കെട്ടിടം വിട്ടുനൽകണമെന്നു ആരോഗ്യസര്‍വ്വകലാശാല; പറ്റില്ലെന്ന് എംജി; അംഗീകാരം പുനഃസ്ഥാപിക്കാൻ എസ്എംഇ വിദ്യാർത്ഥികൾ സമരത്തിൽ

എംജി സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ തങ്ങളുടെ കീഴിലേക്ക് മാറ്റിയില്ലെങ്കില്‍ അംഗീകാരം നല്‍കാനാകില്ലെന്ന നിലപാടിലാണ് ആരോഗ്യസര്‍വ്വകലാശാല. എന്നാല്‍ എംജി സര്‍വ്വകലാശാല ഇതിന് അനുകൂല തീരുമാനം എടുത്തിട്ടില്ല. സര്‍വ്വകലാശാലകള്‍ തമ്മിലുള്ള തര്‍ക്കം വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി സമരത്തിലാണ് എസ്എഫ്‌ഐയും കെഎസ്‌യുവും അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍.

കെട്ടിടം വിട്ടുനൽകണമെന്നു ആരോഗ്യസര്‍വ്വകലാശാല; പറ്റില്ലെന്ന് എംജി; അംഗീകാരം പുനഃസ്ഥാപിക്കാൻ എസ്എംഇ വിദ്യാർത്ഥികൾ സമരത്തിൽ

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ പാരാമെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന എസ്എംഇ (സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍) സ്ഥാപനങ്ങളുടെ അംഗീകാരം സംബന്ധിച്ച തര്‍ക്കം വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്നു. എംജി സര്‍വ്വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എംഇ സ്ഥാപനങ്ങള്‍ തങ്ങളുടെ കീഴിലേക്കു മാറ്റിയില്ലെങ്കില്‍ കോഴ്സുകൾക്ക് അംഗീകാരം നല്‍കില്ലെന്നാണ് ആരോഗ്യസര്‍വ്വകലാശാല (കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്) യുടെ വാദം. എന്നാല്‍ എംജി സര്‍വ്വകലാശാല ഇതിന് അനുകൂല തീരുമാനം എടുത്തിട്ടില്ല.


വിദ്യാര്‍ത്ഥികള്‍ക്കു തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോഴ്‌സുകള്‍ തുടരണമെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതിനാല്‍ എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളുടെ നേതൃത്വത്തില്‍ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.


എംജി സര്‍വ്വകലാശാലയ്ക്കു കീഴില്‍ എട്ട് എസ്എംഇ സ്ഥാപനങ്ങളാണുള്ളത്. നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തിലാണ് ഇവിടെ പ്രവേശനം നടത്തുന്നത്. എന്നാല്‍ തങ്ങളുടെ കീഴിലേക്കു മാറ്റാതെ കോഴ്‌സുകള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ആരോഗ്യ സര്‍വ്വകലാശാലയുടേത്.

ആരോഗ്യസര്‍വ്വകലാശാലയുടെ ഈ നിലപാട് 2010 മുതല്‍ എസ്എംഇ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതലുള്ള പ്രവേശന നടപടികളെ ഇതു ബാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എസ്എംഇ സ്ഥാപനങ്ങള്‍ ഏത് സര്‍വ്വകലാശാലയ്ക്കു കീഴിലായാലും പ്രശ്‌നമില്ലെന്നാണ് എസ്എഫ്‌ഐയും കെഎസ്‌യുവും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്.

കഴിഞ്ഞ മാസം 18ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരും സര്‍വ്വകലാശാലാ പ്രതിനിധികളും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അന്തിമതീരുമാനമെടുത്തിരുന്നില്ല.

വിദ്യാര്‍ത്ഥി പ്രതിനിധികളുമായി 27ന് ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ 2016ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യസര്‍വ്വകലാശാല തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് എസ്എഫ്‌ഐ പറയുന്നു. എന്നാല്‍ ഇതിന്റെ മിനുട്‌സ് തങ്ങളുടെ കൈയില്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും പിജി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ ഉനൈസ് നാരദ ന്യൂസിനോടു പറഞ്ഞു. കഴിഞ്ഞ ആറു ദിവസമായി എംജി സര്‍വ്വകലാശാലാ കവാടത്തിനു മുന്നില്‍ സമരത്തിലാണ് എസ്എഫ്‌ഐ.

[caption id="attachment_82582" align="aligncenter" width="597"] എംജി സർവ്വകലാശാലയ്ക്ക് മുന്നിൽ നടക്കുന്ന എസ്എഫ്ഐ സമരം[/caption]
മിനുട്‌സ് സര്‍വ്വകലാശാലയ്ക്ക് അയച്ചുകൊടുത്തെന്നാണ് ലഭിച്ച വിവരം. എസ്എംഇ ആരോഗ്യസര്‍വ്വകലാശാലയ്ക്ക് കീഴിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എംജി സര്‍വ്വകലാശാല അധികൃതര്‍ വാക്കാല്‍ പറയുന്നുണ്ടെങ്കിലും രേഖാമൂലമുള്ള ഉറപ്പുകള്‍ നല്‍കിയിട്ടില്ല.

- ഉനൈസ്, എസ്എഫ്ഐ

എന്നാല്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന ഉറപ്പ് നല്‍കിയ മിനുട്‌സ് ഇല്ലെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ കഴിഞ്ഞ എട്ടു ദിവസമായി സമരത്തിലാണ് കെഎസ്‌യു. ആരോഗ്യമന്ത്രി കെ കെ ഷൈലജയെ കണ്ട് ഇക്കാര്യം സംസാരിച്ചെങ്കിലും മിനുട്‌സിന്റെ കോപ്പി ലഭിച്ചില്ലെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജോബിന്‍ പറയുന്നു. ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് തങ്ങളെ കാണിച്ച നോട്ടിലുള്ളതെന്നും ജോബിന്‍ പറഞ്ഞു.

[caption id="attachment_82589" align="aligncenter" width="537"] കെഎസ് യു സമരപ്പന്തൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിക്കുന്നു[/caption]
''സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കണം. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശനം തുടരണമെന്നുമാണ് കെഎസ്‌യുവിന്റെ ആവശ്യം.വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രശ്‌നം ഗൗരവത്തിലെടുക്കണം. എന്നാല്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്'' --

-  ജോബിന്‍, കെഎസ്‌യു

നേരത്തെ സാങ്കേതിക സര്‍വ്വകലാശാല രൂപീകരിച്ചപ്പോള്‍ എംജി സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള നേരിട്ട് നടത്തുന്ന എഞ്ചിനീയറിങ്‌ സ്ഥാപനങ്ങള്‍ അതിനു കീഴിലേക്ക് മാറ്റിയിരുന്നില്ല. തൊടുപുഴ മുക്കത്തെ സ്വാശ്രയ എഞ്ചിനീറിങ് കോളേജ് ഇപ്പോഴും എംജിയുടെ കീഴിൽ തന്നെയാണ്. കഴക്കൂട്ടത്തെ എഞ്ചിനീയറിങ് കോളേജ് കേരള സർവ്വകലാശാലയുടെ കീഴിലും.

എന്നാല്‍ 2009 ല്‍ രൂപീകരിച്ച ആരോഗ്യ സര്‍വ്വകലാശാലയുടെ ബൈലോയില്‍ തങ്ങളുടെ കീഴില്‍ അല്ലാത്ത കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന വ്യവസ്ഥയാണുള്ളത്. അതിനാല്‍ 2010ന് ശേഷം എംജി സര്‍വ്വകലാശാലയ്ക്കു കീഴില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. ആരോഗ്യസർവ്വകലാശാലയുടെ ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എസ്എംഇയില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതാസര്‍ട്ടിഫിക്കറ്റും തുല്യതാ സര്‍ട്ടിഫിക്കറ്റും അനുവദിക്കുന്ന കാര്യം നാളെ നടക്കുന്ന അക്കാദമിക് -ഗവേണിങ് കൗണ്‍സില്‍ യോഗങ്ങളില്‍ പരിഗണിക്കുമെന്നാണ് ആരോഗ്യ സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചിട്ടുള്ളത്.

സാമ്പത്തിക പരാധീനതകള്‍ ഏറെയുള്ള എംജി സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ കോഴ്‌സുകളിലൂടെയാണ് ശമ്പളമുള്‍പ്പെടെയുള്ള ചെലവുകള്‍ നടത്തുന്നത്. നിലവില്‍ എസ്എംഇയുടെ അങ്കമാലി ഒഴികെയുള്ള മറ്റ് ഏഴ് സ്ഥാപനങ്ങളും സര്‍വ്വകലാശാലയുടെ സ്വന്തം സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നതും. എസ്എംഇ നടത്തുന്ന കോഴ്‌സുകള്‍ ആരോഗ്യസര്‍വ്വകലാശാലയ്ക്ക് കീഴിലേക്ക് മാറ്റിയാല്‍ ഈ ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുക്കേണ്ടി വരും. തങ്ങളുടെ സ്വത്ത് വിട്ടുകൊടുക്കാനും എംജി സർവ്വകലാശാല തയ്യാറല്ല.

അതേസമയം, എസ്എംഇ കോളേജിന്റെ കോഴ്‌സുകളുടെ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ് സി-എസ്ടി അടക്കമുള്ള എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കുകയും മെറിറ്റ് അടിസ്ഥാനമാക്കി മാത്രംവിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കുകയും ചെയ്യുന്ന ഈ സ്ഥാപനത്തെ തകര്‍ക്കാന്‍ ഒരു ശക്തികളേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>