മെഡെക്‌സ് ശാസ്ത്ര പ്രദര്‍ശനത്തിന് സര്‍ക്കാര്‍ സഹായം നല്‍കേണ്ടതല്ലേ?

അന്ധവിശ്വാസങ്ങളും കപടശാസ്ത്രവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഈ അവസരത്തില്‍ മുന്നോട്ടുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അല്‍പമൊന്നുമല്ല നിരാശ നല്‍കിയത്. പ്രത്യേകിച്ചും ശാസ്ത്രാവബോധത്തിന് ഊന്നല്‍ കൊടുക്കുമെന്ന് കരുതുന്ന ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നാകുമ്പോള്‍- അജിത് കുമാര്‍ ജി എഴുതുന്നു

മെഡെക്‌സ് ശാസ്ത്ര പ്രദര്‍ശനത്തിന് സര്‍ക്കാര്‍ സഹായം നല്‍കേണ്ടതല്ലേ?

[caption id="" align="alignleft" width="231"]Image may contain: 1 person, close-up അജിത് കുമാര്‍ ജി [/caption]

കനകക്കുന്നില്‍ നിശാഗന്ധി നൃത്ത സംഗീത പരിപാടി ഈ വര്‍ഷവും നടന്നു. കോടികള്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ഉത്തരേന്ത്യ മുതലുള്ള സംസ്‌കാരികതയെ അറിയുക മാത്രമല്ല അത് ടൂറിസത്തേയും മെച്ചപ്പെടുത്തുന്നു. തുടര്‍ന്ന് പുഷ്പ മേള നടക്കുന്നുണ്ട്. തിരുവനന്തപുരം നഗരവാസികളെ സംബന്ധിച്ചിടത്തോളം പ്രദര്‍ശനമെന്നാല്‍ പുഷ്പമേളയാണ്. ഇതിലും സാമ്പത്തിക സഹായം ലഭ്യമാണ്. ഇങ്ങനെ ചെറുതും വലുതുമായ പ്രദര്‍ശനങ്ങള്‍ നിരവധിയുള്ളതില്‍ സര്‍ക്കാരിന്റെ സംഭാവന ചെറുതല്ല.


കേരളത്തില്‍ മാത്രമല്ല, ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ ശാസ്ത്രപ്രദര്‍ശനമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്ന മെഡെക്‌സ് എന്ന മെഡിക്കല്‍ പ്രദര്‍ശനം. ആരോഗ്യ സര്‍വകലാശാലയും തിരുവനന്തപുരം മെഡിക്കല്‍ കോളേജും ചേര്‍ന്ന് നടത്തുന്ന പ്രദര്‍ശനം ഏതാണ്ട്‌ ഒന്നര ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞത്. ഒന്നരക്കോടി രൂപയുടെ ചെലവ് അധ്യാപകരും വിദ്യാര്‍ത്ഥികളും തന്നെ കണ്ടെത്തിയത് അറിയേണ്ട ഒന്നു തന്നെയാണ്. ഓരോ വിദ്യാര്‍ത്ഥിയും 500 രൂപ വീതം സംഭാവന നല്‍കുന്നു, അദ്ധ്യാപകര്‍ 2,000 രൂപ സംഭാവന നല്‍കുന്നു. പോരാത്തത് പണയം വെച്ചും അല്ലാതെയും കടത്തിലൂടെ സമാഹരിച്ചതാണ്.

ഇതിനു പുറമെയാണ് കഴിഞ്ഞ ഒരു മാസക്കാലത്തെ പഠനം നിര്‍ത്തിവച്ചുകൊണ്ടുള്ള അവരുടെ സേവനം. രാവിലെ ഒമ്പത് മുതല്‍ രാത്രി 11 മണി വരെ സന്ദര്‍ശകരെ സഹായിച്ചും വിശദീകരിച്ചും അവര്‍ നടത്തുന്ന അത്യധ്വാനം കാണേണ്ടതു തന്നെയാണ്. മെഡിക്കല്‍ കോളേജിന്റെ 65-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ഈ ശാസ്ത്രപ്രദര്‍ശനത്തിന് സര്‍ക്കാരിനോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ടൂറിസം മന്ത്രിയും ഫിഷറീസ് മന്ത്രിയും പ്രദര്‍ശനം സന്ദര്‍ശിച്ചുവെങ്കിലും ഒരു രൂപയുടെ സഹായം പോലും നല്‍കുവാന്‍ തയ്യാറിയില്ലെന്നത് ദുഖകരമാണ്. അന്ധവിശ്വാസങ്ങളും കപടശാസ്ത്രവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഈ അവസരത്തില്‍ മുന്നോട്ടുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അല്‍പ്പമൊന്നുമല്ല നിരാശ നല്‍കിയത്. പ്രത്യേകിച്ചും ശാസ്ത്രാവബോധത്തിന് ഊന്നല്‍ കൊടുക്കുമെന്ന് കരുതുന്ന ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നാകുമ്പോള്‍. തുടര്‍ന്നും ഇത്തരം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമെന്ന നിലയില്‍ മെഡെക്‌സിനെ സാമ്പത്തികമായി സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതല്ലേ?