വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്കായിരുന്നു. മിഠായിത്തെരുവില്‍ രാധ തീയേറ്ററിനു സമീപം ഏറ്റവും തിരക്കേറിയ ഭാഗത്തെ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിലെ ഒന്നാംനിലയിലാണ് ആദ്യം തീപടര്‍ന്നത്.


ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ടെക്‌സ്റ്റൈല്‍സിലെ സ്റ്റോര്‍ മുറയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. ഇവിടെ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ മൂന്ന് നിലയിലും തീ പടരുകയായിരുന്നു. കട പൂര്‍ണ്ണമായി കത്തി നശിച്ചു. 14 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂടാതെ വിമാനത്താവളത്തില്‍ നിന്ന് അത്യാധുനിക രീതിയിലുള്ള അഗ്നിശമന വാഹനവും എത്തിയിരുന്നു.

മൂന്നുനില കെട്ടിടത്തിനു തീപ്പിടിച്ചതിനു പിന്നാലെ അടുത്തടുത്തുള്ള പതിനഞ്ചോളം കടകളിലേക്ക് തീ പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനംമൂലം കൂടുതല്‍ ഭാഗത്തേക്ക് കയറിയില്ല. തുണിക്കടകളും ചെരുപ്പുകടകളുമാണ് ഇവയില്‍ അധികവും. ഫയര്‍ഫോഴ്‌സും ചുമട്ടുതൊഴിലാളികളുള്‍പ്പെടെ നാട്ടുകാരും മണിക്കൂറുകളോളം വെള്ളംപോലും കുടിക്കാതെയാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. തീ പടര്‍ന്നതും കടകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു. മോഡേണ്‍ തുണിക്കടയുടെ മൂന്നാം നിലയിലുള്ള അഞ്ച് പാചകവാതക സിലിണ്ടറുകള്‍ ഏറെ സാഹസികമായാണ് അഗ്നിശമന സേനാംഗങ്ങള്‍ നീക്കം ചെയ്തത്. ഇതാണ് വന്‍ദുരന്ത സാധ്യതയില്ലാതാക്കിയത്.

സംഭവസ്ഥലത്തു കനത്ത പുകപടലങ്ങളാണുണ്ടായത്. ഇത് വകവെയ്ക്കാതെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറിയത്. ശ്വാസം ലഭിക്കാന്‍ പോലും പലരും ബുദ്ധിമുട്ടിയിരുന്നു. വളരെ ഇടുങ്ങിയ വഴികളുള്ള ഇവിടെ തൊട്ടടുത്തായാണു കടകള്‍. മിഠായിത്തെരുവിലേക്കു കൂടുതല്‍ ആളുകള്‍ വരുന്നതു വടം കെട്ടിയാണ് പൊലീസ് തടഞ്ഞത്. കടകളടച്ചശേഷം ആളുകളെ പൂര്‍ണ്ണമായി ഒഴിപ്പിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം,  മിഠായിത്തെരവില്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണം കെട്ടിടങ്ങളുടേതുള്‍പ്പെടെ സുരക്ഷിതത്വമില്ലായ്മയാണെന്ന് ദുരന്ത നിവാരണവിഭാഗം ഡപ്യൂട്ടി കളക്ടര്‍ അബ്ദുല്‍ നാസര്‍ നാരദ ന്യൂസിനോട് പറഞ്ഞു.

കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചാണ് ഇവിടെ പല കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. പഴകി ദ്രവിച്ച വയറിങ്ങാണ് പല കടകളിലും ഉള്ളത്. കോഴിക്കോടിന്റെ പൗരാണിക കെട്ടിടസമുച്ചമാണ് മിഠായിത്തെരുവ്. യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതാണ് തുടര്‍ച്ചയായുള്ള തീപ്പിടുത്തത്തിന് കാരണമെന്ന് ദുരന്തനിവാരണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. 2007ല്‍ തീപിടുത്തമുണ്ടായ സ്ഥലത്തിന്റെ തൊട്ടടുത്താണ് 2010ലും ഉണ്ടായത്. പിന്നീട് സമീപമുള്ള പാളയത്തും രണ്ടാംഗേറ്റിലും ഒയാസിസ് കോമ്പൗണ്ടിലും ഹനുമാന്‍ കോവിലിന് സമീപവും തെരുവുകള്‍ കത്തിയെരിഞ്ഞു.

2010 ഫെബ്രുവരി 22ന് ഒരു കട കത്തിനശിച്ചു. 2010 ഡിസംബര്‍ ഒന്‍പതിന് എട്ടും 2015മേയ് 13ന് പത്തും കടകള്‍ കത്തിനശിച്ചു. ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും അധികൃതര്‍ വ്യാപാരികളുമായി സുരക്ഷിത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. എന്നാല്‍ തുടര്‍നടപടിയൊന്നും ഉണ്ടാകാറില്ല. വ്യാപാരികള്‍ സഹകരിക്കാത്തതാണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, മിഠായിത്തെരുവിന്റെ സുരക്ഷയ്ക്ക് എന്തു സഹകരണത്തിനും തയ്യാറാണെന്ന്‌
വ്യാപാരികള്‍ വ്യക്തമാക്കുന്നു. മിഠായിത്തെരുവ് തീപ്പിടുത്തത്തെത്തുടര്‍ന്ന് ഈ മാസം 25ന് ജില്ലാകളക്ടര്‍ വ്യാപാരികളുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

Read More >>