യൂണിവേഴ്സിറ്റി കോളജിലെ സദാചാര പൊലീസും ഏഷ്യാനെറ്റ് ചർച്ചയും: ജെയ്ക് സി തോമസിനോടു പറയാനുള്ളത്

സൂര്യഗായത്രിയുടെ പരാതി കോളജ് പ്രിൻസിപ്പലും വകുപ്പുമേധാവിയും ചേർന്ന് ചവറ്റുകുട്ടയിൽ തള്ളിയെങ്കിൽ ലാ അക്കാദമിയിലും മഹാരാജാസിലും സംഭവിച്ചതിനെക്കാൾ എത്രയോ ഗുരുതരമായ കുറ്റമാണത്. ആ കുറ്റത്തിനു നിയമാനുസൃതമുളള ശിക്ഷ വാങ്ങിക്കൊടുക്കാനുളള ഉത്തരവാദിത്തമുളള പ്രസ്ഥാനമാണ് എസ്എഫ്ഐ. ചുമതലാബോധമുള്ള ഏതു വിദ്യാർത്ഥി സംഘടനയും അതാണ് ചെയ്യേണ്ടത്. അതിനുപകരം പ്രിൻസിപ്പലിനെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കുകയാണോ, യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ചെയ്തത്? അറിയാനുളള അവകാശം പൊതുസമൂഹത്തിനുണ്ട്.

യൂണിവേഴ്സിറ്റി കോളജിലെ സദാചാര പൊലീസും ഏഷ്യാനെറ്റ് ചർച്ചയും: ജെയ്ക് സി തോമസിനോടു പറയാനുള്ളത്

ചരിത്രം ചോദ്യങ്ങളിൽ നിന്നൊളിച്ചോടാനുള്ള നേതാക്കന്മാരുടെ ഊടുവഴിയല്ല. പി കെ രമേശനും സൈമൺ ബ്രിട്ടോയും അടക്കമുള്ളവരുടെ ചോര കൊണ്ടെഴുതിയ ചരിത്രത്തിന് അങ്ങനെയൊരവസ്ഥ ഉണ്ടാകാനും പാടില്ല.  ദൌർഭാഗ്യവശാൽ യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് പ്രസക്തമായ ഒരുപാടു ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ചരിത്രത്തെ അങ്ങനെ സമീപിച്ചു. അതു ശരിയായില്ല.


ആ ചർച്ചയിൽ ജെയ്കിന് ഒരുപാടു പിശകുകൾ സംഭവിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഷ്മിതയ്ക്കും സൂര്യഗായത്രിയ്ക്കും പറയാനുള്ളത്, ചർച്ചയ്ക്കു വരുന്നതിനു മുന്നേ അദ്ദേഹം കേൾക്കേണ്ടതായിരുന്നു. അവർ പറയുമ്പോലെയുള്ള സംഭവങ്ങൾ കോളജിൽ നടന്നിട്ടുണ്ടോയെന്ന് പലരോടും അന്വേഷിച്ചു സത്യം ബോധ്യപ്പെടേണ്ടതായിരുന്നു. പ്രശ്നം സമഗ്രമായി അന്വേഷിച്ചൊരു പൊതുനിലപാട് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റിൽ നിന്ന് പ്രതീക്ഷിച്ചവർ തീർത്തും നിരാശരായി.

ഏകപക്ഷീയമായ വിവരങ്ങളെ അടിസ്ഥാനമാക്കി തീർത്തും മുൻവിധിയോടെയാണ് ജെയ്ക് ആ ചർച്ചയിലുടനീളം സംസാരിച്ചത്.  അടിച്ചവരുടെ വക്കാലത്താണ് അദ്ദേഹമെടുത്തത്; അടി കൊണ്ടവരുടെ വാദങ്ങളെ  പരിഗണിക്കാതെ. പീഡിപ്പിച്ചവരുടെ ഭാഷ്യങ്ങൾക്കാണ് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് ജിഹ്വയായത്; പീഡിപ്പിക്കപ്പെട്ടവർക്ക് പറയാനുളളതിന് ചെവി കൊടുക്കാതെ.

സംഭവം നടന്ന സ്ഥലത്തോ അതിന്റെ ഏഴയലത്തോ ജെയ്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു ലഭിച്ച പ്രഥമവിവര റിപ്പോർട്ടിന് കേട്ടുകേൾവിയ്ക്കപ്പുറം ഒരുവിലയുമില്ല.  കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണോ ഒരു കോളജ് യൂണിറ്റ് ഉൾപ്പെട്ട പ്രശ്നത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പ്രതികരിക്കാനിറങ്ങേണ്ടത്?

അതു സംഭവിക്കാൻ പാടില്ലായിരുന്നു.  അതിക്രമങ്ങളെയും പീഡനങ്ങളെയുമൊന്നും  ന്യായീകരിക്കുന്നവർക്കൊപ്പമല്ല, പൊതുമനസ്. ആ പാഠം ഉൾക്കൊള്ളാതെ ജനാധിപത്യസമൂഹത്തിൽ ഒരു പൊതുപ്രവർത്തകനും മുന്നോട്ടു പോകാനാവില്ല. നിർഭാഗ്യവശാൽ ജെയ്ക് അതു മറന്നുപോയി. പുട്ടിനു തേങ്ങയിടുന്നതുപോലെ "ഞങ്ങൾ അക്രമത്തെ എതിർക്കുന്നു"വെന്ന് ക്ഷീരബല ആവർത്തിച്ചിട്ടു കാര്യമില്ല. നിലപാടുകൾ ഹീനമായ അതിക്രമങ്ങൾക്കുള്ള വെള്ളപൂശലായാലോ?

പൊള്ളുന്ന ചോദ്യങ്ങളാണ് ആ കുട്ടികൾ ചോദിച്ചത്. ഒരു ചോദ്യത്തിനു പോലും നേരെ ചൊവ്വേ മറുപടിയുണ്ടായില്ല. "ഞങ്ങളെ എന്തിനു തല്ലി"യെന്ന ആ പെൺകുട്ടികളുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് പി കെ രമേശന്റെ രക്തസാക്ഷിത്വവും സൈമൺ ബ്രിട്ടോയുടെ ജീവിതവും യൂണിവേഴ്സിറ്റി കോളജിൽ ചിരപുരാതന കാലം മുതൽ നടക്കുന്ന പൊലീസ് അതിക്രമങ്ങളുടെ വിവരണവുമല്ല മറുപടി.

സൂര്യഗായത്രി ഉന്നയിച്ച ആരോപണം ജെയ്ക് എത്ര നിരുത്തരവാദപരമായാണ് അവഗണിച്ചത്? തന്റെ ഫേസ് ബുക്ക് പേജിലെഴുതിയ അനുഭവം ആ ചർച്ചയിൽ ജെയ്കിന്റെ മുഖത്തു നോക്കി ആ പെൺകുട്ടി പറയുകയും ചെയ്തു. 'ഇന്നർ' പുറത്തു കാണുന്നുവെന്ന് ആരോപിച്ച് നടത്തിയ പീഡനം. അങ്ങനെയൊരു പ്രവൃത്തി യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകരിൽനിന്നുണ്ടായോ?

അതൊരു പൊള്ളുന്ന ചോദ്യമാണ്, ജെയ്ക്. മറുപടിയുണ്ടാവണം. ആ ആരോപണത്തെക്കുറിച്ച് എസ്എഫ്ഐയ്ക്കു പറയാനുള്ളത് പൊതുസമൂഹമറിയേണ്ടേ? എസ്എഫ്ഐക്കാർ അങ്ങനെ ചെയ്തിട്ടുണ്ടോ?

സൂര്യഗായത്രി ഫേസ് ബുക്കിലെഴുതിയ വാക്കുകൾ:
ഒരു ദിവസത്തെ എസ് എഫ് ഐ യുടെ ഡിപ്പാർട്ട്മെൻറ് കമ്മറ്റി വിളിച്ചുകൂട്ടിയതു പോലും ഞാൻ അകത്തിട്ടിരിക്കുന്ന ഷിമ്മീസ് പുറത്തു കാണാം എന്നതിനാലായിരുന്നു. എൻറെ ക്ലാസിലെ എല്ലാ കുട്ടികളെയും പുറത്താക്കി എന്നെ മാത്രം ഇരുത്തികൊണ്ടുള്ള ഹറാസ്മെന്റ്. അശ്ലീലങ്ങൾ സഹിക്കാൻ കഴിയാതെ വകുപ്പ് മേധാവിക്ക് പരാതികൊടുക്കുകയും ചെയ്തിരുന്നു. തുടർന്ന് എന്നെ ഒറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യം...ന്റെ കൂടെ നടന്നു എന്ന പേരിൽ ന്റെ അടുത്ത സുഹൃത്തുക്കളെ പോലും തല്ലുകയുണ്ടായി..

വസ്ത്രധാരണത്തിന്റെ പേരിൽ ഒരു കോളജിലെ എസ്എഫ്ഐയുടെ കമ്മിറ്റി ഒരു പെൺകുട്ടിയെ വിളിച്ചിരുത്തി വിചാരണ നടത്തിയെന്നാണ് ആരോപണം. ശരിയെങ്കിൽ, എത്ര ഭീകരമാണത്. ഏതാനും എസ്എഫ്ഐക്കാരെക്കുറിച്ചല്ല, തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെക്കുറിച്ചാണ് ആരോപണം. അങ്ങനെയൊരു കമ്മിറ്റി അവിടെയുണ്ടോ?   മതഭീകരതയുടെ ശാസനകളാണോ അതിന്റെ ഭരണഘടന?

ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെങ്കിൽ, നടന്നില്ല എന്നു തറപ്പിച്ചു പറയേണ്ട ആളല്ലേ ജെയ്ക്? "എസ്എഫ്ഐക്കാർ ഇങ്ങനെ ചെയ്തിട്ടില്ല, ഇതൊരു വ്യാജപരാതിയാണ്" എന്നൊരു വാചകം ജെയ്കിൽ നിന്നു കേൾക്കാൻ ആ ചർച്ച കണ്ട എത്രയോ പേർ കൊതിച്ചിട്ടുണ്ടാകും?  പക്ഷേ, പറയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പകരം വിഷയവുമായി ബന്ധമില്ലാത്ത ഏതൊക്കെയോ പിടിവള്ളികൾ തേടിയലയുകയായിരുന്നു അദ്ദേഹത്തിന്റെ സ്വബോധം. ഇത്തരം ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ പി കെ രമേശന്റെയും സൈമൺ ബ്രിട്ടോയുടെയും ചരിത്രമായിരുന്നു പിടിവള്ളി. മഹാപാപമാണ് ജെയ്ക് ചെയ്തത്.

വകുപ്പു മേധാവിയ്ക്ക് താൻ പരാതിയെഴുതിക്കൊടുത്തുവെന്ന് സൂര്യഗായത്രി പറയുന്നു. ആ പരാതിയ്ക്കെന്തു സംഭവിച്ചു? 1998ൽ റാഗിംഗ് നിരോധന നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. കാമ്പസിനുള്ളിൽ  സഹപാഠികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന തെറ്റായ വിലക്കുകളും നിയന്ത്രണങ്ങളും റാഗിംഗിന്റെ പരിധിയിൽ വരും.  അപമാനിക്കൽ, സ്വഭാവഹത്യ, വിരട്ടൽ, ഭയപ്പെടുത്തൽ എന്നിവയൊക്കെ റാഗിംഗിന്റെ നിർവചനത്തിൽപ്പെടുത്താം.

കുട്ടിയോ രക്ഷിതാവോ അധ്യാപകനോ ഇങ്ങനെയൊരനുഭവത്തെക്കുറിച്ചു പരാതി നൽകിയാൽ എന്തു ചെയ്യണമെന്ന്  നിയമത്തിന്റെ ആറാം വകുപ്പിൽ വ്യക്തമായി പറയുന്നുണ്ട്. പരാതി കിട്ടി ഏഴു ദിവസത്തിനുള്ളിൽ അന്വേഷണം നടത്തണം. ഒരു മുൻവിധിയുമില്ലാതെ. പരാതി ശരിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ കുറ്റാരോപിതനെ സസ്പെൻഡു ചെയ്യണം. തുടർ നടപടികൾക്കായി പരാതി പൊലീസ് സ്റ്റേഷനു കൈമാറണം.

നിയമത്തിൽ പറയുന്നതുപോലൊരു അന്വേഷണം ഈ വിഷയത്തിൽ നടന്നിട്ടുണ്ടോ? അന്വേഷിക്കാൻ ചുമതലപ്പെട്ടവർ വിസമ്മതിച്ചാൽ എന്തു ചെയ്യണമെന്നും നിയമത്തിലുണ്ട്. അന്വേഷണത്തിനും നടപടിയ്ക്കും വിസമ്മതിക്കുന്നത് റാഗിംഗിനുള്ള പ്രേരണയായി കണക്കാക്കും, നിലവിലുള്ള നിയമം. റാഗിംഗിന് എന്തു ശിക്ഷയോ അതേ ശിക്ഷ, പരാതി അവഗണിച്ച മേലധികാരിയ്ക്കും ലഭിക്കും. രണ്ടുവർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും.

സൂര്യഗായത്രിയുടെ പരാതി കോളജ് പ്രിൻസിപ്പലും വകുപ്പുമേധാവിയും ചേർന്ന് ചവറ്റുകുട്ടയിൽ തള്ളിയെങ്കിൽ ലാ അക്കാദമിയിലും മഹാരാജാസിലും സംഭവിച്ചതിനെക്കാൾ എത്രയോ ഗുരുതരമായ കുറ്റമാണത്. ആ കുറ്റത്തിനു നിയമാനുസൃതമുള്ള ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ഉത്തരവാദിത്തമുള്ള പ്രസ്ഥാനമാണ് എസ്എഫ്ഐ. ചുമതലാബോധമുള്ള ഏതു വിദ്യാർത്ഥി സംഘടനയും അതാണു ചെയ്യേണ്ടത്. അതിനുപകരം പ്രിൻസിപ്പലിനെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കുകയാണോ, യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ചെയ്തത്?

തന്റെ പിതാവ് ഒരു കൂലിപ്പണിക്കാരനാണെന്നും താനുമൊരു എസ്എഫ്ഐക്കാരിയാണെന്നും സൂര്യഗായത്രി പറയുന്നു. ഇങ്ങനെയൊരു പെൺകുട്ടിയ്ക്ക് എസ്എഫ്ഐയിൽ ഇടമില്ലേ? എസ്എഫ്ഐയിൽ മെമ്പർഷിപ്പെടുത്തിട്ടുപോലും അവളെങ്ങനെ സംഘടനയുടെ ശത്രുപക്ഷത്തായി?

താനും എസ്എഫ്ഐയെണെന്ന സൂര്യഗായത്രിയുടെ അവകാശവാദം ശരിയെങ്കിൽ അവളുടെ  കൂടി പ്രസിഡന്റല്ലേ ജെയ്ക് പി തോമസ്? ആ കുട്ടിയ്ക്കു പറയാനുള്ളതു കൂടി കേൾക്കാനുള്ള ബാധ്യതയില്ലേ അദ്ദേഹത്തിന്? ക്രൂരമായ പീഡനത്തിന് ഇരയായി എന്ന തുറന്നു പറയുന്ന ആ പെൺകുട്ടിയ്ക്ക് തന്റെ സംഘടനയിൽ മെമ്പർഷിപ്പുണ്ടെന്നറിഞ്ഞിട്ടുപോലും ജെയ്കിന്റെ മനസലിഞ്ഞില്ല. ഒരു അനുതാപവും ആ കൂട്ടിയോടുണ്ടായില്ല. "അന്വേഷിക്കാം സഖാവേ" എന്നൊരു ആശ്വാസവാക്ക് പരസ്യമായി പറയാൻ പോലും കഴിയാത്തവിധത്തിൽ മുൻവിധികളുടെ തടവുകാരനായിരുന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്.  ഏകപക്ഷീയമായ ന്യായവാദങ്ങൾ വിശ്വസിച്ച് വിതണ്ഡവാദങ്ങൾ നിരത്തി തർക്കിക്കുകയാണദ്ദേഹം. എന്നിട്ടെന്താണ് നേടിയത്? ചോദ്യങ്ങളുടെ പെരുമഴയത്താണ് ഏഷ്യാനെറ്റ് ചർച്ചയിലെ വിശദീകരണങ്ങൾക്കു ശേഷവും ജെയ്ക് പി തോമസ് നിൽക്കുന്നത്.