ശരണ്യ ബസുകളുടെ കള്ളയോട്ടത്തിനു കടിഞ്ഞാണില്ല; ഓടുന്നത് പെര്‍മിറ്റില്ലാതെയും റൂട്ടുകളില്‍ വഴി മാറ്റിയും

കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ അനന്തരവന്‍ മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസ്സുകള്‍ക്കെതിരെയുള്ള പരാതികള്‍ അവസാനിക്കുന്നില്ല. വിനോദയാത്ര, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ട്രിപ്പ് നടത്താന്‍ അനുവാദമുള്ള കോണ്‍ട്രോക്ട് ക്യാരേജ് പെര്‍മിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് ക്യാര്യേജായി ഓടിക്കുകയാണ് ചെയ്യുന്നത്. പെര്‍മിറ്റുള്ള റൂട്ടുകളില്‍ തന്നിഷ്ടപ്രകാരം ശരണ്യ ബസുകള്‍ ഓടിക്കുന്നതായും പരാതിയുണ്ട്.

ശരണ്യ ബസുകളുടെ കള്ളയോട്ടത്തിനു കടിഞ്ഞാണില്ല; ഓടുന്നത് പെര്‍മിറ്റില്ലാതെയും റൂട്ടുകളില്‍ വഴി മാറ്റിയും

വർഷങ്ങളായി പരാതി ഉയരുന്നുണ്ടെങ്കിലും ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധു മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസ്സുകളുടെ കള്ളയോട്ടത്തിനു കടിഞ്ഞാണിടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന് ആരോപണം. കോണ്‍ട്രാക്ട് ക്യാര്യേജിനു മാത്രം അനുമതിയുള്ള ശരണ്യ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തി ആളെ കയറ്റുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി ആര്‍ടിഒ ഓഫീസില്‍ ലഭിച്ച പരാതിയിലാണ് ഇക്കാര്യമുള്ളത്.

സ്റ്റേജ് ക്യാര്യേജ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് മാത്രമാണ് സ്റ്റോപ്പുകളില്‍ നിര്‍ത്തി ആളെയെടുക്കാന്‍ അനുമതിയുള്ളത്. വിനോദയാത്രയ്ക്കും വിവാഹ ആവശ്യങ്ങള്‍ക്കും ട്രിപ്പ് നടത്താന്‍ അനുമതിയുള്ള കോണ്‍ട്രാക്ട് ക്യാര്യേജ് പെര്‍മിറ്റ് ആണ് KL 34 E 2577 എന്ന നമ്പറിലുള്ള ശരണ്യ എന്ന ബസിന് ഉള്ളത്. എന്നാല്‍ പെരിയാര്‍-കുമളി ബോര്‍ഡ് വച്ച്‌ ആളെ കയറ്റുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.


കഴിഞ്ഞദിവസം രാവിലെ കൊല്ലത്ത് നിന്ന് കുമളിക്കു പോകുന്ന വഴിയില്‍ കുണ്ടറയ്ക്കടുത്ത് വെച്ച് എഞ്ചിന്‍ തകരാറ് സംഭവിക്കുകയും തുടര്‍ന്ന്‌ പകരം ഏര്‍പ്പെടുത്തിയ ബസ് ആയിരുന്നു ഇതെന്നാണ്‌ ഉടമ മനോജിന്റെ വാദം. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കരുതെന്ന ഉദ്ദേശത്തിലാണ് അങ്ങനെ ചെയ്തതെന്നും മനോജ് പറയുന്നു.

കാഞ്ഞിരപ്പള്ളി സബ് ആര്‍ടിഒ ഓഫീസില്‍ ഷിബി ചാര്‍ലി എന്നയാളുടെ പേരിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനോജിന്റെ ഉടമസ്തതയിലുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പലയിടത്ത് നിന്നാണെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് ശരണ്യ മനോജിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.


എല്ലാ വാഹനങ്ങളും എന്റെ പേരില്‍ എടുക്കുന്നതെങ്ങനെയാണ്, എന്റെ വിശ്വസ്തരായ ആളുകളുടെ പേരില്‍ വാഹനം എടുക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്. ഈ ബസിന് സ്റ്റേജ് ക്യാര്യേജ് പെര്‍മിറ്റ് എടുക്കനായിരുന്നു ഉദ്ദേശം. എന്നാല്‍ നടപടക്രമങ്ങളിലെ കാലതാമസമാണ് തടസ്സമായത്.

കാട്ടാക്കട- അമൃത മെഡിക്കല്‍ കോളേജ്, കുളത്തൂപ്പുഴ- അമൃത മെഡിക്കല്‍ കോളേജ് റൂട്ടുകളില്‍ കോണ്‍ട്രാക്ട് ക്യാര്യേജ് പെര്‍മിറ്റുള്ള ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചിരുന്നെന്നും ആരോപണമുണ്ട്. എന്നാല്‍ കാട്ടാക്കടയിലെ സിഐടിയു നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കാട്ടാക്കട- അമൃത മെഡിക്കല്‍ കോളേജ് സര്‍വ്വീസ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. കുളത്തുപ്പുഴ- അമൃത റൂട്ടിലെ സര്‍വ്വീസും എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചെന്നാണ് സൂചന.

ചില റൂട്ടുകളില്‍ പെര്‍മിറ്റ് ലംഘിച്ചും ശരണ്യയുടെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുവെന്നും പരാതിയുണ്ട്. എറണാകുളം- മലയാലപ്പുഴ റൂട്ടില്‍ പെര്‍മിറ്റ് ഉള്ള ബസ് മലയാലപ്പുഴയില്‍ പോയിട്ടില്ല. ഈ ബസ് പത്തനംതിട്ടയില്‍ നിന്ന് പുനലൂരിലേക്ക് പോയാണു സര്‍വ്വീസ് അവസാനിപ്പിക്കുന്നത്. കരിങ്കല്ലുമൂഴി- എറണാകുളം പെര്‍മിറ്റുള്ള ബസ് പുനല്ലൂര്‍ വരെ 60 കിലോമീറ്റര്‍ അധിക സര്‍വ്വീസ് നടത്തുന്നെന്നാണ് പരാതി. കൈപ്പട്ടൂര്‍- ആലുവ പെര്‍മിറ്റ് ഉള്ള ബസ് ബസ് ഇതുവരെ കൈപ്പട്ടൂരിലേക്ക് പോയിട്ടില്ലെന്നും ആരോപണമുണ്ട്.മുകളിൽ കാണിച്ചിരിക്കുന്ന ചിത്രത്തിലെ KL 34 C 7088 എന്ന നമ്പറുള്ള ബസിന് മലയാലപ്പുഴ- എറണാകുളം (പത്തനംതിട്ട, റാന്നി, മുക്കട, കരിക്കാട്ടൂർ, സെന്റർ, ചേനപ്പടി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, മരങ്ങാട്ടുപ്പള്ളി, നടക്കാവ്, തൃപ്പൂണിത്തുറ വഴി) റൂട്ടിനാണ് പെർമിറ്റ് നൽകിയിരിക്കുന്നത്. എന്നാൽ ബസിന്റെ ബോർഡിൽ റൂട്ട് മാറ്റിയാണ് എഴുതിയിട്ടുള്ളത്.

ജീവനക്കാർക്ക് താമസിക്കാനും മറ്റും സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ചില റൂട്ടുകളിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ടി വരുന്നതെന്നാണ് ശരണ്യ ബസ്സുടമയുടെ വാദം. മലയാലപ്പുഴയിൽ ബസ് എത്തണമെങ്കിൽ രാത്രി ഒമ്പത് മണിയാകും, രാവിലെ നാല് മണിക്ക് ട്രിപ്പ് തുടങ്ങേണ്ടിയും വരും. മലയാലപ്പുഴ അടക്കമുള്ള സ്ഥലങ്ങളിൽ ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യവുമില്ലെന്ന് മനോജ് പറയുന്നു.

അമിത വേഗതയുടേയും, അപകടങ്ങളുടേയും പേരിൽ ശരണ്യ ബസുകൾക്കെതിരെ നിരവധി പരാതികൾ മുമ്പ് ഉയർന്നിരുന്നു.

Read More >>